അജിത്ത്, സച്ചിന്‍റെ പിന്നിലെ ഹീറോ; പക്ഷേ അവര്‍ ഏറ്റുമുട്ടി! അങ്ങനെയൊരു മത്സരമുണ്ട്

By Dhanesh Damodaran  |  First Published Mar 18, 2023, 6:15 PM IST

അനിയനെ ജയിപ്പിക്കാനിറങ്ങിയ ചേട്ടന്‍, ചേട്ടനെ ജയിപ്പിക്കാനിറങ്ങിയ അനിയന്‍; ഒടുവില്‍ സച്ചിന്‍ ജയിച്ച കഥ 


" ബസ് ഏക് ഔർ ചക്കാ മാരോ... ഭാവൂ... ഏക് ഔർ " (വല്യേട്ടാ, ഒരെണ്ണം കൂടി, ഒരു സിക്സർ കൂടി അടിക്കൂ)

അന്നും പതിവ് പോലെ ഗ്രൗണ്ടിന് പുറത്തെ മരത്തണലിൽ നിന്ന് തന്റെ ചേട്ടന്റെ ബാറ്റിംഗിന് അലറി വിളിച്ച് പ്രോത്സാഹിപ്പിക്കുകയായിരുന്നു ആ കുഞ്ഞനിയൻ. സ്കൂൾ ക്രിക്കറ്റ് ടീമിലും പിന്നീട് കോളേജ് ടീമിലും കളിച്ച അജിത്ത് എന്ന കക്ഷിക്ക് ക്രിക്കറ്റിനോട് വല്ലാത്ത ഭ്രമമായിരുന്നു. തന്റെ വീട്ടിലെ അകത്തളങ്ങളിൽ സാഹിത്യ സദസ്സുകൾ അരങ്ങുതകർക്കുമ്പോൾ അയാൾ പൊരിവെയിലത്ത് ക്രിക്കറ്റിനെയും പ്രണയിച്ച് നടക്കുകയായിരുന്നു. ക്രിക്കറ്റ് ഭ്രാന്ത് തലക്ക് പിടിച്ച് മുഴുവൻ സമയവും ക്രിക്കറ്റുമായി നടന്ന അയാൾക്ക് മികച്ച പരിശീലകരുടെ കീഴിൽ കളിച്ചതോടെ ശാസ്ത്രീയമായ അറിവുകളും ലഭിച്ചു. അയാളുടെ കളിവിവരങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു സാഹിത്യ സഹവാസ് എന്ന ആ വീടിന്റെ വൈകുന്നേരങ്ങൾ.

Latest Videos

undefined

അജിത്തിന്റെ വർണ്ണകൾ ഏറ്റവുമധികം ശ്രദ്ധിക്കുന്നത് 11 വയസ് പ്രായക്കുറവുള്ള കുഞ്ഞനുജനാണ്. ആ കൊച്ച് കുട്ടിയുടെ സംശയങ്ങൾക്കൊപ്പം അജിത്ത് നേടിയ റൺസിൽ അല്പം മായം ചേർത്ത് കൂട്ടിപ്പറയാറുമുണ്ട്. ഒടുവിൽ കളി വിവരണങ്ങൾ കേട്ട് ആവേശം കയറിയതോടെ ചേട്ടന്റെ കളി കാണണമെന്ന് കുഞ്ഞനുജൻ വാശി പിടിച്ചുതുടങ്ങി. ഒടുവിൽ ചേട്ടന്റെ കളികളിലെ പ്രധാന കാണിയായി ചേട്ടന്റെ ബാറ്റിംഗിനെ ഗ്രൗണ്ടിന് പുറത്ത് പ്രോത്സാഹിച്ചതോടൊപ്പം കളി കഴിഞ്ഞ് ചേട്ടന്റെ വക അനിയന് ചെറിയ പരിശീലങ്ങളും തുടങ്ങി.

