Santosh Trophy : സന്തോഷ് ട്രോഫി- ഒരു റീപ്ലേ; നേട്ടമെങ്കിലും ടീം ഗെയിമില്‍ പതറി കേരളം

By Web Team  |  First Published May 6, 2022, 2:35 PM IST

ഫൈനല്‍ റൗണ്ടിലെ മുഴുവന്‍ കളികളും വിലയിരുത്തുമ്പോള്‍ ടൂര്‍ണ്ണമെന്‍റ് മികച്ച കളി നിലവാരം പുലര്‍ത്തിയെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവും


മലപ്പുറം: സന്തോഷ് ട്രോഫി (Santosh Trophy 2022) ഫുട്ബോള്‍ കിരീടം സ്വന്തം മണ്ണില്‍ കേരളം (Kerala Football Team) നേടിയ സന്തോഷത്തിലാണ് മലയാളികള്‍. ഫുട്ബോള്‍ പെരുമ ഉയര്‍ത്തുന്ന കപ്പ് ഇതോടെ ഏഴാം തവണ കേരളത്തിന് സ്വന്തം. സന്തോഷ് ട്രോഫി കിരീടം കേരളം മുന്‍കാലങ്ങളില്‍ നേടിയപ്പോഴൊക്കെ പ്രതാപികളായി രുന്നു ടീമിന്‍റെ കരുത്ത്. എന്നാല്‍ ഇത്തവണ താരപ്പൊലിമയില്ലാതെയായിരുന്നു കേരളത്തിന്‍റെ വിജയം. ഫൈനല്‍ റൗണ്ടിലെ മുഴുവന്‍ കളികളും വിലയിരുത്തുമ്പോള്‍ ടൂര്‍ണ്ണമെന്‍റ് മികച്ച കളി നിലവാരം പുലര്‍ത്തിയെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവും- സി.ആര്‍ .രാജേഷ് എഴുതുന്നു. 

മികച്ച ടീമുകളെല്ലാം ഒരു ഗ്രൂപ്പിലായത് പോരാട്ടങ്ങളുടെ മുനയൊടിച്ചു. എക്കാലത്തും മികവ് പുലര്‍ത്തിയിരുന്ന സര്‍വ്വീസസ് ഇത്തവണ ക്ഷയിച്ചതും ടൂര്‍ണ്ണമെന്‍റിന്  തിരിച്ചടിയായി. താരതമ്യേന ജൂനിയര്‍ താരങ്ങളെ ഇറക്കിയായിരുന്നു ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ ബംഗാളിന്‍റെ വരവ്. ഗോവ യോഗ്യത നേടാതിരുന്നതും പഞ്ചാബും മേഘാലയയും ശക്തരുള്‍പ്പെടുന്ന ഗ്രൂപ്പിലകപ്പെട്ടതും കുറേക്കൂടി ബലവത്തായ മത്സരങ്ങള്‍ കാണാനുള്ള കാണികളുടെ അവസരം നഷ്ടമാക്കി. 

Latest Videos

undefined

കേരള ടീമിനെ വിലയിരുത്തിയാല്‍  ടീമിന്‍റെ നിലവാരം മികച്ചതാണെന്ന് വിശേഷിപ്പിക്കാനാവില്ല. സന്തുലിതമെന്നും കരുതാനാവില്ല. ചില കളിക്കാരുടെ മികവില്‍ ടീം വിജയിക്കുന്ന കാഴ്ചയാണ് ഓരോ കളികളിലും കണ്ടത്. പ്രതിരോധമായിരുന്നു എക്കാലത്തും കേരളത്തിന്‍റെ കരുത്ത്. ഇത്തവ പാളിയതും അതുതന്നെ. ആദ്യ കളിയില്‍ കേരളത്തോട് തോറ്റ ബംഗാള്‍ ഫൈനലില്‍ കേരളത്തിന്‍റെ ഈ ബലക്കുറവ് ശരിക്കും മനസിലാക്കിയാണ് കളിച്ചത്. കേരള ബോക്സിലേക്ക് നീളന്‍ പാസുകള്‍ നല്‍കി പ്രതിരോധത്തിന്‍റെ മുനയൊടിച്ചായിരുന്നു ബംഗാള്‍ നടത്തിയ ആക്രമങ്ങളില്‍ ഒട്ടുമിക്കതും. ഗോള്‍ക്കീപ്പിങിലും മികവ് അവകാശപ്പെടാനില്ല. കര്‍ണ്ണാടക പോലെ താരതമ്യേന ദുര്‍ബലരായ ടീമിനോട് ആദ്യം ഗോള്‍ വഴങ്ങിയ ശേഷമാണ് ഗോളടിച്ചു കൂട്ടിയത്. ആ കളിയില്‍ കര്‍ണ്ണാടക പ്രതിരോധത്തിലേക്ക് ഉള്‍വലിഞ്ഞിട്ടും കേരളം ഗോള്‍ വഴങ്ങിയത് പ്രതിരോധത്തിന്‍റെ ബലഹീത തുറന്ന് കാട്ടുന്നതായി.

