ഇന്ത്യൻ കായിക ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഭരണ സംവിധാനമാണ് മുംബൈ ക്രിക്കറ്റിന്‍റേത്
മുംബൈ ക്രിക്കറ്റ് ഒരു ഫാക്ടറി ആണ്. വിശിഷ്ടമായ ഉൽപ്പന്നങ്ങളെ ഓരോ കാലഘട്ടത്തിലും നിർമ്മിച്ചെടുക്കുന്ന ഇന്ത്യൻ ക്രിക്കറ്റിന്‍റെ കളിത്തൊട്ടിൽ. ആ തൊട്ടിലിൽ പിറന്ന ഏറ്റവും മികച്ചവൻ ഒരേയൊരു സച്ചിൻ ടെന്‍ഡുല്‍ക്കറും. ഓരോ കാലഘട്ടത്തിലും മുംബൈ നിർമ്മിച്ചെടുക്കുന്ന ബാറ്റിംഗ് ഇതിഹാസങ്ങൾ തന്നെയാണ് ആ സമയങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റിനെ അടക്കിഭരിച്ചവരും. മുംബൈ പോലൊരു സ്ഥലത്തല്ലായിരുന്നു ജനിച്ചതെങ്കിൽ അത്രയും ചെറുപ്പത്തിലേ ലോക വേദിയിലെത്താൻ സച്ചിന് ഒരിക്കലും പറ്റില്ലായിരുന്നു എന്ന് നിസ്സംശയം പറയാം.
ഇന്ത്യൻ കായിക ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഭരണ സംവിധാനമാണ് മുംബൈ ക്രിക്കറ്റിന്‍റേത്. മറ്റ് ടീമുകളേക്കാൾ എത്രയോ കാതം മുന്നിലാണ് മുംബൈയെന്നത് അവരുടെ രഞ്ജി ട്രോഫിയിലെ കണക്കുകൾ മാത്രം നോക്കിയാൽ മതിയാകും. കളിച്ചത് 44 ഫൈനലുകൾ. കിരീടമണിഞ്ഞത് 41 തവണ. കൂടാതെ 14 ഇറാനി ട്രോഫി വിജയങ്ങൾ. മികച്ച ഭരണ സംവിധാനം, ഉയർന്നുവരുന്ന താരങ്ങളുടെ ക്രിക്കറ്റിനോടുള്ള സമീപനം, സ്‌കൂള്‍ ക്രിക്കറ്റ് മുതൽ തുടങ്ങുന്ന കെട്ടുറപ്പ്. മുംബൈ ക്രിക്കറ്റ് എന്നാൽ ദേശീയ ക്രിക്കറ്റാണെന്ന് തോന്നിപ്പിക്കാൻ കാരണം ഇത്തരം ഘടകങ്ങളാണ്.
undefined
മുംബൈ ക്രിക്കറ്റിലേതു പോലെ കളിക്കാരുടെയും പരിശീലകരുടേയും സമ്പന്നത മറ്റാർക്കും അവകാശപ്പെടാനാകില്ല. വിജയ് മർച്ചന്‍റ്, വിനു മങ്കാദ്, മാധവ് മന്ത്രി, മാധവ് ആപ്തെ, പോളി ഉമ്രിഗർ, നരേൻ തമാനെ, വിജയ് മഞ്ജരേക്കർ, അജിത് വഡേക്കർ, ദിലീപ് സർദേശായി, രമാകാന്ത് ദേശായി, സുഭാഷ് ഗുപ്തെ, ഫാറൂഖ് എഞ്ചിനീയർ, വാസു പരാഞ്ജ്പെ, അശോക് മങ്കാദ്, സുനിൽ ഗാവസ്‌കർ, ദിലീപ് വെങ്സർക്കർ, സന്ദീപ് പാട്ടീൽ, രവി ശാസ്ത്രി, സഞ്ജയ് മഞ്ജരേക്കർ, സച്ചിൻ ടെന്‍ഡുല്‍ക്കർ... പേരുകൾ അവസാനിക്കുന്നില്ല.
ഒരുപക്ഷേ മുംബൈ ക്രിക്കറ്റ് ഉയരങ്ങളിലെത്താൻ താരങ്ങളെക്കാൾ കാരണക്കാർ ഗെയിമിനെ നിസ്വാർത്ഥമായി സ്നേഹിക്കുന്ന ഒരു പറ്റം പരിശീലകരാണെന്ന് പറയേണ്ടി വരും. തങ്ങളുടെ കുട്ടികളുടെ പരമാവധി ശേഷിയെ ഉയർത്തിക്കൊണ്ടു വരാൻ ഏതറ്റം വരെയും പോകുന്ന പരിശീലകരുടെ കൂടി ആകെത്തുകയാണ് മുംബൈ ക്രിക്കറ്റ്. സച്ചിൻ ടെന്‍ഡുല്‍ക്കർ ലോക ക്രിക്കറ്റിന്‍റെ ഉയരങ്ങളിലേക്ക് സഞ്ചരിക്കുമ്പോൾ ദ്രോണാചാര്യ അച്ഛരേക്കരുടെ പേര് കൂടിയായിരുന്നു ലോകമെമ്പാടും സഞ്ചരിച്ചത്. തന്‍റെ ശിഷ്യഗണങ്ങൾ ഉയർത്തിപ്പിടിച്ചത് അച്ഛരേക്കറുടെ പേര് മാത്രമായിരുന്നില്ല, മുംബൈ ക്രിക്കറ്റിന്‍റെ പാരമ്പര്യം കൂടിയായിരുന്നു.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന് നൽകുന്ന അതേ തരത്തിലുള്ള പ്രാധാന്യം സ്കൂൾ ക്രിക്കറ്റിന് നൽകുന്ന മറ്റൊരിടം ലോകത്ത് കാണാനാകില്ല. സ്കൂൾ തലം, കോളേജ് തലം, ക്ലബ് ക്രിക്കറ്റ്, ഓഫീസുകൾ തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങൾ, ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ. ക്രിക്കറ്റ് ഓരോ മുംബൈക്കാരന്‍റേയും രക്തത്തിൽ അലിഞ്ഞു ചേർന്നതായി കാണാം.
14 വയസിൽ താഴെയുള്ളവർക്കുള്ള ജൈൽസ് ഷീൽഡ്, 17 വയസിൽ താഴെയുള്ളവർക്കുള്ള ഹാരിസ് ഷീൽഡ് ടൂർണമെൻറുകൾ മുതൽ തുടങ്ങുന്നു കുട്ടികളുടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള ആദ്യ ചുവടുവെപ്പുകൾ. സ്കൂൾ തലം മുതൽ കുട്ടികളുടെ കഴിവുകൾ സൂക്ഷ്മമായി വിലയിരുത്തപ്പെടുന്ന സംവിധാനം മുംബൈ ക്രിക്കറ്റിനെ വേറിട്ടുനിർത്തുന്നു. ക്ലബ് ക്രിക്കറ്റിലൂടെ ഒരു യുവതാരത്തിന് നേരിട്ട് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്കുള്ള വാതിലാണ് തുറന്നുകിട്ടുന്നത്. ടൈം ഫീൽഡ് ടൂർണമെൻറുകൾ പോലുള്ളവയ്ക്ക് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനെക്കാൾ വില കല്പിക്കാറുണ്ട്. രാജ്യമെമ്പാടുമുള്ള ഏറ്റവും മികച്ച മാറ്റുരക്കലാണ് അവിടെ നടക്കുന്നത്. ടാറ്റ, സ്റ്റേറ്റ് ബാങ്ക്, മഫത്ത്ലാൽ, ഇന്ത്യൻ ഓയിൽ, ബിപിസിഎൽ, എയർ ഇന്ത്യ, എസിസി, കസ്റ്റംസ് എന്നിങ്ങനെ കോർപ്പറേറ്റ് കമ്പനികൾ പരസ്പരം ഏറ്റുമുട്ടുമ്പോൾ വളർന്നുവരുന്ന താരങ്ങൾക്ക് അതിലേറെ അവസരങ്ങൾ കിട്ടാനില്ല.
മൺസൂൺ സമയങ്ങളിൽ മറ്റുള്ള സ്ഥലങ്ങളിൽ ക്രിക്കറ്റ് നിർജീവമാകുമ്പോൾ മുംബൈയിൽ അതിന് ജീവൻ വെക്കുന്നു. മഴയത്ത് നനഞ്ഞ പിച്ചുകളിൽ നടക്കുന്ന മത്സരങ്ങൾ ഓരോ ബാറ്റ്സ്മാന്‍റെയും സാങ്കേതികത്തികവിന്‍റെ മേൻമ കൂടിയാണ് ഉയർത്തപ്പെടുന്നത്. പുരുഷോത്തം ഷിൽഡ്, തലിം ഷീൽഡ്, പൊലീസ് ഷീൽഡ് ടൂർണമെന്‍റുകളെല്ലാം തന്നെ കഴിവുറ്റ താരങ്ങൾക്ക് അവരുടെ കഴിവ് തേച്ച് മിനുക്കാനുള്ള വേദി കൂടിയാണ്. ക്രിക്കറ്റിലെ വരുമാനം കുറഞ്ഞ ആദ്യകാലത്ത് സാമ്പത്തിക ഭദ്രതയേക്കാൾ ഗെയിമിനോടുള്ള പാഷൻ ആണ് ഓരോരുത്തരെയും മുന്നോട്ട് നയിച്ചത്.
1934-35ൽ വിജയ് മർച്ചന്‍റിന്‍റെ ചിറകിൽ നോർത്തേൺ ഇന്ത്യയെ പരാജയപ്പെടുത്തി ആദ്യ രഞ്ജി കിരീടം നേടിയ മുംബൈ അടുത്ത വർഷം ഫൈനലിൽ മദ്രാസിനെയാണ് തറപറ്റിച്ചത്. 1948-49 സീസണിൽ മഹാരാഷ്ട്രക്കെതിരായ സെമിഫൈനലിൽ ആദ്യ ഇന്നിംഗ്‌സിൽ 614 ഉം രണ്ടാമിന്നിംഗ്‌സിൽ 714 റൺസും അടിച്ച് രണ്ടിന്നിംഗ്‌സിലും 600 ലധികം റൺസടിച്ച ഒരേയൊരു ടീം എന്ന നിലയിലേക്ക് വളരുമ്പോഴേക്കും മുംബൈ ക്രിക്കറ്റ് സങ്കല്പിക്കാവുന്നതിനപ്പുറത്തേക്കുള്ള വളർച്ച ആരംഭിച്ചിരുന്നു. ആദ്യ 20 സീസണുകളിൽ 7 കിരീടം ചൂടിയ അവർ 1955-56 മുതൽ 1976-77 വരെയുള്ള 22 സീസണുകളിൽ 20 തവണയും 1955-56 മുതൽ 1972-73 വരെ തുടർച്ചയായി 15 തവണയും കിരീട വിജയങ്ങൾ നേടി അത്ഭുതമായി. 41 രഞ്ജി കിരീടങ്ങൾക്കും 14 ഇറാനി വിജയങ്ങൾക്കും പുറമെ 8 തവണ വിൽസ് ട്രോഫിയും 4 തവണ വിജയ് ഹസാരെ ട്രോഫിയും ഒരു തവണ സയ്യിദ് മുഷ്താഖ് അലി ടി20 കിരീടവും നേടിയ മുംബൈ ക്രിക്കറ്റ് മറ്റുള്ളവരെ അപേക്ഷിച്ച് കാതങ്ങൾ മുന്നിലാണ്.
ഓരോ കാലഘട്ടത്തിലും ഇടതടവില്ലാതെ പ്രതിഭകളെ സൃഷ്ടിക്കുന്ന കാര്യം മുംബൈ ക്രിക്കറ്റിന് ശീലമാണ്. തനിക്ക് മുൻപേ കളിച്ച എല്ലാവരെക്കാളും സ്ട്രോക്കുകൾ കയ്യിലുണ്ടായിരുന്ന വിജയ് മർച്ചന്‍റ് സൃഷ്ടിച്ച കേളീശൈലി അരങ്ങൊഴിഞ്ഞതിനു ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ 10,000 ത്തിലധികം റൺസും 34 സെഞ്ചുറികളുമായി ലോകത്തെ കാൽച്ചുവട്ടിലാക്കിയ സുനിൽ ഗാവസ്കറിന്‍റെ കണക്കുകൾ മറ്റൊരാൾക്കും തകർക്കാനാകില്ലെന്ന് കരുതിയതായിരുന്നു. ആൻഡി റോബർട്സ്, മൈക്കൽ ഹോൾഡിങ്ങ്, ജോയൽ ഗാർനൽ, മാൽക്കം മാർഷൽ തുടങ്ങിയവർക്കെതിരെ 13 ടെസ്റ്റ് സെഞ്ചുറികൾ കുറിച്ചയാളെക്കാൾ വാർത്തകൾ സൃഷ്ടിക്കാൻ മറ്റൊരാൾക്ക് കഴിയില്ലെന്ന് കരുതിയിടത്ത് നിന്നും ഗാവസ്കറിനെ സൃഷ്ടിച്ച അതേ മുംബൈയുടെ മണ്ണിൽ നിന്നും സച്ചിൻ ഉയർന്നുവരികയായിരുന്നു. പിന്നീടുള്ള 24 വർഷങ്ങൾ ഒരു രാജ്യം അയാളുടെ ക്രീസിലെ വരവിന് കാതോർക്കുകയായിരുന്നു. അയാൾ ക്രീസിൽ നിൽക്കുമ്പോൾ കോടിക്കണക്കിന് ജനങ്ങൾ ശ്വാസമടക്കി നിൽക്കുകയായിരുന്നു. അയാളുടെ ഓരോ ഷോട്ടിനും ആർത്ത് വിളിക്കുകയായിരുന്നു. ഓരോ തവണ അയാൾ പുറത്താകുമ്പോഴും നിരാശയോടെ മുഖം താഴ്ത്തുകയായിരുന്നു.
മുംബൈയുടെ ക്രിക്കറ്റ് പാരമ്പര്യം അവർക്ക് നൽകിയ സമ്മാനം കൂടിയാണ് സച്ചിൻ ടെന്‍ഡുല്‍ക്കര്‍. ക്രിക്കറ്റിനെ അത്രമേൽ സ്നേഹിച്ച്, ഹൃദയത്തിൽ കൊണ്ട് നടക്കുന്ന ജനതയോളം മറ്റാരും സച്ചിൻ ടെന്‍ഡുല്‍ക്കര്‍ എന്ന ഇതിഹാസത്തെ അർഹിക്കുന്നില്ല.
അജിത്ത്, സച്ചിന്‍റെ പിന്നിലെ ഹീറോ; പക്ഷേ അവര്‍ ഏറ്റുമുട്ടി! അങ്ങനെയൊരു മത്സരമുണ്ട്