"ഇപ്പോഴത്തെ പ്രായവും പരിക്കുകളും നോക്കിയാൽ മൂന്ന് കളികൾ അതും നിൽപ്പൻ കളി കളിച്ചാൽ ഞാൻ ചത്തു പോകും എന്നറിയാം. പക്ഷെ ഒരിക്കലും അവരോടു നോ പറയാൻ എനിക്ക് കഴിഞ്ഞില്ല".
കൊച്ചി: വോളിബോള്‍ പ്രേമികളുടെ മനസില്‍ നൊമ്പരത്തിന്‍റെ സ്‌മാഷുകള്‍ കോരിയിടുന്ന അനുഭവക്കുറിപ്പുമായി ഇന്ത്യന്‍ വോളിബോളിലെ സൂപ്പര്‍താരങ്ങളിലൊരാളായ കിഷോര്‍ കുമാര്‍. കോഴിക്കോട് ജില്ലയിലെ ഒരു ഏകദിന ടൂര്‍ണമെന്‍റ് കഴിഞ്ഞ് ഉറങ്ങാതെ വാഹനമോടിച്ച് കൊച്ചിയിലെത്തി പ്രായവും ക്ഷീണവും വകവെക്കാതെ അടുത്ത ടൂര്‍ണമെന്‍റ് കളിച്ചിട്ടും ഉയര്‍ന്ന ഒരു ചോദ്യം തന്‍റെ നെഞ്ചില്‍ തറച്ചു എന്ന് പറയുന്നു കിഷോര്‍ കുമാര്‍. വോളിബോളിനോടുള്ള കിഷോറിന്‍റെ അടങ്ങാത്ത സ്‌നേഹം വരികളില്‍ വായിക്കാമെങ്കിലും ഒരു വിങ്ങലോടെ മാത്രമേ ഈ കുറിപ്പ് വായിച്ച് പൂര്‍ത്തിയാക്കാന്‍ കഴിയൂ.
കിഷോര്‍ കുമാര്‍ ഫേസ്‌ബുക്കില്‍ എഴുതിയത്
undefined
എന്നെ നൊമ്പരപ്പെടുത്തുന്ന അനുഭവക്കുറിപ്പ്...
നമ്മൾ കായിക ജീവിതത്തിൽ ജയിക്കുകയും തോൽക്കുകയും വാഴ്ത്തപ്പെടുകയും വീഴ്‌ത്തപ്പെടുകയും ഒക്കെ അനുഭവിച്ചിട്ടുള്ളവരാണ്. എന്നാൽ ചിലതു നമ്മൾ വളരെ ബുദ്ധിമുട്ടി ഒരുപാട് കഷ്ടപ്പെട്ടു ചെയ്താൽ പോലും എല്ലാം നമുക്ക് പ്രതികൂലമായി വരും. ചിലപ്പോൾ ചെയ്തതെല്ലാം വെള്ളത്തിലായി പോകാറുമുണ്ട്. നമ്മൾ പ്രതിഫലം ഒന്നും പ്രതീക്ഷിക്കാതെ ചെയ്താൽ പോലും അതു നേരെ തിരിച്ചുവരുന്ന ഘട്ടങ്ങൾ.
കഴിഞ്ഞ സീസണിൽ കോഴിക്കോട് ജില്ലയിൽ ഒരു രാത്രിയിൽ ഏകദിന വോളി ടൂർണമെന്റ് കളിക്കാൻ ഞാൻ ഏറ്റിരുന്നു. ക്വാര്‍ട്ടറും സെമിയും ഫൈനലുമെല്ലാം ഒരു രാത്രികൊണ്ട് തന്നെ കളിച്ചു തീർക്കുന്ന ടൂര്‍ണമെന്‍റാണ് ഏകദിന മത്സരം. പ്രിയ സെറ്റർ സുറൂമിയുടെ കൂടെ കളിക്കുകയും ചെയ്യാം എന്ന ആഗ്രഹം കൊണ്ടും, അതുപോലെ പ്രിയ സുഹൃത്ത് പഴയ എസ്എൻ കോളേജ് താരം ഷംസുവും, അതുപോലെ എന്‍റെ ബന്ധക്കാരനും പഴയകാല കളിക്കാരനുമായിട്ടുള്ള ഷെറി ഏട്ടനും കളിക്കണം എന്നു നിർബന്ധിച്ചത് കൊണ്ടും നാട്ടിൽ ഒന്നുപോയി വരാൻ ഒരവസരം കിട്ടും എന്നതുകൊണ്ടു, ആ കളി ഞാൻ അങ്ങേറ്റു.
പറഞ്ഞതു പോലെ വെള്ളിയാഴ്ച വൈകുന്നേരം ഓഫീസ് കഴിഞ്ഞു എന്‍റെ കുടുംബത്തെയും കൂട്ടി കോഴിക്കോട് പോകാം എന്നും നാട്ടിൽ അച്ഛനെയും അമ്മയെയും കൂട്ടുകാരെയും ഒക്കെ ഒന്നു കാണുകയും ചെയ്യാം. മാത്രമല്ല ശനിയാഴ്ച രാത്രി ഫുൾ ഡേ കളിച്ചു കഴിഞ്ഞാൽ ഞായറാഴ്ച പകൽ മുഴുവൻ വീട്ടിൽ കിടന്നുറങ്ങിയിട്ടു വൈകുന്നേരം കൊച്ചിയിലേക്ക് തിരിച്ചുപോരുകയും ചെയ്യാം എന്ന് കണക്കുകൂട്ടി
അങ്ങനെയിരിക്കുമ്പോഴാണ് ഇവിടെ കൊച്ചിയിൽ ഇടക്ക് പ്രാക്ടീസിന് പോകുന്ന ഗ്രൗണ്ടുകളിലൊന്നായ ഇൻഡോർ സ്റ്റേഡിയത്തിൽ ഇതിന്‍റെ പിറ്റേ ദിവസം, അതായത് ഞായറാഴ്ച രാവിലെ മുതൽ വൈകുന്നേരം വരെ ഒരു നിൽപ്പൻ ടൂർണമെന്റ് (റോട്ടേഷൻ ഇല്ലാത്ത കളി) നടത്തുന്നുണ്ട് എന്നു അവർ എന്നോട് പറഞ്ഞത്. അതു ജയിച്ചാൽ ക്വാര്‍ട്ടറും സെമിയും ഫൈനലുമടക്കം മൂന്ന് കളിയുണ്ടാകും. അത് കളിക്കണം എന്നു പറഞ്ഞു...ഇപ്പോഴത്തെ പ്രായവും പരിക്കുകളും നോക്കിയാൽ മൂന്ന് കളികൾ അതും നിൽപ്പൻ കളി കളിച്ചാൽ ഞാൻ ചത്തു പോകും എന്നറിയാം. പക്ഷെ ഒരിക്കലും അവരോടു നോ പറയാൻ എനിക്ക് കഴിഞ്ഞില്ല. പക്ഷെ ഒരു സെന്റർ ബ്ലോക്കറിനെ കൂടി കരുതി വെക്കണം, കാരണം ഒരു ഏകദിന വോളി ശനിയാഴ്ച രാത്രി മൊത്തം കളിച്ചു ഉറങ്ങാതെ വണ്ടി ഓടിച്ചു കൊച്ചിയിൽ എത്തി ഞായറാഴ്ച രാവിലെ മുതൽ വൈകുന്നേരം വരെയുള്ള കളിയിൽ കളിക്കുക എന്നത് എനിക്ക് ഒരിക്കലും കഴിയില്ല എന്ന പൂർണ ഉറപ്പുള്ളത് കൊണ്ടാണ് ഒരു ബ്ലോക്കറിനെ കൂടി കരുതി വെക്കണം എന്നു ഞാൻ പറഞ്ഞത്. എങ്കിലും "കോഴിക്കോട് കളി കഴിഞ്ഞു ഇവിടെ വന്നു കളിക്കാൻ കഴിയില്ല എന്ന് എനിക്ക് പറയാൻ കഴിഞ്ഞില്ല എന്നു പറയാഞ്ഞത് എന്‍റെ തെറ്റു തന്നെയാണ്".ഇനി അങ്ങിനെ പറഞ്ഞിട്ടു അവർക്ക് ഒരു വിഷമം വരണ്ട എന്നു കൂടി കരുതി.
മാത്രമല്ല എല്ലാവരും പറയുന്നത് പോലെ ഫിക്സ്ചർ ഈസി ആക്കി ഇടാൻ ഒരപേക്ഷയും ഞാൻ പറഞ്ഞു. കൂടാതെ കളികൾ ഏറ്റവും ലാസ്റ്റു ആയിട്ടു ഇടണമേ എന്നാൽ മാത്രമേ കോഴിക്കോടു നിന്നും ഓടിയെത്താൻ സാധിക്കൂ എന്നു കൂടി ഓർമപ്പെടുത്തി. പറഞ്ഞതു പോലെ വെള്ളിയാഴ്ച ഓഫീസ് കഴിഞ്ഞു രാത്രി ഞാനും കുടുംബവും നാട്ടിലേക്ക് പോയി. അങ്ങിനെ ശനിയാഴ്ച വൈകുന്നേരം അങ്ങിനെ മാച്ച് കളിക്കാൻ പിസി പാലം എന്ന സ്ഥലത്തെത്തി. സുറുമിയും റഹീമും ഞാനും ഷെഹറാസും ഹഫീലും രതീഷുമെല്ലാം കൂടി ചേർന്നു നല്ലൊരു ടീം. ഏതാണ്ട് ഫൈനൽ തുടങ്ങുമ്പോൾ മൂന്ന് മണിയോടടുത്തിരുന്നു. പക്ഷെ ആ ഗ്രൗണ്ടിൽ നല്ല ഒരു പെർഫോമൻസ് കാഴ്ചവെക്കാൻ ഞങ്ങൾക്കാർക്കും സാധിച്ചിരുന്നില്ല. എങ്കിലും ഉരുണ്ടുപെരണ്ട് അഞ്ച് സെറ്റിന് ഫൈനൽ ഞങ്ങൾ ജയിച്ചു. കളി കഴിയുമ്പോൾ ഏകദേശം 4.30. ഉടൻ തന്നെ വണ്ടിയെടുത്തു വീട്ടിലേക്കു പറന്നു. പറക്കുന്നതിനിടയ്ക്കു ഭാര്യയെ ഫോണിൽ വിളിച്ചു വേഗം റെഡി ആകണം കുട്ടികളെയും വിളിച്ചുണർത്തൂ...ഇപ്പോൾ തന്നെ കൊച്ചിക്കു പോകണം. അപ്പോൾ ഭാര്യ എന്നോട് കിഷോറേട്ട ഒന്നു ഉറങ്ങിയിട്ട് പോയാൽ പോരെ എന്നുചോദിച്ചു. അച്ഛനും അമ്മയും ഇന്ന് ഞായറാഴ്ച അല്ലെ റെസ്റ്റ് എടുത്തു വൈകുന്നേരം പോയാൽ പോരെ എന്നും. അതൊന്നും പറ്റില്ല ഞാൻ ഇന്ന് കളിക്കാൻ എത്താം എന്നു പറഞ്ഞിട്ടുള്ളതാ. എന്തായാലും പോണമെന്നു ഞാനും. എന്നാൽ ഇടയ്ക്കിടക്ക് വണ്ടി നിർത്തി കാപ്പി കുടിച്ചിട്ട് പോകണമെന്ന് ഉപദേശവും. പക്ഷെ ഭാര്യയുടെ കണ്ണുകൾ വലിയ ഭീതിയിലായിരുന്നു. കാരണം വളരെ ക്ഷീണിച്ചു ഡ്രൈവ് ചെയ്തപ്പോൾ ഉറങ്ങി വലിയ കുഴപ്പമില്ലാതെ രക്ഷപ്പെട്ടത്തിന്‍റെ ഓർമകൾ അവളെ തേടിയെത്തിയിട്ടുണ്ടാവും. എന്തായാലും ഞങ്ങൾ മക്കളെയും കൂട്ടി വണ്ടി പുറപ്പെട്ടു...
കോഴിക്കോട്ടെ ബൈപാസ് എത്തിയപ്പോഴേക്കും ഉറക്കം വന്നു തുടങ്ങി. അവിടെ റോഡു സൈഡിൽ നിർത്തിയിട്ടു ഉറങ്ങും. പിന്നേയും ഓടിക്കും, പിന്നെയും നിർത്തിയിട്ടു ഉറങ്ങും. ഭാര്യ കണ്ണുതുറന്നു മുന്നോട്ടു നോക്കിയിരിക്കുന്നു. കണ്ണു പാളുന്നുണ്ടെന്നു തോന്നിയാൽ അപ്പോൾ കാലിനിട്ടു തോണ്ടി കിഷോറേട്ട കിഷോറേട്ട എന്നു ഉറക്കെ വിളിക്കും. അങ്ങിനെ കളമശ്ശേരി കണ്ടെയ്‌നർ റോഡിൽ എത്തിയപ്പോൾ ഒന്നു കണ്ണടഞ്ഞു പോയി. റോഡിന്റെ സൈഡിൽ ഒരു ചെളി സ്ഥലത്തേക്ക് വണ്ടി ഒന്നു ചാടി പോയി. വല്ലാതെ പേടിച്ചു പോയി ഭാര്യയും മകനും. കുറച്ചു കൂടി മുന്നോട്ടുപോയാൽ നിർത്തിയിട്ട കണ്ടൈനെറിൽ പോയി ഇടിച്ചു തകർന്നേനെ. പക്ഷെ അതുണ്ടായില്ല. തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പിന്നെ അവിടെ പുറത്തിറങ്ങി കണ്ണും മുഖവും കഴുകി അൽപ്പം സമയം കഴിഞ്ഞാണ് വണ്ടി അവിടുന്നു എടുത്ത്.
അവസാനം 9.30നു ഒരു വിധം ഹിൽപാലസിൽ എത്തി. പിന്നെ ഒരടി വണ്ടി മുന്നോട്ടു കൊണ്ടുപോകാൻ എന്‍റെ കണ്ണുകൾ എന്നെ സമ്മതിക്കാതായി. ഹിൽ പാലസിൽ നിന്നും ഏഴെട്ട് കിലോമീറ്റര്‍ മാത്രമേ വീട്ടിലേക്കുള്ളൂ. പക്ഷെ അതെത്തിക്കാൻ ഞാൻ എടുത്ത ബുദ്ധിമുട്ടു എനിക്കും ഭാര്യക്കും മാത്രമേ അറിയൂ. വലിയ വണ്ടി ആയതു കൊണ്ട് ഭാര്യ ഓടിക്കാത്തത് കൊണ്ടാണ് എനിക്ക് കുറച്ചു ബുദ്ധിമുട്ടായിപ്പോയത്. അല്ലെങ്കിൽ അവൾ നന്നായി വണ്ടി ഓടിക്കുമായിരുന്നു.
അങ്ങിനെ വീട്ടിലെത്തി ഉടൻ തന്നെ ബാത്റൂം തുറന്നു കുറച്ചുനേരംം ഷവറിന്‍റെ അടിയിൽ നിന്നും തല ഒന്നു തണുപ്പിച്ചു. അപ്പോഴേക്കും കളി തുടങ്ങാറായി എന്നു ഏത്താറായോ എന്നും ചോദിച്ചു ഒരുപാട് തവണ എനിക്ക് കാൾ വന്നിരുന്നു. ഭാര്യ ഉടൻ തന്നെ അടുക്കളയിലേക്കോടി. പോകുന്നതിനു മുൻപ് എന്തെങ്കിലും ഒന്നുണ്ടാക്കിത്തരാൻ...പക്ഷെ ഞാൻ പെട്ടെന്ന് ഷൂസും ജേഴ്സിയും എല്ലാം ബാഗിലാക്കി വണ്ടിയിൽ കയറിയപ്പോൾ അവൾ വീണ്ടും ചോദിക്കുകയാണ് ഇനിയും ഉറങ്ങിപ്പോകുമോ എന്നു മാത്രമല്ല കൈ മുറുക്കി പിടിച്ചുകൊണ്ട് ഒരപേക്ഷയും. ഇനി ഇതു പോലെ കളി പിടിക്കരുത്, അവരോടെല്ലാം പറഞ്ഞാൽ മനസിലാകുന്നവരല്ലേ എന്നു ഒക്കെ. ഇപ്പോഴത്തെക്കു പോട്ടെ എന്നു പറഞ്ഞു ഞാൻ അവളെ സമാധാനിപ്പിച്ചു വണ്ടി എടുത്തു കളി നടക്കുന്നിടത്തെക്കു പറപറന്നു. നാലാമത്തെ കളിയിടാനാണ് ഞാൻ പറഞ്ഞതെങ്കിലും മൂന്നാമത്തെ കളിയായാണ് അവർ കളിയിട്ടത്.
ഞാൻ ഗ്രൗണ്ടിലെത്തിയപ്പോഴേക്കും കളി തുടങ്ങിയിരുന്നു. നമ്മുടെ ടീം എതിർ ടീമിനെ അപേക്ഷിച്ചു നല്ല ടീമായിരുന്നു. എതിർ ടീം വളർന്നു വരുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ തമ്പാനിമറ്റം എന്ന പ്രദേശത്തെ ടീമായിരുന്നു. അതിൽ പ്രൊഫെഷണൽ പ്ലെയേഴ്‌സ് ആരും ഇല്ലായിരുന്നു. അതുകൊണ്ടു തന്നെ നല്ല കളിക്കാരടങ്ങിയ നമ്മുടെ ടീം ഞാനില്ലാതെ തന്നെ ജയിക്കും എന്നുറപ്പായിരുന്നു.
പക്ഷെ ആദ്യ സെറ്റ് എതിർ ടീം സ്വന്തമാക്കി. അപ്പോൾ അവിടെയുള്ളവർ എന്നോട് ഇറങ്ങാൻ വേണ്ടി പറഞ്ഞു. എന്തു വന്നാലും അടുത്ത സെറ്റുകളിൽ നമ്മൾ ജയിക്കും എന്ന ഒരാത്മ വിശ്വാസം എനിക്കുണ്ടായിരുന്നു എന്നു വേണം പറയാൻ. മാത്രമല്ല ആദ്യ കളി തന്നെ കളിച്ചു തുടങ്ങിയാൽ തലെന്നു രാത്രി ഉറക്കമൊഴിഞ്ഞു കളിച്ചതിന്‍റെ ക്ഷീണം കാരണം എനിക്ക് കളി പൂർത്തിയാക്കാൻ പറ്റില്ല എന്നതു വസ്തുതയുമായിരുന്നു.
രണ്ടാം സെറ്റ് 8-2നു എതിർ ടീം ലീഡ് ചെയ്യുമ്പോൾ അവിടെയുള്ളവർ എല്ലാവരും ഉടൻ തന്നെ നമ്മുടെ നമ്മുടെ ടീമിന് വേണ്ടി ഗ്രൗണ്ടിൽ ഇറങ്ങാൻ ആവശ്യപ്പെട്ടു. ഉടൻ തന്നെ യാതൊരു വാം അപ്പും ഇല്ലാതെ ഞാൻ ചാടിയിറങ്ങി. അപ്പോൾ പോയിന്റ് 10-4നു അവർ ലീഡ് ചെയ്യുന്നു. ബേസ്റ്റ് ഓഫ് ത്രീ മത്സരമാണ് ഇതു ജയിച്ചില്ലേൽ ആതിഥേയര്‍ കളിയിൽ നിന്നും പുറത്തുപോകും. അങ്ങിനെ ആദ്യം ബാക്കിൽ പാസ്സ് പിടിക്കാന്‍ ഇറങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ ബ്ലോക്ക് ചെയ്യാൻ തുടങ്ങി. ഒട്ടും വാം ഇല്ലാതെ ചാടാൻ പേടിയുണ്ടായിട്ടും അതൊന്നും മൈൻഡ് ചെയ്യാതെ ചാടാൻ തുടങ്ങി. അങ്ങിനെ 19-19 എന്ന പോയിന്റിൽ എത്തി. പക്ഷെ പിന്നീട് നമ്മുടെ ഒരു പയ്യൻടെ കയ്യിൽ നിന്നും ഒരു സർവീസ് മിസ് ആയിപ്പോകുകയും രണ്ട് ഫാസ്റ്റ് പാസ്സ് പോകുകയും ചെയ്തു. അപ്പോൾ 22-19.
പിന്നീട് അവർ ചെയ്ത സർവീസ് നമ്മള്‍ ചെയ്ത സെറ്റ് ആന്റിന കഴിഞ്ഞു പുറത്തേക്കു പോയതുകൊണ്ടു വീണ്ടും 23-19. അപ്പോൾ ഒരു സൈഡ് ഓവർ കിട്ടി 20-23 ആയി. വീണ്ടും നമ്മുടെ സർവീസ്. അവർ ബോൾ ഫിനിഷ് ചെയ്തു.24-20. വീണ്ടും അവരുടെ സർവിസ് അതു നമ്മുടെ കോർട്ടിൽ നേരെ വന്നു പതിക്കുന്നു. 25-20. അവർ കളി ജയിക്കുന്നു. അഞ്ചോ ആറോ ബ്ലോക്കിന് വേണ്ടി ചാടി എന്നതും കുറച്ചു ബാക്കിൽ നിന്നും പാസ്സ് എടുത്തു കൊടുത്തതും നാലോ അഞ്ചോ ഷോർട് സർവീസ് ചെയ്യുകയും മാത്രമാണ് ഞാൻ ചെയ്തിട്ടുള്ളത്. ഒരു ബോൾ പോലും അറ്റാക് ചെയ്തിട്ടില്ല. സെറ്റർ എനിക്ക് ബോൾ തന്നിട്ടുമില്ല. ഒരു കളിയുടെ പകുതി മാത്രം കളിച്ചു തോൽവിയുടെ ഭാരവും പേറി ഞാൻ അവിടെ നിന്നും പോന്നു. പോന്നു കഴിഞ്ഞപ്പോൾ 10 മിനിറ്റു കഴിഞ്ഞപ്പോൾ വേറൊരു ടീമിൽ കളിക്കാൻ വന്ന മാട വനയിലെ നൈസാമിക്ക എന്നെ വിളിച്ചു പറഞ്ഞു അവിടെ വലിയ ഉത്സവം നടക്കുകയാണ്.
കിഷോർ അടക്കം ഉള്ള ടീമിനെ അടിച്ചോടിച്ചു എന്നു എതിർ ടീമിൽ കളിച്ചവർ എല്ലാവരെയും ഫോൺ വിളിച്ചു പറയുന്നു എന്ന്.. ഞാൻ നൈസാമിക്കയോട് ഞാൻ ഒരു അറ്റാക്ക് പോലും ചെയ്തില്ലല്ലോ ഇക്ക പിന്നെന്താണ് ഇങ്ങിനെപറയുന്നത്. ഇതിപ്പോ പിള്ളേർക്ക് ഓവർ കോണ്‍ഫിഡൻസ് ആയി അടുത്ത ടീമിനോട് തോറ്റു പോകുമല്ലോ എന്ന മറുപടിയും പറഞ്ഞു. പറഞ്ഞപോലെ അടുത്ത മത്സരത്തിൽ ആ ടീം അവരെക്കാൾ മോശം ടീമിനോട് തോറ്റു പോയി.
ഹാ അതു പോട്ടെ..അങ്ങിനെ പുളിക്കുന്ന കണ്ണുകളുമായി, അസഹനീയമായ തലവേദനയുമായി പിന്നീട് ഞാൻ വീട്ടിലെത്തി. ഒരു കുളി കൂടി പാസാക്കി ഒരു ഭക്ഷണവും കഴിക്കാതെ കേറിക്കിടന്നുറങ്ങിയിട്ടു എണീറ്റത് രാത്രി 10 മണിക്കാണ്. രാത്രിയാണോ പകലാണോ ഒന്നും മനസിലാകുന്നുണ്ടായിരുന്നില്ല. എന്തായാലും ഇത്ര കഷ്ടപ്പെട്ടു വന്നിട്ടും മാനം പോയതല്ലാതെ വേറെ മെച്ചമൊന്നുമുണ്ടായിരുന്നില്ല. അതിനു ശേഷം കുറച്ചു ദിവസത്തിനു ശേഷം അവിടെ കളിക്കാൻ പോയപ്പോൾ ആ ക്ലബ്ബിന്റെ ഒരു മെയിൻ ഭാരവാഹി വന്നു എന്നോട് വളരെ സ്വകാര്യമായി എന്നോട് ചോദിക്കുകയാണ് ഞങ്ങൾ പൈസ തരാത്തത് കൊണ്ടു ഫ്രീ ആയി കളിക്കണം എന്നു അറിയുന്നത് കൊണ്ടല്ലേ താങ്കൾ നേരത്തെ വരാതെ ഇങ്ങനെയൊക്കെ കാണിച്ചത് എന്ന്. പക്ഷെ പൈസ വാങ്ങിയിട്ടാണ് കളിക്കുന്നതെങ്കിൽ ഈ കളിക്ക് വരാൻ പറ്റില്ല എന്നാദ്യം തന്നെ ഞാൻ പറഞ്ഞേനെ. ആരോഗ്യം കളഞ്ഞുള്ള ഒരു പരിപാടിക്കും ഞാൻ ഇപ്പോൾ നിൽക്കാറില്ല.
ഞാനെന്തു പറയാൻ. അവിടെയുള്ള ചിലരുടെ മനസിലെങ്കിലും ഇങ്ങിനെയൊരു സംശയം ഉണ്ടായിരിക്കാം. പക്ഷെ ആ കളിക്ക് നമ്മളെടുത്ത റിസ്ക് എനിക്കും കുടുംബത്തിനുമല്ലാതെ ആർക്കറിയാം. പക്ഷെ ഫലം വിപരീതമായി പോയി എന്ന് മാത്രം...പക്ഷെ ആ ചോദ്യമുണ്ടല്ലോ അതു തറച്ചത് എന്‍റെ നെഞ്ചിൽ തന്നെയാണ്. കാരണം അവർ എന്നെ നന്നായി അറിയുന്നവരായിരുന്നു. പക്ഷെ അതും ഒരു നല്ല എക്‌സ്‌പീരിയന്‍സ് ആയിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona