വിറക് കെട്ട് ഒറ്റയ്ക്ക് തലയിലേറ്റി കുന്നു കയറിയ പെണ്‍കുട്ടി; ഇന്ന് രാജ്യത്തിന്‍റെ വെള്ളിത്തിളക്കം

By Web Team  |  First Published Jul 24, 2021, 2:53 PM IST

മീരബായി ചാനുവിന് ഭാരോദ്വഹനത്തോട് അത്ര താല്‍പ്പര്യമൊന്നും ചെറുപ്പത്തില്‍ ഇല്ലായിരുന്നു. പൊടി പറ്റുന്ന കളികളില്‍ ഏര്‍പ്പെടാത്ത ചാനുവിന് ഒരു അമ്പെയ്ത്തുകാരിയാകണം എന്നായിരുന്നു ആഗ്രഹം. 


ഇംഫാല്‍: വലിയൊരു കുന്നിന്‍ മുകളിലായിരുന്നു അവളുടെ വീട്. അവിടേക്ക് പാചകം ചെയ്യണമെങ്കില്‍ താഴെ നിന്നും വിറക് കെട്ടായി എത്തിക്കണം. നോങ്പോക് കാക്ചിങ്ങ് എന്ന ആ മണിപ്പൂരിലെ ഉള്‍പ്രദേശത്തെ ഒരു പന്ത്രണ്ടുകാരി അമ്മയ്ക്കും സഹോദരനും ഒപ്പം വിറക് ശേഖരിക്കാന്‍ പോയതാണ് പക്ഷെ, വിറക് കെട്ട് അമ്മയ്ക്ക് പൊങ്ങുന്നില്ല. പന്ത്രണ്ടുകാരി ഒട്ടും ചിന്തിച്ചില്ല, വിറക് കെട്ട് ഒറ്റയ്ക്ക് തലയില്‍ എടുത്തുവച്ച് ആ കുന്ന് നടന്നുകയറി. പിന്നിലൂടെ വന്ന അമ്മ അപ്പോഴാണ് മകളുടെ കരുത്ത് തിരിച്ചറിഞ്ഞത്. ഇവള്‍ ഒരു കായിക താരമാകും. വര്‍ഷങ്ങള്‍ക്കിപ്പുറം മീരബായി ചാനു എന്ന ആ പന്ത്രണ്ടുകാരി വളര്‍ന്ന് രാജ്യത്തിന് ഒളിംപിക്സിലെ വെള്ളിതിളക്കം നല്‍കിയിരിക്കുന്നു.

മീരബായി ചാനുവിന് ഭാരോദ്വഹനത്തോട് അത്ര താല്‍പ്പര്യമൊന്നും ചെറുപ്പത്തില്‍ ഇല്ലായിരുന്നു. പൊടി പറ്റുന്ന കളികളില്‍ ഏര്‍പ്പെടാത്ത ചാനുവിന് ഒരു അമ്പെയ്ത്തുകാരിയാകണം എന്നായിരുന്നു ആഗ്രഹം. അതില്‍ ഉറച്ച് സായി സെലക്ഷനായി പതിമൂന്നാമത്തെ വയസില്‍ മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ എത്തി. ചാനു  അന്നെ മനസില്‍ ഉറപ്പിച്ചിരുന്നു സ്പോര്‍ടാണ് തന്‍റെ ഭാവി. എന്നാല്‍ ഇംഫാലില്‍ എത്തിയതോടെ അമ്പെയ്ത്ത് എന്ന സ്വപ്നം പൊലിഞ്ഞു. അവിടുത്തെ സായി കേന്ദ്രത്തില്‍ അതിനുള്ള പരിശീലനമില്ല. നിരാശയോടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ചാനു ചെയ്തത്.

Latest Videos

undefined

ആ സമയത്താണ് അന്നത്തെ മണിപ്പൂരിന്‍റെ ഹീറോയായിരുന്ന ഭാരോദ്വഹന താരം കുഞ്ചറാണിയെക്കുറിച്ചുള്ള ഒരു വീഡിയോ ചാനു കാണാന്‍ ഇടയായത്. ഇത് ശരിക്കും അവരിലെ ഭാരോദ്വഹകയെ പ്രചോദിപ്പിച്ചു. വീണ്ടും ഇംഫാലില്‍ തിരിച്ചെത്തി. നേരെപോയി സന്ദര്‍ശിച്ചത് അന്ന് ഇന്ത്യന്‍ താരമായിരുന്ന അനിത ചാനുവിനെ, അവരായിരുന്നു പിന്നീട് ചാനുവിന്‍റെ കരിയറിലെ വിലയേറിയ ഉപദേശങ്ങള്‍ നല്‍കിയത്. 

ടോക്കിയോയിലെ വെള്ളിത്തിളക്കത്തിലേക്കുള്ള യാത്ര കഷ്ടപ്പാടുകളും, പ്രാരാബ്ദ്ധങ്ങളും നിറഞ്ഞ കാലത്ത് നിന്നും ഈ രംഗത്തേക്ക് എത്തിപ്പെട്ടതിനേക്കാള്‍ കഠിനമേറിയതാണെന്ന് ചാനുവിന്‍റെ കരിയര്‍ പരിശോധിച്ചാല്‍ മനസിലാകും. 2014ലെ ഗ്ലാസ്കോ കോമണ്‍വെല്‍ത്ത് ഗെയിംസിലെ മിന്നുംപ്രകടനമാണ് ചാനുവിനെ രാജ്യമെങ്ങും കേളികേട്ട താരമാക്കിയത്. ഇതോടെ 2016 റിയോ ഒളിംപിക്സില്‍ ഇന്ത്യ മെഡലെന്ന് ഉറപ്പിച്ച് അയച്ച താരം ചാനുവായിരുന്നു. എന്നാല്‍ റിയോയില്‍ സംഭവിച്ചത് ചാനു മറക്കാന്‍ ആഗ്രഹിക്കുന്ന ദുരന്തമായിരുന്നു.

സെലക്ഷന്‍ ട്രയലില്‍ നടത്തിയ പ്രകടനം പോലും നടത്താന്‍ സാധിക്കാതെയാണ് ചാനു റിയോ വിട്ടത്. അതിന് പിന്നാലെ ദേശീയ മാധ്യമങ്ങള്‍ അടക്കം ഈ മണിപ്പൂരുകാരിക്കെതിരെ വിമര്‍ശനം ഉന്നയിച്ചു. എന്നാല്‍ വിമര്‍ശനത്തിനെ അതിന്‍റെ വഴിക്ക് വിട്ട് തന്‍റെ വഴി ടോക്കിയോ ആണെന്ന് ഉറപ്പിക്കുന്ന പ്രകടനമാണ് ചാനു പുറത്തെടുത്തത്. അടുത്തവര്‍ഷം യുഎസില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പ്, 2018 കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവിടങ്ങളില്‍ സ്വര്‍ണ്ണ പ്രകടനം താരം പുറത്തെടുത്തു. 

ടോക്കിയോയിലേക്കുള്ള പാത വെട്ടിത്തെളിച്ച് മുന്നേറുമ്പോള്‍ തന്നെ പരിക്ക് വില്ലനായി പലപ്പോഴും ചാനുവിന്‍റെ കരിയര്‍ തടസ്സപ്പെടുത്തി. നടുവേദന വില്ലനായപ്പോള്‍ ചാനു തന്‍റെ ഇഷ്ടവിഭാഗമായ 48 കിലോ ഗ്രാം വിഭാഗം ഉപേക്ഷിച്ച് 49 കിലോഗ്രാം വിഭാഗത്തിലേക്ക് മാറി. അതിനിടയില്‍ പരിക്ക് വീണ്ടും പിന്തുടര്‍ന്നപ്പോള്‍ അമേരിക്കയിലെ പ്രശസ്‌തനായ സ്പോര്‍ട്സ് ഫിസിയോ ഡോ. ആരണ്‍ ഹോഷിഫിന് കീഴില്‍ ചികില്‍സയും തേടിയിരുന്നു ചാനു. ഈ ചികില്‍സയ്ക്ക് ശേഷം ഒരു കൊടുങ്കാറ്റായി ചാനുവിന്‍റെ തിരിച്ചുവരവാണ് കണ്ടത്. ലോകറെക്കോഡ് തിരുത്തി ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം.

ടോക്കിയോയിലേക്ക് പോയ ഏക ഇന്ത്യന്‍ വനിത ഭാരോദ്വഹകയാണ് മീരഭായി ചാനു. അതിനാല്‍ തന്നെ രാജ്യത്തിന്‍റെ പ്രതീക്ഷകള്‍ അവര്‍ അസ്ഥാനത്താക്കിയില്ല. 

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!