ആതിയ ഷെട്ടിയുടെ അച്ഛനും ബോളിവുഡ് നടനുമായ സുനിൽ ഷെട്ടിയുടെ പ്രതികരണമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. പൊട്ടിച്ചിരിക്കുന്ന മൂന്ന് സ്മൈലിയാണ് ചിത്രത്തിന് കമൻ്റായി സുനിൽഷെട്ടി പോസ്റ്റ് ചെയ്തിരിക്കുന്നത്.
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം കെഎല്‍ രാഹുലും ബോളിവുഡ് താരം ആതിയ ഷെട്ടിയും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾക്ക് വീണ്ടും ചൂടുപിടിക്കുകയാണ്. ഇരുവരും ഒന്നിച്ചുള്ള രണ്ടാമത്തെ ചിത്രവും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. കെഎൽ രാഹുലാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. പഴയ ടെലിഫോൺ ബൂത്തിൽ ചിരിച്ചുനിൽക്കുന്ന ആതിയയും, തൊട്ടടുത്തായി ഫോൺ ചെവിയിൽ പിടിച്ച് നിൽക്കുന്ന രാഹുലും,- ഈ ചിത്രമായിരുന്നു രാഹുൽ പോസ്റ്റ് ചെയ്തത്. 'ഹാലോ ദേവി പ്രസാദ്' എന്ന അടികുറിപ്പോടെയായിരുന്നു രാഹുൽ ചിത്രം പങ്കുവച്ചത്.
സുഹൃത്തുക്കളും ബന്ധുക്കളും ക്രിക്കറ്റ് താരങ്ങളുമുൾപ്പടെ നിരവധി പേരാണ് ചിത്രത്തിന് പ്രതികരണവുമായി എത്തിയത്. എന്നാൽ, ആതിയ ഷെട്ടിയുടെ അച്ഛനും ബോളിവുഡ് നടനുമായ സുനിൽ ഷെട്ടിയുടെ പ്രതികരണമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. പൊട്ടിച്ചിരിക്കുന്ന മൂന്ന് സ്മൈലിയാണ് ചിത്രത്തിന് കമൻ്റായി സുനിൽഷെട്ടി പോസ്റ്റ് ചെയ്തിരിക്കുന്നത്. സുനിൽ ഷെട്ടിയും അക്ഷയ് കുമാറും പ്രധാനവേഷത്തിലെത്തിയ 'ഹേര ഫെറി' എന്ന ചിത്രത്തിലെ ഡയലോഗായിരുന്നു 'ഹാലോ ദേവി പ്രസാദ്' എന്നത്. സിദ്ദിഖ് ലാല്‍ സംവിധാനം ചെയ്ത ഹിറ്റ് മലയാള ചിത്രം മാന്നാർ മത്തായി സ്പീക്കിങ്ങിന്റെ ഹിന്ദി റീമേക്കിങ്ങ് ചിത്രമാണ് ഹേര ഫെറി.
ഹാർദ്ദിക് പാണ്ഡ്യ, സൂര്യ കുമാർ, മന്‍ദീപ് സിംഗ്, മായങ്ക് അഗർവാൾ, ശിഖര്‍ ധവാൻ, ആതിയയുടെ സഹോദരൻ അഹാൻ ഷെട്ടി തുടങ്ങിയവരാണ് ചിത്രത്തിന് പ്രതികരണവുമായെത്തിയത്. 'ക്യൂട്ടീസ്' എന്നായിരുന്നു ചിത്രത്തിന് ഹാർദ്ദിക് പാണ്ഡ്യ കമന്റ് ചെയ്തത്. 'നമ്പർ നോക്കി ഡയൽ ചെയ്യൂ' എന്നായിരുന്നു മയാങ്ക് അഗർവാളിന്റെ കമന്റ്.
ജൂണിലായിരുന്നു കെഎൽ രാഹുലും ആതിയ ഷെട്ടിയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാന്‍ തുടങ്ങിയത്. ഇരുവരും ഒന്നിച്ചുള്ള ചിത്രം ആതിയയുടെ സുഹൃത്ത് ആകാംഷ രഞ്ജൻ കപൂർ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചതോടെയായിരുന്നു പ്രണയവാർത്തകള്‍ പുറത്തുവന്നത്.
ശിഖര്‍ ധവാന് പരിക്കേറ്റതോടെയാണ് വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന പരമ്പരയില്‍ ഓപ്പണറായി കെ എല്‍ രാഹുലിന് അവസരം കിട്ടിയത്. കിട്ടിയ അവസരം രണ്ട് കയ്യും നീട്ടി സ്വീകരിച്ച രാഹുല്‍ മികച്ച ഫോമില്‍ തന്നെ പരമ്പര പൂര്‍ത്തിയാക്കുകയും ചെയ്തു. രോഹിത് ശര്‍മയ്‌ക്കൊപ്പം തകര്‍പ്പന്‍ കൂട്ടുകെട്ടാണ് രാഹുല്‍ ഇന്ത്യയ്ക്ക് വേണ്ടി കാഴ്ചവച്ചത്. ഐ പി എല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റനായി കെഎല്‍ രാഹുലിന്റെ പേര് പ്രഖ്യാപിക്കപ്പെട്ടതും ഈയിടെയാണ്.