ലെവര്‍ക്യൂസന്‍: റഷ്യയില്‍ പന്തുരുളാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കേ അരങ്ങേറിയ ലോകകപ്പ് സന്നാഹ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ജര്‍മനിക്ക് വിജയം. കഴിഞ്ഞ മത്സരത്തില്‍ ഓസ്ട്രിയയോട് പരാജയപ്പെട്ട നാസിപ്പട ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് സൗദി അറേബ്യയെ പിന്നിലാക്കിയത്. എങ്കിലും, ലോക ചാമ്പ്യന്മാര്‍ക്ക് വേണ്ട പകിട്ട് കളത്തിലെടുക്കാനാവാതെ പോയ ജര്‍മന്‍ പടയെ ഏഷ്യന്‍ ശക്തികള്‍ വെള്ളം കുടിപ്പിച്ച ശേഷമാണ് കീഴടങ്ങിയത്.
കളി തുടങ്ങി എട്ടാം മിനിറ്റില്‍ ടിമോ വെര്‍ണര്‍ ജര്‍മനിയെ മുന്നിലെത്തിച്ചു. പിന്നിലായിട്ടും പിടിച്ചു നിന്ന സൗദിയുടെ ഒമർ ഹസാവിയുടെ സെല്‍ഫ് ഗോളാണ് അവരെ തകര്‍ത്ത് കളഞ്ഞത്. പിന്നീടും അത്മവിശ്വാസം കളയാതെ കളിച്ച സൗദിക്കായി 84-ാം മിനിറ്റിൽ തൈസിർ അൽ ജാസിം ആശ്വാസ ഗോള്‍ സ്വന്തമാക്കി. കഴിഞ്ഞ മത്സരത്തില്‍ സ്പെയിനെ സമനിലയില്‍ തളച്ചതിന്‍റെ വീര്യവുമായെത്തിയ സ്വിറ്റ്സര്‍ലാന്‍റ് ആധികാരികമായാണ് ജപ്പാനെ പരാജയപ്പെടുത്തിയത്.
42-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റിക്കാര്‍ഡോ റോഡിഗ്രസും 82-ാം മിനിറ്റിൽ ഹാരിസ് സെഫറോവിച്ചും സ്വിസ് പടയ്ക്കായി വലകുലുക്കിയപ്പോള്‍ ജപ്പാന് മറുപടിയുണ്ടായിരുന്നില്ല. കോപ്പ അമേരിക്ക ചാമ്പ്യന്മാരായെത്തിയ ചിലിയെ പോളണ്ടാണ് സമനിലയില്‍ കുരുക്കിയത്. ബയേണ്‍ താരം റോബര്‍ട്ട് ലെവന്‍ഡോവസ്കിയിലുടെ 30-ാം മിനിറ്റല്‍ ലാറ്റിനമേരിക്കന്‍ കുതിരകളെ പോളണ്ട് ഞെട്ടിച്ചു. നാലു മിനിറ്റുകള്‍ക്ക് ശേഷം പീറ്റർ സീലിയൻസ്കി സ്കോര്‍ ചെയ്തതോടെ പോളഷ് ടീം വിജയം നേടുമെന്ന് കരുതിയിരുന്നിന്നെങ്കിലും ചിലി രണ്ട് ഗോളുകളുടെ കടവും വീട്ടുകയായിരുന്നു. ഡിയാഗോ വാല്‍ഡസ് 38-ാം മിനിറ്റിലും മിക്കോ അല്‍ബര്‍ണോസ് 56-ാം മിനിറ്റില്‍ പോളണ്ടിന്‍റെ വിജയം ദാഹം കെടുത്തി.
മറ്റൊരു മത്സരത്തില്‍ ക്രൊയേഷ്യ സെനഗലിനെയാണ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു വിജയം.. ക്രൊയേഷ്യക്കായി ഇവാന്‍ പെര്‍സിക്കും ആന്ദ്രേ റമാറിക്കുമാണ് ഗോള്‍ നേടിയത്. സെനഗലിനായി ഇസ്മില്ല സാര്‍ ഒരു ഗോള്‍ മടക്കി. ജൂൺ 16ന് നൈജീരിയക്ക് എതിരെയാണ് ലോകകപ്പിൽ ക്രൊയേഷ്യയുടെ ആദ്യ മത്സരം. ലോകക്കപ്പ് ഫുട്ബോള്‍ ആവേശത്തിന് ഇനി അഞ്ചുനാള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ റഷ്യ കാല്‍പ്പന്തു കളിയുടെ ആഘോഷത്തെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങുകയാണ്.