യൂറോപ്യൻ ഫുട്ബോളിലെ പുത്തൻ വിസ്മയമായ എർലിംഗ് ഹാലൻഡിനെയും അജന്റൈൻ സെൻസേഷൻ ജൂലിയൻ അൽവാരസിനെയും ടീമിലെത്തിച്ചാണ് സിറ്റിയും ഗാർഡിയോളയും വരുന്നത്
മാഞ്ചസ്റ്റര്‍: ഞായറാഴ്ച അസാധാരണ കാഴ്ചകൾക്കാണ് ഇത്തിഹാദ് സ്റ്റേഡിയം(Etihad Stadium) സാക്ഷ്യം വഹിച്ചത്. അവിശ്വസനീയ തിരിച്ചുവരവിലൂടെ മാഞ്ചസ്റ്റർ സിറ്റി(Man City) പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയപ്പോൾ വിജയാവേശത്തിൽ ആരാധകർ കളിത്തട്ട് നീലക്കടലാക്കി. പ്രിയതാരങ്ങൾക്ക് അടുത്തേക്ക് ഇരച്ചെത്തിയ ആരാധകർ വിജയലഹരിയിൽ ഗോൾപോസ്റ്റ് പോലും തകർത്തു. അവസാന നിമിഷംവരെ നിഴൽപോലെ ഒപ്പമുണ്ടായിരുന്ന ലിവർപൂളിനെ(Liverpool FC) ഒറ്റപോയിന്റിന് കീഴടക്കിയതിന്റെ ആവേശത്തിൽ സിറ്റി ആരാധകർ മതിമറന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. അത്രത്തോളം ഉദ്വേഗജനകമായിരുന്നു ഇത്തവണത്തെ പ്രീമിയർ ലീഗ്(EPL 2021-22) സീസൺ...സനില്‍ ഷാ എഴുതുന്നു
undefined
ആസ്റ്റൻ വില്ലയ്ക്കെതിരായ അവസാന മത്സരത്തിൽ രണ്ടുഗോളിന് പിന്നിലായപ്പോൾ ഇത്തിഹാദ് നിശബ്ദമായി. ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ 90 മിനിറ്റ് പിന്നിടുമ്പോഴും രണ്ട് ഗോൾ ലീഡുണ്ടായിട്ടും തോൽവി നേരിട്ട ദുരന്തം ആവർത്തിക്കുമോയെന്ന് സംശയിച്ചു. എന്നാൽ പെപ് ഗാർഡിയോളയുടെ കൈയിൽ ഇതിനെ അതിജീവിക്കാനുളള തന്ത്രങ്ങളുണ്ടായിരുന്നു. അഞ്ച് മിനിറ്റിനിടെ മൂന്ന് ഗോൾ തിരിച്ചടിച്ചാണ് സിറ്റ് കിരീടം നിലനിർത്തിയത്. ലോംഗ് വിസിൽ മുഴങ്ങിയപ്പോൾ ഗാർഡിയോളയുടെ ആഹ്‌ളാദപ്രകടനം എല്ലാം പറയാതെ പറയുന്നുണ്ടായിരുന്നു.
പെനാൽറ്റി ബോക്സിൽ ഉന്നംപിഴയ്ക്കാത്തൊരു സ്ട്രൈക്കർ ഏതൊരു ടീമിന്റെ അവിഭാജ്യ ഘടകമാണ്. സെർജിയോ അഗ്യൂറോ ടീം വിട്ടതിനാൽ കൃത്യമായൊരു സ്ട്രൈക്കറില്ലാതെയാണ് സിറ്റി ഈ സീസൺ മുഴുവൻ കളിച്ചത്. ടോട്ടനം നായകൻ ഹാരി കെയ്നെ ടീമിലെത്തിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടതായിരുന്നു ഈ അഭാവത്തിന് കാരണം. എന്നിട്ടും സിറ്റി ഗോളടിച്ചകൂട്ടി. എതിരാളികളുടെ വലയിൽ പന്തെത്തിച്ചത് 99 തവണ. വഴങ്ങിയത് 26 ഗോൾ മാത്രവും. സീസണിൽ തോൽവിയറിഞ്ഞത് മൂന്ന് കളിയിൽ മാത്രം. ആകെയുള്ള മുപ്പത്തിയെട്ട് കളിയിൽ ഇരുപത്തിയൊൻപതിലും ജയിച്ചു. ആറ് സമനില.
