ഐപിഎല്ലില്‍ മുംബൈയുടെ ഭാവി താരമായി; ഒമ്പത് വര്‍ഷത്തിനുശേഷം വീട്ടിലേക്ക് മടങ്ങി കുമാര്‍ കാര്‍ത്തികേയ

By Gopalakrishnan C  |  First Published Aug 3, 2022, 6:57 PM IST

രാജ്യത്തെ അറിയപ്പെടുന്ന ക്രിക്കറ്റ് താരമാകണമെന്ന തന്‍റെ ആഗ്രഹം കാരണം കുടുംബത്തെ കൂടുതല്‍ സാമ്പത്തിക പ്രയാസങ്ങളിലേക്ക് തള്ളിവിടരുതെന്ന കരുതലിന്‍റെ പേരിലാണ് കുമാര്‍ വീട്ടില്‍ നിന്നിറങ്ങിയത്. അറിയപ്പെടുന്ന ക്രിക്കറ്റ് താരമായശേഷമെ ഇനി വീട്ടിലേക്ക് ഇനി മടങ്ങു എന്നൊരു ശപഥവും കുമാറെടുത്തു. പക്ഷെ നീണ്ട ഒമ്പത് വര്‍ഷമെടുത്തു കുമാര്‍ രാജ്യം ശ്രദ്ധിക്കുന്ന ക്രിക്കറ്റ് താരമായി വളരാന്‍.


മുംബൈ: പതിനഞ്ചാം വയസില്‍ ക്രിക്കറ്ററാകാന്‍ വീട് വിട്ടിറങ്ങിയ കുമാര്‍ കാര്‍ത്തികേയ(Kumar Kartikeya) എന്ന മുംബൈ ഇന്ത്യന്‍സിന്‍റെ ഇടം കൈയന്‍ സ്പിന്നര്‍ നീണ്ട ഒമ്പത് വര്‍ഷത്തിനുശേഷം വീട്ടില്‍ തിരിച്ചെത്തി അമ്മയെ കണ്ടു. വെറുതെ തിരിച്ചെത്തുകയായിരുന്നില്ല കാര്‍ത്തികേയ, കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ജേഴ്സില്‍ കളിക്കാനിറങ്ങി രാജ്യത്തെ അറിയപ്പെടുന്ന ക്രിക്കറ്റ് താരമായശേഷമാണ് കുമാര്‍ അമ്മയെയും കുടുംബാംഗങ്ങെളെയും കാണാനായി ഉത്തര്‍പ്രദേശിലെ കുടുംബ വീട്ടിലെത്തിയത്. കുമാര്‍ തന്നെയാണ് ട്വീറ്റിലൂടെ ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. ഒമ്പത് വര്‍ഷത്തിനും  മൂന്ന് മാസത്തിനുശേഷം കുടുംബത്തെയും അമ്മയെയും നേരില്‍ക്കണ്ടു. എന്‍റെ വികാരങ്ങള്‍ വാക്കുകളില്‍ വിവരിക്കാനാവുന്നതല്ല എന്നായിരുന്നു കുമാര്‍ കാര്‍ത്തികേയയുടെ ട്വീറ്റ്.

കുമാറെന്ന സംഭവം

Latest Videos

undefined

പതിനഞ്ചാം വയസിലാണ് കുമാര്‍ ക്രിക്കറ്റ് താരമാകുക എന്ന ലക്ഷ്യത്തോടെ വീട്ടില്‍ നിന്നിറങ്ങുന്നത്. വെളിപാടു തോന്നി വെറുതെ ഇറങ്ങിയതായിരുന്നില്ല കുമാര്‍. അച്ഛന്‍ ശ്യാം മാത് സിങ് പോലീസ് ഉദ്യോഗസ്ഥനാമെങ്കിലും സാമ്പത്തിക പ്രയാസങ്ങള്‍ കുടുംബത്തെ അലട്ടിയിരുന്നു. രാജ്യത്തെ അറിയപ്പെടുന്ന ക്രിക്കറ്റ് താരമാകണമെന്ന തന്‍റെ ആഗ്രഹം കാരണം കുടുംബത്തെ കൂടുതല്‍ സാമ്പത്തിക പ്രയാസങ്ങളിലേക്ക് തള്ളിവിടരുതെന്ന കരുതലിന്‍റെ പേരിലാണ് കുമാര്‍ വീട്ടില്‍ നിന്നിറങ്ങിയത്. അറിയപ്പെടുന്ന ക്രിക്കറ്റ് താരമായശേഷമെ ഇനി വീട്ടിലേക്ക് ഇനി മടങ്ങു എന്നൊരു ശപഥവും കുമാറെടുത്തു. പക്ഷെ നീണ്ട ഒമ്പത് വര്‍ഷമെടുത്തു കുമാര്‍ രാജ്യം ശ്രദ്ധിക്കുന്ന ക്രിക്കറ്റ് താരമായി വളരാന്‍. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ടീമെന്ന നിലയില്‍ മുംബൈ നിരാശപ്പെടുത്തിയപ്പോഴും ഇടം കൈയന്‍ സ്പിന്നറെന്ന നിലയില്‍ കുമാര്‍ മുംബൈയുടെ വണ്ടര്‍ ബോയ്സിസ്‍ ഒരാളായി.

