സ്പിന്നര്‍മാര്‍ പന്തെറിയുമ്പോഴാണ് വിക്കറ്റിന് പിന്നില്‍ ധോണിയുടെ അഭാവം ഇന്ത്യ ഏറ്റവുമധികം അനുഭവിച്ചത്.
മൊഹാലി: ഓസ്ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്‍ വിക്കറ്റിന് പിന്നില്‍ ഇന്ത്യ ഏറ്റവുമധികം മിസ് ചെയ്തത് ധോണിയുടെ സാന്നിധ്യമായിരുന്നു. ധോണിക്ക് പകരം വിക്കറ്റ് കാത്ത ഋഷഭ് പന്ത് ആകട്ടെ ആഷ്ടണ്‍ ടര്‍ണറെ സ്റ്റംപ് ചെയ്യാന്‍ ലഭിച്ച അവസരങ്ങള്‍ നഷ്ടമാക്കുകയും ചെയ്തു. ആ നഷ്ടത്തിന് ഇന്ത്യ വലിയ വില നല്‍കേണ്ടിയും വന്നു. പിന്നാലെ ഗ്യാലറിയില്‍ നിന്ന് ധോണി ധോണി വിളികളുയര്‍ന്നു.
സ്പിന്നര്‍മാര്‍ പന്തെറിയുമ്പോഴാണ് ധോണിയുടെ അഭാവം ഇന്ത്യ ഏറ്റവുമധികം അനുഭവിച്ചത്. ചാഹലിന്റെ പന്തില്‍ ടര്‍ണറെ സ്റ്റംപ് ചെയ്യാനുള്ള അവസരം നഷ്ടമാക്കിയതിന് ധോണിയെ അനുകരിച്ച് അലക്സ് ക്യാരിയെ റണ്ണൗട്ടാക്കാനുള്ള പന്തിന്റെ ശ്രമമാണ് കോലിയെ ദേഷ്യം പിടിപ്പിച്ചത്. ചാഹലിന്റെ വൈഡ് ബൗള്‍ കൈയിലൊതുക്കാനാവാതിരുന്ന പന്ത് നിലത്തു വീണു കിടക്കുന്ന പന്തെടുത്ത് കാലിനിടയിലൂടെ വിക്കറ്റിലേക്ക് എറിയാന്‍ ശ്രമിച്ചതാണ് കോലിയെ ദേഷ്യം പിടിപ്പിച്ചത്.
Pant's mistakes...!! pic.twitter.com/qyo9Kpkdox
— Vidshots (@Vidshots1)
റണ്ണിന് അവസരമില്ലാതിരുന്ന സാഹചര്യത്തില്‍ വിക്കറ്റിലേക്ക് എറിഞ്ഞ പന്ത് വിക്കറ്റില്‍ കൊള്ളാതിരുന്നതോടെ ഓസീസ് അനായാസം സിംഗിളെടുക്കുകയും ചെയ്തു. ഇത് കണ്ട് കോലിയും ചാഹലും അതൃപ്തി പരസ്യമാക്കിയപ്പോള്‍ മുഖത്ത് ചിരിവരുത്താന്‍ പാടുപെടുകയായിരുന്നു ഋഷഭ് പന്ത്. 43 പന്തില്‍ 84 റണ്‍സെടുത്ത ടര്‍ണര്‍ ആയിരുന്നു ഓസ്ട്രേലിയയുടെ വിജയശില്‍പി.