അതുവരെ ഡിസ്ട്രിക്ടിന് ആപ്പുറത്തുള്ള ക്രിക്കറ്റിനെ പറ്റി ആലോചിക്കാത്ത സോണി അണ്ടര്‍ 19 സെലക്ഷൻ നേടാതെ തന്നെ ഡയറക്റ്റ് അണ്ടർ 22 സോൺ ടീമിലും സ്റ്റേറ്റ് ടീമിലും അംഗമായി. തികച്ചും വ്യത്യസ്തമായ ഒരു അനുഭവം തന്നെയായിരുന്നു ഇത്
ചെങ്ങന്നൂരിലെ ഒരു ഗ്രാമത്തിൽ സാധാരണക്കാരനായി തന്‍റെ സുഹൃത്തുക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം കണ്ടം ക്രിക്കറ്റും സ്‌കൂൾ ക്രിക്കറ്റുമൊക്കെ കളിച്ചുനടന്ന കാലം. സഹോദരങ്ങൾ ആയ സോബിയും സോമിയും കൂട്ടത്തിൽ കൂടിയ ബാല്യം. സ്‌കൂൾ ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങൾ കൊണ്ട് സ്‌കൂളിൽ നിന്നും ഡിസ്ട്രിക്റ്റ് ക്രിക്കറ്റിലേക്ക് സെലക്റ്റ് ആയ നാളുകൾ. സഹോദരൻ സോമിയും സോബിയും കൂട്ടത്തിലും. പത്തനംതിട്ട ഡിസ്ട്രിക്റ്റ് ടീമിന് വേണ്ടിയാണ് സോണിയുടെ ആദ്യ കാൽവെപ്പുകൾ. പത്തനംതിട്ടക്ക് ചരിത്രത്തിൽ ആദ്യമായി തിരുവനന്തപുരത്തെ തോൽപ്പിച്ച് ഡിസ്ട്രിക്റ്റ് ചാമ്പ്യൻസ് എന്ന പദവി ലഭിച്ചപ്പോൾ സോണിയുടെ ഓൾറൗണ്ട് പെർഫോമൻസ് മികച്ചുനിന്നു. അവസാന രണ്ടു കളികളിലായി 6 വിക്കറ്റും 45 റൺസും സ്കോർ ചെയ്‌തതാണ് സോണിയുടെ ആദ്യ മികച്ച ഒഫീഷ്യൽ പ്രകടനം! അതുവരെ ഡിസ്ട്രിക്ടിന് ആപ്പുറത്തുള്ള ക്രിക്കറ്റിനെ പറ്റി ആലോചിക്കാത്ത സോണി അണ്ടര്‍ 19 സെലക്ഷൻ നേടാതെ തന്നെ ഡയറക്റ്റ് അണ്ടർ 22 സോൺ ടീമിലും സ്റ്റേറ്റ് ടീമിലും അംഗമായി. തികച്ചും വ്യത്യസ്തമായ ഒരു അനുഭവം തന്നെയായിരുന്നു ഇത്- ക്രിക്കറ്റ് എഴുത്തുകാരായ സുരേഷ് വാരിയത്തും നന്ദന്‍ ആറ്റിങ്ങലും റിയാസ് ബാദറും എഴുതുന്നു...
അണ്ടർ 22 സോൺ ക്രിക്കറ്റിലെ സോണിയുടെ ഒരു വാലറ്റ കൂട്ടുകെട്ടിലെ അനുഭവ കുറിപ്പിലേക്ക്... എട്ടാമതായി ബാറ്റിംഗിന് ഇറങ്ങാൻ കിട്ടിയ ഒരു ചാൻസ്. 120 റൺസിന് 8 വിക്കറ്റ് പോയ അവസ്ഥയും. അവസാന വിക്കറ്റിൽ ഒരു കോട്ടയംകാരൻ പയ്യനെ കൂട്ടുപിടിച്ചു മികച്ച ഒരു പാർട്‌ണർഷിപ്പ്, ഏതാണ്ട് 80 റൺസ് അവസാന വിക്കറ്റിൽ ചേർത്തു. ടീമിനെ കരകയറ്റിയതും ബോളിംഗിൽ തിളങ്ങിയതുമൊക്കെ ഓർമ്മയിൽ. അതൊരു കോൺഫിഡൻസ് തന്നെയായിരുന്നു.
പിന്നീട് ചെങ്ങന്നൂരിന്‍റെ മണ്ണിൽ നിന്നും ക്രിക്കറ്റിന്‍റെ ഈറ്റില്ലമായ തൃപ്പൂണിത്തറയിലേക്ക് ഒരു കൂടുമാറ്റം, ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ ചെലുത്താനും ഇടപെടാനും പ്രാക്ടിസിനുമൊക്കെയായി. മുൻ രഞ്ജി ടീം കോച്ച് ബാലചന്ദ്രൻ സറിന്‍റെ ഗുരുകുല ശിക്ഷണത്തിൽ ക്രിക്കറ്റിലേക്ക് കൂടുതൽ ചുവടു മാറ്റങ്ങൾ. അങ്ങനെ സോണി ചെങ്ങന്നൂരിലെ ഒരു ചെറുഗ്രാമത്തിൽ നിന്നും കേരളത്തിലെ ക്രിക്കറ്റ് ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റാൻ തുടങ്ങി. ബാലചന്ദ്രൻ സറിന്‍റെ കൂട്ടത്തിൽക്കൂടി സോണി ക്രിക്കറ്റിന്‍റെ പലതലങ്ങളിലേക്കും സഞ്ചരിച്ചു. തൃപ്പൂണിത്തറ തന്‍റെ ഒരു ഭാഗ്യമായി കരുതുന്ന സോണി ആ നാടിനെ പറ്റി ഒട്ടേറെ ഓർമ്മകൾ ഞങ്ങളോട് പങ്കുവെച്ചു.
undefined
സ്റ്റേറ്റ് ടീമിലെയും സോണൽ ലെവെലിലെയുമൊക്കെ സ്ഥിരതയാർന്ന പ്രകടനങ്ങൾ അദേഹത്തെ വൈകാതെ കേരള രഞ്ജി ടീമിലേക്ക് എത്തിച്ചു. പിന്നീട് എസ്‌ബിടിയിൽ കുടിയേറുകയും ആ ടീമിനെ കേരളത്തിലും കേരളത്തിന് പുറത്തും നാല്ലൊരു ടീമായി ഒരുക്കുന്നതിലും സോണി ചെറുവത്തൂരിന്‍റെ പങ്ക് വളരെ വലുതാണ്. ആദ്യ പാരഗ്രാഫിൽ പറഞ്ഞത് പോലെ ദി പെർഫെക്റ്റ് ഓൾറൗണ്ടർ എന്ന തസ്തികയിൽ ഉറച്ചുനിന്ന് തന്നെ പോരാടി. മൂർച്ചയുള്ള സ്വിങ് ബോളിംഗും ചില പൊസിഷനിൽ ഇറങ്ങി ബാറ്റ് കൊണ്ടുള്ള കരുത്തുറ്റ ശൈലിയും മികച്ച ഫീൽഡിംഗും വലതുകൈയനായ സോണി ചെറുവത്തൂരിന്‍റെ സവിശേഷതകളാണ്.
