ശകാരവർഷങ്ങളും പരിഹാസനോട്ടങ്ങളും തല കുനിപ്പിച്ച ഒരു ബാല്യകാലം പിൽക്കാലത്ത് ഗെയിം സൃഷ്ടിച്ച എക്കാലത്തെയും വലിയ കോടീശ്വരൻമാരിലൊരാളായ സച്ചിൻ രമേഷ് ടെന്‍ഡുല്‍ക്കറിന് ഉണ്ടായിരുന്നുവെന്നത് പലർക്കും വിശ്വസിക്കാൻ പ്രയാസമുള്ള കാര്യമായിരിക്കും
''ഉം, അങ്ങോട്ട് മാറിനിൽക്ക്. അല്ലെങ്കിൽ രണ്ട് പേരുടെ ടിക്കറ്റെടുക്ക്. ഓരോന്ന് കയറിവരും ബാറ്റും ബോളുമെടുത്ത് മറ്റുള്ളവരെ ശല്യം ചെയ്യാൻ"
ബസ് കണ്ടക്ടർമാരുടെ പതിവ് ശകാരങ്ങൾ ആ 11 വയസുകാരന് ശീലമായിക്കഴിഞ്ഞിരുന്നു. ചില അനുഭവങ്ങൾ പലപ്പോഴും കളി തന്നെ നിർത്താൻ തോന്നിപ്പോകുന്ന തരത്തിലായിരിക്കും. ബാന്ദ്രയിൽ നിന്നും ശിവാജി പാർക്കിലേക്ക് ബസ് യാത്രയ്ക്ക് 40 മിനിറ്റിലധികം വേണ്ടിവരും. രാവിലെ 7.30 ന് തുടങ്ങുന്ന പരിശീലനത്തിന് അതിരാവിലെ വീട്ടിൽ നിന്നും ഇറങ്ങേണ്ടിവരും. പലപ്പോഴും തിരക്ക് കാരണം സീറ്റ് പോലും കിട്ടാതെ നിന്ന് വേണം യാത്ര ചെയ്യാൻ. ഒപ്പം ഒരു ചെറിയ കുട്ടിക്ക് കനമുള്ള ക്രിക്കറ്റ് ബാഗ് പിറകിൽ ചുമക്കുന്നതിന്‍റെ വിഷമങ്ങൾ വേറെ. തിരക്കുള്ള സമയങ്ങളിൽ ആൾക്കാരുടെ ഇടയിൽ ഒന്ന് പിടിച്ചുനിൽക്കാൻ കഷ്ടപ്പെടുന്ന കുട്ടിക്ക് ബസ് കണ്ടക്ടർമാർ പലപ്പോഴും ഒരു പരിഗണന പോലും നൽകാറില്ല.
undefined
ശകാരവർഷങ്ങളും പരിഹാസനോട്ടങ്ങളും തല കുനിപ്പിച്ച ഒരു ബാല്യകാലം പിൽക്കാലത്ത് ഗെയിം സൃഷ്ടിച്ച എക്കാലത്തെയും വലിയ കോടീശ്വരൻമാരിലൊരാളായ സച്ചിൻ രമേഷ് ടെന്‍ഡുല്‍ക്കറിന് ഉണ്ടായിരുന്നുവെന്നത് പലർക്കും വിശ്വസിക്കാൻ പ്രയാസമുള്ള കാര്യമായിരിക്കും. പലപ്പോഴും മറ്റുള്ള യാത്രക്കാരുടെ സ്ഥലം അപഹരിക്കുന്നത് കാരണം രണ്ട് പേരുടെ ടിക്കറ്റെടുക്കണമെന്ന് പോലും ചില കണ്ടക്ടർമാർ ആവശ്യപ്പെട്ട സന്ദർഭങ്ങളും ഏറെയായിരുന്നു. കിറ്റ് പുറത്ത് വെച്ച് തിരക്കിനിടയിൽ കയറിപ്പറ്റുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ ബാഗ് പുറത്ത് ചേർത്തുവെച്ച് കെട്ടിയായിരുന്നു സച്ചിന്‍റെ യാത്രകൾ.
ഇന്നത്തെ കാലത്ത് ആഡംബര കാറുകളിലടക്കം കുട്ടികളെ അക്കാഡമികളിൽ നെറ്റ് പ്രാക്ടീസിന് കൊണ്ടുവരുന്ന സാധാരണക്കാഴ്ചകൾ കാണുമ്പോൾ ക്രിക്കറ്റ് സൃഷ്ടിച്ച ഏറ്റവും മികച്ചവൻ വളർന്നുവന്ന ചുറ്റുപാടുകൾ തികച്ചും സാധാരണക്കാരിൽ സാധാരണക്കാരന്‍റേതായിരുന്നു. തികച്ചും ദുരിതം നിറഞ്ഞ യാത്രകൾ, കുടുംബത്തിൽ നിന്നും മാതാപിതാക്കളിൽ നിന്നും അകന്ന് മാറി താമസിച്ച് നടത്തിയ പരിശീലനങ്ങൾ, കഠിനാധ്വാനം, ഗെയിമിനോടുള്ള അടങ്ങാത്ത അഭിനിവേശം. സച്ചിനെ സച്ചിനാക്കിയതിന് പിന്നിലെ സാഹചര്യങ്ങൾ ഒട്ടനവധിയാണ്.
കഠിനാധ്വാനം ചെയ്യുന്നവന്‍റെ പിറകെ ഭാഗ്യവും സഞ്ചരിക്കും എന്ന പ്രപഞ്ച സത്യവും സച്ചിന്‍റെ കാര്യത്തിൽ സംഭവിച്ചു. ബോംബെ അണ്ടർ 15 തലത്തിൽ 12-ാം വയസിൽ അരങ്ങേറാൻ ഭാഗ്യം ലഭിച്ച സച്ചിന് മറ്റു പലർക്കും ആത്മവിശ്വാസം ഇല്ലാഞ്ഞിട്ടും 15-ാം വയസിൽ രഞ്ജി അരങ്ങേറ്റത്തിന് വഴി തെളിഞ്ഞു. ഒടുവിൽ ഏറെ ആശങ്കകൾ ഉണ്ടായിട്ടും ലോകത്തിലെ ഏറ്റവും ഭീകരമായ പേസ് അക്രമണനിരക്കെതിരെ 16-ാം വയസിൽ ഇന്‍റര്‍നാഷണൽ അരങ്ങേറ്റത്തിനും സാധിച്ചത് ക്രിക്കറ്റ് എന്ന ഒരൊറ്റ ലക്ഷ്യം മാത്രം മനസിൽ കൊണ്ട് നടന്നത് കൊണ്ടായിരുന്നു. ചെറിയ പ്രായം മുതൽ ഒറ്റയ്ക്ക് ബസിലും ലോക്കൽ ട്രെയിനിലും ചെയ്ത യാത്രകൾ കുട്ടിക്കാലത്ത് സച്ചിനെ വല്ലാതെ തളർത്തിയിരുന്നുവെങ്കിലും അത്തരം യാത്രാനുഭവങ്ങൾ സച്ചിനെ മാനസികമായി കരുത്തനാക്കിയിരുന്നു.
തന്‍റെ കുടുംബത്തിന്‍റെ പരിമിതികൾ മനസിലാക്കിക്കൊണ്ട് വളർന്ന സച്ചിൻ കുട്ടിക്കാലം മുതൽ വിട്ടുവീഴ്ചകൾ ചെയ്യാൻ ഒരുക്കമായിരുന്നു. ശിവാജി പാർക്കിൽ ആദ്യം പരിശീലനത്തിന് പോയിരുന്ന സമയത്ത് ഒരു ജോഡി ക്രിക്കറ്റ് ജേഴ്‌സി മാത്രമായിരുന്നു സച്ചിനുണ്ടായിരുന്നത്. രാവിലത്തെ പ്രാക്ടീസ് കഴിഞ്ഞ് ഉച്ചഭക്ഷണത്തിന് വീട്ടിൽ വരുന്ന സമയത്ത് അലക്കി ഉണക്കിയ അതേ ജേഴ്സി തന്നെ വൈകുന്നേരത്തെ സമയത്തും പിന്നീട് രാത്രി അലക്കി ഉണക്കിയ ജേഴ്സി പിറ്റേ ദിവസം രാവിലെയും ഉപയോഗിച്ചിരുന്ന ഒരു സച്ചിൻ ഉണ്ടായിരുന്നുവെന്നതും പലർക്കും ഇന്ന് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങളായിരിക്കും.
