ഇര്‍ഫാന്‍ അഭിനയത്തിന്റെ ക്രീസിലിറങ്ങിയപ്പോള്‍ ക്രിക്കറ്റിന് നഷ്ടമായത് മികവുറ്റ ഓള്‍ റൗണ്ടറെ

By Web Team  |  First Published Apr 30, 2020, 10:46 PM IST

കപില്‍ ദേവും ഗുണ്ടപ്പ വിശ്വനാഥുമായിരുന്നു ആ സമയത്ത് ഇര്‍ഫാന്റെ ഇഷ്ടതാരങ്ങള്‍. പാക് ക്യാപ്റ്റനായിരുന്ന ഇമ്രാന്‍ ഖാന്റെയും കടുത്ത ആരാധകനായിരുന്നു ഇര്‍ഫാന്‍. എങ്കിലും ഗുണ്ടപ്പ വിശ്വനാഥിന്റെ കളിയോട് ഇര്‍ഫാന് ഒരു പ്രത്യേക ഇഷ്ടമുണ്ടായിരുന്നു.


മുംബൈ: ഇര്‍ഫാന്‍ ഖാന്റെ മരണം ഇന്ത്യന്‍ സിനിമക്ക് മാത്രമല്ല ലോക സിനിമക്ക് തന്നെ വലിയ നഷ്ടമാണ്. എന്നാല്‍ ഇര്‍ഫാന്റെ വിയോഗം സിനിമക്ക് മാത്രമല്ല ക്രിക്കറ്റിനും വലിയ നഷ്ടമാണെന്ന് ഓര്‍ത്തെടുക്കുകയാണ് അദ്ദേഹത്തിന്റെ ബാല്യകാല സുഹൃത്ത് ഭരത് ഭട്‌നാഗര്‍. സിനിമയിലെത്തി മികച്ച നടനെന്ന് പേരെടുത്തപ്പോഴും കടുത്ത ക്രിക്കറ്റ് ആരാധകനായിരുന്നു ഇര്‍ഫാന്‍ ഖാന്‍. ഇതിന് പിന്നിലെ കഥയെക്കുറിച്ചാണ് ഭരത് മനസുതുറക്കുന്നത്.

Latest Videos

undefined

1984-85 കാലഘട്ടത്തില്‍  നാട്ടിലെ 11 സ്റ്റാര്‍ ക്രിക്കറ്റ് ക്ലബ്ബിലെ അറിയപ്പെടുന്ന ഓള്‍ റൗണ്ടറായിരുന്നു ഇര്‍ഫാന്‍ ഖാനെന്ന് ഭരത് പറയുന്നു. എല്ലാ ദിവസവും വൈകിട്ട് നാലര മുതല്‍ ആറരവരെ എന്റെ വീടിന് നേരെ എതിര്‍വശത്തുള്ള ജയ്പൂരിലെ ആയുര്‍വേദ കോളജ് ഗ്രൗണ്ടില്‍ ഞങ്ങള്‍ പരിശീലനം നടത്തുമായിരുന്നു. ഗ്രൗണ്ടില്‍ നിന്ന് 10 മിനിറ്റ് നടന്നാല്‍ എത്തുന്ന ദൂരത്തായിരുന്നു ഇര്‍ഫാന്റെ വീടായ സയ്യീദ മന്‍സില്‍. പേസ് ബൗളര്‍മാരായിരുന്നു ഞങ്ങള്‍ രണ്ടുപേരും. നല്ല ഉയരമുള്ളതിനാല്‍ പന്തുകള്‍ക്ക് മികച്ച ബൗണ്‍സ് കണ്ടെത്താന്‍ ഇര്‍ഫാന് കഴിയുമായിരുന്നു. അന്ന് ജയ്പൂരില്‍ രണ്ട് ക്ലബ്ബുകള്‍ മാത്രമാണുണ്ടായിരുന്നത്. മാറ്റ് വിക്കറ്റിലായിരുന്നു കളി. തന്റെ ബൗണ്‍സ് കൊണ്ട് ഇര്‍ഫാന്‍ എതിരാളികളെ വെള്ളംകുടിപ്പിച്ചിരുന്നത് ഇപ്പോഴും ഓര്‍ക്കുന്നു.

Also Read:'ഇര്‍ഫാന്‍...എനിക്കറിയാം ആ വേദന, നിങ്ങളിപ്പോള്‍ കൂടുതല്‍ മികച്ചയിടത്താണ്': യുവരാജ് സിംഗ്

എന്നാല്‍ ഇര്‍ഫാന്റെ അമ്മ സയ്യിദ, കര്‍ക്കശക്കാരിയായിരുന്നു. ഇര്‍ഫാന്‍ കളിച്ചു നടക്കാതെ പഠനത്തില്‍ ശ്രദ്ധിക്കണമെന്നായിരുന്നു അവരെപ്പോഴും ആവശ്യപ്പെട്ടിരുന്നത്. പലപ്പോഴും വീട്ടില്‍ നുണ പറഞ്ഞാണ് ഇര്‍ഫാന്‍ പല ടൂര്‍ണമെന്റുകളിലും ഞങ്ങള്‍ക്കൊപ്പം കളിക്കാനിറങ്ങിയിരുന്നത്. അമ്മയെപ്പോലെയായിരുന്നില്ല, ഇര്‍ഫാന്റെ പിതാവ്. അദ്ദേഹം ക്രിക്കറ്റ് കളിയില്‍ ഇര്‍ഫാന് എല്ലാവിധ പിന്തുണയും നല്‍കിയിരുന്നു.

കപില്‍ ദേവും ഗുണ്ടപ്പ വിശ്വനാഥുമായിരുന്നു ആ സമയത്ത് ഇര്‍ഫാന്റെ ഇഷ്ടതാരങ്ങള്‍. പാക് ക്യാപ്റ്റനായിരുന്ന ഇമ്രാന്‍ ഖാന്റെയും കടുത്ത ആരാധകനായിരുന്നു ഇര്‍ഫാന്‍. എങ്കിലും ഗുണ്ടപ്പ വിശ്വനാഥിന്റെ കളിയോട് ഇര്‍ഫാന് ഒരു പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. അദ്ദേഹത്തെപ്പോലുള്ള കളിക്കാര്‍ അധികമുണ്ടാവില്ലെന്ന് ഇര്‍ഫാന്‍ ഇടിക്കിടെ പറയും.

What a captain you've been ! Will always remember you winning world cups almost single handedly.

— Irrfan (@irrfank)

കുടുംബത്തിന്റെ പിന്തുണ ലഭിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ രാജ്യത്തിന് ഇര്‍ഫാനിലൂടെ ഒരു മികച്ച ഓള്‍ റൗണ്ടറെ ലഭിക്കുമായിരുന്നു. കാരണം പേസ് ബൗളര്‍ മാത്രമല്ല, ഞങ്ങളുടെ ടീമിന്റെ ഓപ്പണിംഗ് ബാറ്റ്സ്മാനായും ഇര്‍ഫാന്‍ കളിച്ചിട്ടുണ്ട്. ബാറ്റിംഗും ബൗളിഗും ഒരുപോലെ വഴങ്ങുന്ന മികച്ച ഓള്‍ റൗണ്ടറായിരുന്നു അദ്ദേഹം. അക്കാലത്ത് അത് അപൂര്‍വമായിരുന്നു. പക്ഷെ വിധി കരുതിവെച്ചത് മറ്റൊന്നായിരുന്നു. ഇര്‍ഫാനിലെ നടനെ ലോകം മുഴുവന്‍ അറിഞ്ഞു.

ക്രിക്കറ്റിന് പുറമെ മികച്ച നീന്തല്‍ക്കാരനും ആയിരുന്നു ഇര്‍ഫാന്‍. ഞങ്ങളെയെല്ലാം നീന്തല്‍ പഠിപ്പിച്ചത് ഇര്‍ഫാനായിരുന്നു. കായികക്ഷമതയില്‍ ഇത്രയും ശ്രദ്ധിക്കുന്ന ഒരാള്‍ 53-ാം വയസില്‍ നമ്മെ വിട്ടുപോയെന്ന് വിശ്വസിക്കാനാവുന്നില്ല. എങ്കിലും അദ്ദേഹത്തിന്റെ ഇന്നിംഗ്സ് മികച്ച രീതിയില്‍ കളിച്ച ശേഷമാണ് അദ്ദേഹം നമ്മെവിട്ടുപോയതെന്ന് ആശ്വസിക്കാം-ഭരത് പറഞ്ഞു.

Also Read:സച്ചിന്‍, കോലി, സെവാഗ്, സൈന; ഇര്‍ഫാന്‍ ഖാന് അന്ത്യാഞ്ജലിയുമായി കായികതാരങ്ങള്‍

ചെറുപ്പകാലത്ത് ക്രിക്കറ്റ് താരമാകണമെന്നായിരുന്നു ആഗ്രഹമെന്ന് ഇര്‍ഫാന്‍ ഖാന്‍ മുമ്പ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. കളിക്കുന്ന കാലത്ത് താന്‍ ഓള്‍ റൗണ്ടറായിരുന്നുവെന്നും ടീമിലെ എറ്റവും പ്രായം കുറഞ്ഞ കളിക്കാരനായിരുന്നുവെന്നും ഇര്‍ഫാന്‍ പറഞ്ഞിരുന്നു. ബാറ്റിംഗ് ഏറെ ഇഷ്ടമായിരുന്നെങ്കിലും ക്യാപ്റ്റന് എന്റെ ബൗളിംഗാണ് കൂടുതല്‍ ഇഷ്ടമെന്നതിനാലാണ് താന്‍ ബൗളറായതെന്നും ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന ധോണിയുടെ കടുത്ത ആരാധകനാണ് താനെന്നും ഇര്‍ഫാന്‍ മുമ്പ് പറഞ്ഞിരുന്നു.

സി കെ നായിഡു ട്രോഫിയ്ക്കായുള്ള ടീമിലേക്ക് തെര‍ഞ്ഞെടുക്കപ്പെട്ടുവെങ്കിലും ജയ്പൂരില്‍ നിന്ന് അജ്മീറിലേക്ക് പോകാനുള്ള യാത്രാക്കൂലിക്ക് പണമില്ലാത്തതിനാല്‍ പോകാനായില്ല. എങ്ങനെ പണം ചോദിക്കണമെന്നോ ആരോട് ചോദിക്കണമെന്നോ എനിക്ക് അറിയില്ലായിരുന്നു. അന്നാണ് ക്രിക്കറ്റ് തുടരാന്‍ പറ്റില്ലെന്ന് താന്‍ തിരിച്ചറിഞ്ഞതെന്നും ഇര്‍ഫാന്‍ പറഞ്ഞിരുന്നു. അതിനുശേഷമാണ് ഇര്‍ഫാന്‍ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്നത്. പിന്നീട് ഇന്ത്യന്‍ സിനിമയിലെ എണ്ണം പറഞ്ഞ നടന്‍മാരിലൊരാളായി ഇര്‍ഫാന്‍ മാറിയെന്നത് ചരിത്രം.

click me!