'മൈ ക്രിക്കറ്റ് സ്റ്റോറീസ്, 22 വാരയിലെ ചരിത്രത്തിലൂടെ'; ആരാധക‍ര്‍ വായിച്ചിരിക്കേണ്ട പുസ്‌തകം

By Web Team  |  First Published Mar 15, 2023, 4:44 PM IST

ക്രിക്കറ്റ്‌ എന്ന ഗെയിമിനെ ഗൗരവതരമായി സമീപിക്കുന്ന എഴുത്തുകാരന്റെ തെരഞ്ഞെടുക്കപ്പെട്ട 60 ലേഖനങ്ങളാണ് പുസ്തകത്തിൽ ഉൾപെടുത്തിയിരിക്കുന്നത്


അറിയപ്പെടുന്ന സ്പോർട്സ് ലേഖകനും യൂട്യൂബ് വ്ലോഗറുമായ സുരേഷ് വാരിയത്തിന്റെ പ്രഥമ പുസ്തകമായ "My Cricket Stories, 22 വാരയിലെ ചരിത്രത്തിലൂടെ" എന്തുകൊണ്ട് വ്യത്യസ്തമാകുന്നു. ഫെബ്രുവരി 5ന് മുൻ അന്താരാഷ്ട്ര അമ്പയറും എഴുത്തുകാരനുമായ ഡോ. കെ എന്‍ രാഘവൻ ഐആര്‍എസ് പ്രകാശനം ചെയ്ത പുസ്തകം ഇതിനോടകം തന്നെ സ്പോർട്സ് പ്രേമികൾക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടുകഴിഞ്ഞു. പ്രകാശനം ചെയ്യപ്പെട്ട് ഒരു മാസം കൊണ്ടുതന്നെ രണ്ട് എഡിഷനുകൾ പൂർണമായും വിറ്റഴിക്കപ്പെട്ടുകഴിഞ്ഞ ഈ ലേഖന സമാഹാരത്തിന്റെ മൂന്നാം പതിപ്പ് അച്ചടി പൂർത്തിയായിരിക്കുകയാണ്- My Cricket Stories, 22 വാരയിലെ ചരിത്രത്തിലൂടെ എന്ന ക്രിക്കറ്റ് പുസ്‌തകത്തെ കുറിച്ച് നന്ദന്‍ ആറ്റിങ്ങല്‍ എഴുതുന്നു

ക്രിക്കറ്റ്‌ എന്ന ഗെയിമിനെ ഗൗരവതരമായി സമീപിക്കുന്ന എഴുത്തുകാരന്റെ തെരഞ്ഞെടുക്കപ്പെട്ട 60 ലേഖനങ്ങളാണ് പുസ്തകത്തിൽ ഉൾപെടുത്തിയിരിക്കുന്നത്. ലളിതമായ ഭാഷയിൽ, സമഗ്രമായി ഓരോ സംഭവങ്ങളെയും പ്രതിപാദിച്ച് പോകുന്ന എഴുത്ത് ശൈലിയാണ് ഈ പുസ്തകത്തിന്റെ സവിശേഷത. ചാൾസ് ബാനർമാനിൽ തുടങ്ങി, ഡബ്ലിയു.ജി. ഗ്രേസിലൂടെയും ഡോൺ ബ്രാഡ്മാനിലൂടെയും ഗാരി സോബേഴ്സിലൂടെയുമൊക്കെ വളർന്ന് ഇന്ന് കാണുന്ന ഏറ്റവും ആധുനിക നിലയിലേക്കുള്ള, ക്രിക്കറ്റ്‌ എന്ന ഗെയിമിന്റെ വളർച്ചയിൽ മാറ്റി നിർത്താൻ കഴിയാത്ത ചില സംഭവങ്ങളെയും വ്യക്തികളെയും പറ്റിയാണ് പുസ്തകം ചർച്ച ചെയ്യുന്നത്.