ദൂരദർശനിലെ ക്രിക്കറ്റ് സംപ്രേഷണങ്ങൾ തുടങ്ങിയ കാലഘട്ടമായിരുന്നു അത്. ഇന്ത്യ മുഴുവൻ വ്യാപിച്ച ആ ലഹരി ആ കുട്ടിയുടെ സിരകളിലും നിറഞ്ഞൊഴുകി. മുറിയുടെ ചുവരുകളിൽ പോസ്റ്ററുകളും പുസ്തകങ്ങളിൽ മുഴുവൻ ക്രിക്കറ്റ് താരങ്ങളുടെ ചിത്രവുമൊട്ടിച്ച് ക്രിക്കറ്റ് ഭ്രാന്ത് കയറിയ കൊച്ചിന്റെ സംസാരം മുഴുവൻ ക്രിക്കറ്റ് മാത്രമായിരുന്നു. അജിത്തിന് നന്ദി പറയാം. ഈ ആവേശം ആ കുഞ്ഞു മനസ്സിൽ നിറച്ചതിന്. കുഞ്ഞു സച്ചിൻ ആ ചെറിയ പ്രായത്തിൽ തന്നെ അസാമാന്യമായ പ്രതിഭയുടെ ലക്ഷണങ്ങൾ കാണിച്ച് തുടങ്ങിയിരുന്നു. കളിയോടുള്ള സമീപനവും ആവേശവും 5-ാം വയസിൽ തന്നെ സച്ചിൻ ടെന്‍ഡുല്‍ക്കര്‍ എന്ന പിൽക്കാല ക്രിക്കറ്റ്  ഇതിഹാസത്തെ മുതിർന്നവർക്കൊപ്പം കളിക്കാൻ പ്രാപ്തനാക്കിയിരുന്നു.

എന്നാൽ ടെലിവിഷനുകളിൽ ടെന്നീസ് സംപ്രേഷണം ആരംഭിച്ചതോടെ പയ്യൻ ക്രിക്കറ്റിൽ നിന്ന് മാറി ടെന്നീസ് ഭ്രാന്തനായി. ബ്യോൺബർഗും ജോൺ മെക്കൻറോയും തമ്മിൽ നടന്ന വിംബിൾഡൺ ഫൈനൽ കണ്ടതോടെ സച്ചിൻ മെക്കന്റോയെ അനുകരിച്ച് തലയിൽ ബാന്റ് കെട്ടി ടെന്നീസ് കളിച്ചു നടന്നുവെങ്കിലും ക്രിക്കറ്റ് കളിക്കാൻ വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ട ആ കുട്ടി ഒരു നിയോഗം പോലെ പതിയെ ക്രിക്കറ്റിലേക്ക് തന്നെ മടങ്ങി. ക്രിക്കറ്റാണോ ടെന്നീസാണോ കളിക്കേണ്ടതെന്ന സച്ചിൻറെ ആലോചനകൾക്കിടയിലും ക്രിക്കറ്റിലാണ് സച്ചിൻറെ ഭാവിയെന്ന് തിരിച്ചറിഞ്ഞ അജിത്ത് ടെന്നീസ് റാക്കറ്റും ക്രിക്കറ്റ് ബാറ്റും കൈയിൽ കൊടുത്ത് ടെന്നീസ് പന്തുകൾ കൊണ്ട് ടെന്നീസും ക്രിക്കറ്റും മാറി മാറി കളിപ്പിച്ചിരുന്നു.

