വിരമിക്കല്‍ പ്രഖ്യാപനത്തിലും 'കൂള്‍' ആയി ധോണി

By Web Team  |  First Published Aug 15, 2020, 8:59 PM IST

കരിയര്‍ പോലെ അപ്രതീക്ഷിതമാണ് എന്നും ധോണിയുടെ തീരുമാനങ്ങളും. 2004ല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ അരങ്ങേറിയ ധോണി 2007ല്‍ ഇന്ത്യന്‍ നായകനാവുമെന്ന് ആരും നിനച്ചില്ല.


റാഞ്ചി: വിടവാങ്ങള്‍ മത്സരമോ വികാരപരമായ യാത്രയപ്പോ ഇല്ലാതെ കൂളായി ക്രിക്കറ്റിന്റെ ക്രീസൊഴിഞ്ഞ് ഇന്ത്യയുടെ എക്കാലത്തെയും വലിയ വിജയനായകന്‍ എം എസ് ധോണി. ഇന്‍സ്റ്റഗ്രാമിലെ രണ്ട് വരി കുറിപ്പില്‍ വിരമിക്കല്‍ പ്രഖ്യാപനം ഒതുക്കിയ ധോണി സമാനമായ രീതിയിലായിരുന്നു ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. കളിക്കളത്തില്‍ തന്ത്രങ്ങള്‍കൊണ്ട് എതിരാളികളെ ഞെട്ടിക്കാറുള്ള ധോണി ഐപിഎല്ലിന് തൊട്ടുമുമ്പ് വിരമിക്കല്‍ പ്രഖ്യാപിച്ച് ആരാധകരെ ഞെട്ടിച്ചു.

ടീമിലെ അതിവേഗക്കാരാനെ ഓടിത്തോല്‍പ്പിക്കാനാവുന്നിടത്തോളം താന്‍ ക്രിക്കറ്റില്‍ തുടരുമെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയ ധോണി, വീണ്ടും ഇന്ത്യക്കായി കളിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്ട്രേലിയയില്‍ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് കൊവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചത് ധോണിയുടെ തീരുമാനത്തെ സ്വാധീനിച്ചതായാാണ് വിലയിരുത്തല്‍.

Latest Videos

undefined

എല്ലാം അപ്രതീക്ഷിതം


കരിയര്‍ പോലെ അപ്രതീക്ഷിതമാണ് എന്നും ധോണിയുടെ തീരുമാനങ്ങളും. 2004ല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ അരങ്ങേറിയ ധോണി 2007ല്‍ ഇന്ത്യന്‍ നായകനാവുമെന്ന് ആരും നിനച്ചില്ല. എന്നാല്‍ 2007ലെ ഏകദിന ലോകകപ്പില്‍ സച്ചിനും ഗാംഗുലിയും ദ്രാവിഡും സെവാഗും എല്ലാം അടങ്ങുന്ന ഇന്ത്യന്‍ ടീം ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായതിന് പിന്നാലെ നടന്ന ആദ്യ ടി20 ലോകകപ്പില്‍ നിന്ന് സീനിയര്‍ താരങ്ങള്‍ വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍ ധോണിയെ ആണ് സെലക്ടര്‍മാര്‍ നായകസ്ഥാനത്തേക്ക് പരിഗണിച്ചത്. ആ തീരുമാനം പലരുടെയും നെറ്റി ചുളിച്ചെങ്കിലും കിരീടവുമായി ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങിയ ധോണി ഇന്ത്യന്‍ ക്രിക്കറ്റില്‍ ധോണിയുഗത്തിന് തുടക്കമിട്ടു.

ഇന്ത്യക്കും സച്ചിനും സമ്മാനിച്ചൊരു ലോകകപ്പ്


ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് വേണ്ടിയായിരുന്നു 2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ കളത്തിലിറങ്ങിയത്. സച്ചിന്റെ അവസാന ലോകകപ്പില്‍ കിരീടം സമ്മാനിക്കുകയെന്ന ലക്ഷ്യത്തിലേക്ക് ധോണി ടീമിനെ മുന്നില്‍ നിന്നു നയിച്ചു. ഫൈനലില്‍ ശ്രീലങ്കക്കെതിരെ റണ്‍ചേസിന്റെ അതിസമ്മര്‍ദ്ദത്തില്‍ സച്ചിനും സെവാഗും കോലിയും മടങ്ങിയതിന് പിന്നാലെ എല്ലാവരും യുവരാജിനെ പ്രതീക്ഷിച്ചിരിക്കെ അപ്രതീക്ഷിതമായി ക്രീസിലെത്തിയത് എം എസ് ധോണി. ക്രീസ് വിട്ടതാകട്ടെ കുലശേഖരെ ലോംഗ് ഓണിന് മുകളിലൂടെ സിക്സറിന് പറത്തി 28 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യക്ക് ഏകദിന ലോകകപ്പ് സമ്മാനിച്ചും. കോലി പുറത്തായപ്പോള്‍ യുവിക്ക് മുമ്പെ ക്രീസിലിറങ്ങിയ ധോണിയുടെ തീരുമാനമായിരുന്നു ഫൈനലിലെ മാസ്റ്റര്‍ സ്ട്രോക്ക്.

ചാമ്പ്യന്‍സ് ട്രോഫിയിലെ മഹേന്ദ്രജാലം


മഴ വില്ലനായി എത്തിയ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നേടിയത് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സ്. എന്നാല്‍ സമര്‍ത്ഥമായ ബൗളിംഗ് മാറ്റങ്ങളിലൂടെ ആതിഥേയരായ ഇംഗ്ലണ്ടിനെ 124 റണ്‍സില്‍ ഒതുക്കി ധോണി ഇന്ത്യക്ക് ചാമ്പ്യന്‍സ് ട്രോഫി കിരീടവും സമ്മാനിച്ചു. ഈ മൂന്ന് നേട്ടങ്ങളും സ്വന്തമാക്കുന്ന ഒരേയൊരു നായകനെന്ന ചരിത്ര നേട്ടവും ഇതിലൂടെ ധോണി സ്വന്തം പേരിലാക്കി.

കാടനടിക്കാരന്റെ യഥാര്‍ത്ഥ ടെസ്റ്റ്


ധോണിയുടെ ബാറ്റിംഗ് ടെക്നിക്കുകളെ സംശയിച്ചിരുന്നവരെപ്പോലും അമ്പരപ്പിച്ചാണ് ടെസ്റ്റിലും ധോണി ഇന്ത്യക്കായി തിളങ്ങിയത്. ധോണിക്ക് കീഴിലാണ് ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ ആദ്യമായി ഒന്നാം സ്ഥാനത്തെത്തിയത്. ഒടുവില്‍ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ ആദ്യ രണ്ട് ടെസ്റ്റിലെ തോല്‍വിക്കുശേഷം ധോണി അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചു. ഒരു പരമ്പരക്കിടെ വിരമിക്കല്‍ പ്രഖ്യാപിച്ച് ധോണി അവിടെയും വ്യത്യസ്തനായി.

click me!