2011 നവംബർ 17
വേദി കൊച്ചിയിലെ നെഹ്‌റു സ്റ്റേഡിയം. സീസണിലെ മൂന്നാമത്തെ രഞ്ജി മത്സരത്തിൽ കേരളം ത്രിപുരയെ നേരിടുന്നു. ടോസ് നേടിയ ത്രിപുര ബാറ്റിംഗ് തെരഞ്ഞെടുത്തു. അഞ്ചാം ഓവറിലെ അഞ്ചാം പന്തിൽ അവരുടെ ഓപ്പണിംഗ് ബാറ്റ്സ്മാൻ ശുഭ്രജിത് റോയ്, സോണി ചെറുവത്തൂരിന്‍റെ പന്തിൽ അരങ്ങേറ്റക്കാരൻ വിക്കറ്റ് കീപ്പർ അക്ഷയ് കോടോത്തിന് ക്യാച്ച് നൽകി മടങ്ങുമ്പോൾ അതൊരു ചരിത്ര നിമിഷമായിരുന്നു. തന്‍റെ മുപ്പത്തിയൊന്നാം രഞ്ജി മത്സരം കളിക്കാനിറങ്ങിയ സോണിയുടെ നൂറാം വിക്കറ്റ് ആയിരുന്നു അത്. അങ്ങനെ കേരളത്തിന് വേണ്ടി ഏറ്റവും കുറച്ചു മത്സരങ്ങളിൽ നിന്ന് 100 വിക്കറ്റ് നേടിയ പേസ് ബൗളർ എന്ന ഇതുവരെയും തകർക്കപ്പെടാത്ത റെക്കോർഡ് സോണി ചെറുവത്തൂർ എന്ന ചെങ്ങന്നൂർക്കാരന്‍റെ പേരിൽ കുറിക്കപ്പെട്ടു! 2002ൽ കേരളത്തിന് വേണ്ടി ഏകദിന മത്സരങ്ങളിൽ അരങ്ങേറിയ സോണിയുടെ രഞ്ജി അരങ്ങേറ്റം 2003ൽ പാലക്കാട്ട് വച്ച് റെയിൽവേസിനെതിരെ ആയിരുന്നു. മത്സരത്തിൽ ഒരു വിക്കറ്റ് നേടിയ സോണി തൊട്ടടുത്ത മത്സരത്തിൽ ആന്ധ്രക്കെതിരെയും 3 വിക്കറ്റോടെ തിളങ്ങിയെങ്കിലും സ്പിന്നർമാരെ അമിതമായി ആശ്രയിക്കുന്ന കേരള ടീമിൽ അദേഹത്തിന്‍റെ സ്ഥാനം സുരക്ഷിതമായിരുന്നില്ല. തൊട്ടടുത്ത സീസണിൽ ജമ്മു കശ്മീരിനെതിരായ ഒരൊറ്റ മത്സരത്തിൽ മാത്രം കളിക്കാൻ അവസരം ലഭിച്ച സോണി ആ മത്സരത്തിൽ കേരളത്തിന്‍റെ വിജയത്തിൽ ബാറ്റ് കൊണ്ട് തന്റേതായ സംഭാവന നൽകി. കേരളം ഒരു വിക്കറ്റിന് ജയിച്ച മത്സരത്തിൽ സോണിയുടെ 34 റൺസ് നിർണായകമായി.
ടിനു യോഹന്നാൻ, എസ് ശ്രീശാന്ത് എന്നീ അന്താരാഷ്ട്ര ബൗളർമാരുടെ സാന്നിധ്യം ആദ്യ മൂന്നു സീസണുകളിൽ പലപ്പോഴും സോണിക്ക് അവസരങ്ങൾ കുറയുന്നതിന് കാരണമായി. എന്നാൽ 2006- 07 സീസൺ മുതൽ കേരളത്തിന്‍റെ പേസ് ബൗളിംഗ് നേതൃത്വം ഏറ്റെടുത്ത സോണിക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ഗോവക്കെതിരെ അവരുടെ സ്വന്തം നാട്ടിൽ നടന്ന 2006ലെ മത്സരത്തിൽ സോണി ആദ്യമായി 5 വിക്കറ്റ് നേട്ടം കൈവരിച്ചു. ആദ്യ ഇന്നിംഗ്‌സിൽ ഗോവൻ മധ്യനിരയെ തകർത്ത അദേഹം രണ്ടാം ഇന്നിംഗ്‌സിൽ വിലപ്പെട്ട രണ്ട് വിക്കറ്റുകൾ കൂടി അക്കൗണ്ടിൽ ചേർത്തെങ്കിലും ഗോവയുടെ അവസാന വിക്കറ്റ് നിശ്ചിത സമയത്തിനുള്ളിൽ വീഴ്ത്താൻ കഴിയാതെ പോയ കേരളത്തിന് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കഴിഞ്ഞ സീസണിലെ മികച്ച പ്രകടനം 2007ൽ സോണി ചെറുവത്തൂരിനെ കേരള ക്യാപ്റ്റൻ പദവിയിൽ എത്തിച്ചു. ടീമിന്‍റെ ആവശ്യം തിരിച്ചറിഞ്ഞ് ആ സീസണിലെ ആദ്യ മത്സരങ്ങളിൽ സാംബശിവ ശർമ്മയോടൊപ്പം ബാറ്റിംഗ് ഓപ്പൺ ചെയ്ത സോണി വിദർഭക്കെതിരെ മികച്ച ഓൾറൗണ്ട് പ്രകടനം പുറത്തെടുത്തു. രണ്ടാം ഇന്നിംഗ്‌സില്‍ ആദ്യ വിക്കറ്റിൽ സെഞ്ചുറി പാർട്ട്‌ണർഷിപ്പ് പടുത്തുയർത്തിയപ്പോൾ സോണിയുടെ സംഭാവന 49 റൺസ് ആയിരുന്നു. തുടർന്ന് വിദർഭയുടെ രണ്ടാം ഇന്നിംഗ്‌സിലെ 4 വിക്കറ്റുകളും സ്വന്തം പേരിൽ കുറിച്ച മത്സരത്തിൽ കേരളത്തിന് 150 റൺസിന്‍റെ ആധികാരിക വിജയമായിരുന്നു ഫലം!