Latest Videos

undefined

ജോണി മലാഗ് എന്നൊരു ക്രിക്കറ്ററെ അറിയുന്നവർ വളരെ വിരളമായിരിക്കും. എന്നാൽ അദ്ദേഹത്തിന്റെ പേരിൽ ഈയിടെ കൊടുത്തു തുടങ്ങിയ അവാർഡിനെ പറ്റി ചിലരെങ്കിലും അറിഞ്ഞിട്ടുണ്ടാകും. ആരാണീ ജോണി മലാഗ്? ക്രിക്കറ്റിലും ഹോക്കിയിലും രാജ്യത്തെ പ്രതിനിധീകരിച്ച ഒരു ഭാരതീയനെപ്പറ്റി എത്ര പേർക്കറിയാം? വിമ്പിൾഡനും ഡേവിസ് കപ്പും കളിച്ച ഇന്ത്യൻ ക്രിക്കറ്ററെ കുറിച്ച് നിങ്ങൾക്കെന്തറിയാം? എന്താണ് മുംബൈയിലെ മൺസൂൺ റോമാൻസ്? ഗവാസ്കറും ലാറയും ആംബ്രോസും ധോണിയുമെല്ലാം ക്രിക്കറ്റ്‌ അറിയുന്നവർക്കൊക്കെ പരിചിതരാണ്. എന്നാൽ പരിചിതരായ ക്രിക്കറ്റർമാരുടെ അത്രമേൽ പരിചിതമല്ലാത്ത ചില കൗതുകകരമായ വിശേഷങ്ങളെപ്പറ്റി അറിഞ്ഞാലോ...? സുരേഷ് വാരിയത്തിന്റെ പ്രഥമ പുസ്തകം ഇതുപോലെ നിങ്ങളറിയുന്ന ചില കാര്യങ്ങളും അറിയാത്ത ഒത്തിരി കാര്യങ്ങളും കൊണ്ട് സമ്പന്നമാണ്.

"22 വാരയിലെ ചരിത്രത്തിലൂടെ" ഒരു ശരാശരി ക്രിക്കറ്റ് പ്രേമിക്ക്, ഗെയിമിനെക്കുറിച്ചുള്ള പുതിയ നിരവധി വിവരങ്ങൾ പകർന്നു നൽകുന്ന ഒന്നാണ്. കൗതുകകരവും അതിശയിപ്പിക്കുന്നതുമായ പല അറിവുകളും ഓരോ അധ്യായങ്ങളിലും ലേഖകൻ കരുതി വച്ചിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റിലെയും ലോക ക്രിക്കറ്റിലെയും മഹാപ്രതിഭകളെ കുറിച്ചു മാത്രമല്ല, ആരാലും അറിയപ്പെടാതെ പോയ പല കളിക്കാരെയും, ഏറ്റവും നന്നായി ഈ ഗെയിമിനെ ഫോളോ ചെയ്യുന്നവർക്ക് പോലും അറിയാൻ സാധ്യതയില്ലാത്ത പല സംഭവങ്ങളെയും റെക്കോർഡുകളെയും കുറിച്ചും ഈ പുസ്തകത്തിലൂടെ നമുക്ക് പരിചയപ്പെടാൻ സാധിക്കും.

ക്രിക്കറ്റ്‌ പലപ്പോഴും അനിശ്ചിതത്വങ്ങളുടെയും അപ്രവചനീയതകളുടെയും ഗെയിമാണ്. സുരേഷിന്റെ ക്രിക്കറ്റിനെ കുറിച്ചുള്ള ഈ പുസ്തകവും ഏറെക്കുറെ വായനക്കാരനിൽ അത്തരമൊരു അനുഭവം പ്രദാനം ചെയ്യാൻ പര്യാപ്തമാണ്. ക്രിക്കറ്റ്‌ എന്ന ഗെയിമിന്റെ ആവിർഭാവം മുതലുള്ള സംഭവങ്ങളെ നോൺ ലീനിയർ എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിൽ കോർത്തിണക്കി അവതരിപ്പിച്ചിരിക്കുന്ന ഈ  സമാഹാരം വരും നാളുകളിൽ കൂടുതൽ ചർച്ച ചെയ്യപ്പെടും എന്നത് നിസ്തർക്കമായ കാര്യമാണ്. തികച്ചും പ്രൊഫഷണൽ ആയ എഴുത്തുരീതി പിന്തുടരുമ്പോഴും ലേഖകൻ സ്വീകരിച്ചിരിക്കുന്ന ലളിതമായ ഭാഷയും ഒഴുക്കുള്ള ശൈലിയും ഈ പുസ്തകത്തെ കായിക ലോകത്തിന് അനന്യമായൊരു സംഭാവനയാക്കി മാറ്റുന്നു.

ക്രിക്കറ്റ്‌ 'പ്രാന്തന്മാർക്ക്' മാത്രമല്ല, ഏതൊരു സാധാരണക്കാരനും വായിച്ചാസ്വദിക്കാനും ഒരു ക്രിക്കറ്റ്‌ റഫറൻസ് ഗ്രന്ഥം എന്ന നിലയിൽ സൂക്ഷിച്ചുവയ്ക്കാനും പറ്റിയ ഒന്നാണ് My Cricket Stories, 22 വാരയിലെ ചരിത്രത്തിലൂടെ.

ഇന്ത്യയിലെത്തിയാൽ തനി ഇന്ത്യൻ; ഗള്ളി ക്രിക്കറ്റ് കളിച്ച് വാർണർ, 2 മണിക്കൂറിനുള്ളില്‍ ലക്ഷക്കണക്കിന് വ്യൂവ്‌സ് 

click me!