1973ലെ ആദ്യ കിരീടത്തിന് കരുത്ത് പകര്‍ന്ന പെരുമാളിന് ശേഷം കേരള ടീമില്‍ തിളങ്ങാനെത്തിയ തമിഴ്നാട് സ്വദേശിയായിരുന്നു വിഘ്നേഷ്. കേരള പ്രീമിയര്‍ ലീഗിലെ വിഘ്നേഷിന്‍റെ മികച്ച പ്രകടനമാണ് സന്തോഷ് ട്രോഫി ടീമിലെത്തിച്ചത്. എന്നാല്‍ വിഘ്നേഷ് നിറം മങ്ങിയതും കേരളത്തിന്‍റെ കളി മികവിനെ ബാധിച്ചു. കേരളത്തിന്‍റെ കിരീട നേട്ടത്തെ കുറച്ച് കാണിക്കുകയല്ല. വസ്തുത ഇതാണ്. ടീം ഗെയിമില്‍ പാളിച്ചകള്‍ കാണാമെങ്കിലും വ്യക്തിഗത ഗെയിമിങ്ങില്‍ കേരളത്തിന് അഭിമാനിക്കാം. ക്യാപ്റ്റന്‍ ജിജോ ജോസഫ്, നൗഫല്‍, അര്‍ജ്ജുന്‍ ജയരാജ്, ജസിന്‍, സഫ്നാദ് തുടങ്ങിയവരുടെ വ്യക്തിഗത മികവ് കേരളത്തിന് നേട്ടമുണ്ടാക്കി. സോയല്‍ ജോഷിയും തിളങ്ങി.

ടൂര്‍ണ്ണമെന്‍റില്‍ വ്യക്തമായ ഗെയിം പ്ലാനോടെ തിളങ്ങിയത് മേഘാലയയാണ്. കൗണ്ടര്‍ അറ്റാക്ക്, വേഗം തുടങ്ങിയവയിലൂടെ ഫുട്ബോള്‍ ആരാധകര്‍ക്ക് മികച്ച കളി കാഴ്ചവെക്കുന്നതായിരുന്നു മേഘാലയയുടെ മത്സരങ്ങള്‍. മണിപ്പൂരിന്‍റെ നിര്‍ഭാഗ്യവും ടൂര്‍ണ്ണമെന്‍റിനെ ബാധിച്ചു. ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ഫൈനല്‍ റൗണ്ടിലെത്തിയ മണിപ്പൂര്‍ ബംഗാളിനോട് തോറ്റതോടെ അടിപതറി. സെമിയില്‍ ഗോളിയുടെ പിഴവാണ് ബംഗാളിനോട് ആദ്യ നിമിഷം തന്നെ ഗോള്‍ വഴങ്ങാന്‍ ഇടയാക്കിയത്. പിന്നീട് കളി തിരിച്ചു പിടിക്കാനുമായില്ല. ഇതോടെ ഫൈനല്‍ കേരള-ബംഗാള്‍ ആവര്‍ത്തവുമായി. കേരള ഫുട്ബോളിന്‍റെ ഈറ്റില്ലമായ മലപ്പുറത്തെ ഫുട്ബോള്‍ പ്രേമികളുടെ നിറഞ്ഞ പിന്തുണയും പ്രോത്സാഹനവും സന്തോഷ് ട്രോഫി കേരളത്തിന് സ്വന്തമാക്കുന്നതില്‍ വഹിച്ച പങ്ക് ഏറെ നിര്‍ണ്ണായകമാണ്. 

'ഇനി പ്രൊഫഷണല്‍ ഫുട്‌ബോളിലാണ് ശ്രദ്ധ'; മികച്ച താരം, ജിജോ ജോസഫ് ഇനി സന്തോഷ് ട്രോഫിക്കില്ല

click me!