പത്തൊമ്പതാമത്തെ വയസ്സുവരെ ഞാൻ ചെരിപ്പിട്ടാണ് ക്രിക്കറ്റ് കളിച്ചത്. ഷൂ വാങ്ങാനുള്ള പണം എന്‍റെ കൈവശം ഇല്ലായിരുന്നു. അത്ലീറ്റിന്‍റെ ബൂട്ട് ആദ്യമായി അണിഞ്ഞപ്പോൾ ഞാൻ ആകെ പകച്ചിരുന്നു. ഷൂസിന്‍റെ കീഴ്ഭാഗത്ത് ഇത്രയേറെ ആണികൾ എന്തിനാണ് എന്നായിരുന്നു എന്‍റെ ചിന്ത...!''
ഏഷ്യാ കപ്പ് ഫൈനലിലെ പ്ലെയർ ഓഫ് ദ മാച്ച് എന്ന നിലയിൽ തനിക്ക് ലഭിച്ച സമ്മാനത്തുക ശ്രീലങ്കയിലെ ഗ്രൗണ്ട് സ്റ്റാഫിന് നൽകുമെന്ന് ഇന്ത്യൻ പേസർ മൊഹമ്മദ് സിറാജ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇങ്ങനെയൊരു സംഭവം ഇതിനുമുമ്പ് ക്രിക്കറ്റിൽ നടന്നിട്ടില്ല എന്നാണ് തോന്നുന്നത്. ഒരിക്കലും അർഹിക്കുന്ന അംഗീകാരം കിട്ടാത്ത സാധുക്കളാണ് ക്രിക്കറ്റ് മൈതാനങ്ങളിലെ തൊഴിലാളികൾ. അവരുടെ വേദനകൾ സിറാജിന് തിരിച്ചറിയാൻ സാധിക്കും. സിറാജ് അവരിലൊരാളാണ്.
ഒരു അഭിമുഖത്തിൽ സിറാജ് തന്‍റെ ബാല്യകാലത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്-''പത്തൊമ്പതാമത്തെ വയസ്സുവരെ ഞാൻ ചെരിപ്പിട്ടാണ് ക്രിക്കറ്റ് കളിച്ചത്. ഷൂ വാങ്ങാനുള്ള പണം എന്‍റെ കൈവശം ഇല്ലായിരുന്നു. അത്ലറ്റിന്‍റെ ബൂട്ട് ആദ്യമായി അണിഞ്ഞപ്പോൾ ഞാൻ ആകെ പകച്ചിരുന്നു. ഷൂസിന്‍റെ കീഴ്ഭാഗത്ത് ഇത്രയേറെ ആണികൾ എന്തിനാണ് എന്നായിരുന്നു എന്‍റെ ചിന്ത...!''
undefined
ഒരു ഓട്ടോറിക്ഷാ ഡ്രൈവറുടെ മകനായിരുന്നു സിറാജ്. ചെറിയ വാടകവീട്ടിൽ താമസിച്ച് ടെന്നീസ് ബോൾ ക്രിക്കറ്റ് കളിച്ച് വളർന്നവൻ. രഞ്ജി ടീമിലെ സഹതാരങ്ങൾ വിലകൂടിയ കാറുകളിൽ പരിശീലനത്തിനെത്തുമ്പോൾ സിറാജ് ഒരു പഴഞ്ചൻ സ്കൂട്ടറിലാണ് സഞ്ചരിച്ചിരുന്നത്. തള്ളിയാൽ മാത്രം സ്റ്റാർട്ടാവുന്ന,മോശം അവസ്ഥയിലുള്ള സ്കൂട്ടർ!. സിറാജിന് ജീവിതത്തിൽ ഒരേയൊരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. നല്ലൊരു വീട് വെയ്ക്കണം.മാതാപിതാക്കൾ അവിടെ സസുഖം ജീവിക്കണം.
ഏഷ്യാകപ്പിന്‍റെ സമ്മാനവേദിയിൽ നിന്നപ്പോൾ തന്‍റെ ഭൂതകാലം സിറാജിന് ഓർമ്മവന്നിട്ടുണ്ടാവണം.അങ്ങനെയുള്ള സിറാജ് പലപ്പോഴും ചെരിപ്പ് പോലും ഇടാതെ ജോലി ചെയ്യുന്ന ഗ്രൗണ്ട് സ്റ്റാഫിനെ ചേർത്തുപിടിക്കാതിരിക്കുമോ!? ലോകവും വിധിയും സിറാജിനോട് ഒരിക്കലും നീതി കാട്ടിയിട്ടില്ല. ഐ.പി.എല്ലിൽ മോശം പ്രകടനങ്ങൾ വന്നപ്പോൾ നമ്മൾ അയാളെ 'ചെണ്ട സിറാജ്' എന്ന് പരിഹസിച്ചു. ആഭ്യന്തര ക്രിക്കറ്റിലെ സിറാജിന്‍റെ റെക്കോർഡുകൾ അത്യാകർഷകമായിരുന്നു എന്ന വസ്തുത ആരും ശ്രദ്ധിച്ചില്ല.
