ഐപിഎല്ലില്‍ നിറം മങ്ങി ഇന്ത്യന്‍ താരങ്ങള്‍; ലോകകപ്പ് ടീമിലെ സ്ഥാനവും ത്രിശങ്കുവില്‍

By Web Team  |  First Published Apr 8, 2019, 12:54 PM IST

 ഏകദിന ടീമിലെ നാലാം നമ്പറിലേക്ക് ഇന്ത്യ കണ്ടുവെച്ച റായിഡുവിന്റെ ഐപിഎല്ലിലെ പ്രകടനം പരിതാപകരമാണ്. അഞ്ച് കളികളില്‍ 13.75 ശരാശരിയില്‍ നിന്ന് ഇതുവരെ നേടിയത് ആകെ 55 റണ്‍സ് മാത്രം.


മുംബൈ: മെയ് അവസാനം ഇംഗ്ലണ്ടിലും വെയില്‍സിലുമായി ആരംഭിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ ഏപ്രില്‍ 22ന് പ്രഖ്യാപിക്കാനിരിക്കെ ലോകകപ്പ് സാധ്യതാ പട്ടികയിലുള്ളവരുടെ ഐപിഎല്ലിലെ പ്രകടനം നിര്‍ണായകമാകുമോ. ലോകകപ്പ് ടീമിനെ തെരഞ്ഞെടുക്കുമ്പോള്‍ ഐപിഎല്ലിലെ പ്രകടനം കണക്കിലെടുക്കരുതെന്നാണ് ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മയുടെ അഭിപ്രായം. ലോകകപ്പിനുള്ള ടീം ഏതാണ്ട് സജ്ജമായെന്നും ഒന്നോ രണ്ടോ സ്ഥാനങ്ങള്‍ മാത്രമെ ഇനി ഒഴിവുള്ളു എന്ന് ക്യാപ്റ്റന്‍ വിരാട് കോലിയും വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുന്നവരുടെ ഐപിഎല്ലിലെ ഇതുവരെയുള്ള പ്രകടം അത്ര ആശാവഹമല്ല.

അംബാട്ടി റായിഡു: ഏകദിന ടീമിലെ നാലാം നമ്പറിലേക്ക് ഇന്ത്യ കണ്ടുവെച്ച റായിഡുവിന്റെ ഐപിഎല്ലിലെ പ്രകടനം പരിതാപകരമാണ്. അഞ്ച് കളികളില്‍ 13.75 ശരാശരിയില്‍ നിന്ന് ഇതുവരെ നേടിയത് ആകെ 55 റണ്‍സ് മാത്രം. ഇതില്‍ ആദ്യ നാലു കളികളിലും ഓപ്പണറായും അഞ്ചാം മത്സരത്തില്‍ അഞ്ചാമനായുമാണ് റായിഡു ക്രീസിലെത്തിയത്. അഞ്ചാം മത്സരത്തില്‍ നേടിയ 21 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍.

Latest Videos

undefined

വിജയ് ശങ്കര്‍: സണ്‍റൈസേഴ്സിനായി ആദ്യ രണ്ട് മത്സരങ്ങളിലും 30ന് മുകളില്‍ സ്കോര്‍ ചെയ്ത വിജയ് ശങ്കര്‍ക്ക് പക്ഷെ തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഈ മികവ് നിലനിര്‍ത്താനായില്ല. 9, 16, 5 എന്നിങ്ങനെയാണ് തുടര്‍ന്നുള്ള മത്സരങ്ങളില്‍ ശങ്കറിന്റെ സ്കോര്‍.അഞ്ച് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ശങ്കര്‍ ബൗള്‍ ചെയ്തത്. വിക്കറ്റൊന്നും നേടിയതുമില്ല.

ദിനേശ് കാര്‍ത്തിക്ക്:കൊല്‍ക്കത്ത നായകന്‍ കൂടിയായ കാര്‍ത്തിക്ക് ആദ്യ രണ്ട് കളികളില്‍ ചെറിയ സ്കോറിന് പുറത്തായി. ഡല്‍ഹിക്കെതിരെ അര്‍ധസെഞ്ചുറി നേടിയെങ്കിലും ടീമിന് ജയം സമ്മാനിക്കാനായില്ല. ബംഗലൂരുവിനെതിരെയും കാര്യമായി സ്കോര്‍ ചെയ്യാനായില്ല. നാലു കളികളില്‍ 72 റണ്‍സ് മാത്രമാണ് ഇതുവരെ കാര്‍ത്തിക് നേടിയത്.

ഹര്‍ദ്ദിക് പാണ്ഡ‍്യ: വിവാദങ്ങളും പരിക്കും ബൗണ്ടറിക്ക് പുറത്തുനിര്‍ത്തി ഹര്‍ദ്ദിക് പാണ്ഡ്യ ഫോമിലായത് മുംബൈ ഇന്ത്യന്‍സിനെന്ന പോലെ ഇന്ത്യക്കും ആശ്വാസകരമാണ്. 34 റണ്‍സ് ശരാശരിയില്‍ 178.94 പ്രഹരശേഷിയില്‍ മുംബൈക്കായി റണ്ണടിച്ചുകൂട്ടിയ പാണ്ഡ്യയുടെ ഓള്‍ റൗണ്ട് മികവാണ് ചെന്നൈക്കെതിരെ ടീമിന് വിജയം സമ്മാനിച്ചത്.

ഋഷഭ് പന്ത്: ആദ്യ മത്സരത്തില്‍ തന്നെ 27 പന്തില്‍ 78 റണ്‍സടിച്ച ഇന്നിംഗ്സിലൂടെ ലോകകപ്പ് ടീമിലേക്കുള്ള അവകാശവാദം ശക്തമാക്കിയെങ്കിലും ഋഷഭ് പന്തിന് തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഈ മികവ് നിലനിര്‍ത്താനായില്ല. വലിയ സ്കോര്‍ നേടാനായില്ലെങ്കിലും വിക്കറ്റിന് പിന്നില്‍ വലിയ അബദ്ധങ്ങളൊന്നും ഋഷഭ് പന്ത് വരുത്തിയില്ലെന്നത് ആശ്വാസകരമാണ്. ആറ് കളികളില്‍ 176 റണ്‍സാണ് ഋഷഭ് പന്തിന്റെ ഇതുവരെയുള്ള സമ്പാദ്യം.

കെ എല്‍ രാഹുല്‍: കിംഗ്സ് ഇലവന്‍ പ‍ഞ്ചാബിനായി റണ്‍വേട്ടയില്‍ ഒന്നാമനായെങ്കിലും രാഹുല്‍ ഫോമിന്റെ ഏഴയലത്തൊന്നുമല്ല. ചെന്നൈക്കെതിരെ നേടിയ ഒരേയൊരു അര്‍ധസെഞ്ചുറിയാകട്ടെ ടീമിനെ വിജയത്തിലെത്തിച്ചതുമില്ല. അഞ്ച് കളികളില്‍ 36.50 ശരാശരിയില്‍ 146 റണ്‍സാണ് രാഹുലിന്റെ സമ്പാദ്യം.

അജിങ്ക്യാ രഹാനെ: ലോകകപ്പില്‍ മൂന്നാം ഓപ്പണറായി രാഹുലിനൊപ്പം പരിഗണിക്കുന്ന രഹാനെക്കും ഇതുവരെ ഫോമിലെത്താനായിട്ടില്ല. രാജസ്ഥാന്റെ നായകന്‍ കൂടിയായ രഹാനെക്ക് ആറ് കളികളില്‍ ഒരു അര്‍ധസെഞ്ചുറി മാത്രമാണ് നേടാനായത്. ആറ് കളികളില്‍ 129 റണ്‍സ് മാത്രമാണ് ഇതുവരെ രഹാനെയുടെ സമ്പാദ്യം.

click me!