Review 2021 : സിഡ്നി ക്ലാസിക്, ഗാബ വണ്ടര്‍, ഓസ്ട്രേലിയന്‍ ഹുങ്കൊടിച്ച ടീം ഇന്ത്യ

By Web Team  |  First Published Dec 20, 2021, 8:13 PM IST

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിന് സാക്ഷ്യം വഹിച്ചായിരുന്നു 2020 അവസാനിച്ചത്. 2020ല്‍ അഡ്‌ലെയ്ഡില്‍ നടന്ന ഡേ നൈറ്റ് ടെസ്റ്റില്‍ ഡിസംബര്‍ 19ന് രണ്ടാം ഇന്നിംഗ്സില്‍ വെറും 36 റണ്‍സിന് ഓള്‍ ഔട്ടായി നാണക്കേടിന്‍റെ പടുകുഴിയിലേക്ക്  വീണുപോയി ഇന്ത്യന്‍ ടീം.


ര്‍ഷാന്ത്യം വിവാദത്തിന്‍റെ പിച്ചിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്നിംഗ്സ് അവസാനിപ്പിക്കുന്നതെങ്കിലും ഒരു ത്രില്ലര്‍ പോലെ നായകനും പ്രതിനായകനും സസ്പെന്‍സും ട്വിസ്റ്റുമെല്ലാം മാറി മാറി വന്ന വര്‍ഷമായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റിന് 2021. ഓസ്ട്രേലിയന്‍ ക്രിക്കറ്റിന്‍റെ താന്‍പോരിമക്കും ധാര്‍ഷ്ഠ്യത്തിനും മുഖമടച്ച് അടികൊടുത്താണ് ഇന്ത്യ 2021 തുടങ്ങിയത്. സിഡ്നി ടെസ്റ്റിലെ വീരോചിത സമനിലയും ഗാബ ടെസ്റ്റിലെ ഐതിഹാസിക വിജയവും ഉള്‍പ്പെട്ട ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര നേട്ടം ഒരു ലോകകപ്പ് വിജയത്തോളം ഇന്ത്യന്‍ ആരാധകര്‍ മതിമറന്ന് ആഘോഷിച്ചു. രാജ്യത്ത് തിരിച്ചെത്തിയ താരങ്ങളെ വീരനായകരെപ്പോലെ സ്വീകരിച്ചു. അതിന് കാരണങ്ങള്‍ പലതായിരുന്നു.

നാണക്കേടില്‍ നിന്നുള്ള ഉയിര്‍പ്പ്

Latest Videos

undefined

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിന് സാക്ഷ്യം വഹിച്ചായിരുന്നു 2020 അവസാനിച്ചത്. 2020ല്‍ അഡ്‌ലെയ്ഡില്‍ നടന്ന ഡേ നൈറ്റ് ടെസ്റ്റില്‍ ഡിസംബര്‍ 19ന് രണ്ടാം ഇന്നിംഗ്സില്‍ വെറും 36 റണ്‍സിന് ഓള്‍ ഔട്ടായി നാണക്കേടിന്‍റെ പടുകുഴിയിലേക്ക്  വീണുപോയി ഇന്ത്യന്‍ ടീം. ആദ്യ ടെസ്റ്റിലെ ദയനീയ തോല്‍വിക്കു പിന്നാലെ പിതൃത്വ അവധിയെടുത്ത് ക്യാപ്റ്റന്‍ വിരാട് കോലി ഇന്ത്യയിലേക്ക് മടങ്ങുകയും മുഹമ്മദ് ഷമിയും ഉമേഷ് യാദവും അടക്കമുള്ള സ്ട്രൈക്ക് ബൗളര്‍മാര്‍ പരിക്കേറ്റ് പുറത്താവുകയും ചെയ്തിട്ടും മെല്‍ബണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍  സെഞ്ചുറിയുമായി മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയിലൂടെ വിജയക്കൊടി നാട്ടി ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ തിരിച്ചുവന്നു.

സിഡ്നിയിലെ ക്ലാസിക് പോരാട്ടം

പിന്നീട് 2021 ജനുവരി ഏഴിന് സിഡ്നിയല്‍ തുടങ്ങിയ മൂന്നാം ടെസ്റ്റ് യുവ ഇന്ത്യയുടെ പോരാട്ടവീര്യത്തിന്‍റെ പേരിലാവും എക്കാലവും ഓര്‍മിക്കപ്പെടുക. സിഡ്നിയില്‍ ടോസ് നേടിയ ഓസീസ് സ്റ്റീവ് സ്മിത്തിന്‍റെ സെഞ്ചുറി കരുത്തില്‍ ആദ്യ ഇന്നിംഗ്സില്‍ നേടിയത് 338 റണ്‍സ്. മറുപടി ബാറ്റിംഗില്‍ ശുഭ്മാന്‍ ഗില്ലും ചേതേശ്വര്‍ പൂജാരയും അര്‍ധസെഞ്ചുറി നേടിയെങ്കിലും ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 244 റണ്‍സിലൊതുങ്ങി. 94 റണ്‍സിന്‍റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഓസീസിനായി രണ്ടാം ഇന്നിംഗ്സില്‍ മാര്‍നസ് ലാബുഷെയ്നും സ്റ്റീവ് സ്മിത്തും തകര്‍ത്തടിച്ചതോടെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സെടുത്ത് ഓസ്ട്രേലിയ ഇന്ത്യക്ക് 407 റണ്‍സിന്‍റെ വിജയലക്ഷ്യം മുന്നോട്ടുവെച്ചു. തങ്ങളുടെ ഏറ്റവും മികച്ച ബാറ്ററും ക്യാപ്റ്റനുമായ വിരാട് കോലിയുടെ അഭാവത്തില്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ ലക്ഷ്യം അടിച്ചെടുക്കുക എന്നത് അസാധ്യമായിരുന്നു.

ഇതിനിടെ ബാറ്റിംഗിനിടെ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് പരിക്കേറ്റത് ഇന്ത്യക്ക് കൂനിന്‍മേല്‍ കുരുവായി. വിരലിന് പൊട്ടലുള്ളതിനാല്‍ ജഡേജ രണ്ടാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യാനുള്ള സാധ്യത വിരളമായിരുന്നു. നാലാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യക്ക് രോഹിത് ശര്‍മയുടെയും ശുഭ്മാന്‍ ഗില്ലിന്‍റെയും വിക്കറ്റുകള്‍ നഷ്ടമാവുകയും ചെയ്തു. അവസാന ദിവസം ഒരു ബാറ്ററുടെ കുറവുണ്ടായിട്ടും ഓസീസ് പേസാക്രമണത്തിനെതിരെ 97 ഓവര്‍ പിടിച്ചു നില്‍ക്കുക എന്നത് അസാധ്യമെന്നായിരുന്നു കടുത്ത ഇന്ത്യന്‍ ആരാധകര്‍ പോലും കരുതിയത്. അവസാന ദിവസം തുടക്കത്തിലെ ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ നാലു റണ്ണെടുത്ത് മടങ്ങുകകൂടി ചെയ്തതോടെ 102-3 എന്ന സ്കോറില്‍ പതറിയ ഇന്ത്യ തോല്‍വി ഉറപ്പിച്ചു.

എന്നാല്‍ അവിടെ നിന്ന് പോരാട്ടം ഏറ്റെടുത്ത റിഷഭ് പന്തും ചേതേശ്വര്‍ പൂജാരയും ചേര്‍ന്ന് 148 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇന്ത്യക്ക് വിജയം പോലും അപ്രാപ്യമല്ലെന്ന ഘട്ടത്തിലെത്തിച്ചു. മിന്നലാക്രമണവുമായി 118 പന്തില്‍ 97 റണ്‍സെടുത്ത റിഷഭ് പന്തിനെ ലിയോണും 205 പന്തില്‍ 77 റണ്‍സടിച്ച പൂജാരയെ ഹേസല്‍വുഡും വീഴ്ത്തിയതോടെ 272-5ലേക്ക് ഇന്ത്യ വീണതോടെ ഓസീസ് അവസാന സെഷനില്‍ വിജയം ഉറപ്പിച്ചു.

അശ്വിന്‍മേധം

ജഡേജക്ക് പരിക്കേറ്റതിനാല്‍ ഏഴാം നമ്പറില്‍ അശ്വിനാണ് ക്രീസിലെത്തിയത്. പുറംവേദന കാരണം തലേദിവസം നിലത്ത് കിടന്നുരുളുകയായിരുന്നുവെന്ന് മത്സരശേഷം പറഞ്ഞ അശ്വിന്‍ തുടയിലേറ്റ പരിക്കിനെത്തുടര്‍ന്ന് നടക്കാന്‍ പോലും ബുദ്ധിമുട്ടിയ വിഹാരിയും വേദന സംഹാരികളുടെ സഹായത്തോടെ ക്രീസില്‍ പാറപോലെ ഉറച്ചു നിന്നു. ഓസീസ് ബൗളര്‍മാര്‍ പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും  42.4 ഓവര്‍ പ്രതിരോധിച്ചു നിന്ന അശ്വിനും വിഹാരിയും ചേര്‍ന്ന് സിഡ്നിയില്‍ ഇന്ത്യക്ക് സമ്മാനിച്ച സമനിലക്ക് ഏത് മഹത്തായ വിജയത്തോളം വലിപ്പമുണ്ടായിരുന്നു. തിരിച്ചടികളും പരിക്കും എല്ലാം വലച്ചിട്ടും ഇന്ത്യ നേടിയ സമനിലയെ ക്ലാസിക് എന്നല്ലാതെ മറ്റൊരു വാക്കുകൊണ്ട് വിശേഷിപ്പിക്കാനാവില്ല. പരമ്പരയില്‍ മുന്നിലത്താനുള്ള ഓസീസിന്‍റെ അവസരം പ്രതിരോധിച്ചു നിര്‍ത്തിയതിനൊപ്പം ഗാബയിലെ അവസാന പോരാട്ടത്തിനുള്ള ഉത്തേജകം കൂടിയായിരുന്നു ഇന്ത്യക്ക് സിഡ്നിയിലെ സമനില.

ഗാബയിലെ അത്ഭുതം

സിഡ്നി ടെസ്റ്റില്‍ ഇന്ത്യയുടെ ഡ്രസ്സിംഗ് റൂം ശരിക്കും ആശുപത്രി വാര്‍ഡ് പോലെ പരിക്കേറ്റ താരങ്ങളക്കൊണ്ട് നിറഞ്ഞിരുന്നുവെന്ന് പകുതി തമാശയായും പകുതി കാര്യമായും പറഞ്ഞത് ആര്‍ അശ്വിനായിരുന്നു. സിഡ്നി ടെസ്റ്റിന്‍റെ മൂന്നാം ദിനം വിരലിന് പരിക്കേറ്റ രവീന്ദ്ര ജഡേജ, സിഡ്നി ടെസ്റ്റിനിടെ  പുറംവേദനമൂലം പന്തെറിയാന്‍ ബുദ്ധിമുട്ടിയ ആര്‍ അശ്വിന്‍, തുടയിലേറ്റ  പരിക്കുമൂലം നടക്കാന്‍ പോലും ബുദ്ധിമുട്ടിയിട്ടും അശ്വിനൊപ്പം ക്രീസില്‍ നിന്ന ഹനുമാ വിഹാരി, സിഡ്നി ടെസ്റ്റിനിടെ പരിക്കേറ്റ ജസ്പ്രീത് ബുമ്ര, ആദ്യ ടെസ്റ്റില്‍ പരിക്കേറ്റ് രണ്ടാം ടെസ്റ്റില്‍ പുറത്തായ ഉമേഷ് യാദവ്, ആദ്യ ടെസ്റ്റിനിടെ കമിന്‍സിന്‍റെ ബൗണ്‍സര്‍ കൊണ്ട് പരിക്കേറ്റ മുഹമ്മദ് ഷമി, പരിശീലനത്തിനിടെ പരിക്കേറ്റ കെ എല്‍ രാഹുല്‍ അങ്ങനെ പരിക്കേറ്റ് പുറത്തായവരുടെ നിര നീണ്ടതായിരുന്നു.

