ആജീവനാന്ത വിലക്കില്‍ ശ്രീശാന്തിന് ആശ്വാസം; കുറ്റവിമുക്തനാക്കാത്തതില്‍ നിരാശ

By Web Team  |  First Published Mar 15, 2019, 11:51 AM IST

ഓവറില്‍ 14 റണ്‍സ് വഴങ്ങാനായിട്ടാണ് ശ്രീശാന്ത് പണം വാങ്ങിയത് എന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. എന്നാല്‍ 13 റണ്‍സ് മാത്രമാണ് ഓവറില്‍ ശ്രീശാന്ത് വഴങ്ങിയത്. അതുകൊണ്ടുതന്നെ പ്രോസിക്യൂഷന്‍ ആരോപിക്കുന്ന കുറ്റകൃത്യം നടന്നിട്ടില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.


ദില്ലി: ഐപിഎല്‍ വാതുവെപ്പ് കേസില്‍ ഉള്‍പ്പെട്ടതിന്റെ പേരില്‍ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കാന്‍ ഉത്തരവിട്ട സുപ്രീംകോടതി പക്ഷെ കേസില്‍ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയില്ലെന്നത് ശ്രദ്ധേയമായി. ശ്രീശാന്തിനെ ആജീവനാന്തം വിലക്കിയ ബിസിസിഐ അച്ചടക്കസമിതിയുടെ നടപടി മൂന്ന് മാസത്തിനകം പുന:പരിശോധിക്കണമെന്നും അതിനുശേഷം ശിക്ഷയുടെ കാലാവധി തീരുമാനിക്കണമെന്നും ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, കെ എം ജോസഫ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ഒത്തുകളിച്ചു എന്നതിന് ശ്രീശാന്തിനെതിരെ വ്യക്തമായ തെളിവുകളില്ലെന്നും സാഹചര്യത്തെളിവുകള്‍ മാത്രണ് പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടുള്ളതെന്നും ശ്രീശാന്തിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ സല്‍മാന്‍ ഖുര്‍ഷിദ് കോടതിയില്‍ വ്യക്തമാക്കി. ആരോപിക്കുന്ന കുറ്റകൃത്യം യഥാര്‍ത്ഥത്തില്‍ സംഭവിച്ചാല്‍ മാത്രമെ സാഹചര്യത്തെളിവുകള്‍ കണക്കിലെടുക്കേണ്ടതുള്ളൂവെന്നും ഇവിടെ അങ്ങനെ സംഭവിച്ചിട്ടില്ലെന്നും ഖുര്‍ഷിദ് കോടതിയില്‍ വ്യക്തമാക്കി.

Latest Videos

undefined

ഓവറില്‍ 14 റണ്‍സ് വഴങ്ങാനായിട്ടാണ് ശ്രീശാന്ത് പണം വാങ്ങിയത് എന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. എന്നാല്‍ 13 റണ്‍സ് മാത്രമാണ് ഓവറില്‍ ശ്രീശാന്ത് വഴങ്ങിയത്. അതുകൊണ്ടുതന്നെ പ്രോസിക്യൂഷന്‍ ആരോപിക്കുന്ന കുറ്റകൃത്യം നടന്നിട്ടില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. ലോക ക്രിക്കറ്റില്‍ ഒരു കളിക്കാരനും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയ ചരിത്രമില്ലെന്നും മുഹമ്മദ് അസ്ഹറുദ്ദീന്റെയും സലീം മാലിക്കിന്റെയും ഹാന്‍സി ക്രോണ്യയുടെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി ശ്രീശാന്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.

ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയ കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവും ശ്രീശാന്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ അഭിഭാഷകന്റെ വാദങ്ങള്‍ കേട്ട കോടതി കേസില്‍ ശ്രീശാന്തിനെ പൂര്‍ണമായും കുറ്റവിമുക്തനാക്കുന്ന നടപടിയിലേക്ക് കടന്നില്ല എന്നത് ശ്രദ്ധേയമായി.

click me!