നാഹ്‌റിയ്ക്ക് വെള്ളി വെളിച്ചമാകുമോ രവികുമാര്‍ ദാഹിയയുടെ മെഡല്‍ നേട്ടം

By Web Team  |  First Published Aug 4, 2021, 5:32 PM IST

ടോക്യോയില്‍ നിന്ന് രവികുമാര്‍ മെഡലുമായി മടങ്ങുമ്പോള്‍ തങ്ങളുടെ നാടും അധികൃതരുടെ ശ്രദ്ധയില്‍ പെടുമെന്നും പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ വരുമെന്നും അതുകൊണ്ടുതന്നെ നാട്ടുകാര്‍ പ്രതീക്ഷിക്കുന്നു.


ടോക്യോ: ടോക്യോ ഒളിംപിക്സില്‍ പുരുഷ വിഭാഗം 57 കിലോ ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഫൈനലിലെത്തി വെള്ളി മെഡലുറപ്പിച്ച രവി ദാഹിയയുടെ പ്രകടനത്തില്‍ കണ്ണും നട്ടിരിക്കുകയാണ് രാജ്യം. ഫൈനലില്‍ രവികുമാര്‍ സ്വര്‍ണം കൊണ്ടുവന്നാല്‍ അത് പുതിയ ചരിത്രമാവും. തോറ്റാലും വെള്ളി മെഡല്‍ ഉറപ്പിച്ച രവികുമാറിന്‍റെ നേട്ടം രാജ്യത്തിന് അഭിമാനമാകുമ്പോള്‍ ഹരിയാനയിലെ സോനിപത് ജില്ലയിലെ നഹ്രി എന്ന കൊച്ചുഗ്രാമത്തിന് അത് അതിജീവനത്തിനുള്ള വെള്ളിവെളിച്ചമാണ്.

കാരണം കുടിവെള്ളമോ 24 മണിക്കൂര്‍ വൈദ്യുതിയോ ഇല്ലാത്ത ഗ്രാമത്തിലേക്ക് ഒളിംപിക്സ് മെഡലുമായി രവികുമാര്‍ വരുമ്പോള്‍ അവരുടെ ജീവിത സൗകര്യങ്ങള്‍ കൂടി മെച്ചപ്പെടുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. ദിവസം രണ്ട് മണിക്കൂര്‍ മാത്രമാണ് നഹ്റിയില്‍ വൈദ്യുതി വിതരണമുള്ളത്. അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത ഗ്രാമത്തില്‍ എടുത്തുപറയാവുന്ന ഒരേയോരു സര്‍ക്കാര്‍ ഓഫീസ് മൃഗാശുപത്രിയാണ്.

Latest Videos

undefined

കര്‍ഷക കുടുംബത്തില്‍ ജനിച്ച രവികുമാര്‍ ഈ ഗ്രാമത്തില്‍ നിന്നുള്ള മൂന്നാമത്തെ ഒളിംപ്യനാണ്. 1980ലെ മോസ്കോ ഒളിംപിക്സിലും 1984ലെ ലോസാഞ്ചല്‍സ് ഒളിംപിക്സിലും ഇന്ത്യക്കായി മത്സരിച്ച മഹാവീര്‍ സിംഗും 2012ലെ ലണ്ടന്‍ ഒളിംപിക്സില്‍ മത്സരിച്ച അമിത് ദാഹിയയുമാണ് രവികുമാറിന്‍റെ മുന്‍ഗാമികള്‍.

അന്ന് മഹാവീറിനോട് ദേവീ ലാല്‍ ചോദിച്ചു എന്താണ് വേണ്ടതെന്ന്

ഇതില്‍ രണ്ട് ഒളിംപിക്സുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് തിരിച്ചെത്തിയ മഹാവീര്‍ സിംഗിനോട് അന്നത്തെ മുഖ്യമന്ത്രിയായ ചൗധരി ദേവീലാല്‍ എന്താണ് ആഗ്രഹം എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ ആവശ്യമാണ് നാട്ടിലെ മൃഗാശുപത്രി.

ടോക്യോയില്‍ നിന്ന് രവികുമാര്‍ മെഡലുമായി മടങ്ങുമ്പോള്‍ തങ്ങളുടെ നാടും അധികൃതരുടെ ശ്രദ്ധയില്‍ പെടുമെന്നും പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ വരുമെന്നും അതുകൊണ്ടുതന്നെ നാട്ടുകാര്‍ പ്രതീക്ഷിക്കുന്നു.

