മകന്റെ മനോഹരചിത്രത്തിനൊപ്പം സാനിയ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്, ''എത്ര ക്ഷീണിതയാണെങ്കിലും വീട്ടിലെത്തുമ്പോൾ ഉപാധികളില്ലാത്ത സ്നേഹത്തോടെ അവൻ എന്നെ നോക്കി ഇങ്ങനെ പുഞ്ചിരിക്കും.''
ദില്ലി: ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ മകൻ ഇസാൻ മിർസ മാലിക്കാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിലെ താരം. ഇന്നലെയാണ് സാനിയ മകന്റെ ചിത്രം പങ്ക് ഒപ്പം ഹൃദയത്തിൽ തൊടുന്ന ഒരു കുറിപ്പും ആരാധകർക്കായി പങ്കുവച്ചത്. പലനിറങ്ങളിലുള്ള കൊച്ചുപന്തുകൾക്ക് നടുവിൽ പുഞ്ചിരിയോടെയാണ് ഇസാന്റെ ഇരിപ്പ്. മകന്റെ മനോഹരചിത്രത്തിനൊപ്പം സാനിയ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്, ''എത്ര ക്ഷീണിതയാണെങ്കിലും വീട്ടിലെത്തുമ്പോൾ ഉപാധികളില്ലാത്ത സ്നേഹത്തോടെ അവൻ എന്നെ നോക്കി ഇങ്ങനെ പുഞ്ചിരിക്കും.'' ആരാധകർ നിറഞ്ഞ സന്തോഷത്തോടെയാണ് സാനിയയുടെ ഈ കുറിപ്പും ചിത്രവും ഏറ്റെടുത്തിരിക്കുന്നത്.
കുടുംബവുമായുള്ള സന്തോഷവേളകൾ സമൂഹമാധ്യമങ്ങളിൽ താരം പങ്കുവയ്ക്കാറുണ്ട്. സാനിയ മിർസയുടെ സഹോദരി അനാം മിർസയുടെ വിവാഹത്തിന്റെയും ആഘോഷങ്ങളുടെയും ചിത്രങ്ങളും വാർത്തകളുമായിരുന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായത്. കൂടാതെ വിവാഹ റിസപ്ഷനിൽനിന്നുളള സാനിയയുടെയും മകന്റെയും മനോഹരമായൊരു ചിത്രവും ആരാധകരുടെ ഹൃദയം കവർന്നിരുന്നു. മകനെയും ഒക്കത്തെടുത്ത് ചിരിക്കുന്ന സാനിയയുടെ ചിത്രം മനോഹരമാണ്. ഫോട്ടോയിൽ ഇസാനെ കാണാനും വളരെ ക്യൂട്ടാണ്. 2010 ലായിരുന്നു പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്കുമായുളള സാനിയയുടെ വിവാഹം. 2018 ലായിരുന്നു ഇവർക്ക് ആൺകുഞ്ഞ് പിറന്നത്. ഒരു വയസുകാരൻ ഇസാൻ ഇപ്പോൾ സോഷ്യൽ മീഡിയയുടെ പ്രിയതാരമാണ്.