ഇന്ന് മുംബൈയിലെ കൊട്ടാരസമാനമായ വീടിന്‍റെ ഉടമ അന്ന് വീട്ടിലെ ആകെ രണ്ട് കിടപ്പുമുറികളിൽ ഒന്നിൽ തന്‍റെ നാല് സഹോദരങ്ങൾക്കൊപ്പം ഉറങ്ങിയവനായിരുന്നു. ഇന്ന് അഡംബരക്കാറുകളുടെ ശേഖരം തന്നെയുള്ള സച്ചിൻ കുട്ടിക്കാലത്ത് ഒരു സൈക്കിൾ സ്വന്തമാക്കിയത് അത്രത്തോളം ബുദ്ധിമുട്ടിയായിരുന്നു. പിതാവ് എങ്ങനെയൊക്കെയോ പണം സമാഹരിച്ചായിരുന്നു ആ ആവശ്യം നിറവേറ്റിക്കൊടുത്തത്.
സ്‌കൂൾ ക്രിക്കറ്റിലെ സച്ചിന്‍റെ തുടക്കവും ആശാവഹമായിരുന്നില്ല. കാമത്ത് മെമ്മോറിയൽ ക്ലബിനു വേണ്ടി കളിച്ച ആദ്യ മത്സരത്തിൽ ഗോൾഡൻ ഡക്കിനു പുറത്തായ സച്ചിൻ രണ്ടാം മത്സരത്തിലും പുറത്തായത് പൂജ്യത്തിന് തന്നെയായിരുന്നു. മൂന്നാം മത്സരത്തിലാണ് സച്ചിന് ആദ്യമായി ഒരു റൺ നേടാനാകുന്നത്. പിന്നീട് ഇന്‍റര്‍നാഷണൽ ക്രിക്കറ്റിൽ റൺമല തീർത്ത സച്ചിന്‍റെ തുടക്കം ഒരു സാധാരണ കുട്ടിയുടേത് പോലെ തന്നെയായിരുന്നു.
1985ൽ ബോംബെ അണ്ടർ 15 ടീമിനായി പൂനെയിൽ ആദ്യ മത്സരം കളിക്കാൻ പോയി വരുമ്പോൾ കൈയിലെ പണം തീർന്നതിനാൽ ദാദർ സ്റ്റേഷനിലെത്തി വലിയ ബാഗും ചുമന്ന് അമ്മാവന്‍റെ വീട്ടിലേക്ക് നടന്ന് പോയ അനുഭവങ്ങളും സച്ചിന് പറയാനുണ്ട്. സ‌്‌കൂളവധിക്കാലത്ത് രാവിലെ ഏഴര മുതൽ രണ്ട് മണിക്കൂറോളം ബാറ്റ് ചെയ്‌ത് പിന്നാലെ വൈകുന്നേരം നാലര വരെ പരിശീലന മത്സരങ്ങളും കളിച്ച് അര മണിക്കൂർ ഇടവേളക്ക് ശേഷം 5 മണി മുതൽ 7.30 വരെയുള്ള പരിശീലനവും യാതൊരു ഉപേക്ഷയും കൂടാതെ ചെയ്‌ത സച്ചിൻ പന്ത്രണ്ടാം വയസ് മുതൽ മാതാപിതാക്കളിൽ നിന്നും മാറി താമസിക്കേണ്ട സാഹചര്യങ്ങളെല്ലാം സ്വയം സഹിച്ചത് ക്രിക്കറ്റിനോടുള്ള അടങ്ങാത്ത അഭിനിവേശം ഒന്നുകൊണ്ടു മാത്രമായിരുന്നു.
Read more: സ്‌കൂളില്‍ കാംബ്ലിയേക്കാൾ 'ഒക്കച്ചങ്ങായി'; അങ്ങനെയൊരാള്‍ സച്ചിനുണ്ട്!