സിഡ്നി ടെസ്റ്റിനുശേഷം ഗാബയിലെ അവസാന ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനില്‍ ആരൊക്കെയുണ്ടാകുമെന്ന് അശ്വിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി തന്നെ രസകരമായിരുന്നു. ഗാബയില്‍ ഡ്രസ്സിംഗ് റൂമിലെത്തി ക്യാപ്റ്റന്‍ രഹാനെ വിളിച്ച് ചോദിക്കും, ആര്‍ക്കൊക്കെ കളിക്കാനാവുമെന്ന്. 11 പേരെ തികക്കാനായാല്‍ കളിക്കാനിറങ്ങാം എന്ന്. 11 പേരെ തികക്കാന്‍ പാടുപെടുന്ന ഇന്ത്യ അതുകൊണ്ടുതന്നെ ഓസീസ് കോട്ടയായ ഗാബയില്‍ കളിക്കാന്‍ പോകില്ലെന്ന പ്രചാരണമുണ്ടായിരുന്നു. ഓസീസ് വിക്കറ്റ് കീപ്പറും ബാറ്ററുായിരുന്ന ടിം പെയ്ന്‍ അശ്വിനോട് അത് ചോദിക്കുകയും ചെയ്തു. ഗാബയില്‍ 32 വര്‍ഷമായി തോറ്റിട്ടില്ലെന്ന ഓസീസ് റെക്കോര്‍ഡ് കണ്ട് പേടിച്ചിട്ടാണോ കളിക്കാനിറങ്ങാത്തത് എന്ന്.

ഗാബയില്‍ വന്നു, കണ്ടു, കീഴടക്കി

സിഡ്നി ടെസ്റ്റ് ക്ലാസിക് പോരാട്ടമായിരുന്നെങ്കില്‍ ഗാബയില്‍ കണ്ടത് അത്ഭുതമായിരുന്നു. ഗാബയില്‍ അശ്വിന്‍റെയും ജഡേജയുടെയും ബുമ്രയുടെയും വിഹാരിയുടെയും എല്ലാം അഭാവത്തില്‍ 11 കളിക്കാരെ തികക്കാന്‍ പാടുപെട്ട ഇന്ത്യ ടി20 സ്പെഷലിസ്റ്റുകളായ ടി നടരാജനെയും വാഷിംഗ്ടണ്‍ സുന്ദറയെും ഷര്‍ദ്ദുല്‍ ഠാക്കൂറിനെയും പ്ലേയിംഗ് ഇലവനില്‍ ഇടം നല്‍കിയാണ് ടെസ്റ്റിനിറങ്ങിയത്. പതിവുപോലെ ടോസ് നേടിയ ഓസീസ് ആദ്യം ബാറ്റ് ചെയ്തു. ലാബുഷെയ്ന്‍റെ സെഞ്ചുറി കരുത്തില്‍ ഒന്നാം ഇന്നിംഗ്സില്‍ 369 റണ്‍സ് അടിച്ചു. മറുപടി ബാറ്റിംഗില്‍ 186-6 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ വാഷിംഗ്ടണ്‍ സുന്ദറും ഷര്‍ദ്ദുല്‍ ഠാക്കൂറും ചേര്‍ന്ന് അപ്രതീക്ഷിച ചെറുത്തുനില്‍പ്പിലൂടെ 309ല്‍ എത്തിച്ചു. 67 റണ്‍സെടുത്ത ഠാക്കൂറിന്‍റെയും 62 റണ്‍സെടുത്ത സുന്ദറിന്‍റെയും പ്രകടം ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി. ഓസീസിന് വമ്പന്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് നല്‍കാതെ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 336 റണ്‍സടിച്ചു.

രണ്ടാം ഇന്നിംഗ്സില്‍ ഓസീസ് 298 റണ്‍സിന് ഓള്‍ ഔട്ടായതോടെ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 327 റണ്‍സ്. അഞ്ച് വിക്കറ്റെടുത്ത മുഹമ്മദ് സിറാജ് ഓസ്ട്രേലിയന്‍ കാണികളില്‍ നിന്ന് നേരിട്ട വംശീയ അധിക്ഷേപത്തിന് പന്തുകൊണ്ട് മറുപടി നല്‍കി. നാലു വിക്കറ്റുമായി ഷര്‍ദ്ദുല്‍ ഠാക്കൂര്‍ ഇന്ത്യയുടെ പുതിയ ഓള്‍ റൗണ്ട് പ്രതീക്ഷയായി. 327 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് തുടക്കത്തിലെ രോഹിത് ശര്‍മയെ നഷ്ടമായതോടെ പ്രതീക്ഷ മങ്ങി. എന്നാല്‍ ശുഭ്മാന്‍ ഗില്‍(91), ചേതേശ്വര്‍ പൂജാര(56) റിഷഭ് പന്ത്(89), വാഷിംഗ്ടണ്‍ സുന്ദര്‍(22) എന്നിവരുടെ പോരാട്ടം ഇന്ത്യയെ ഗാബയില്‍ അസാധ്യമെന്ന് കരുതിയ അത്ഭുത വിജയത്തിലേക്ക് നയിച്ചു.

സിഡ്നി ടെസ്റ്റ് സമനിലയാക്കാന്‍ ചേതേശ്വര്‍ പൂജാരയെന്ന ഇന്ത്യന്‍ വന്‍മതില്‍ ശരീരത്തിലേറ്റുവാങ്ങിയ ബൗണ്‍സറുകള്‍, വേദന കടിച്ചമര്‍ത്തി ബാറ്റ് പിടിച്ച അശ്വിനും വിഹാരിയും വിരലൊടിഞ്ഞിട്ടും ബാറ്റ് ചെയ്യാന്‍ തയാറായി പാഡണിഞ്ഞ് നിന്ന ജഡേജ, അധിക്ഷേപത്തിനും പരിഹാസത്തിനും പന്തുകൊണ്ട് മറുപടി നല്‍കിയ മുഹമ്മദ് സിറാജ്, തട്ടുപൊളിപ്പന്‍ ബാറ്ററില്‍ നിന്ന് എതിരാളികള്‍ പേടിക്കുന്ന ബാറ്ററായി മാറിയ റിഷഭ് പന്ത്, അഡ്‌ലെയ്ഡിലെ നാണക്കേട് മായ്ച്ച് മെല്‍ബണില്‍ സെഞ്ചുറിയുമായി മുന്നില്‍ നിന്ന് പടനയിച്ച ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ, ചോരത്തിളപ്പിന്‍റെ പര്യായമായി നിര്‍ഭയം ബാറ്റ് വീശിയ ശുഭ്മമാന്‍ ഗില്‍, ടി20 സ്പെഷലിസ്റ്റുകളെന്ന ലേബല്‍ വലിച്ചെറിഞ്ഞ് അവസാന ടെസ്റ്റില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങിയ ഷര്‍ദ്ദുല്‍ ഠാക്കൂറും വാഷിംഗ്ടണ്‍ സുന്ദറും ടി നടരാജനും അങ്ങനെ ഇന്ത്യക്ക് നിരവധി നായകന്‍മാരുണ്ടായിരുന്നു ഈ പരമ്പരയില്‍. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ തലവരതന്നെ മാറ്റിയ പോരാട്ടത്തോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് 2021ലേക്ക് കാലെടുത്തുവെച്ചത്.

click me!