2020-ലെ ഓസ്ട്രേലിയൻ പര്യടനത്തിന്‍റെ സമയത്താണ് സിറാജിന്‍റെ പിതാവായ മുഹമ്മദ് ഗൗസ് അന്തരിച്ചത്. കോവിഡ് ബാധയുടെ സമയമായിരുന്നതിനാൽ സിറാജിന് നാട്ടിലേക്ക് മടങ്ങാനോ ബാപ്പയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കുചേരാനോ സാധിച്ചില്ല. സിറാജിനെ ഒന്ന് ചേർത്തുപിടിച്ച് ആശ്വസിപ്പിക്കാൻ സഹതാരങ്ങൾക്കുപോലും കഴിഞ്ഞിരുന്നില്ല. കാരണം, ഇന്ത്യൻ ടീം അംഗങ്ങൾ കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ ക്രിക്കറ്റ് ഓസ്ട്രേലിയ ഹോട്ടൽ മുറിയ്ക്കുമുമ്പിൽ കാവൽക്കാരെ ഏർപ്പാടാക്കിയിരുന്നു.
ആ സമയത്ത് സിറാജ് പലതവണ തനിച്ചിരുന്ന് കരഞ്ഞിട്ടുണ്ട്. പിതാവ് മരിച്ച വേദനയെ കടിച്ചമർത്തി കളിക്കാനിറങ്ങിയ അയാളെ ചില ഓസ്ട്രേലിയൻ കാണികൾ വംശീയമായി അധിക്ഷേപിക്കുകയും ചെയ്തു. മുഖത്തുനോക്കി 'കുരങ്ങൻ' എന്നുപോലും വിളിച്ചു!എല്ലാറ്റിനുമുള്ള മറുപടി സിറാജ് പന്തുകൊണ്ടാണ് കൊടുത്തത്. ടെസ്റ്റ് സീരീസിൽ ഇന്ത്യ കംഗാരുപ്പടയെ 2-1 എന്ന മാർജിനിൽ പരാജയപ്പെടുത്തിയപ്പോൾ ലീഡിങ്ങ് വിക്കറ്റ് ടേക്കർ ആയത് സിറാജായിരുന്നു. വിജയശ്രീലാളിതനായി നാട്ടിൽ മടങ്ങിയെത്തിയ സിറാജ് നേരെ പോയത് ബാപ്പയുടെ ഖബറിലേയ്ക്കായിരുന്നു. അവിടെ അയാൾ കൈകൂപ്പി പറഞ്ഞു-''ഞാൻ ഇന്ത്യയ്ക്കുവേണ്ടി കളിക്കണം എന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് നിങ്ങളാണ്. ആ സ്വപ്നം ഞാൻ യാഥാർത്ഥ്യമാക്കിയിരിക്കുന്നു...!!''
സിറാജിന്‍റെ ജീവിതത്തിൽ നിന്ന് പലതും പഠിക്കാം. അയാൾ തോറ്റുപോയവരുടെ പ്രതിനിധിയാണ്. തോൽവിയിൽ നിന്ന് ജീവിച്ച് വിജയിക്കാനുള്ള പ്രചോദനമാണ്...!! പണ്ട് ഷാർജയിൽ വെച്ച് ശ്രീലങ്ക ഇന്ത്യയെ കേവലം 54 റണ്ണുകൾക്ക് എറിഞ്ഞിട്ടിരുന്നു. പിന്നീട് നടന്നൊരു ഏഷ്യാകപ്പ് ഫൈനലിൽ അജാന്ത മെൻഡിസ് ആറുവിക്കറ്റുകൾ വീഴ്ത്തി ഇന്ത്യയെ നാണം കെടുത്തി. ആ രണ്ട് കണക്കുകളും സിറാജ് ഒറ്റയ്ക്ക് വീട്ടിയിരിക്കുന്നു. അതിന് അയാൾക്ക് വേണ്ടിവന്നത് കേവലം 15 ഡെലിവെറികളാണ്!!
ബാപ്പ കൊടുത്ത 70 രൂപയും കൊണ്ട് ക്രിക്കറ്റ് ഗ്രൗണ്ടിലേയ്ക്ക് പാഞ്ഞ പയ്യനായിരുന്നു സിറാജ്. അയാൾ ഇന്ന് ശ്രീലങ്കയിലെ ഗ്രൗണ്ട് സ്റ്റാഫിന് ലക്ഷങ്ങൾ നൽകുന്നു. അത് വല്ലാത്തൊരു കഥയാണ്...!സിറാജിന് ഇനി സന്തോഷപൂർവ്വം ബാപ്പയെ കാണാൻ പോകാം. ആ ഖബറിനുമുമ്പിൽ വെച്ച് തല ഉയർത്തിപ്പറയാം-''നന്നായി കളിക്കണമെന്നും ഇന്ത്യയുടെ അഭിമാനമാവണമെന്നും നിങ്ങൾ എന്നും എന്നോട് പറയാറില്ലേ? ഇപ്പോൾ ഈ രാജ്യം എന്നെക്കുറിച്ചോർത്ത് അഭിമാനിക്കുകയാണ് ബാപ്പാ....!''
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക