സച്ചിന്‍ ആ ചിത്രം ആവശ്യപ്പെട്ടു, മകള്‍ സാറയെ ഓ‍ര്‍മ്മ വന്നൂന്ന്, എന്നാല്‍ എനിക്കത് നല്‍കാനായില്ല

By Web Team  |  First Published Apr 24, 2023, 9:03 AM IST

നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്‍റർ ഉദ്ഘാടനത്തില്‍ വച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പ്രശംസ പിടിച്ചുപറ്റിയ മലയാളി ചിത്രകാരന്‍ രതീഷ് ടി തന്‍റെ അനുഭവങ്ങള്‍ പങ്കുവെക്കുന്നു


'ഹായ് രതീഷ്... നിങ്ങളുടെ ചിത്രങ്ങള്‍ കണ്ടു, അവ മനോഹരമായിരിക്കുന്നു, നിങ്ങളൊരു അതുല്യ കലാകാരനാണ്'- നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്‍റർ ഉദ്ഘാടനത്തില്‍ വച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പ്രശംസ പിടിച്ചുപറ്റിയ മലയാളി ചിത്രകാരന്‍ രതീഷ് ടി തന്‍റെ അനുഭവങ്ങള്‍ പങ്കുവെക്കുന്നു...

ലോകത്തെ ഏറ്റവും വിശിഷ്‍ടരായ കലാകാരന്‍മാരും സെലിബ്രിറ്റികളും അതിഥികളായി ക്ഷണിക്കപ്പെട്ട 
നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്‍റർ ഉദ്ഘാടനത്തിന്‍റെ ഭാഗമാകാന്‍ മുംബൈയില്‍ എത്തിയതായിരുന്നു ഞാനും ഭാര്യ ബിസ്‍മിയും. ലോക കലകളുടെ സാംസ്കാരിക ഭൂമികയായി മുംബൈയിലെ നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്‍റർ ആസ്വാദകർക്ക് തുറന്നുകൊടുക്കുകയാണ്. എവിടെത്തിരിഞ്ഞാലും വിഖ്യാത കലാകാരന്‍മാരും ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളും അടക്കമുള്ള സെലിബ്രിറ്റികളേയും ക്ഷണിക്കപ്പെട്ട കലാസ്വാദകരേയും കൊണ്ട് നിറഞ്ഞ ചുവരുകള്‍ക്കുള്ളിലെ തണുപ്പിലും ഇത്തിരി ഭയവിയർപ്പുകളോടെ നില്‍ക്കുമ്പോഴായിരുന്നു മറക്കാനാവാത്ത ആ കാഴ്ച കണ്ണുകളില്‍ ഇരുട്ട് നിറച്ചത്. അതേ, ക്രിക്കറ്റിന്‍റെ ദൈവമെന്ന് എണ്ണിയാലൊടുങ്ങാത്തത്ര വട്ടം ഉരുവിട്ട സച്ചിന്‍ ടെന്‍ഡുല്‍ക്കർ എന്ന മഹാനായ ക്രിക്കറ്റർ ഞാന്‍ വരച്ച ചിത്രങ്ങള്‍ സൂക്ഷ്മമായി വീക്ഷിച്ചുകൊണ്ട് നില്‍ക്കുന്നു. 

Latest Videos

undefined

ചിത്രം- ആർട്ടിസ്റ്റ് രതീഷ് ക്രിക്കറ്റ് ഇതിഹാസം സച്ചിനൊപ്പം മുംബൈയില്‍

നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്‍റർ ഉദ്ഘാടനത്തിന്‍റെ ഭാഗമായി നടക്കുന്ന സംഗം കൺഫ്ലുവൻസ് എന്ന കലാ പ്രദർശനത്തിന്‍റെ ഭാഗമാകാൻ കഴിഞ്ഞതുകൊണ്ടാണ് സച്ചിൻ ടെന്‍ഡുല്‍ക്കറെയും അദേഹത്തിന്‍റെ പത്നിയെയും മകളേയും കാണാനും കുറച്ച് നേരം സംസാരിക്കാനുമുള്ള സുവർണാവസരം ലഭിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച കലാകാരന്മാർ പങ്കെടുക്കുന്ന പ്രദർശനം എന്ന നിലയ്ക്കും വേദി നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്‍റർ ആണെന്ന നിലയ്ക്കും ഏറെ ആകാംക്ഷയോടെയും അത്ഭുതത്തോടെയുമാണ് മുംബൈയില്‍ വിമാനമിറങ്ങിയത്. 

ഇന്ത്യയിലെ ഒട്ടുമിക്ക സെലിബ്രിറ്റികൾക്കും പുറമെ ലോകത്തിലെ പല അതുല്യ കലാകാരന്‍മാരും ഈ ഉദ്ഘാടനത്തിന്‍റേയും കലാപ്രദർശനത്തിന്‍റെയും ഭാഗമായിരുന്നു. സംഗം കണ്‍ഫ്ലുവൻസിൽ പങ്കെടുക്കുന്ന കലാകാരന്മാരുടെയെല്ലാം സൃഷ്ടികള്‍ വീക്ഷിച്ചുകൊണ്ട് വിശിഷ്ടാതിഥികള്‍ അവിടെ നിറഞ്ഞിരിക്കുന്നു. നമ്മുടെ കാലത്തെ ഏറ്റവും മികച്ച കലാകാരന്മാരായി വാഴ്ത്തപ്പെടുന്ന ക്ലമന്‍റെ, ജഫ് കൂൺസ്, ഭാരഥി ഖേർ എന്നിവരോടൊപ്പം സംസാരിച്ച് നിൽക്കുമ്പോഴാണ് തൊട്ടുപിന്നിൽ സച്ചിൻ ടെന്‍ഡുല്‍ക്കർ ഉള്ളത് പിന്നീട് ശ്രദ്ധിച്ചത്. സ്വാഭാവികമായും കലാപ്രദർശനം കണ്ടതുകൊണ്ടാകാം സച്ചിൻ പെട്ടെന്ന് എന്നെ തിരിച്ചറിഞ്ഞു. പ്രദർശനത്തിലെ മറ്റ് കലാകാരന്മാരെല്ലാം സച്ചിന് നേരത്തെ അറിയാവുന്നവരായിരുന്നു. സച്ചിന് അവിടെയുള്ള ഏക അപരിചിതന്‍ ചിലപ്പോള്‍ ഞങ്ങളായിരിക്കും. അദ്ദേഹത്തിന്‍റെ കയ്യിൽ ധാരാളം കലാസൃഷ്ടികളുടെ കളക്ഷൻ ഉണ്ട് എന്ന കാര്യം കേട്ടിട്ടുണ്ട്. നമ്മുടെ കേരളത്തിലെ ഒട്ടുമിക്ക പ്രധാന കലാകാരന്മാരുടെയും ചിത്രങ്ങള്‍ അദ്ദേഹത്തിന്‍റെ ശേഖരത്തിലുണ്ട്. 

'രതീഷ്. ടി', സച്ചിന്‍ പുഞ്ചിരിച്ചുകൊണ്ട് അടുത്തേക്ക് വന്നതും ഹസ്തദാനത്തിന് കൈനീട്ടി സച്ചിന് ഞാന്‍ സ്വയം പരിചയപ്പെടുത്തി. 'ഹായ് രതീഷ്... നിങ്ങളുടെ ചിത്രങ്ങള്‍ കണ്ടു, അവ മനോഹരമായിരിക്കുന്നു, നിങ്ങളൊരു അതുല്യ കലാകാരനാണ്'- തൊട്ടടുത്ത നിമിഷം പുഞ്ചിരിയോടെ വന്ന സച്ചിന്‍റെ വാക്കുകള്‍ എന്ന അമ്പരപ്പിച്ചു. 'സൈലന്‍റ് ഡയലോഗ്' എന്ന എന്‍റെ ചിത്രത്തെ അദേഹം പ്രത്യേകം പ്രശംസിക്കുകയും ചെയ്തതോടെ സന്തോഷം ഇരട്ടിയായി. ആ ചിത്രം കണ്ടപ്പോള്‍ സച്ചിന്‍ തന്‍റെ മകളുടെ(സാറ ടെന്‍ഡുല്‍ക്കർ) കുട്ടിക്കാലം ഓർത്തു എന്ന് പറഞ്ഞു. ആ ചിത്രം അദ്ദേഹത്തിന് വാങ്ങുവാൻ താല്‍പര്യം ഉണ്ടെന്ന് കേട്ടതും എനിക്ക് നിരാശയായി. കാരണം, നിർഭാഗ്യവശാൽ ആ ചിത്രം പാരീസിൽ ഉള്ള മാക്സ് മോഡസ്റ്റി എന്ന ആർട്ട്‌ കളക്ടറുടെ കയ്യിലേക്ക് പോയ കാര്യം സച്ചിനോട് ക്ഷമാരൂപേണേ പറഞ്ഞു. ഒരു പരിഭവവുമില്ലാതെ പുഞ്ചിരിയോടെ അദ്ദേഹം ഓക്കെ പറഞ്ഞു. എങ്കിലും ഇനി ഇത്തരം ചിത്രങ്ങൾ ചെയ്യുമ്പോൾ അറിയിക്കാം എന്ന് പറഞ്ഞാണ് ഞാന്‍ തടിതപ്പിയത്. 

ചിത്രം: സച്ചിനും കുടുംബവും ഹേമമാലിനിക്കൊപ്പം

സച്ചിനുമായുള്ള കൂടിക്കാഴ്ച കലാകാരനും കലാസ്വാദകനും തമ്മിലുള്ള ചർച്ചയ്ക്ക് അപ്പുറം ക്രിക്കറ്റിനെ കുറിച്ച് സംസാരിക്കാനുള്ള വേദിയായി സ്വാഭാവികമായും മാറുമല്ലോ. ഇന്ത്യക്കാർക്ക് സച്ചിന് അങ്ങനെയാണല്ലോ. 'കുട്ടിക്കാലം മുതൽ താങ്കളുടെ ക്രിക്കറ്റ് കണ്ട് ആരാധകനായ ആളാണ് ഞാന്‍, താങ്കള്‍ ഔട്ട്‌ ആകുമ്പോൾ ടിവി ഓഫ് ആക്കുമായിരുന്നു'- എന്ന് ഞാന്‍ പറഞ്ഞതും സച്ചിന്‍ പുഞ്ചിരിയില്‍ നിന്ന് അല്‍പം കടന്ന് പൊട്ടിച്ചിരിച്ചു. പിന്നീട് കുറച്ചുസമയം കൂടി അവർ മൂവരുമായി ഞങ്ങള്‍ സംസാരിച്ചുനിന്നു. സച്ചിനും അഞ്ജലിയും സാറയും യാത്ര പറഞ്ഞ് പോയപ്പോള്‍ 'സൈലന്‍റ് ഡയലോഗിന്' അദ്ദേഹം തന്ന പ്രശംസയേക്കാളേറെ എന്‍റെ മനസില്‍ തെളിഞ്ഞുനിന്നത് മറ്റൊരു കാര്യമായിരുന്നു. 

'ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മഹാനായ താരം ഏറ്റവും സിംപിളായ മനുഷ്യന്‍ കൂടിയാണ്' 

നമ്മൾ പറയുന്ന ഓരോ കാര്യവും ശ്രദ്ധയോടെ ശ്രവിക്കുവാനും തെല്ലുപോലും മടിയില്ലാതെ മറുപടി തരാനും അദ്ദേഹം കാണിക്കുന്ന ആ സിംപിൾസിറ്റിയെ ഞാൻ അത്ഭുതത്തോടെ ഓർത്തു. ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ ഒരാള്‍ ഇത്രയും താഴ്മയുള്ള മനുഷ്യനായിരിക്കുന്നത് എന്നെ സംബന്ധിച്ചെടുത്തോളം അത്ഭുതമാണ്. കാരണം, ഞാന്‍ അകലെ കൊച്ചു കേരളത്തില്‍ നിന്നുള്ള കലാകാരനാണ്, മുംബൈയിലെ സെലിബ്രിറ്റികളില്‍ ആരുമല്ല. നമ്മളെല്ലാം ആ മനുഷ്യനില്‍ നിന്ന് ക്രിക്കറ്റ് മാത്രമല്ല, മനുഷ്യത്വവും പഠിക്കേണ്ടതുണ്ട് എന്ന് തോന്നിയ നിമിഷങ്ങളായിരുന്നു അത്. സച്ചിന്‍ ടെന്‍ഡുല്‍ക്കർക്കും അദ്ദേഹത്തിന്‍റെ കുടുംബത്തോടുമൊപ്പം വിലമതിക്കാനാവാത്ത സമയം ചിലവഴിക്കാൻ കഴിഞ്ഞതില്‍ എനിക്കതിയായ സന്തോഷവും അഭിമാനവുമുണ്ട്. സച്ചിന്‍ മാത്രമല്ല, ഭാര്യ അഞ്ജലിയും മകള്‍ സാറയും ഏറ്റവും അടുത്ത പരിചയക്കാരോട് എന്ന പോലെയാണ് ഞങ്ങളോട് ഇടപെട്ടതും സംസാരിച്ചതും. 

ചിത്രം: സച്ചിനും ഭാര്യ അഞ്ജലിയുമായി രതീഷ് ടി സംസാരിക്കുന്നു

പ്രശസ്തിയുടെ പാരമ്യത്തില്‍ നിൽക്കുമ്പോഴും ഇത്രയും സിംപിൾ ആയി ജീവിക്കാൻ കഴിയുകയെന്നത് എത്ര മഹത്തരം ആണ് എന്ന് ഞാനിപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. അതേ, സച്ചിന് തുല്യം സച്ചിന്‍ മാത്രമേയുള്ളൂ. മൈതാനത്തായാലും ജീവിതത്തിലായാലും. അമ്പതാം പിറന്നാളാഘോഷിക്കുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കർക്ക് എല്ലാവിധ ആശംസകളും. വീണ്ടും കാണാമെന്നും അദേഹത്തിന് ഒരു ചിത്രം നല്‍കാമെന്നുമുള്ള പ്രതീക്ഷിക്കുന്നു... 

Read more: മൈറ്റി ഓസീസിനെതിരായ 117*; സിഡ്‍നിയിലെ സച്ചിനിസം എക്കാലത്തെയും മികച്ച സെഞ്ചുറികളിലൊന്ന്

click me!