രണ്ട് ലോകകപ്പ് ഫൈനലുകള്‍! ആദ്യം ഗാംഗുലിക്ക് കീഴില്‍, പിന്നെ ധോണിക്കൊപ്പം; ഹീറോ സച്ചിനല്ലാതെ മറ്റാര്?

By Web Team  |  First Published Apr 24, 2023, 8:15 AM IST

2003 ഫൈനല്‍ എത്തിയ ടീമും, 2011ലെ ടീമും താരതമ്യം ചെയ്താല്‍ മികച്ച കളിക്കാര്‍ 2003ലായിരുന്നുവെങ്കിലും, മികച്ച ടീം 2011ലെ ആയിരുന്നുവെന്നു തോന്നിയിട്ടുണ്ട്. രണ്ടു ടീമുകളിലും പവര്‍ഹൗസ് സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്നെ. അദ്ദേഹം തന്നെയായിരുന്നു ടീമിന്റെ ടോപ് സ്‌കോറര്‍.


ഗാംഗുലിയുടെയും, ധോണിയുടെയും ലോകകപ്പ് റെക്കോര്‍ഡുകള്‍ എല്ലാകാലത്തും ചര്‍ച്ചയാണ്. സച്ചിന്‍ ഇവര്‍ക്ക് രണ്ട് പേര്‍ക്ക് കീഴിലും ലോകകപ്പ് കളിച്ചിട്ടുണ്ട്. ഗാംഗുലിക്ക് കീഴില്‍ കളിക്കുമ്പോള്‍ ഇന്ത്യന്‍ ടീം ഫൈനലില്‍ പരാജയപ്പെട്ടു. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ധോണിയുടെ കീഴില്‍ ലോകകപ്പ് നേടാനും സച്ചിനായി. സച്ചിന്‍ കളിച്ച ഈ രണ്ട് ലോകകപ്പുകളേയും താരതമ്യം ചെയ്യുകയാണ് ആരാധകനായ നിഖില്‍ സെബാസ്റ്റ്യന്‍... 

2003 ഫൈനല്‍ എത്തിയ ടീമും, 2011ലെ ടീമും താരതമ്യം ചെയ്താല്‍ മികച്ച കളിക്കാര്‍ 2003ലായിരുന്നുവെങ്കിലും, മികച്ച ടീം 2011ലെ ആയിരുന്നുവെന്നു തോന്നിയിട്ടുണ്ട്. രണ്ടു ടീമുകളിലും പവര്‍ഹൗസ് സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്നെ. അദ്ദേഹം തന്നെയായിരുന്നു ടീമിന്റെ ടോപ് സ്‌കോറര്‍. സച്ചിനെ പോലെ തന്നെ ആയിരുന്നു സഹീര്‍ ഖാനും. 2003 ലോകകപ്പിന് ശേഷമുള്ള 8 വര്‍ഷത്തെ പരിചയ സമ്പത്ത് അദ്ദേഹത്തെ കിരീടം നേടിയ ടീമിലെ ഏറ്റവും ശക്തമായ സാന്നിധ്യമാക്കി. വീരേന്ദര്‍ സെവാഗ്, ഹര്‍ഭജന്‍ സിംഗ്, യുവരാജ് സിംഗ്, നെഹ്റ എന്നിവരും രണ്ടു ലോകകപ്പും കളിച്ചിട്ടിട്ടുണ്ട്. ഇവരില്‍ യുവരാജ് കിരീടം നേടിയ ഇന്ത്യയുടെ ഏറ്റവും മികച്ച കളിക്കാരനുമായിരുന്നു.

