'സിബിന്‍ ക്രിക്കറ്റ് തുടരട്ടേ', വിവാഹവേദിയില്‍ സമ്മതപത്രം ഒപ്പിട്ട് റെയ്ച്ചല്‍; ആ വൈറല്‍ താരങ്ങള്‍ ഇവിടുണ്ട്

By Jomit Jose  |  First Published Nov 11, 2022, 1:28 PM IST

കൊച്ചിയിലെ 'ജോണ്ടി റോഡ്‌സിനെ' ഞായറാഴ്‌ചകളില്‍ ക്രിക്കറ്റ് കളിക്കാന്‍ വിടാം; വിവാഹവേദിയില്‍ സമ്മതപത്രം ഒപ്പിട്ട് റെയ്ച്ചല്‍
 


കൊച്ചി: ക്രിക്കറ്റ് തലയ്ക്ക് പിടിച്ചാല്‍ എന്തും സംഭവിക്കാം എന്നുപറയുന്നത് വെറുതെയല്ല! ഞായറാഴ്‌ചകളില്‍ ക്രിക്കറ്റ് കളിക്കാന്‍ പോകാന്‍ വരനെ അനുവദിക്കണമെന്ന് അദേഹത്തിന്‍റെ സുഹൃത്തുക്കള്‍ വധുവിനെ കൊണ്ട് വിവാഹവേദിയില്‍ വച്ച് മുദ്രപത്രത്തില്‍ എഴുതിവാങ്ങിയിരിക്കുന്നു. എറണാകുളം മരട് സ്വദേശിയായ സിബിന്‍ സെബാസ്റ്റ്യനും ഭാര്യ റെയ്ച്ചലും സിബിന്‍റെ സുഹൃത്തുക്കളുമാണ് ഈ വ്യത്യസ്ത വിവാഹഉടമ്പടിയിലെ കഥാപാത്രങ്ങള്‍. നവംബര്‍ ഒന്‍പതാം തിയതി തൈക്കുടത്തെ സെന്‍റ് റാഫേല്‍ ചര്‍ച്ചിലായിരുന്നു സിബിന്‍റെയും റെയ്‌ച്ചലിന്‍റേയും വിവാഹം. വേദിയില്‍ നിരത്തിവച്ച ട്രോഫികളുടെ സാക്ഷ്യത്തില്‍ വിവാഹം കഴിഞ്ഞ് ഇരുവരും കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത വിരുന്നും നടന്നു. 

മുദ്രപത്രത്തില്‍ എഴുതിയത് ഇങ്ങനെ...

Latest Videos

undefined

എന്‍റെ ഭര്‍ത്താവ് സിബിന്‍ സെബാസ്റ്റ്യനെ(JHONTY) കല്യാണത്തിന് ശേഷം സിബിന് ഇഷ്‌ടമുള്ള St Pauls ടീമിന് വേണ്ടി ഞായറാഴ്‌ചകളില്‍ Cricket കളിക്കുവാന്‍ വിട്ടുകൊള്ളാം എന്നും എന്‍റെ ഭര്‍ത്താവിന് വേണ്ട പ്രോത്സാഹനം നല്‍കാമെന്നും ഞാന്‍ സമ്മതിക്കുന്നു. ഇത് സത്യം സത്യം സത്യം- എന്നാണ് കരാര്‍ ഉടമ്പടിയിലുള്ളത്. സെന്‍റ് പോള്‍സ് ടീമിന്‍റെ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനുമാണ് ഇതിന് സാക്ഷികളായി ഒപ്പ് വച്ചിട്ടുള്ളത്. 

സിബിന്‍ എങ്ങനെ 'ജോണ്ടി'യായി

എറണാകുളത്തെ വിവിധ ടെന്നീസ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റുകളില്‍ സ്ഥിര സാന്നിധ്യമാണ് സിബിന്‍ സെബാസ്റ്റന്‍. ടെന്നീസ് ബോളില്‍ ഏറെ കിരീടങ്ങള്‍ നേടിയിട്ടുള്ള സെന്‍റ് പോള്‍സിന്‍റെ താരം. സെന്‍റ് പോള്‍സ് ടീമിനായി ബൗളര്‍മാരെ ഗാലറിയിലേക്ക് പറത്തുന്ന ഹാര്‍ഡ് ഹിറ്റര്‍ ബാറ്ററാണ് സിബിന്‍. ജോണ്ടി റോഡ്‌സിനെ പോലെ പറക്കും ഫീല്‍ഡറാണ് എന്നതാണ് മറ്റൊരു സവിശേഷത. അങ്ങനെയാണ് സിബിന് ജോണ്ടി എന്ന പേര് കിട്ടിയത്. ജോണ്ടി എന്ന് പറഞ്ഞാലേ ഇപ്പോള്‍ ആളറിയൂ എന്നതാണ് കൗതുകകരം. ടീമിലെ നിര്‍ണായക താരമായതിനാല്‍ വിവാഹം കഴിഞ്ഞാലും ജോണ്ടി ടീമില്‍ വേണമെന്ന് സുഹൃത്തുക്കള്‍ വാശിപിടിച്ചു. തുടര്‍ന്ന് വിവാഹവേദിയില്‍ വച്ച് രേഖാമൂലം ഇക്കാര്യം റെയ്‌ച്ചലില്‍ നിന്ന് എഴുതിവാങ്ങുകയായിരുന്നു സിബിന്‍റെ സഹതാരങ്ങള്‍. സിബിനും കൂട്ടരും എറണാകുളം ജില്ലയിലും പുറത്തും മത്സരങ്ങള്‍ക്കായി പോകാറുണ്ട്. മത്സരം ആവശ്യപ്പെടുന്നതിന് അനുസരിച്ച് സിബിന്‍ ബാറ്റിംഗിന് ഇറങ്ങും. ഇപ്പോള്‍ 31 വയസുള്ള സിബിന്‍ 12 വര്‍ഷമായി സെന്‍റ് പോള്‍സ് ടീമിനായി ക്രിക്കറ്റ് കളിക്കുന്നു. 

ഞെട്ടിപ്പോയെന്ന് സിബിനും റെയ്‌ച്ചലും

വിവാഹവേദിയില്‍ വച്ച് സര്‍പ്രൈസായാണ് സഹതാരങ്ങളെല്ലാവരും കൂടി റെയ്‌ച്ചലിനെ കൊണ്ട് മുദ്രപേപ്പറില്‍ ഒപ്പ് ഇടീപ്പിച്ചത് എന്നും മുന്‍കൂറായി ഇതിനെപ്പറ്റി അറിഞ്ഞിരുന്നില്ലെന്നും ജോണ്ടി എന്ന് വിളിപ്പേരുള്ള സിബിന്‍ സെബാസ്റ്റ്യന്‍ ഏഷ്യാനെറ്റ് ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. 

സെന്‍റ് റാഫേല്‍ ചര്‍ച്ചിന്‍റെ ഹാളില്‍ ആശംസകള്‍ക്കും വിവാഹസമ്മാനങ്ങള്‍ക്കുമായി കാത്തിരുന്ന റെയ്‌ച്ചല്‍ വേദിയില്‍ സംഭവിച്ചതെല്ലാം കണ്ട് ഞെട്ടി. സ്റ്റേജിലേക്ക് കയറിവന്ന സുഹൃത്തുക്കള്‍ മുദ്രപേപ്പര്‍ തുറന്ന് വായിച്ച് നോക്കി ഒപ്പിടാന്‍ ആവശ്യപ്പെട്ടു. ഇതുവരെ കണ്ടിട്ടില്ലാത്ത ഈ കാഴ്‌ച കണ്ടാല്‍ ആരായാലും ഞെട്ടിപ്പോകുമല്ലോ... 'ഞാനാകെ അമ്പരന്നുപോയി. സിബിന്‍ ക്രിക്കറ്റ് കളിക്കുമെന്ന് നേരത്തെ അറിയാമായിരുന്നു. എന്നാലും ഇത്ര പ്രതീക്ഷിച്ചില്ല' എന്നാണ് റെയ്‌ച്ചലിന്‍റെ ആദ്യ പ്രതികരണം. 

റെയ്‌ച്ചല്‍ ക്രിക്കറ്റ് ഫാന്‍, ഇഷ്‌ടതാരം സച്ചിന്‍

ക്രിക്കറ്റ് ഇഷ്‌ടപ്പെടുന്നയാളാണ് റെയ്‌ച്ചലും. ഇഷ്‌ടതാരം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. 'സിബിനെ ജോണ്ടി എന്ന് വിളിക്കുന്നത് കേട്ടിരുന്നെങ്കിലും സ്റ്റേജില്‍ നിരത്തിവച്ചിരിക്കുന്ന ട്രോഫികളൊക്കെ കണ്ടപ്പോഴുമാണ് കൂടുതല്‍ കാര്യങ്ങള്‍ മനസിലായത്. ആളൊരു കിടിലന്‍ താരമാണ് എന്നറിഞ്ഞപ്പോള്‍ ഏറെ സന്തോഷവും അഭിമാനവും തോന്നിയെന്നും റെയ്‌ച്ചല്‍ കൂട്ടിച്ചേര്‍ത്തു. ഇതെന്ത് പുകില് എന്ന തരത്തില്‍ സ്റ്റേജിലെ സംഭവങ്ങള്‍ കണ്ട് ആദ്യം കണ്ണുതള്ളിയെങ്കിലും സബിന്‍റെ ക്രിക്കറ്റ് കളി പ്രേമം വീട്ടില്‍ എല്ലാവര്‍ക്കും ഇഷ്‌ടമായി' എന്നും റെയ്‌ച്ചല്‍ വ്യക്തമാക്കി.

ജോണ്ടിയെന്ന് അറിഞ്ഞത് വാട്‌സ്‌ആപ്പ് വഴി

സിബിന് ജോണ്ടി എന്നൊരു പേരുള്ളതായി റെയ്‌ച്ചല്‍ അറിഞ്ഞത് രസകരമായൊരു കഥയാണ്. അതിന് നന്ദി വാട്‌സ്‌ആപ്പിന്. 'ഇത് നമ്മുടെ ജോണ്ടിയല്ലേ' എന്ന് വിവാഹനിശ്ചയം കഴിഞ്ഞപ്പോള്‍ സിബിനൊപ്പമുള്ള ചിത്രം റെയ്‌ച്ചലിന്‍റെ വാട്‌സ്‌ആപ്പ് സ്റ്റാറ്റസില്‍ കണ്ട് റെയ്‌ച്ചലിന്‍റെ സീനിയര്‍ വിദ്യാര്‍ഥികളാണ് ആദ്യം ചോദിച്ചത്. 'നിങ്ങളൊക്കെ എങ്ങനെ അറിയും' എന്ന് തിരികെ ചോദിച്ചപ്പോഴാണ് റെയ്‌ച്ചല്‍ അറിയുന്നത് കല്യാണം കഴിക്കാന്‍ പോകുന്നത് സ്ഥലത്തെ പ്രധാന ക്രിക്കറ്റ് താരത്തെയാണെന്ന്. ഈ ട്വിസ്റ്റിലൂടെയാണ് സിബിന് ജോണ്ടി എന്നൊരു പേരുള്ളതായി ആദ്യമായി ഞാന്‍ അറിഞ്ഞത് എന്നാണ് റെയ്‌ച്ചലിന്‍റെ വാക്കുകള്‍. ഉടനെ സിബിനെ വിളിച്ച് ഇങ്ങനെയൊരു പേരുണ്ടോ എന്ന് റെയ്‌ച്ചല്‍ കുശലാന്വേഷണം നടത്തുകയായിരുന്നു. റെയ്‌ച്ചലിന്‍റെ ചോദ്യം കേട്ട് സിബിന് പൊട്ടിച്ചിരിയും സന്തോഷവുമടക്കാനായില്ല. ടീമംഗങ്ങളും ആരാധകരും മാത്രമല്ല, ഞാനുമിപ്പോള്‍ ഇടയ്ക്ക് ജോണ്ടിയെന്ന് വിളിച്ച് തുടങ്ങിയതായി റെയ്ച്ചല്‍ പറയുന്നു. 

സിബിന്‍ ക്രിക്കറ്റ് തുടരട്ടേ, സന്തോഷമെന്ന് റെയ്‌ച്ചല്‍

ഇടയ്ക്ക് ക്രിക്കറ്റ് ടൂര്‍ണമെന്‍റുകളുണ്ടാകുമെന്നും അതിന് പോകേണ്ടിവരുമെന്നും വിവാഹത്തിന് മുമ്പേ റെയ്‌ച്ചലിനോട് സിബിന്‍ പറഞ്ഞിരുന്നു. റെയ്‌ച്ചല്‍ അന്നും എതിര്‍ത്തില്ല. രേഖാമൂലം എഴുതിനല്‍കിയ കൊണ്ടല്ല, താനുമൊരു ക്രിക്കറ്റ് ആരാധികയായതിനാല്‍ സിബിന്‍ ഇനിയും ക്രിക്കറ്റ് കളിക്കുന്നതില്‍ സന്തോഷമേയുള്ളൂവെന്ന് റെയ്‌ച്ചല്‍ പറഞ്ഞുനിര്‍ത്തി. 'കല്യാണം കഴിഞ്ഞു, വിട്ടീലിരുന്നൂടേ എന്നൊന്നും ആരും ചോദിക്കുന്നില്ല. ഇനിയും ക്രിക്കറ്റ് തുടരും. കാരണം റെയ്‌ച്ചല്‍ കട്ടയ്ക്ക് കൂടെയുണ്ട്' എന്ന് സിബിനും പറയുന്നു. സിബിന്‍ ഇപ്പോള്‍ എച്ച്‌ഡിഎഫ്‌സിയില്‍ ജോലി ചെയ്യുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയായിരുന്നു റെയ്‌ച്ചല്‍. 

ത്രിപ്പൂണിത്തുറ ക്രിക്കറ്റ് ലൗവേര്‍സ്(TCL) എന്ന ക്രിക്കറ്റ് പ്രേമികളുടെ ഫേസ്‌ബുക്ക് കൂട്ടായ്‌മയിലാണ് സിബിന്‍റെയും റെയ്‌ച്ചലിന്‍റെയും വിവാഹവിശേഷങ്ങള്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. ത്രിപ്പൂണിത്തുറയിലെ ക്രിക്കറ്റ് പ്രേമികളുടെ കൂട്ടായ്‌മയാണ് ത്രിപ്പൂണിത്തുറ ക്രിക്കറ്റ് ലൗവേര്‍സ്. 

click me!