അച്ഛൻ പ്രശസ്ത കവിയായതിനാൽ വീട്ടിലെ ചർച്ചാ വിഷയങ്ങളിൽ സാഹിത്യമായിരുന്നു മുഖ്യ വിഷയം. സഹോദരൻ നിതിനും സഹോദരി കവിതയും അച്ഛന്റെ വഴി പിന്തുടർന്നപ്പോൾ സാഹിത്യം കേട്ടാൽ ഓടുന്ന മൂത്ത ചേട്ടൻ അജിത്തിനൊപ്പം സച്ചിനും കൂടി. പലരും ആ കാലത്ത് സച്ചിനെ വഴി തെറ്റിച്ചു എന്ന് പറഞ്ഞ് പഴിച്ചുവെങ്കിലും പിന്നീട് ഒരു ഇതിഹാസത്തിന് നേർവഴി കാട്ടിയതിന്റെ പേരിലാണ് അജിത്ത് അറിയപ്പെട്ടത് എന്നത് തികച്ചും വിരോധാഭാസമായി.

ചെറിയ പ്രായത്തിൽ കളിച്ച് തുടങ്ങുന്ന സമയത്ത് തന്നെ തൻറെ നേരെ വരുന്ന പന്തുകളോട് അതിവേഗത്തിൽ താതാത്മ്യം പ്രാപിക്കുന്നതിനും ലൈനും ലെങ്തും കണ്ടെത്തുവാൻ കാണിച്ച പ്രാഗത്ഭ്യവും അജിത്ത് തിരിച്ചറിഞ്ഞിരുന്നു. അതു കൊണ്ട് തന്നെ തൻറെ കുഞ്ഞനുജൻറെ അപാരമായ പ്രതിഭയെ വളർത്തിയെടുക്കാനുള്ള എല്ലാ അനുകൂല സാഹചര്യങ്ങളും ഉറപ്പ് വരുത്താനായിരുന്നു അജിത്തിൻറെ ശ്രമം. താൻ പഠിച്ച ബാൽമോഹൻ വിദ്യാമന്ദിറിൽ ക്രിക്കറ്റിന് ശക്തമായ വളക്കൂറുണ്ടായിട്ടും അച്ഛരേക്കറിൻറെ ശാരദാശ്രമത്തിലേക്ക് സച്ചിനെ കൊണ്ടുപോകാനുള്ള അജിത്തിൻറെ തീരുമാനവും കൃത്യമായിരുന്നു. കൂടുതൽ പരിശീലനം നടത്തുന്നതിനായി ബാന്ദ്രയിലെ ന്യൂ ഇംഗ്ളീഷ് സ്കൂളിൽ ക്രിക്കറ്റ് പരിശീലനത്തിന് മതിയായ സൗകര്യങ്ങളില്ലാത്തതിനാൽ അവിടെ നിന്നും സച്ചിനെ ശാരദാശ്രമം സ്കൂളിലേക്ക് മാറ്റണമെന്ന അച്ഛരേക്കറുടെ അഭിപ്രായത്തെ മാനിച്ച് സച്ചിൻറെ ക്രിക്കറ്റിലെ ഭാവിയെ കുടുംബാംഗങ്ങൾക്ക് മനസിലാക്കിക്കൊടുത്തതും അജിത്ത് തന്നെയായിരുന്നു. ബാന്ദ്രയിൽ നിന്നും ശിവാജി പാർക്കിലേക്കുള്ള ബസ് യാത്രയിൽ പോലും അജിത്ത് സച്ചിൻറെ ബാറ്റിംഗ് മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഏറെയും സംസാരിച്ചിരുന്നത്.

ഒരാൾക്ക് ക്രിക്കറ്റിൻറെ ഏറ്റവും ഉയരത്തിലെത്താനുള്ള എല്ലാ സാഹചര്യങ്ങളും മുംബൈയുടെ മണ്ണിനുണ്ട്‌ അന്നും ഇന്നും. അനുകൂല ചുറ്റുപാടുകൾ, ഒന്നാന്തരം മൈതാനങ്ങൾ, കിട്ടാവുന്നതിൽ ഏറ്റവും മികച്ച പരിശീലകർ, വളർന്നു വരുന്ന കുട്ടികൾക്ക് മാനസികമായും സാമ്പത്തികമായും സഹായിക്കാൻ സന്നദ്ധതയുള്ള മുതിർന്ന താരങ്ങൾ, മികച്ച പ്രകടനം നടത്തുന്നവരെ സ്പോൺസർ ചെയ്യാൻ തയ്യാറുള്ളവർ. അങ്ങനെ ഏത് തരത്തിൽ നോക്കിയാലും ക്രിക്കറ്റിനെ നെഞ്ചോട് ചേർക്കുന്ന നഗരത്തിൽ പ്രതിഭയുള്ളവന് ഏതറ്റം വരെയും പോകാമെന്ന വ്യക്തമായ ധാരണ അജിത്തിന് ഉണ്ടായിരുന്നു. 1984ൽ അജിത്തിനൊപ്പം സച്ചിൻ ശാരദാശ്രമത്തിലേക്ക് പോയത് മുതൽ ചരിത്രം പിറക്കുകയായിരുന്നു. 1983ൽ ഇന്ത്യയുടെ ലോകകപ്പ് വിജയത്തിൽ മതിമറന്നതിനു പിന്നാലെ ക്രിക്കറ്റിനെ ജീവവായുവാക്കിയ സച്ചിനെ ആ വികാരം അതേപടി നിലനിർത്താൻ അജിത്ത് ശ്രമിച്ചിരുന്നു. ബോംബെയിലെ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങളിൽ കാണാൻ അജിത്ത് സച്ചിനെയും കൂടെ കൂട്ടുമായിരുന്നു. 1983 ൽ വാംഖഡെയിൽ നടന്ന ടെസ്റ്റിലെ വിവിയൻ റിച്ചാർഡ്സിൻറെ അസാധാരണ പ്രകടനം കുഞ്ഞു സച്ചിനിൽ വലിയ പ്രചോദനത്തിന് വഴിവെച്ചിരുന്നു.

ഹർഷ ഭോഗ്ലെ പറഞ്ഞിട്ടുണ്ട് സച്ചിനു പിന്നിലെ യഥാർത്ഥ താരം, അത് അജിത്ത് ആണെന്ന്. ക്രിക്കറ്റിൽ കാലെടുത്തുവെച്ചത് മുതൽ സച്ചിന്റെ മാർഗദർശി, ഉപദേശകൻ എല്ലാമെല്ലാം അജിത്ത് ആയിരുന്നു. സച്ചിന് കളി മാത്രം ശ്രദ്ധിക്കേണ്ട തരത്തിൽ മികച്ച ഒരു ക്രിക്കറ്ററായിട്ടും അജിത്ത് സച്ചിന്റെ പ്രതിഭ തിരിച്ചറിഞ്ഞ് അനുജന്റെ നിഴലായി നടക്കാൻ തുടങ്ങി. പിന്നീട് സച്ചിൻ ഇതിഹാസമായപ്പോഴും സച്ചിന്റെ സാമ്പത്തിക കാര്യങ്ങളും കരാറുകളും മുഴുവൻ ചുമതലകളും നിർവഹിച്ചത് അജിത്ത് ആയിരുന്നു. സച്ചിൻ്റെ അരങ്ങേറ്റ പരമ്പര കാണാൻ പാകിസ്ഥാനിലെത്തിയ അജിത്തിൻറെ സാമീപ്യം സച്ചിന് നൽകിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല.

1998ൽ ഷാർജയിലെ മരുക്കാറ്റിനെയും സകല പ്രതിസന്ധികളെയും അതിജീവിച്ച് തന്റെ കരിയറിലെ തന്നെ ഏറ്റവും ഗംഭീര പ്രകടനവുമായി നിറഞ്ഞാടിയപ്പോൾ ലോകം മുഴുവൻ സച്ചിനെ പ്രശംസ കൊണ്ട് മൂടുകയായിരുന്നു. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ആ ഒരിന്നിംഗ്‌സ് ഇന്നും ക്രിക്കറ്റ് ലോകത്തെ കോരിത്തരിപ്പിക്കുന്നു. എന്നാൽ ഓരോ മത്സരത്തിലും സച്ചിനെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ചേട്ടൻ പക്ഷെ സച്ചിന്റെ പ്രകടനത്തിൽ മതിമറക്കാതെ അവിടെയും മറ്റാരും ശ്രദ്ധിക്കാത്ത സച്ചിന്റെ പിഴവ് കണ്ടെത്തി. അത് ബാറ്റിംഗിന്റെ കാര്യത്തിലായിരുന്നില്ല എന്ന് മാത്രം.

