പ്രഥമ ടി20 ലോകകപ്പ് മധുരത്തിന് 12 വയസ്; ഓര്‍മ്മകള്‍ പങ്കുവെച്ച് റോബിന്‍ ഉത്തപ്പ

By Web Team  |  First Published Sep 24, 2019, 10:32 AM IST

പ്രഥമ ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയിട്ട് സെപ്റ്റംബര്‍ 24ന് 12 വര്‍ഷം തികയുന്നു. 2007ല്‍ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിന്‍റെ ഫൈനലില്‍ പാകിസ്ഥാനെ അഞ്ച് റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്


ബെംഗളൂരു: 'ഇന്‍ ദി എയര്‍, ശ്രീശാന്ത് ടേക്‌സ് ഇറ്റ്, ഇന്ത്യ വിന്‍'. ജൊഗീന്ദര്‍ ശര്‍മ്മയുടെ മീഡിയം പേസില്‍ പാക്കിസ്ഥാന്‍ താരം മിസ്‌ബാ ഉള്‍ ഹഖിന്‍റെ സ്‌കൂപ്പ് മലയാളി താരം എസ് ശ്രീശാന്തിന്‍റെ കൈകളിലെത്തിയപ്പോള്‍ കമന്‍ററി ബോക്‌സില്‍ ആര്‍പ്പുവിളിയുയര്‍ന്നു. അങ്ങനെ പ്രഥമ ടി20 ലോകകപ്പ് കിരീടം ദക്ഷിണാഫ്രിക്കയില്‍ നിന്ന് കടല്‍ കടന്ന് ഇന്ത്യയിലെത്തി. 

Latest Videos

undefined

പ്രഥമ ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയിട്ട് സെപ്റ്റംബര്‍ 24ന് 12 വര്‍ഷം തികയുന്നു. 2007ല്‍ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിന്‍റെ ഫൈനലില്‍ പാകിസ്ഥാനെ അഞ്ച് റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. ടൂര്‍ണമെന്‍റില്‍ ഇന്ത്യക്കായി തിളങ്ങിയ റോബിന്‍ ഉത്തപ്പ നിലവില്‍ കേരള നായകനാണ്. വിജയ് ഹസാരേ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് കേരളം തയ്യാറെടുക്കവെ അന്നത്തെ ലോകകപ്പ് ഓര്‍മ്മകള്‍ ഉത്തപ്പ പങ്കുവയ്ക്കുന്നു.

ടി20 ലോകകപ്പ് ജയം വലിയ സംഭവമാണെന്ന് അന്ന് അറിയില്ലായിരുന്നു. തിരിച്ച് ഇന്ത്യയിലെത്തിയപ്പോഴാണ് വിജയത്തിന്‍റെ പ്രാധാന്യം വ്യക്തമായത്. എല്ലാ താരങ്ങളും തമ്മില്‍ വലിയവിശ്വാസവും ഒത്തൊരുമയുമുണ്ടായിരുന്നു. അതാണ് വിജയത്തിലേക്ക് നയിച്ച ഘടകം. ആദ്യ ലോകകപ്പായതിനാല്‍ പ്രതീക്ഷയുടെ ഭാരമൊന്നുമില്ലായിരുന്നു. സ്വതന്ത്ര്യമായി താരങ്ങള്‍ക്ക് കളിക്കാനായി. പാക്കിസ്ഥാനെതിരായ ബൗള്‍ഔട്ട് ശ്രദ്ധേയമായതായും ഉത്തപ്പ പറഞ്ഞു.  

ക്രീസ് വിട്ടിറങ്ങി നടന്നുള്ള ഉത്തപ്പയുടെ സിക്‌സറുകളായിരുന്നു ലോകകപ്പിലെ മറ്റൊരു പ്രത്യേകത. 'വോക്കിംഗ് അസാനിന്‍' എന്ന ഓമനപ്പേര് തനിക്കുനല്‍കിയ ആ ഷോട്ടുകളെക്കുറിച്ച് ഉത്തപ്പയുടെ ഓര്‍മ്മകളിങ്ങനെ. ലോകകപ്പിന് മുന്‍പ് ഇംഗ്ലണ്ട് പര്യടനത്തില്‍ ആദ്യ അഞ്ച് മത്സരങ്ങളിലും കളിക്കാനുള്ള അവസരം ലഭിച്ചില്ല. അതിനാല്‍ വളരെയധികം സമയം നെറ്റ് പ്രാക്‌ടീസ് ലഭിച്ചു. അങ്ങനെ നടത്തിയ ശ്രമമാണ് ലോകകപ്പിലെ ത്രസിപ്പിക്കുന്ന ഷോട്ടായി മാറിയതെന്നും ഉത്തപ്പ പറഞ്ഞു.  

ജൊഹന്നസ്‌ബര്‍ഗില്‍ പാക്കിസ്ഥാനെ കീഴടക്കി ഇന്ത്യ കപ്പുയർത്തുമ്പോള്‍ ഇര്‍ഫാന്‍ പത്താനായിരുന്നു കളിയിലെ താരം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 157 റണ്‍സെടുത്തു. 75 റണ്‍സെടുത്ത ഓപ്പണര്‍ ഗൗതം ഗംഭീറാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ 43 റണ്‍സുമായി മിസ്‌ബാ അവസാന ഓവര്‍ വരെ ഭീഷണിയായെങ്കിലും മൂന്ന് പന്ത് ബാക്കിനില്‍ക്കേ ഇന്ത്യ കിരീടത്തിലെത്തി. പാക്കിസ്ഥാന്‍ 19.3 ഓവറില്‍ 152ന് പുറത്തായി. പത്താന്‍ 16 റണ്‍സ് വിട്ടുകൊടുത്തും ആര്‍പി സിംഗ് 26 റണ്‍സ് വഴങ്ങിയും മൂന്ന് വിക്കറ്റ് നേടി. 

"

click me!