ഗാർഡിയോളയ്ക്ക് കീഴിൽ സിറ്റി ആകെ 228 മത്സരങ്ങളിലാണ് കളിച്ചത്. ഇതിൽ 169ലും ജയം. സമനില 29. തോൽവി 30. സിറ്റി 565 ഗോൾ അടിച്ചുകൂട്ടിയപ്പോൾ വഴങ്ങിയത് 182 ഗോൾ. ആകെ സ്വന്തമാക്കിയത് 536 പോയിന്റും. സാക്ഷാൽ സർ അലക്സ് ഫെർഗ്യൂസനെയും, ആർസൻ വെംഗറേയും, ഹൊസേ മോറീഞ്ഞോയെയും സമകാലികനായ യുർഗൻ ക്ലോപ്പിനെയുമെല്ലാം മറികടന്നാണ് പെപ്പിന്റെ ജൈത്രയാത്ര.
പ്രീമിയർ ലീഗിന്റെ മുഖച്ഛായ മാറ്റിയാണ് പെപ്പും സിറ്റിയും കിരീടങ്ങൾ സ്വന്തമാക്കുന്നത്. നിരന്തരം ആക്രമണം. വലനിറയെ ഗോളുകൾ. ഇതാണ് ഗാർഡിയോളയുടെ ശൈലി. ഈ ശൈലി ഇംഗ്ലീഷ് ഫുട്ബോളിൽ വിജയിക്കുമോയെന്ന് പലർക്കും സംശയമുണ്ടായിരുന്നു. എന്നാൽ ഗാർഡിയോളയ്ക്ക് സംശയമൊന്നുമില്ലായിരുന്നു. എതിരാളികൾക്കുമേൽ വ്യക്തമായ ആധിപത്യം സ്ഥാപിക്കുന്ന സിറ്റി 155,639 പാസുകളാണ് ആകെ കൈമാറിയത്. രണ്ടാം സ്ഥാനത്തുള്ള ടീമിനെക്കാൾ പതിനയ്യായിരം പാസുകൾ കൂടുതൽ. സിറ്റി താരങ്ങൾ എതിർപോസ്റ്റിലേക്ക് ഷോട്ടുതിർത്തത് 4038 തവണ. ഇതിൽ 565 ഷോട്ടുകൾ ലക്ഷ്യത്തിലെത്തി. പോസ്റ്റിൽ തട്ടിത്തെറിച്ച 135 ഷോട്ടുകൾകൂടി ചേരുമ്പോൾ സിറ്റി ആക്രമണത്തിന്‍റെ മൂർച്ചയും വീര്യവും വ്യക്തം.
അടുത്ത സീസണിൽ സിറ്റിയെ എതിരാളികൾ കൂടുതൽ ഭയപ്പെടണം. യൂറോപ്യൻ ഫുട്ബോളിലെ പുത്തൻ വിസ്മയമായ എർലിംഗ് ഹാലൻഡിനെയും അജന്റൈൻ സെൻസേഷൻ ജൂലിയൻ അൽവാരസിനെയും ടീമിലെത്തിച്ചാണ് സിറ്റിയും ഗാർഡിയോളയും വരുന്നത്. സ്വപ്നമായി അവശേഷിക്കുന്ന ചാമ്പ്യൻസ് ലീഗ് കിരീടം കൂടി ഇത്തിഹാദിൽ എത്തിക്കുകയാണ് ഗാർഡിയോളയുടെ ലക്ഷ്യം.
IPL 2022 : ഗുജറാത്ത് ടൈറ്റന്‍സ്-രാജസ്ഥാന്‍ റോയല്‍സ് സൂപ്പര്‍പോരാട്ടം; ആവേശം മഴ കവരുമോ?