അന്ന് ജയം മാത്രം ലക്ഷ്യമിട്ട സച്ചിൻ വികാരത്തിനടിമപ്പെട്ട് സഹതാരം ലക്ഷ്മണിനോട് ഒരു ഡബിൾ ഓടാൻ മടിച്ചതിന്റെ പേരിൽ കയർത്തിരുന്നു. അത് മനസിൽ വെച്ച അജിത്ത് സച്ചിൻ വീട്ടിലെത്തിയപ്പോൾ ഗ്രൗണ്ടിലെ ആ മോശം പെരുമാറ്റത്തെ രൂക്ഷമായി വിമർശിക്കുകയുണ്ടായി. "ക്രിക്കറ്റ് തന്റെ മാത്രം കളിയല്ല" എന്നാണ് അന്ന് അജിത്ത് പറഞ്ഞത്. പിന്നീടൊരിക്കലും കരിയറിൽ  അത്തരമൊരു പെരുമാറ്റം സച്ചിനിൽ നിന്നും ഉണ്ടായിട്ടില്ല . അതേ, അജിത്ത് ഒരിക്കലും സച്ചിനെ ലോകമറിയുന്ന ബാറ്റ്സ്മാൻ ആക്കാൻ മാത്രമായിരുന്നില്ല  ശ്രമിച്ചത്. അതിനേക്കാളുപരി ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച മനുഷ്യനാക്കാനാണ് പഠിപ്പിച്ചത്. അല്ലെങ്കിലും ഇതിഹാസമായ തന്റെ അനുജന്റെ പേരിൽ ഒരു മണൽത്തരി പ്രശസ്തി പോലും ആഗ്രഹിക്കാത്ത ചേട്ടന്റെ നിർദ്ദേശങ്ങൾ ആ അനുജനും പിന്തുർന്നില്ലെങ്കിലേ അതിശയമുള്ളൂ .       
            
''സച്ചു"എന്ന് താൻ  വിളിക്കുന്ന സച്ചിന് സമർപ്പിക്കാൻ "ഭാവു" എന്ന് സച്ചിൻ വിളിക്കുന്ന അജിത്ത് എഴുതിയ പുസ്തകം ''The Making of a Cricketer" സച്ചിന്റെ ആത്മകഥയേക്കാൾ ശ്രദ്ധേയവും ചർച്ചാ വിഷയവുമായിരുന്നു. സച്ചിന്റെ കുട്ടിക്കാലത്തെ ബാറ്റിംഗ് കാണുമ്പോൾ താൻ ഒരു ഇന്റർനാഷണൽ ക്രിക്കറ്ററെയാണ് ദർശിച്ചത് എന്നാണ് അജിത്ത് അതിൽ പറഞ്ഞത്.

