ഫൈനലിന് മുന്‍പ് ടീം ഇന്ത്യക്ക് വേറിട്ട ആശംസാ വീഡിയോയുമായി മിതാലി രാജ്
മുംബൈ: ഐസിസി വനിതാ ടി20 ലോകകപ്പ് ഫൈനലിന് മുന്‍പ് ടീം ഇന്ത്യക്ക് വേറിട്ട ആശംസാ വീഡിയോയുമായി ഇതിഹാസ താരം മിതാലി രാജ്. സാരിയില്‍ ബാറ്റ് ചെയ്യുന്ന ദൃശ്യത്തോടെയാണ് മിതാലി സഹതാരങ്ങള്‍ക്ക് ആശംയുമായി രംഗത്തെത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ ഏറെപ്പേര്‍ ഏറ്റെടുത്തു.
'ഞങ്ങള്‍ക്കും കഴിയുമെന്ന് ലോകത്തിന് മുന്നില്‍ കാട്ടുക. കമോണ്‍ ടീം ഇന്ത്യ. നാട്ടിലേക്ക് ട്രോഫിയെത്തിക്കുക'- വീഡിയോയില്‍ മിതാലി പറയുന്നു. 2017 ലോകകപ്പില്‍ ടീം ഇന്ത്യയെ ഫൈനലിലെത്തിച്ച കപ്പിത്താനാണ് മിതാലി രാജ്. വനിതാ ദിനത്തോട് അനുബന്ധിച്ച് കൂടിയാണ് മിതാലി വീഡിയോ പുറത്തിറക്കിയത്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സുള്ള വനിതാ താരമാണ് മിതാലി രാജ്.
വിഖ്യാത മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഞായറാഴ്‌ച ഫൈനലില്‍ ഓസ്‌ട്രേലിയയെ ആണ് ഹര്‍മന്‍പ്രീത് കൗറും സംഘവും നേരിടുക. ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് 12.30നാണ് മത്സരം ആരംഭിക്കുക.
ലോകകപ്പിലെ ആദ്യ കിരീടമാണ് ഇന്ത്യന്‍ വനിതകള്‍ ലക്ഷ്യമിടുന്നത്. ഇംഗ്ലണ്ടിനെതിരായ സെമി മഴകാരണം ഉപേക്ഷിച്ചതോടെയാണ് ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ടീം ഫൈനലില്‍ ഇടം നേടിയത്. രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കയെ അഞ്ച് തോല്‍പ്പിച്ചാണ് ഓസീസ് കലാശപ്പോരിന് യോഗ്യത നേടിയത്.