തൊട്ടടുത്ത മത്സരത്തിൽ അഗർത്തലയിൽ ത്രിപുരക്കെതിരെ ഇരു ഇന്നിംഗ്‌സിലും 3 വിക്കറ്റ് വീതം വീഴ്ത്തിയ കേരള ക്യാപ്റ്റൻ ഗുജറാത്തിനെതിരെ അവിശ്വസനീയമായ ഒരു പ്രകടനം തന്നെ പുറത്തെടുത്തു. ഇന്ത്യൻ താരം പാർത്ഥിവ് പട്ടേൽ നയിച്ച കരുത്തരായ ഗുജറാത്ത് ബാറ്റിംഗ് നിരയിൽ ഒരു കൊടുങ്കാറ്റായി വീശിയടിച്ച സോണി ആദ്യ ഇന്നിംഗ്സിൽ വെറും 30 റൺസ് വിട്ടുകൊടുത്ത് വീഴ്ത്തിയത് 7 വിക്കറ്റുകളായിരുന്നു. രണ്ടാം തവണ ഗുജറാത്ത് ബാറ്റിംഗിനിറങ്ങിയപ്പോൾ മറ്റൊരു 5 വിക്കറ്റ് പ്രകടനത്തോടെ കരിയറിൽ ആദ്യമായി ഒരു മത്സരത്തിൽ 10 വിക്കറ്റ് നേട്ടം ആഘോഷിച്ചപ്പോൾ കേരളം സോണിച്ചന്‍റെ ചിറകിലേറി 9 വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന വിജയം കരസ്ഥമാക്കി. ഒപ്പം പ്ലേറ്റ് ലീഗ് സെമിയിലേക്കുള്ള ബെർത്തും.
സോണി ചെറുവത്തൂർ എന്ന പേസറുടെ മികച്ച ഒറ്റയാൾ പോരാട്ടങ്ങൾ ഉണ്ടായിട്ടും മത്സരം ജയിക്കാൻ കഴിയാതെ പോയതിന് അനേകം ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്. 2008ൽ പാലക്കാട് വച്ച് നടന്ന ഗോവയുമായുള്ള മത്സരം സമനിലയിൽ പിരിഞ്ഞെങ്കിലും സോണിയുടെ പ്രകടനം (96/6) വേറിട്ടു നിന്നു. പെട്ടെന്ന് മനസിലേക്ക് വരുന്ന മറ്റൊരു പ്രകടനം 2009ൽ ജമ്മു കശ്മീരിനെതിരെ അവരുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരമാണ്. ആദ്യ ഇന്നിംഗ്‌സിൽ ആറും രണ്ടാം ഇന്നിംഗ്‌സിൽ നാലും ഉൾപ്പെടെ സോണിച്ചൻ മറ്റൊരു 10 വിക്കറ്റ് നേട്ടം (89/10) പുറത്തെടുത്തെങ്കിലും ബാറ്റിംഗ് നിരയുടെ തകർച്ച കേരളത്തെ തോൽവിയിലേക്ക് തള്ളിവിട്ടു. 2010-11 സീസണിൽ 17 വിക്കറ്റുകളാണ് കേരള കപിൽ സ്വന്തം പേരിൽ കുറിച്ചത്. കൂടാതെ ഏതാനും മികച്ച ഇന്നിംഗ്‌സുകളും. ജമ്മുവിനും വിദർഭക്കും മഹാരാഷ്ട്രക്കും എതിരെ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച സോണി ഡൽഹിയിൽ കരുത്തരായ സർവീസസുമായുള്ള കളിയിൽ അർധസെഞ്ചുറിയും (54) അഞ്ചു വിക്കറ്റും (72/5) എന്ന നേട്ടം ആദ്യമായി കൈവരിച്ചു.