വിരമിക്കൽ വേളയിൽ സച്ചിൻ പറഞ്ഞു... "അജിത്തിനെ പറ്റി ഞാനെന്തു പറയാനാണ്. ഞാൻ കളിക്കുന്ന ഷോട്ടുകൾ പറ്റിയും ഞാൻ കളിച്ച രീതികളെക്കുറിച്ചും ഞങ്ങൾ തമ്മിൽ അനേകം ചർച്ചകൾ ഉണ്ടായിട്ടുണ്ട് അവയിൽ പലതും ഞാൻ അംഗീകരിച്ചില്ല, ഞാൻ അംഗീകരിച്ചത് പലതും പുള്ളിയും അംഗീകരിച്ചിട്ടില്ല. എങ്കിലും ഇത്തരത്തിലുള്ള അനേകം ചർച്ചകൾ ഇല്ലായിരുന്നു എങ്കിൽ ഞാൻ കുറച്ചുകൂടി ചെറിയൊരു ക്രിക്കറ്ററായി മാറിയേനെ...". ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ 50-ാമത് സെഞ്ചുറി പിതാവിന് സമർപ്പിച്ചപ്പോൾ ലോകം മുഴുവൻ കാത്തു കാത്തിരുന്ന നൂറാം സെഞ്ചുറി സച്ചിൻ തന്റെ ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും അർഹനായ അജിത്തിന് സമർപ്പിച്ച ഒറ്റക്കാര്യത്തിൽ നിന്നും മനസ്സിലാക്കാം അജിത്ത് സച്ചിന് എത്ര മാത്രം വിലപ്പെട്ടവനായിരുന്നു എന്ന് .

തൻറെ അനുജൻ വിജയിക്കാൻ ആണ് അജിത്ത് എന്നും ആഗ്രഹിച്ചിരുന്നത്. ബാന്ദ്രയിലെ ഐഎംജി ക്രിക്കറ്റ് ക്ലബ്ബിൽ സച്ചിൻറെ ചെറുപ്പകാലത്ത് സിംഗിൾ വിക്കറ്റ് ടൂർണമെൻറ് നടക്കുന്ന സമയത്ത് ആ ടൂർണമെൻറിൽ അജിത്തും കളിച്ചിരുന്നു. സച്ചിൻറെ  കരിയർ പതുക്കെ ഉയർന്നുവരുന്ന ഒരു സമയമായിരുന്നു അന്ന്. രണ്ട് പേരും ഒരേ പൂളിൽ ആണ് അന്ന്  മത്സരിച്ചിരുന്നത്. പൂളുകളിൽ നിന്നും ജയിച്ചു കയറി അവർ സെമി ഫൈനലിൽ പരസ്പരം ഏറ്റുമുട്ടേണ്ടി വന്നു. എന്നാൽ അന്നുവരെ ആരും കാണാത്ത സംഭവമാണ് സെമിയിൽ കണ്ടത്. അനിയനെ  ജയിപ്പിക്കണം എന്ന് മനസ്സിൽ കരുതി അജിത്തിന് നോബോളുകളും വൈഡുകളും നിരന്തരം എറിഞ്ഞപ്പോൾ ചേട്ടനെ ജയിപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയ അനുജൻ എല്ലാ പന്തുകളും റൺസെടുക്കാതെ ഡിഫൻഡ് ചെയ്യാനും തുടങ്ങി. സിംഗിൾ വിക്കറ്റ് ടൂർണമെൻറ് അങ്ങനെയൊരു സ്ഥിതിവിശേഷം മുമ്പ് കണ്ടിട്ടേയില്ല. ഒടുവിൽ അജിത്ത് തൻറെ അനുജനോട് നന്നായി ബാറ്റ് ചെയ്യാൻ ആവശ്യപ്പെടുകയാണുണ്ടായത്. സച്ചിൻ നന്നായി കളിച്ചു. ഒടുവിൽ അനുജൻ ചേട്ടന് വേണ്ടി കളി ജയിച്ചു. സച്ചിൻ ടൂർണമെൻറിൻറെ ഫൈനലിലുമെത്തി.

