Shane Wrane: വികൃതി പയ്യനില്‍ നിന്ന് വിസ്മയമായ വോണ്‍, നൂറ്റാണ്ടിന്‍റെ പന്തെറിഞ്ഞ സ്പിന്‍ മാന്ത്രികന്‍

By Web Team  |  First Published Mar 4, 2022, 8:43 PM IST

1992ല്‍ അരങ്ങേറിയെങ്കിലും ഷെയ്ൻ വോണിലെ സ്പിൻ മാന്ത്രികനെ ക്രിക്കറ്റ് പ്രേമികൾ കണ്ടത് ‘നൂറ്റാണ്ടിന്‍റെ പന്തെന്ന’ വിശേഷണം ലഭിച്ച ഒരു പന്തിലായിരുന്നു.1993ലെ ആഷസ് പരമ്പരയിലെ മാഞ്ചസ്റ്റർ ടെസ്റ്റിലാണ് ക്രിക്കറ്റ് ലോകം ഇന്നും അത്ഭുതംകൂറുന്ന നൂറ്റാണ്ടിന്‍റെ പന്ത് വോണിന്‍റെ കൈയില്‍ നിന്ന് പുറപ്പെട്ടത്.


സിഡ്നി: മണിക്കൂറുകളുടെ ഇടവേളയില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റിന് നഷ്ടമായത് രണ്ട് ഇതിഹാസ താരങ്ങളെ. റോഡ്നി മാര്‍ഷ്(Rod Marsh) മരിച്ച് മണിക്കൂറുകള്‍ക്ക് അകമാണ് ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച ലെഗ് സ്പിന്നറായ ഷെയ്ന്‍ വോണും(Shane Warne) വിടപറയുന്നത്. വോണിന്‍റെ അപ്രതീക്ഷിത വിടവാങ്ങലിന്‍റെ ഞെട്ടലില്‍ നിന്ന് ആരാധകര്‍ ഇനിയും മുക്തരായിട്ടില്ല.

വോണിന്‍റെ മാന്ത്രികവിരലുകളില്‍ വിരിഞ്ഞ നൂറ്റാണ്ടിന്‍റെ പന്ത്

Latest Videos

undefined

ക്രിക്കറ്റിലെ വികൃതി പയ്യനില്‍ നിന്ന് ഷെയ്ന്‍ വോണ്‍(Shane Warne) ക്രിക്കറ്റ് ലോകത്ത് ഒരു വിസ്മയമായി മാറിയത് 1993ലെ ആഷസ്(Ashes) പരമ്പരയിലായിരുന്നു. സിഡ്നിയിലെ സ്പിന്‍ പിച്ചില്‍ 1992ല്‍ ഇന്ത്യക്കെതിരെ വോണ്‍ അരങ്ങേറിയെങ്കിലും സ്പിന്നിനെ നന്നായി കളിക്കുന്ന ഇന്ത്യക്കാര്‍ക്ക് മുന്നില്‍ അരങ്ങേറ്റം അത്ര ശുഭകരമായില്ല. 150 റണ്‍സ് വഴങ്ങി ഒരേയൊരു വിക്കറ്റാണ് വോണ്‍ അന്ന് നേടിയത്. ക്രിക്കറ്റ് ഗ്രൗണ്ടിലും ബൗണ്ടറിക്ക് പുറത്തും എന്നും വികൃതി പയ്യന്‍റെ പ്രതിച്ഛായയായിരുന്നു വോണിന്. ക്രിക്കറ്റ് പന്തിനെ പോലെ വിവാദങ്ങളെയും കൈവെളളക്കുള്ളിലിട്ട് കറക്കുന്നതില്‍ വോണ്‍ ആനന്ദം കണ്ടെത്തിയിരുന്നു.

ആരാധകര്‍പോലും കറങ്ങി വീണു ആ പന്ത് കണ്ട്

1992ല്‍ അരങ്ങേറിയെങ്കിലും ഷെയ്ൻ വോണിലെ സ്പിൻ മാന്ത്രികനെ ക്രിക്കറ്റ് പ്രേമികൾ കണ്ടത് ‘നൂറ്റാണ്ടിന്‍റെ പന്തെന്ന’ വിശേഷണം ലഭിച്ച ഒരു പന്തിലായിരുന്നു.1993ലെ ആഷസ് പരമ്പരയിലെ മാഞ്ചസ്റ്റർ ടെസ്റ്റിലാണ് ക്രിക്കറ്റ് ലോകം ഇന്നും അത്ഭുതംകൂറുന്ന നൂറ്റാണ്ടിന്‍റെ പന്ത് വോണിന്‍റെ കൈയില്‍ നിന്ന് പുറപ്പെട്ടത്. ജൂണ്‍ നാലിന്  പരമ്പരയിലെ ആദ്യ ടെസ്റ്റിന്‍റെ രണ്ടാം ദിവസം സ്പിന്നര്‍മാര്‍ക്കെതിരെ മികച്ച റെക്കോർഡുള്ള ഇംഗ്ലണ്ട് ബാറ്റര്‍ മൈക് ഗാറ്റിംഗിനെതിരെ(Mike Gatting) പന്തെറിയാനെത്തുമ്പോൾ ഒരു സാധാരണ ലെഗ്സ്പിന്നർ മാത്രമായിരുന്നു ഷെയ്ൻ വോൺ. അതുവരെ 11 ടെസ്റ്റുകളിൽ നിന്നായി 31 വിക്കറ്റുകളായിരുന്നു ആകെ സമ്പാദ്യം.

എന്നാല്‍ ഗാറ്റിംഗിനെതിരെ വോണ്‍ എറിഞ്ഞ ആദ്യ പന്ത് അക്ഷരാർഥത്തിൽ നൂറ്റാണ്ടിന്‍റെ അത്ഭുതമായിരുന്നു. ലെഗ് സ്റ്റംപിന് ഇഞ്ചുകൾ പുറത്തു കുത്തിയ പന്ത് തിരിഞ്ഞുകയറിയത് ഓഫ് സ്റ്റംപ് തെറിപ്പിച്ചുകൊണ്ട്. ലെഗ് സ്റ്റംപിന് വെളിയിൽ കുത്തി ഡിഫൻഡ് ചെയ്യാനുള്ള ഗാറ്റിംഗിന്‍റെ ശ്രമം അമ്പേ പരാജയപ്പെട്ടു. അവിശ്വസനീയത ഗാറ്റിംഗിന്‍റെ മുഖത്ത് വായിച്ചെടുക്കാമായിരുന്നു. ഗാറ്റിംഗ് മാത്രമല്ല ക്രിക്കറ്റ് ലോകം തന്നെ  ആ പന്തിനും വോണിനും മുന്നില്‍ കറങ്ങി വീണു.

പിന്നീട് എട്ടു വിക്കറ്റുകൾ കൂടി അതേ ടെസ്റ്റിൽ വോണ്‍ സ്വന്തമാക്കി. ആ ആഷസ് പരമ്പരയിലെ അഞ്ചു ടെസ്റ്റുകളിൽ നിന്നുമാത്രം വോൺ വീഴ്ത്തിയത് 35 വിക്കറ്റുകളാണ്. പിന്നീട് കണ്ടത് ഷെയ്ൻ വോണെന്ന പകരംവയ്ക്കാനില്ലാത്ത സ്പിന്നറുടെ സുവർണകാലമായിരുന്നു. 1992ല്‍ അരങ്ങേറിയ വോണ്‍ 2007ല്‍ വിരമിക്കുമ്പോള്‍ ടെസ്റ്റ് ചരിത്രത്തില്‍ എക്കാലത്തെയും വലിയ വിക്കറ്റ് വേട്ടക്കാരനായിരുന്നു. പിന്നീട് മുത്തയ്യ മുരളീധരന്‍ വോണിനെ മറികടന്നെങ്കിലും 708 ടെസ്റ്റ് വിക്കറ്റുകള്‍ എന്ന വിസ്മയ നേട്ടം ഇന്നും ക്രിക്കറ്റ് ലോകത്തിന് മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കുന്നു. ഒടുവില്‍ വിശ്വസിക്കാനാവാത്ത പന്തെറിഞ്ഞ അതേ അനായാസയതോടെ ക്രിക്കറ്റ് ലോകത്തിനുപോലും ഇനിയും വിശ്വസിക്കാനാവാത്ത ആ ദുരന്ത വാര്‍ത്ത നല്‍കി വോണ്‍ വിടവാങ്ങി.

click me!