ഗോള്‍ഫില്‍ അദിതി അശോക് ഇന്ത്യക്കൊരു മെഡല്‍ സമ്മാനിക്കുമോ നാളെ; അറിയാം അദിതിയുടെ സാധ്യതകളും കളി നിയമങ്ങളും

By Web Team  |  First Published Aug 6, 2021, 6:54 PM IST

1900 ലെ പാരീസ് ഒളിംപിക്സിലും പിന്നീട് നടന്ന 1904 മിസൗറി ഒളിംപിക്സിലുമാണ് ഗോൾഫ് ഉണ്ടായിരുന്നത്,പിന്നീട് ഒളിംപിക്സിൽ നിന്ന് ഗോൾഫ് പുറത്തായി. പിന്നീട് ഒരു നൂറ്റാണ്ടിന്‍റെ ഇടവേളക്കുശേഷം  2016ലെ റിയോ ഒളിംപിക്സിലാണ് ഗോൾഫ് മത്സരയിനമായി തിരിച്ചു വന്നത്.


തിരുവനന്തപുരം: ഇന്ത്യൻ പ്രതീക്ഷകളും പേറി ഗോൾഫ് കോഴ്സിൽ ഒരു അത്‌ലറ്റ്.ഗോൾഫ് എന്ന കളിയിൽ ഇന്ത്യക്കായി ഒരു ഒളിംപിക് മെഡൽ നമ്മുടെ പ്രതീക്ഷകളിൽ പോലും ഉണ്ടായിരുന്നിരിക്കില്ല. അവിടെയാണ് അദിതി അശോക് എന്ന 23 കാരി ഇതിനോടകം തന്‍റെ പേര് കൂട്ടി ചേർത്തത്. ഓർക്കുക 200ാം റാങ്കിൽ ഉള്ള അദിതി പോലും ടോക്യോയിലെ സ്വപ്നതുല്യമായ ഈയൊരു കുതിപ്പ് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല! നാളെ അദിതിയിൽ നിന്നും ഒരു മെഡൽ ഇന്ത്യൻ ആരാധകർ മോഹിക്കുന്നു.. മെഡൽ കിട്ടിയില്ലെങ്കിലും പിറന്നത് ഒരു ചരിത്രമാണ്.

ഗോൾഫ് അത്ര പരിചിതമായ കളിയല്ല ഇന്ത്യയിൽ. അതുകൊണ്ട് തന്നെ ഇതിനു പിന്നിലെ നിയമങ്ങൾ അധികം പേർക്കും അറിയില്ല, അതിനാൽ ആ നിയമങ്ങളും, പോയിന്‍റ് കണക്കാക്കുന്നതും, അദിതിയുടെ മെഡല്‍ സാധ്യതകളുമാണ് ഇവിടെ വിശകലനം ചെയ്യുന്നത്-വൈശാഖ് സുദേവന്‍ എഴുതുന്നു.

Latest Videos

undefined

ഒരു കുഴിയിലേക്ക് പന്ത് അടിച്ചിടുന്ന കളി

ചുരുക്കി പറഞ്ഞാൽ ഒരു ചെറിയ കുഴിയിലേക്ക് ഗോൾഫ് ബോൾ ഏറ്റവും കുറവ് അടികളിൽ (Strokes) വീഴ്ത്തുന്നവർ ജയിക്കുന്ന ഒരു കളി, അതാണ് ഗോൾഫ് എന്ന് പറയാം. വ്യത്യസ്ത ദൂരങ്ങളുള്ള വിവിധ സ്ഥലങ്ങളിൽ(Terrain)ആണ് സാധാരണ ഗോൾഫ് നടക്കാറുള്ളത്. ആ ടെറൈനുകൾ പരന്നത് ആവണം എന്നോ, നീളത്തിൽ ഒരേ ദിശയിൽ ആവണമെന്നോ നിർബന്ധമില്ല. കൂടാതെ വഴിമുടക്കാൻ ചെറിയ കുളങ്ങളും, മണ്ണ് കൊണ്ടുള്ള പ്രദേശങ്ങളും അവിടിവിടെയായി കാണാം. ചിലപ്പോഴൊക്കെ മരങ്ങളും വഴിമുടക്കിയേക്കാം.

14 ക്ലബ്‌സ് (Golf Stick)ആണ് ഒരു ഗോള്‍ഫ് പ്ലെയേർക്ക് ഉണ്ടാവുക. വിവിധ തരത്തിലുള്ള സ്‌ട്രോക്കിനു വേണ്ടിയാണ് ഈ വിവിധ ക്ലബ്‌സ്.  ഈ വടികൾ അഥവാ golf sticks വളരെ പ്രധാനമാണ്, കാരണം ഒരു ഷോട്ടിന്‍റെ വേഗത, ദൂരം, ദിശ ഒക്കെ ഈ വടികൾ കൊണ്ട് ആണ് കളിക്കാരന്‍ നിയന്ത്രിക്കുന്നത്.