റെക്കോർഡുകൾ വാരിക്കൂട്ടുന്ന അനുജനെ എല്ലാ പര്യടനങ്ങളും കഴിഞ്ഞ് കാറുമായി എയർപോർട്ടിൽ കാത്തുനിൽക്കുന്ന മുടി നീട്ടിവളർത്തിയ താടിക്കാരൻ എല്ലായ്പ്പോഴും മാധ്യമങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുകയായിരുന്നു. സമീപത്തെ കുട്ടികളുമായി ടെന്നീസ് ബോൾ ക്രിക്കറ്റ് കളിച്ചിരുന്ന കുഞ്ഞനുജൻറെ  മികവ് തിരിച്ചറിഞ്ഞ അജിത്ത് പിന്നീട് സച്ചിൻറെ മാർഗദർശിയായി മാറി. ആദ്യ വിദേശപര്യടനങ്ങളിൽ സച്ചിനൊപ്പം പാകിസ്താനിലേക്ക്  പോയെങ്കിലും പിന്നീട് പതുക്കെ പതുക്കെ അജിത്ത്  ഒഴിഞ്ഞുനിൽക്കുകയാണ് ചെയ്തത്. സച്ചിൻ പുറത്താകുമ്പോൾ നിയന്ത്രണം വിടുന്ന സ്വഭാവം ഉള്ളതുകൊണ്ട് തൻറെ ആ പെരുമാറ്റം മറ്റ് ആളുകൾ കാണാതിരിക്കുന്നത് വേണ്ടിയായിരുന്നു ഒരു യോഗിയെ പോലെ ജീവിച്ച അജിത്ത് എല്ലായിടത്തുനിന്നും ഉൾവലിഞ്ഞ് ഒരു ഏകാകിയെ പോലെ ജീവിച്ചത്.

സച്ചിൻ വിരമിച്ചപ്പോൾ അജിത്തിന്  ഒരു ശൂന്യതയാണ്  അനുഭവപ്പെട്ടത്. അതുവരെയുള്ള അയാളുടെ ജീവിതം മുഴുവൻ സച്ചിൻറെ ക്രിക്കറ്റ് കലണ്ടറിനെ ചുറ്റിപ്പറ്റി ആയിരുന്നു. ഒരു പക്ഷെ വിരമിക്കൽ സച്ചിനേക്കാൾ അലട്ടിയിരുന്നത് അജിത്ത് എന്ന സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെട്ട ചേട്ടനാകാം. ഏപ്രിൽ 24 എന്ന ദിനം ഇന്ത്യക്കാർ അക്ഷരാർത്ഥത്തിൽ ആഘോഷിക്കുന്ന കാഴ്ച സർവസാധാരണം. കാലചക്രം കറങ്ങി മുന്നോട്ട് പോകുമ്പോൾ ആഘോഷങ്ങളുടെ മാറ്റ് കൂടിക്കൂടി വരുന്നു. സോഷ്യൽ മീഡിയകളിൽ ആരാധകർ സച്ചിന് സമർപ്പിക്കുന്ന ജൻമദിന ആശംസകൾ പറയാതെ പറയുന്നു സച്ചിൻ എന്ന മനുഷ്യൻ ഇന്ത്യക്കാർക്ക് ആരായിരുന്നു എന്നത് ??

എല്ലാറ്റിനും നന്ദി പറയാം ഒരാളോട്. വെള്ളിവെളിച്ചത്തിൽ വരാതെ, ഗമ പറയാതെ, അവകാശവാദങ്ങൾ ഉന്നയിക്കാതെ എന്നും സച്ചിന്റെ നിഴലായി മാത്രം നിന്ന ആ വലിയ മനുഷ്യന്. ഇന്ത്യക്കാർ ഏറ്റവുമധികം ഹൃദയത്തിൽ സൂക്ഷിക്കുന്ന മനുഷ്യന്റെ അജിത്ത് എന്ന ചേട്ടനോട്. അജിത്ത് ഹീറോയാണ്. യഥാർത്ഥ ഹീറോ. 

തുടരും... 

Read more: കോടിപതിയായ സച്ചിന്‍; ആദ്യ പ്രതിഫലം ഇത്ര മാത്രം- ധനേഷ് ദാമോദരന്‍ എഴുതുന്നു

click me!