Latest Videos

undefined

എന്തായിരുന്നു 2003ലെ ടീമില്‍ നിന്നും 2011ലെ ടീമില്‍ നിന്നുമുള്ള വ്യത്യാസം? നാട്ടില്‍ നടന്ന ലോകകപ്പായതു കൊണ്ടും, ദുര്‍ബലരായി തുടങ്ങിയ ഓസ്‌ട്രേലിയയും 2011ലെ ഇന്ത്യയെ കിരീടം നേടുവാന്‍ സഹായിച്ചിട്ടുണ്ട് എന്നത് സത്യമാണ്. എന്നാല്‍ ജോണ്‍ റൈറ്റ്-ഗാംഗുലി സഖ്യത്തിന് നേടാന്‍ കഴിയാത്തത് ഗാരി കേര്‍സ്റ്റന്‍-ധോണിക്ക് കഴിഞ്ഞു. 2003ലെ ടീമിന്റെ ബാറ്റിംഗ് നിര അതിശക്തമായിരുന്നുവെങ്കിലും സച്ചിന്‍ തെണ്ടുല്‍ക്കര്‍ അല്ലാതെ ആരും സ്ഥിരത പുലര്‍ത്തിയിരുന്നില്ല. പാകിസ്ഥാന്‍, ന്യൂസിലന്‍ഡ് മത്സരങ്ങളിലെ ദ്രാവിഡിന്റെ പ്രകടനം, കെനിയക്കെതിരെ ഗാംഗുലിയുടെ പ്രകടനമെല്ലാം ഇന്ത്യന്‍ വിജയങ്ങളില്‍ നിര്‍ണ്ണായകമായിരുന്നുവെങ്കിലും സച്ചിന്‍ തന്നെയായിരുന്നു ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നെടുംതൂണ്‍. ഹോളണ്ട് ആയുള്ള ആദ്യ മത്സരം മുതല്‍ സച്ചിനെ ടീം അമിതമായി ആശ്രയിച്ചിരുന്നു. അതൊരു പുതിയ കാര്യമൊന്നുമായിരുന്നില്ല. 1996ലെ  ലോകകപ്പ് മുതല്‍ അത് സാധാരണമായിരുന്നു. എന്നാല്‍ 2011ലെ ഇന്ത്യന്‍ ശക്തിയെന്നത് ഇന്ത്യയുടെ ആദ്യ മൂന്നു ബാറ്റ്‌സ്മാന്മാരായിരുന്നു. സെവാഗ്- സച്ചിന്‍-ഗംഭീര്‍ എന്നിവര്‍ മിക്ക മത്സരങ്ങളിലും തിളങ്ങി. 

2003ലെ യുവരാജ് കണക്കെയായാണ് ഈ ടീമിലെ വിരാട് കോലി. 2003ലെ ദ്രാവിഡിന്റെ സ്ഥാനത്തു യുവരാജ് സിംഗും 2011ല്‍ തിളങ്ങി. ടോപ് 3 കഴിഞ്ഞാല്‍ പിന്നെ ഏറ്റവും നന്നായി ബാറ്റ് ചെയ്തത് യുവരാജ് ആയിരുന്നു. ധോണി തുടര്‍ച്ചയായി പരാജയപ്പെട്ട സീരീസായിരുന്നു അത്. ധോണിക്ക് ശേഷം വന്ന യൂസഫ് പത്താനും പരാജയമായി. മധ്യനിരയുടെ ഈ പോരായ്മയാണ് ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നീ ടീമുകളായുള്ള മത്സരത്തില്‍ കണ്ടത്. പക്ഷെ 2003ല്‍ ഗാംഗുലിയും, റൈറ്റും ചെയ്യാത്ത ഒന്ന് കേര്‍സ്റ്റന്‍-ധോണി ചെയ്തു, നിര്‍ണ്ണായകമായ ക്വാര്‍ട്ടറില്‍ യൂസഫ് പത്താനെ മാറ്റി സുരേഷ് റെയ്‌നയെ ടീമില്‍ കൊണ്ട് വന്നു. സുരേഷ് റെയ്‌ന ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ ആ ലോകകപ്പിന്റെ സെമി കാണില്ലായിരുന്നു. സെമിയിലും, ക്വാര്‍ട്ടറിലും റെയ്‌നയുടെ ഇന്നിംഗ്സ് അത്ര പ്രധാനമായിരുന്നു. എന്നാല്‍ 2003ല്‍ ദിനേശ് മോംഗിയ ഒരു ഭാരമായിരുന്നു. സച്ചിന്‍ തെണ്ടുല്‍ക്കറുടെ മാസ്മരിക ഫോമില്‍ അതാരും ശ്രദ്ധിച്ചില്ല. കഴിഞ്ഞ ലോകകപ്പില്‍ രോഹിത് ശര്‍മയുടെ ഫോമും ഇന്ത്യയുടെ മധ്യനിരയുടെ അവസ്ഥയും ഇത് പോലെ താരതമ്യപ്പെടുത്താം. എന്നാല്‍ ശക്തമായ കോര്‍ ധോണി, ടീം മാനേജ്മന്റ് ലെവലില്‍ എടുത്തു. 

ഇനി ഫീല്‍ഡില്‍, ടാക്ടിക്കല്‍ ലെവലില്‍ ധോണി ഗാംഗുലിയേക്കാള്‍ മികച്ച ക്യാപ്റ്റന്‍ ആണെന്നത് സത്യമായ കാര്യമാണ്. Ganguly was a leader, a great leader indeed. പക്ഷെ ധോണി ടാക്ടിക്കല്‍ ലെവലില്‍ എത്രയോ മുന്നിലാണ്. 2011 സെമിയില്‍ മുനാഫ് പട്ടേലിനെ വെച്ചൊക്കെ പാകിസ്താനെതിരെ ആ താരതമ്യേനെ ചെറിയ ടോട്ടല്‍ ഡിഫന്‍ഡ് ചെയ്തതൊക്കെ അപാരമായിരുന്നു. വലിയ മത്സരങ്ങളില്‍ വീണു പോകുന്ന ഇന്ത്യയുടെ ആറ്റിട്യൂട് മാറ്റിയതില്‍ ധോണിക്ക് വ്യക്തമായ പങ്കുണ്ട്. ധോണിക്ക് ശേഷം ഓണ്‍-ഫീല്‍ഡില്‍ ഇത്ര ഇഫക്ടീവായ ക്യാപ്റ്റനെ കണ്ടത് രോഹിത് ശര്‍മയിലാണ്. ധോണി ചിലപ്പോ രോഹിതിന് ഒരു മാതൃക ആയിട്ടുണ്ടാകാം. ഇരുവരുടെയും ബൗളിങ് ചെയിഞ്ചുകളും, ഫീല്‍ഡിംഗ് സെറ്റപ്പുകളുമൊക്കെ അത്ര മികച്ചതായി തോന്നിയിട്ടുണ്ട്. സൗരവ് ഗാംഗുലി ധോണിയേക്കാള്‍ മികച്ച ലീഡര്‍ ആയിരിക്കാം. കളിക്കാരുടെ ആത്മവിശ്വാസം കൂട്ടുന്നതില്‍ അദ്ദേഹം വഹിച്ച പങ്കു ചെറുതല്ല. എന്നാല്‍ ഒരു ലീഡറും ഒരു ക്യാപ്റ്റനും തമ്മില്‍ വ്യത്യാസമുണ്ടെന്ന് ഞാന്‍ കരുതുന്നു. ഫീല്‍ഡില്‍ ധോണി ആയിരുന്നു ഇഫക്ടീവ്.

സച്ചിന്‍ തെണ്ടുല്‍ക്കറുടെ കടുത്ത ആരാധകനാണ് ഞാന്‍. അസ്ഹര്‍-ഗാംഗുലി-ധോണി എന്നിവര്‍ നയിച്ച ടീമുകളില്‍ സച്ചിന്‍ അദ്ദേഹത്തിന്റെ ഭാഗം ഏറ്റവും മനോഹരമായാണ് പൂര്‍ത്തിയാക്കിയത്. മൂന്നു തവണ ടോപ് സ്‌കോറര്‍, 1996 മുതല്‍ ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന റെക്കോര്‍ഡ് ഇരുപത്തിനാലു വര്‍ഷമായി സ്വന്തം പേരില്‍ സൂക്ഷിക്കുന്നു. ദ്രാവിഡ് നയിച്ച ലോകകപ്പില്‍ മാത്രമാണ് അദ്ദേഹം വീണുപോയതു. സച്ചിന്‍ ആ ലോകകപ്പില്‍ ഓപ്പണര്‍ ആയല്ല കളിച്ചിരുന്നത്. ചാപ്പലിനും ദ്രാവിഡിനും പറ്റിയ വലിയ തെറ്റായിരുന്നു അത്. മൂന്നു ക്യാപ്റ്റന്മാരുടെ കീഴില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ സച്ചിന് കിരീടം നേടാന്‍ കഴിഞ്ഞത് 2011ലെ ധോണിയുടെ ടീമിനൊപ്പമായിരുന്നു. സച്ചിനെ മാത്രം ആശ്രയിക്കാതെ, എന്നാല്‍ 38കാരന്‍ സച്ചിനെ തന്നെ ഫോക്കല്‍ പോയിന്റാക്കിയാണ് ധോണി അന്ന് ടീമിനെ നയിച്ചത്. ക്വാര്‍ട്ടറിലും, സെമിയിലും സച്ചിന്റെ പ്രകടനം വളരെ നിര്‍ണായകമായിരുന്നു താനും. 96ലും, 03ലും  ടീം പൂര്‍ണ്ണമായി സച്ചിനെ മാത്രം ബാറ്റിങ്ങില്‍ ഡിപ്പന്‍ഡ് ചെയ്തത് വലിയ വീഴ്ച തന്നെയായിരുന്നു.  അതായിരുന്നു കപ്പ് നേടിയ ടീം തമ്മിലും മറ്റു ടീമുകള്‍ തമ്മിലുമുള്ള വ്യത്യാസം. ഭാഗ്യം ഉണ്ടായിരുന്നു എന്നത് സമ്മതിക്കുന്നു. ഭാഗ്യമില്ലാതെ ഓസ്ട്രേലിയ (03 ,07) അല്ലാതെ വേറെ ഒരു ടീമും ഇത് വരെ ലോകകപ്പ് ജയിച്ചിട്ടുമില്ല. കാരണം അവര്‍ക്ക് അതിന്റെ ആവശ്യമില്ലായിരുന്നു.

സച്ചിനിസത്തിന് 50; അമ്പതാം പിറന്നാള്‍ നിറവില്‍ മാസ്റ്റർ ബ്ലാസ്റ്റർ, ആഘോഷക്കടലൊരുക്കി ക്രിക്കറ്റ് ലോകം

click me!