പ്രതിസന്ധികളുടെ പിച്ചില്‍ കറങ്ങി വീണില്ല

പതിനഞ്ചാം വയസില്‍ ഉത്തര്‍പ്രദേശില്‍ നിന്ന് ഡല്‍ഹിയിലെത്തിയ കുമാറിന് ആകെ ഉണ്ടായിരുന്ന പരിചയം ഡല്‍ഹിയില്‍ ലീഗ് മത്സരങ്ങള്‍ കളിക്കുന്ന ഒരു സുഹൃത്ത് മാത്രമായിരുന്നു. സുഹൃത്തിന്‍റെ സഹായത്തില്‍ ഡല്‍ഹിയില്‍ നിന്ന് 80 കിലോ മീറ്റര്‍ അകലെയുള്ള ഒരു ഫാക്ടറിയില്‍ ജോലി ശരിയാക്കി. രാത്രി ജോലിയും പകല്‍ ക്രിക്കറ്റ് പരീശിലനവും എന്നതായിരുന്നു കുമാറിന്‍റെ മനസിലപ്പോള്‍.

Met my family and mumma ❤️ after 9 years 3 months . Unable to express my feelings 🤐 pic.twitter.com/OX4bnuXlcw

— Kartikeya Singh (@Imkartikeya26)

പണം നല്‍കാതെ ഡല്‍ഹിയിലെ ക്രിക്കറ്റ് അക്കാദമികളില്‍ പ്രവേശനം ലഭിക്കില്ലെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ കുമാര്‍ ഡല്‍ഹിയിലെ ഭരദ്വാജ് അക്കാദമിയിലെത്തി. അവിടെയും പണമെന്ന കടമ്പ മുന്നിലെത്തിയപ്പോള്‍ തന്‍റെ കൈയില്‍ പണമൊന്നുമില്ലെന്നും എന്നെങ്കിലും അറിയപ്പെടുന്ന കളിക്കാരനായാല്‍ കടം മുഴുവന്‍ തന്നു തീര്‍ക്കാമെന്നുമുള്ള വാക്കില്‍ അക്കാദമിയില്‍ പ്രവേശം കിട്ടി. അപ്പോഴും ജോലി ചെയ്യുന്ന സ്ഥലത്തു നിന്ന് അക്കാദമിയിലേക്കുള്ള 80 കിലോ മീറ്റര്‍ ദൂരം കുമാറിന് മുന്നില്‍ വെല്ലുവിളിയായി. ഒടുവില്‍ പകുതി ദൂരം ബസിലും ബാക്കി പകുതി നടന്നു പോകാന്‍ കുമാര്‍ തീരുമാനിച്ചു.ഇതില്‍ നിന്ന് മിച്ചം പിടിക്കുന്ന പൈസ കൊണ്ട് വാങ്ങുന്ന ബിസ്കറ്റായിരുന്നു ഉച്ചക്ക് കഴിക്കാനുണ്ടാകുക. ഇതറിഞ്ഞ പരിശീലകന്‍ കുമാറിന് അക്കാദമിയോട് അടുത്ത് താമസസൗകര്യം ഏര്‍പ്പാട് ചെയ്തു.

വൈകാതെ മധ്യപ്രദേശിന്‍റെ രഞ്ജി ടീമിലെത്തിയെങ്കിലും ഐപിഎല്‍ എന്നത് വലിയ സ്വപ്നമായിഅപ്പോഴും അവശേഷിച്ചു. കഴിഞ്ഞ സീസണിലും താരലേലത്തില്‍ പങ്കെടുത്തെങ്കിലും ആരും വിളിച്ചില്ല. മുംബൈയുടെ നെറ്റ് ബൗളറായി തുടരുന്നതിനിടെയാണ് അര്‍ഷദ് ഖാന്‍റെ പരിക്കിന്‍റെ രൂപത്തില്‍ കുമാറിനെ ഭാഗ്യം തേടിയെത്തിയത്. അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്ക് മുംബൈയുടെ കുമാറിനെ ടീമിലെത്തിച്ചു. അരങ്ങേറ്റ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ നാലോവറില്‍ 19 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തതോടെ തിലക് വര്‍മയെപ്പോലെ മുംബൈയുടെ ഭാവിതാരങ്ങളിലൊരാളായി കുമാറും പരിഗണിക്കപ്പെട്ടു. കുമാറിന്‍റെ ആദ്യ ഐപിഎല്‍ വിക്കറ്റ് മലയാളി താരം സഞ്ജു സാംസണിന്‍റേതായിരുന്നു. ഐപിഎല്ലില്‍ മുംബൈക്കായി നാലു മത്സരങ്ങളില്‍ അഞ്ച് വിക്കറ്റാണ് കുമാര്‍ നേടിയത്.

ഈ സീസണില്‍ രഞ്ജി കിരീടം നേടിയ മധ്യപ്രദേശ് ടീമിലും കുമാറുണ്ടായിരുന്നു. മുംബൈക്കെതിരായ ഫൈനലില്‍ രണ്ടാം ഇന്നിംഗ്സിലെ നാലു വിക്കറ്റ് നേട്ടമടക്കം അഞ്ച് വിക്കറ്റ് വീഴ്ത്തി കുമാര്‍ തിളങ്ങി. രഞ്ജിയും ഐപിഎല്ലും കൈയെത്തിപ്പിടിച്ച കുമാറിന്‍റെ അടുത്ത സ്വപ്നം ഇന്ത്യന്‍ ടീമാണ്.

click me!