സെഞ്ചുറി
2011- 12 സീസൺ സോണിക്ക് മികച്ചത് തന്നെയായിരുന്നു. ബിസിസിഐയുടെ പെർഫോർമർ ഓഫ് ദി ഇയർ (25 വിക്കറ്റ്, 322 റൺസ്) നേടിയ വർഷം അദേഹം തന്‍റെ കരിയറിലെ ഏക സെഞ്ചുറിയും കണ്ടെത്തി. വിദർഭ ക്രിക്കറ്റ് അസോസിയേഷൻ ഗ്രൗണ്ടിൽ ആതിഥേയർക്കെതിരെ ബാറ്റിംഗ് ഓർഡറിൽ ആറാമതായി ഇറങ്ങി 208 പന്തിൽ നിന്ന് 15 ബൗണ്ടറി അടക്കം 104 റൺസ് നേടിയ ഇന്നിംഗ്‌സ് ഫോളോ ഓൺ ഒഴിവാക്കുന്നതിൽ നിർണായകമായി. ഇതേ സീസണിൽ തന്നെ കൊച്ചി നെഹ്റു സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആന്ധ്രയെ 2 റൺസിനു പരാജയപ്പെടുത്താൻ സഹായകരമായത് സോണിയുടെ മികച്ച ബൗളിംഗ് പ്രകടനമായിരുന്നു. കുറഞ്ഞ റൺസ് പിറന്ന കളിയിൽ ആദ്യ ഇന്നിംഗ്‌സിൽ 25 റൺസിന് ആറും രണ്ടാം ഇന്നിംഗ്‌സിൽ 43 റൺസിന് മൂന്നും വിക്കറ്റെടുത്ത അദേഹം കേരളത്തിന് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചു.
2012-13 സീസണിൽ കേരളത്തിനായി മൂന്ന് കളികളിൽ ഇറങ്ങിയെങ്കിലും പ്രാക്ടീസ് സെഷനിടെ പെരിന്തൽമണ്ണയിൽ വച്ച് കാലിനേറ്റ പരിക്ക് കുറച്ചുകൂടെ നീളാമായിരുന്ന ആ മികച്ച ഫസ്റ്റ് ക്ലാസ് കരിയറിന് വിരാമം കുറിച്ചു.
