ഇതിഹാസങ്ങളെ പിന്നിലാക്കി കോലി; സ്വന്തമാക്കിയത് സച്ചിന് പോലും കൈയെത്തി പിടിക്കാനാവാത്ത നേട്ടം

By Web Team  |  First Published Mar 9, 2019, 10:21 PM IST

ഏകദിന ക്രിക്കറ്റില്‍ (കുറഞ്ഞത് 100 മത്സരങ്ങളെങ്കിലും കളിച്ച ബാറ്റ്സ്മാന്‍മാരില്‍) ബാറ്റിംഗ് ശരാശരി 60ന് മുകളില്‍ എത്തിക്കുന്ന ചരിത്രത്തിലെ രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡാണ് കോലി റാഞ്ചിയിലെ സെഞ്ചുറിയിലൂടെ സ്വന്തമാക്കിയത്.


റാഞ്ചി: ഏകദിന ക്രിക്കറ്റില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡുകളെല്ലാം തകര്‍ക്കുമെന്ന് കരുതുന്ന ബാറ്റ്സ്മാനാണ് വിരാട് കോലി. സച്ചിന്റെ 49 ഏകദിന സെഞ്ചുറികള്‍ക്കൊപ്പമെത്താന്‍ കോലിക്ക് ഇനി എട്ട് സെഞ്ചുറികള്‍ കൂടി മതി. എന്നാല്‍ കരിയറില്‍ സച്ചിന്‍ പോലും സ്വന്തമാക്കാത്ത അപൂര്‍വ നേട്ടമാണ് വെള്ളിയാഴ്ച ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ സെഞ്ചുറി നേടിയതിന് പിന്നാലെ കോലിയെ തേടിയെത്തിയത്.

ഏകദിന ക്രിക്കറ്റില്‍ (കുറഞ്ഞത് 100 മത്സരങ്ങളെങ്കിലും കളിച്ച ബാറ്റ്സ്മാന്‍മാരില്‍) ബാറ്റിംഗ് ശരാശരി 60ന് മുകളില്‍ എത്തിക്കുന്ന ചരിത്രത്തിലെ രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡാണ് കോലി റാഞ്ചിയിലെ സെഞ്ചുറിയിലൂടെ സ്വന്തമാക്കിയത്. ഏകദിന ക്രിക്കറ്റില്‍ 60.08 ആണ് ഇപ്പോള്‍ കോലിയുടെ ബാറ്റിംഗ് ശരാശരി. ഏകദിന ചരിത്രത്തില്‍ ഓസ്ട്രേലിയയുടെ മൈക്കല്‍ ബെവന്‍ മാത്രമാണ് 60ന് മുകളില്‍ ബാറ്റിംഗ് ശരാശരിയുണ്ടായിരുന്ന ഏക ബാറ്റ്സമാന്‍. 102 ഇന്നിംഗ്സുകള്‍ കഴിഞ്ഞപ്പോള്‍ 62.13 ആയിരുന്നു ബെവന്റെ ബാറ്റിംഗ് ശരാശരി. വിരമിക്കുമ്പോള്‍ 196 ഇന്നിംഗ്ലുകളില്‍ നിന്ന് 53.58 ആയിരുന്നു ബെവന്റെ ബാറ്റിംഗ് ശരാശരി.

Latest Videos

undefined

വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സ്(56.88), ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല(56.73), ഓസ്ട്രേലിയയുടെ മൈക് ഹസി(54.90), ദക്ഷിണാഫ്രിക്കയുടെ എബി ഡവില്ലിയേഴ്സ്(54.56) എന്നിവരാണ് കോലിയെക്കൂടാതെ കുറഞ്ഞത് 100 ഇന്നിംഗ്സുകളെങ്കിലും കളിച്ച ബാറ്റ്സ്മാന്‍മാരില്‍ ഏറ്റവും ഉയര്‍ന്ന ബാറ്റിംഗ് ശരാശരിയുള്ളവര്‍.

നിലവിലുള്ള താരങ്ങളില്‍ പാക്കിസ്ഥാന്റെ ഓപ്പണിംഗ് ബാറ്റ്സ്മാനായ ഇമാമുള്‍ ഹഖിന് 60.55 ബാറ്റിംഗ് ശരാശരിയുണ്ടെങ്കിലും ഇമാമുള്‍ ഇതുവരെ 21 ഇന്നിംഗ്സുകളെ കളിച്ചിട്ടുള്ളു. 32 ഇന്നിംഗ്സുകളില്‍ 67 റണ്‍സ് ബാറ്റിംഗ് ശരാശരിയുള്ള നെതര്‍ലന്‍ഡ്സിന്റെ റയാന്‍ ടെന്‍ ഡോഷെറ്റെ ആണ് അസോസിയേറ്റ് രാജ്യങ്ങളില്‍ ഏറ്റവും ഉയര്‍ ബാറ്റിംഗ് ശരാശരിയുള്ള കളിക്കാരന്‍.

click me!