ഇനി ഫോർമാറ്റിലേക്ക് വരാം. പ്രധാനമായും രണ്ട് തരം മത്സരങ്ങളാണ് ഗോൾഫിലുള്ളത്.

1.Match Play-2 പ്ലെയേഴ്‌സ് ഓരോ ഹോൾ/കുഴിക്കു വേണ്ടി പരസ്പരം മത്സരിക്കുന്നത്.
2.Stroke Play ഷോട്ടുകളുടെ എണ്ണത്തിന് അനുസരിച്ചു പോയിന്‍റ് കണക്കാക്കുന്ന വിധം. ഇതാണ് ഒളിംപിക്സിലുള്ളത്.

ഇനി ഒളിംപിക്സിലേക്ക്

1900 ലെ പാരീസ് ഒളിംപിക്സിലും പിന്നീട് നടന്ന 1904 മിസൗറി ഒളിംപിക്സിലുമാണ് ഗോൾഫ് ഉണ്ടായിരുന്നത് , പിന്നീട് ഒളിംപിക്സിൽ നിന്ന് ഗോൾഫ് പുറത്തായി. പിന്നീട് ഒരു നൂറ്റാണ്ടിന്‍റെ ഇടവേളക്കുശേഷം  2016ലെ റിയോ ഒളിംപിക്സിലാണ് ഗോൾഫ് മത്സരയിനമായി തിരിച്ചു വന്നത്.

ആകെ 60 പേർ പങ്കെടുക്കുന്ന നാല് റൗണ്ടുകളിൽ നാല് ദിവസങ്ങളായി ആണ് ഒളിംപിക്സില്‍ ഗോൾഫ് മത്സരങ്ങള്‍ നടക്കുന്നത്, ഓരോ റൗണ്ടിലും 18 കുഴികൾ വീതമാണുള്ളത്. അതായത് ആകെ 72 കുഴികൾ.

ഇനി പോയന്‍റിലേക്ക്

ഈ 72 കുഴികളിൽ എത്ര കുറവ് അടികളിൽ ഗോൾഫ് ബോൾ വീഴ്ത്തുന്നുവോ അതിനനുസരിച്ച് ആണ് പോയന്‍റ് കണക്കാക്കുക. ചെറിയൊരു ആശയക്കുഴപ്പം ഇവിടെ ഉണ്ടായേക്കാം അത് ആദ്യമേ പറയാം. ഒരു റൗണ്ടിൽ 18 കുഴികൾ ഉണ്ടെന്ന് ആദ്യമേ പറഞ്ഞുവല്ലോ! അത് പോലെ തന്നെ ഓരോ കുഴികൾക്കും ആ കുഴികളുടെ Degree of difficulty, ദൂരം ഒക്കെ കണക്ക് ആക്കി അടിക്കുവാനുള്ള സ്ട്രോക്കിന്റെ എണ്ണം ആദ്യമേ നിശ്ചയിക്കും.

മിക്ക കുഴികൾക്കും 3,4, 5 എന്ന നിലയിൽ ആവും ഇതുണ്ടാവുന്നത്! ഇനിയാണ് പ്രധാനം ആ കുഴികളിൽ അത്രയും സ്ട്രോക്കിൽ തന്നെ പെടുത്താൻ ആയാൽ അതിനെ പാർ (Par)എന്ന്  പറയും! അതായത് ഒരാൾ 4 സ്ട്രോക്കിൽ തന്നെ ഒരു 4 സ്‌ട്രോക്ക് നിശ്ചയിച്ചിരിക്കുന്ന ഒരു കുഴിയിൽ ബോൾ വീഴ്ത്തിയാൽ അയാൾക്ക് നൽകുന്ന പോയന്‍റ് 0 ആണ്. സ്ട്രോക്കിന്‍റെ എണ്ണം 4 ഉം ! ഇനി ഒരാൾ 3 സ്ട്രോക്കിൽ ആണ് അതായത് നിശ്ചയിച്ച സ്ട്രോക്കിൽ നിന്നും 1 കുറവിൽ ആണ് കുഴിയിൽ എത്തുന്നത് എങ്കിൽ അതിനെ Birdie എന്നും പറയുന്നു. 1 പോയന്‍റ് ആണ് ഇതിന് നൽകുന്നത്. കാരണം  4 സ്ട്രോക്കിന്‍റെ കുഴി 3 സ്ട്രോക്കിൽ കീഴടക്കി എന്നതിന്‍റെ സൂചകം.

ഇനി ഒരാൾ 2 സ്ട്രോക്കിൽ തന്നെ ഈ കുഴി കീഴടക്കുകയാണെങ്കിൽ അതിനെ Eagleഎന്നും വിളിക്കും. 2 പോയന്‍റ് ആണ് ഇതിന് ലഭിക്കുന്നത്. ഇനി നിശ്ചയിച്ച സ്ട്രോക്കിനെക്കാളും കൂടുതൽ സ്ട്രോക്കുകൾ ആണ് കുഴിയിലേക്ക് ആവശ്യമായത് എന്ന് വന്നാൽ 1 സ്‌ട്രോക്ക് ആണ് കൂടുതൽ എങ്കിൽ അതിനെ Bogey എന്നും, 2 കൂടുതൽ ആണെങ്കിൽ Double Bogey എന്നും പറയും! Bogey ക്ക് +1 ഉം, Double Bogey ക്ക് +2 ഉം ആണ് പോയന്‍റ്.
 
ഒരു റൗണ്ടിൽ 18 ഹോൾ ഉണ്ടെന്ന് നേരത്തെ പറഞ്ഞുവല്ലോ.  ഇതിന് സാധാരണ ഒരു ആവറേജ് സ്‌ട്രോക്ക് ആയി 72 സ്ട്രോക്കുകൾ ആണ് കൊടുക്കുന്നത്. അതായത് ഒരു റൗണ്ടിൽ ഒരു പ്ലെയേർക്ക് ഏതാണ്ട് 72 സ്ട്രോക്കുകൾ ഉണ്ട് എന്നർത്ഥം, ഓരോ ഹോളിലേക്കും എത്ര സ്‌ട്രോക്ക് കുറവ് കളിക്കുന്നുവ്വോ അതിനനുസരിച്ച് പോയന്‍റ് നില കൂടുകയും, റാങ്കിംഗിൽ മുന്നിലെത്തുകയും ചെയ്യാം. ഈ 4 റൗണ്ടുകളിലുമായി 72 കുഴികളിലായി 288 സ്‌ട്രോക്ക് ആണ് ആകെയുള്ളത്. അതിൽ എത്ര കുറവ് സ്ട്രോക്കുകളിൽ മുഴുവൻ കുഴികളും കീഴടക്കുന്നു എന്നത് ആണ് മെഡൽ നേടാൻ അദിതി ചെയ്യേണ്ടത്.

ഇത് വരെ മൂന്ന് റൗണ്ടുകളിൽ ആയി ആകെയുള്ള 216 സ്ട്രോക്കുകളിൽ 201 സ്ട്രോക്കുകൾ കൊണ്ടാണ് അദിതി ഇതുവരെയുള്ള 54 കുഴികൾ താണ്ടിയത്. നാലാം ദിനം ഇനി അദിതിക്ക് മുമ്പിൽ ഉള്ളത് 18 കുഴികൾ ആണ്. ആകെയുള്ള സ്ട്രോക്കുകൾ 72 ഉം.  എത്ര കുറവ് സ്ട്രോക്കുകളിൽ ഈ 18 കുഴികളും കീഴടക്കുന്നുവോ അത്രയും മെഡൽ സാധ്യതയാണ് അദിതിക്ക് മുമ്പിൽ ഉള്ളത്. ഇത് വരെയുള്ള മൂന്ന് റൗണ്ടുകളിൽ ആകെ അദിതി എടുത്ത സ്ട്രോക്കുകളുടെ എണ്ണം 67,66,68 എന്ന നിലയിൽ ആണ്. നാളെയും ഈ 66 മാർക്ക് അല്ലെങ്കിൽ അതിലും താഴെ അദിതിക്ക് നേടാൻ ആയാൽ ചരിത്രം പിറക്കുക തന്നെ ചെയ്യും.

നാളത്തെ കാലാവസ്ഥ അനുകൂലമല്ലാത്തത് ഒരുപക്ഷെ പ്രശ്നമാകാന്‍ സാധ്യതയുള്ള ഘടകമാണ്. അതായത് നാളത്തെ കാലാവസ്ഥയിൽ 18 കുഴികളും പൂർത്തിയാക്കാൻ ആകാതെ വന്നാൽ ആദ്യ മൂന്ന് റൗണ്ടുകളിലെ പോയന്‍റ് നില വച്ച് അദിതിക്ക് മെഡൽ കിട്ടുമെന്നാണ് പറയുന്നത്. (എന്നാല്‍ അക്കാര്യത്തില്‍ ഉറപ്പില്ല. നാളെ 18 കുഴികളും പൂർത്തിയാക്കാൻ വേണ്ടി ഇന്ത്യൻ സമയം രാവിലെ 3 മണി മുതൽ മത്സരം ആരംഭിക്കുന്നു എന്നതും കൂട്ടി വായിക്കേണ്ടതുണ്ട്.

click me!