പാലസ് ഓവൽ, തൃപ്പൂണിത്തുറ... ഇവിടത്തെ കാറ്റിനു പോലും ക്രിക്കറ്റിന്‍റെ ഗന്ധമാണ്. ശ്രദ്ധിച്ചാലറിയാം പൂജ ക്രിക്കറ്റിലും മറ്റും വീരോചിത പ്രകടനങ്ങൾ കാഴ്ചവച്ചവരുടെ കഥകൾ നമ്മുടെ കാതിൽ വന്ന് പറഞ്ഞുതരുന്നത്. അന്ത്രുമ്മാന്‍റെ കടയും മറ്റും ഓരോ ദിവസവും സജീവമാവുന്നത് പ്രാദേശിക താരങ്ങളെയും ദക്ഷിണേന്ത്യൻ ആഭ്യന്തര ലീഗുകളിൽ കത്തിക്കയറുന്നവരെയും പറ്റിയുള്ള ചർച്ചകൾ കൊണ്ടായിരിക്കും. ടീനേജിൽ ഇവിടെ, ഇതേ പാലസ് ഓവലിലെ ശുദ്ധവായു ശ്വസിച്ച് പുലർച്ചെ ആറ് മണി മുതൽ വിഖ്യാത കോച്ചും മുൻ താരവുമായ ബാലചന്ദ്രൻ സറിന്‍റെ കീഴിൽ ക്രിക്കറ്റിലെ നവീന പാഠങ്ങൾ അഭ്യസിക്കാൻ കഴിഞ്ഞത് മുന്നോട്ടുള്ള യാത്രയിൽ സോണിക്ക് കൈത്താങ്ങും ആത്മവിശ്വാസവും നൽകിയിരുന്നു. ഗുരുകുല സമ്പ്രദായത്തിൽ ശിക്ഷണം നൽകിയ സർ, അപരിചിത സാഹചര്യത്തിൽ എത്തിപ്പെട്ട ആ പുതിയ പയ്യന് താമസ സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തു. സോഷ്യൽ മീഡിയയൊന്നും ഇല്ലാത്ത കാലത്ത്, സ്പോർട്സ് മാസികയിലും സ്പോർട്സ് സ്റ്റാറിലും അന്താരാഷ്ട്ര താരങ്ങളെ പറ്റി മാത്രം കേട്ടറിഞ്ഞ പയ്യന്, തൃപ്പൂണിത്തുറയും ബാലൻ സറും നൽകിയ അനുഭവ പാഠങ്ങൾ വളരെ വലുതായിരുന്നു.
ഒരു ഹാട്രിക്ക് വിശേഷം
സോണിയുടെ ബൗളിംഗ് കരിയർ ബെസ്റ്റ് ആയി ചൂണ്ടിക്കാണിക്കാവുന്ന പ്രകടനമാണ് സ്വന്തം ക്യാപ്റ്റൻസിയിൽ സൂറത്തിൽ ശക്തരായ ഗുജറാത്തിനെതിരെ നേടിയ 12 വിക്കറ്റിന്‍റെ മികവിൽ കേരളത്തിന് സമ്മാനിച്ച 9 വിക്കറ്റ് വിജയം. ആദ്യ ഇന്നിംഗ്സിൽ വെറും 30 റൺസിന് 7 വിക്കറ്റ് നേടിയ സോണി എന്‍കെ പട്ടേൽ, അമിത് സിംഗ്, സിദ്ധാർത്ഥ ത്രിവേദി എന്നിവരെ തുടർച്ചയായ പന്തുകളിൽ പുറത്താക്കുമ്പോൾ നേടിയത് ശ്രീശാന്തിന് ശേഷം രഞ്ജി ട്രോഫിയിൽ കേരളത്തിനായി ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ ബൗളർ എന്ന നേട്ടമായിരുന്നു.
നമുക്കൽപ്പ നേരം ചെങ്ങന്നൂർ വരെ പോകാം! തൃശൂർ കുന്നംകുളത്തു നിന്നും കുടിയേറിയവർ പരമ്പരാഗതമായി ബിസിനസ് കുടുംബമാണ്. സഹോദരങ്ങൾ സോമിക്കും സോബിക്കുമൊപ്പം ക്രിക്കറ്റ് കളിച്ചു തുടങ്ങിയ പയ്യന്‍റെ ഭാവിയിലേക്ക് ആകാംക്ഷയോടെ കണ്ണോടിച്ച മാതാപിതാക്കൾ കുര്യാക്കോസും മോളിയും പക്ഷേ എതിരൊന്നും പറഞ്ഞില്ല. അവൻ കളിച്ച് രക്ഷപ്പെട്ടോളും എന്ന് അവർക്ക് ഒരുപക്ഷേ ഉറപ്പുണ്ടായിരിക്കാം. തീർത്തും പ്രതിഭാശാലികളായ സോമിയും സോബിയും കൂടപ്പിറപ്പിനെ പരമാവധി പ്രോത്സാഹിപ്പിച്ചു എന്നു മാത്രമല്ല, അവന്‍റേതായ വഴിയിലൂടെ മുന്നേറാൻ സാഹചര്യം ഒരുക്കുകയും ചെയ്തു. ചെങ്ങന്നൂരിലെ ഗ്രൗണ്ടുകളിൽ ടെന്നീസ് ബോളിൽ കളിച്ചുനടന്ന സോണിയെ നേർവഴിയിലെത്തിച്ചതും ഉയർന്ന നിലയിലേക്ക് പോകാൻ ഉപദേശങ്ങൾ നൽകിയതുമായ ഒരുപിടി പേർ അന്നാട്ടിലുണ്ട്. പിച്ചൊരുക്കലും ഗ്രൗണ്ട് പരിപാലനവും മുതൽ കാര്യങ്ങളിൽ ശ്രദ്ധാലുക്കളും ഉപദേശകരുമായ ഹരി നാരായണൻ, മനോജ് എബ്രഹാം, ബ്ലസൻ, മുൻ കേരളാ താരം ജിബി അലക്സ്... നീളുന്ന ഈ പട്ടികയിലുള്ളവരാണ് സോണിയുടെ മുന്നോട്ടുള്ള വഴിയിൽ പ്രകാശം പരത്തിയവർ.
വേറെയുമുണ്ട് ആളുകൾ, പിന്നിട്ട വഴികളിൽ_പ്രകാശമായി നിന്നവർ! ടീമിൽ സ്ഥിരമല്ലാത്ത കാലത്ത് ബൗളിംഗ് പരിശീലനത്തിൽ സഹായിച്ച, ഒരു സീസൺ മാത്രം കേരള കോച്ചായ, ഗൗതം ഗംഭീർ മുതലായ പ്രമുഖരുടെ ഗുരു പാർത്ഥസാരഥി ശർമ്മ, വെറും ഒൻപതു മാച്ചിന്‍റെ മാത്രം അനുഭവത്തിൽ ക്യാപ്റ്റനാവാൻ നിയോഗിക്കപ്പെട്ട സോണിക്ക് താങ്ങായ കോച്ച്, പഴയ രഞ്ജി താരം വേദം ഹരിഹരൻ. മികച്ച പ്രകടനത്തിന് കൂടെ നിന്ന സഹ താരങ്ങൾ. ടീം പരാജയപ്പെടുമ്പോഴും കൂടെ നിന്ന ടീം മാനേജർ ജയേഷ് ജോർജ്, പ്രശസ്ത കോച്ച് ബിജു ജോർജ് എന്നിങ്ങനെ ഒരു പാടുപേർ. ബാലചന്ദ്രൻ സറിന്‍റെ കോച്ചിംഗ് പോലെ തന്നെ സോണിയുടെ ക്രിക്കറ്റിംഗ് കരിയർ മാറ്റിമറിച്ച സന്ദർഭമായിരുന്നു എസ്‌ബിടിയിലേക്കുള്ള ചുവടുവയ്പ്പ്. മുൻ കേരളാ താരങ്ങൾ അജിത് കുമാറും തുടർന്ന് സുനിൽ കുമാറും ടീം മാനേജർമാരായിരുന്ന അവസരങ്ങൾ അദേഹം ഓർക്കുന്നുണ്ട്. സോണിയുടെ ഓർമകൾ അങ്ങനെ ചെങ്ങന്നൂർ വിട്ട് ഒരു രാത്രിയുടെ ട്രെയിൻ യാത്രയുള്ള തലശേരിയിലെത്തുമ്പോഴാണ് നാം നിമാ ബെന്നിയെ കണ്ടുമുട്ടിയ കഥ കേൾക്കുന്നത്. മക്കി മെമ്മോറിയൽ ടൂർണമെൻറിൽ കളിക്കാൻ പോയി മടങ്ങാൻ നിൽക്കുമ്പോൾ വീട്ടിലൊന്ന് വിളിച്ചപ്പോഴാണ് അറിഞ്ഞത് തലശ്ശേരി നിന്ന് ഒരു കല്യാണാലോചന വന്ന കഥ. ദൂരം പ്രശ്നമല്ലെന്ന് മാത്രം പറഞ്ഞ സോണി ഏതായാലും ആ ആലോചന വേണ്ടെന്ന് പറഞ്ഞില്ല. അദ്ദേഹത്തിന്‍റെ തന്നെ ഭാഷയിൽ പറഞ്ഞാൽ, ക്രിക്കറ്റിലും ജീവിതത്തിലും ഉയരങ്ങൾ താണ്ടാനുള്ള തുടക്കം നിമയെ കണ്ടുമുട്ടിയതായിരുന്നു.