ഒരു നല്ല ആശുപത്രി പോലുമില്ലാത്ത ഗ്രാമത്തില്‍ എന്തെങ്കിലും അസുഖം വന്നാല്‍ സോനിപതിലേക്ക് പോകണം നാട്ടുകാര്‍. സ്വന്തമായി ഒരു സ്റ്റേഡിയമോ കളി സ്ഥലമോ ഈ ഗ്രാമത്തിലില്ല. നാട്ടുകാര്‍ മുന്‍കൈയെടുത്ത് നിര്‍മിച്ച മിനി സ്റ്റേഡിയമാണ് ആകെയുള്ള കളിസ്ഥലം.

ഒളിംപിക് മെഡല്‍ നേട്ടത്തില്‍ രവികുമാര്‍ ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് പിതാവ് രാകേഷ് കുമാര്‍ ദാഹിയയോടാവും. കര്‍ഷകനായ രാകേഷ്കുമാര്‍ പാട്ടത്തിനെടുത്ത ഭൂമിയില്‍ കഠിനാധ്വാനം ചെയ്താണ് കഷ്ടപ്പാടൊന്നും അലട്ടാതെ രവികുമാറിന്‍റെ പരിശീലനം മുന്നോട്ടുകൊണ്ടുപോയത്.

അച്ഛന്‍ കൊണ്ട വെയില്‍, രവികുമാറെന്ന ഒളിംപിക്സ് മെഡല്‍ ജേതാവിലേക്കുള്ള ദൂരം

പാലും നെയ്യുമായി രാകേഷ് കുമാര്‍ എന്നും 60 കിലോ മീറ്റര്‍ അകലെ ഛത്രസാല്‍ സ്റ്റേഡിയത്തില്‍ മഹാബലി സത്പാലിന് കീഴില്‍ ഗുസ്തി പരിശീലനം നടത്തുന്ന മകനടുത്തെത്തും. ഒരു ദിവസം പോലും അതിന് മുടക്കം വരുത്തിയിട്ടില്ല അദ്ദേഹം. പുലര്‍ച്ചെ 3.30ന് എഴുന്നേല്‍ക്കുന്ന രാകേഷ് കുമാര്‍ അഞ്ച് കിലോ മീറ്റര്‍ നടന്ന് റെയില്‍വെ സ്റ്റേഷനിലെത്തും. അവിടെ നിന്ന് ട്രെയിനില്‍ കയറി ആസാദ്പൂരില്‍ ഇറങ്ങി രണ്ട് കിലോ മീറ്റര്‍ നടന്ന് ഛത്രസാല്‍ സ്റ്റേഡിയത്തിലെത്തുന്നത്.

തിരിച്ചുവന്നശേഷം പാടത്ത് കഠിനമായ ജോലിയിലും ഏര്‍പ്പെടും. കോവിഡ് നിയന്ത്രണങ്ങള്‍ വരുന്നതുവരെ കഴിഞ്ഞ 12 വര്‍ഷമായി രാകേഷ് ചെയ്യുന്ന കാര്യമാണിത്. വളരെ കഷ്ടപ്പെട്ടാണ് ഇതെല്ലാം ഇവിടെ എത്തിക്കുന്നതെന്നും അതുകൊണ്ടുതന്നെ ഒന്നും പാഴാക്കി കളയരുതെന്നും എപ്പോഴും രവികുമാറിനോട് പറയാറുണ്ടെന്നും രാകേഷ്കുമാര്‍ പറയുന്നു. അതുകൊണ്ടു തന്നെ ഒരിക്കല്‍ നെയ്യ് നിലത്തുപോയപ്പോള്‍ അതെടുത്ത് രവികുമാര്‍ കഴിച്ച കാര്യവും രാകേഷ്കുമാര്‍ അഭിമാനത്തോടെ ഓര്‍ക്കുന്നു.

ആറാം വയസിലാണ് രവികുമാറിനെ അച്ഛന്‍ സുഹൃത്തായ ഹന്‍സ്‌രാജിന്‍റെ അഖാഡയില്‍ ഗുസ്തി പരിശീലനത്തിന് അയക്കുന്നത്. അന്നുമുതലെ ഒളിംപിക്സില്‍ മെഡല്‍ നേടുക എന്നത് മാത്രമായിരുന്നു രവികുമാറിന്‍റെ ലക്ഷ്യവും താല്‍പര്യവുമെന്ന് രാകേഷ് കുമാര്‍ ഓര്‍ത്തെടുക്കുന്നു. സാധാരണ യുവാക്കളെ പോലെ ബൈക്കിലോ പുതിയ വസ്ത്രങ്ങളിലോ ഷൂസിലോ ഒന്നും അവന് താല്‍പര്യമുണ്ടായിരുന്നില്ല. അവനെല്ലാം ഗുസ്തിയായിരുന്നുവെന്നും രാകേഷ് കുമാര്‍ പറയുന്നു.

click me!