ആരാധക ലക്ഷങ്ങളുടെ ഒരേയൊരു "ക്യാപ്റ്റന്‍ കൂള്‍"; ധോണിക്ക് ഇന്ന് പിറന്നാള്‍

By Web Team  |  First Published Jul 7, 2019, 9:33 AM IST

ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ പിന്നാമ്പുറങ്ങളില്‍ പോലും ഇടമില്ലാതിരുന്ന ജാര്‍ഖണ്ഡ‍ിൽ നിന്ന് ഗോഡ് ഫാദര്‍മാരില്ലാതെ നേട്ടങ്ങളുടെ കൊടിമുടി കീഴടക്കിയ ഇതിഹാസവിസ്മയമാണ് ധോണി. 


ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം എംഎസ് ധോണിക്ക് ഇന്ന് 38-മത് ജന്മദിനം. ഇന്ത്യന്‍ ക്രിക്കറ്റിലെ തലവര മാറ്റിയ താരമാണ് എംഎസ് ധോണിയെന്ന റാഞ്ചിക്കാരന്‍. ഡിസിഷന്‍ റിവ്യൂ സിസ്റ്റം ധോണി റിവ്യൂ സിസ്റ്റം ആക്കിയ കൂര്‍മ്മബുദ്ധി. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ പിന്നാമ്പുറങ്ങളില്‍ പോലും ഇടമില്ലാതിരുന്ന ജാര്‍ഖണ്ഡ‍ിൽ നിന്ന് ഗോഡ് ഫാദര്‍മാരില്ലാതെ നേട്ടങ്ങളുടെ കൊടിമുടി കീഴടക്കിയ ഇതിഹാസവിസ്മയമാണ് അദ്ദേഹം.  

Latest Videos

undefined

നായകന്‍റെ തൊപ്പിയില്ലെങ്കിലും ഇന്നും ആരാധക ലക്ഷങ്ങളുടെ ഒരേയൊരു "ക്യാപ്റ്റന്‍ കൂള്‍" ധോണിയാണ്. ജയത്തിൽ മതിമറക്കാത്ത പരാജയത്തിൽ തളര്‍ന്നു പോകാത്ത എംഎസ് ധോണിക്ക് 38 എന്നത് ഒരു അക്കം മാത്രമാണ്.  2007ലെ ലോക ട്വന്‍റി-20യിൽ ധോണിയെ നായകനാക്കണമെന്ന സച്ചിന്‍റെ നിര്‍ദേശമാണ് ഇന്ത്യന്‍ ക്രിക്കറ്റിന് തന്നെ വഴിത്തിരിവായത്. 

പ്രഥമ ലോക ട്വന്റി-20 കിരീടം, 2011ലെ ഏകദിന ലോകകപ്പില്‍ ചാമ്പ്യന്മാര്‍ ,ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം ,ചാമ്പ്യന്‍സ് ട്രോഫിയിൽ ജൈത്രയാത്ര തുടങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വിജയത്തുടര്‍ച്ച നല്‍കിയത് നായകന്‍ ധോണിയാണ്. ഉയര്‍ന്ന സ്കോര്‍ പിന്തുടര്‍ന്ന് വിജയിക്കാനുള്ള ആത്മവിശ്വാസവും, വിക്കറ്റിന് പിന്നിൽ പിഴവുകളില്ലാത്ത ജാഗ്രതയും, നിര്‍ണായക ഘട്ടങ്ങളില്‍ പതറാതെ ടീമിനെ വിജയത്തിലെത്തിക്കാനുള്ള കഴിവും ധോണിയെ വ്യത്യസ്തനാക്കുന്നു. ധോണിയെ പോലൊരാളെ ലോക ക്രിക്കറ്റ് കണ്ടിട്ടില്ല. അജണ്ടകളില്ലാതെ ഇന്ത്യന്‍ ക്രിക്കറ്റിനെ സ്നേഹിക്കുന്നവര്‍ക്ക് ഈ ഇതിഹാസപുരുഷനെ തള്ളിപ്പറയാനുമാകില്ല. 

click me!