എസ്‌ബിടിയില്‍ നിന്ന് വിരമിച്ച ശേഷം ഗൾഫിലെ സുഹൃത്തുക്കളുടെ ക്രിക്കറ്റ് അക്കാഡമിയിൽ പുതിയ പ്രതിഭകളെ വാർത്തെടുക്കുന്ന സോണി സകുടുംബം ഇപ്പോൾ തിരുവനന്തപുരത്ത് താമസിക്കുന്നു. മക്കൾ 12 വയസുകാരി ജിയാനയും പത്തു വയസുകാരൻ ഷോണും. സമയം കിട്ടുമ്പോഴെല്ലാം പുതിയ പ്രതിഭകൾക്ക് ക്രിക്കറ്റ് ജ്ഞാനം പകരുന്ന ഇദ്ദേഹം ഏതാനും വർഷം മുമ്പ് കേരളാ ജൂനിയർ ടീമിന്‍റെ കോച്ചായും തുടർന്ന് ഡേവിഡ് വാറ്റ്മോറിന്‍റെ കൂടെ സീനിയർ ടീമിന്‍റെ കോച്ചിങ് സ്റ്റാഫായും പ്രവർത്തിച്ചു.
നമുക്കിനി പെരിന്തൽമണ്ണയിലേക്കും ഡോ. എംഎസ് നായർ മെമ്മോറിയൽ ടൂർണമെന്‍റിലേക്കും പോവാം. സോണിയുടെ ഓർമകളിലൂടെ അവിടെ നമ്മെ കാത്തിരിക്കുന്നത് 1997ൽ പതിനാലുകാരൻ പയ്യൻ. ശ്രീശാന്ത് മുതലുള്ളവരോടൊപ്പം കളിക്കാനിറങ്ങുന്ന ടീനേജർ സോണിയാണ്. ക്രിക്കറ്റിനെ സീരിയസായി മനസിലാക്കാത്ത ആ കാലങ്ങളിലെ യാത്രകളും അന്നുതൊട്ടിന്നു വരെ, കായിക താരങ്ങളെ തികഞ്ഞ സ്നേഹത്തോടെ കാണുന്ന മലപ്പുറവും സോണിയുടെ വാക്കുകളിൽ നിറഞ്ഞു നിന്നു.
കെസിഎ മുൻ ഭാരവാഹി എസ് ഹരിദാസ്, അംപയർമാർ പ്രദീപ് മാഷ്, വിശ്വനാഥ് എന്നിവരും പഴയ കളിക്കാർ അഫ്സൽ, വിജയകുമാർ ഒക്കെ ആ സംഭാഷണത്തിൽ കടന്നുവന്നു. ആ പഴയ ഗ്രൗണ്ടിലെ തൊണ്ണൂറുകളിലെ ഓല മെടഞ്ഞ പവലിയന്‍റെ ഫോട്ടോ ഓർമിച്ച് കൊണ്ട് തുടങ്ങിയ സംഭാഷണം 2011ലെ സോണിയുടെ ക്യാപ്റ്റൻസിയിലുള്ള കളി കാണാൻ പോയതും ബൗണ്ടറി ലൈനിൽ നിന്ന് പരിചയപ്പെടുന്നതും വരെ പറഞ്ഞവസാനിപ്പിക്കുമ്പോൾ ധൈര്യമായി പറയാം, കേരളാ ക്രിക്കറ്റിന് ഇനിയും ഒരുപാട് സംഭാവനകൾ ഈ നല്ല മനുഷ്യനിൽ നിന്ന് നേടിയെടുക്കാനുണ്ട്!.
Read more: 'തിലക് വര്‍മ്മയെ അങ്ങനെയങ്ങ് വലിയ ടൂര്‍ണമെന്‍റില്‍ കളിപ്പിക്കല്ലേ'... ആവശ്യവുമായി ശ്രീകാന്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം