ദയനീയമായി തോറ്റ് ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഒരിക്കൽ കൂടി ടെസ്റ്റ് പരമ്പര മോഹം പൊലിഞ്ഞാണ് 2023 നോട് ടീം ഇന്ത്യ വിടപറയുന്നത്. ഈ വര്‍ഷം ആരാധകര്‍ക്ക് സന്തോഷിക്കാന്‍ വക നല്‍കിയത് ഏഷ്യാകപ്പ് കിരീടനേട്ടം മാത്രമാണ്. ശ്രീലങ്കയെ തകര്‍ത്തെറിഞ്ഞാണ് രോഹിതും സംഘവും ഏഷ്യാകപ്പ് വീണ്ടെടുത്തത്.
തിരുവനന്തപുരം: ഐസിസി ടൂര്‍ണമെന്‍റുകളിൽ ടീം ഇന്ത്യക്ക് കാലിടറിയ ഒരു വര്‍ഷം കൂടിയാണ് കടന്നുപോകുന്നത്. മലയാളി താരങ്ങളായ സഞ്ജു സാംസണും മിന്നുമണിക്കും കരിയറിലെ വഴിത്തിരവായ വര്‍ഷം കൂടിയാണ് 2023. ദ്വിരാഷ്ട്ര പരമ്പരകളിലെ സമഗ്രാധിപത്യം, ഐസിസി ടൂര്‍ണമെന്‍റുകളിലെ പടിക്കല്‍ കലമുടയ്ക്കൽ, ടീം ഇന്ത്യയുടെ പതിവ് ശീലങ്ങൾക്ക് 2023ലും മാറ്റമുണ്ടായില്ല.
ഈ വര്‍ഷം ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്‍റെ തുടര്‍ച്ചയായ രണ്ടാം ഫൈനലിലും ഇന്ത്യ തോറ്റു. ഓസ്ട്രേലിയക്കെതിരെ 209 റണ്‍സിനായിരുന്നു രോഹിതിന്‍റെയും സംഘത്തിന്റെയും തോൽവി. ഏകദിന ലോകകപ്പിലായിരുന്നു ഏറ്റവും വലിയ നിരാശ.അപരാജിതരായി ഫൈനലിലെത്തിയ ഇന്ത്യക്ക് കലാശക്കളിയിൽ പിഴച്ചു. ഓസ്ട്രേലിയക്കെതിരെ ആറ് വിക്കറ്റിന്റെ തോൽവി.
undefined
ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റ് ആദ്യമായി മത്സരമിനമായപ്പോൾ, പുരുഷ വനിത ടീമുകൾ സ്വര്‍ണം നേടി ചരിത്രം കുറിച്ചു.ഇംഗ്ലണ്ടിനെ തകര്‍ത്ത് അണ്ടര്‍ 19 വനിത ടി20 ലോകകപ്പിൽ ഇന്ത്യ കന്നി കിരീടം നേടിയതാണ് മറ്റൊരു സുവര്‍ണനിമിഷം. ഒമ്പത് വര്‍ഷത്തിന് ശേഷം സ്വന്തം മണ്ണിൽ ടെസ്റ്റ് കളിച്ച ഇന്ത്യൻ വനിത ടീം തുടരെ സ്വന്തമാക്കിയത് രണ്ട് ചരിത്ര നേട്ടം. ഇംഗ്ലണ്ടിനെതിരായ 347 റണ്‍സ് ജയം വനിത ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മാര്‍ജിനിലുള്ള ജയമാണ്. ഓസ്ട്രേലിയക്കെതിരെ ടെസ്റ്റിൽ ആദ്യമായി ജയിക്കുകയും ചെയതും ഇന്ത്യയുടെ പെണ്‍പുലികൾ.
ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിന് അഞ്ചാം കിരീടത്തിന്‍റെ തലപ്പൊക്കമേറുന്നതും ഈ വര്‍ഷം കണ്ടു. ഗുജറാത്തിനെ തോൽപ്പിച്ചായിരുന്നു ധോണിയുടെ മഞ്ഞപ്പടയുടെ കിരീടധാരണം. പുതിയ ഐപിഎൽ സീസണിന് മുന്നോടിയായി ആരാധകരെ ഞെട്ടിച്ച് മുംബൈ ഇന്ത്യൻസ് ഗുജറാത്ത് നായകൻ ഹാര്‍ദിക് പണ്ഡ്യയെ പ്ലെയര്‍ ട്രേഡിലൂടെ സ്വന്തമാക്കിയതും ഈ വര്‍ഷം തന്നെ. എന്നാൽ രോഹിത് ശര്‍മ്മയെ നീക്കി ഹാര്‍ദ്ദികിനെ ക്യാപ്റ്റനാക്കാൻ തീരുമാനിച്ചത് മുംബൈ ആരാധകര്‍ക്കിടയിൽ തന്നെ ഉണ്ടാക്കിയത് വൻ രോഷം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക