റാഞ്ചിയില്‍ ജയിച്ചാല്‍ ഇന്ത്യയെ കാത്തിരിക്കുന്നത് അപൂര്‍വ റെക്കോര്‍ഡ്

By Web Team  |  First Published Mar 7, 2019, 4:33 PM IST

ഓസ്ട്രേലിയക്കെതിരെ ഇതുവരെ കളിച്ച 133 മത്സരങ്ങളില്‍ ഇന്ത്യ 49 എണ്ണത്തില്‍ ജയിച്ചപ്പോള്‍ 74 കളികളില്‍ തോറ്റു. ഇംഗ്ലണ്ട് 147 കളികളില്‍ 61 എണ്ണം ജയിച്ചപ്പോള്‍ 81 എണ്ണം തോറ്റു.


റാഞ്ചി: ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനം ജയിച്ചതോടെ ഏകദിന ക്രിക്കറ്റില്‍ 500 ജയങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ ടീമിനെ റാഞ്ചിയിലെ മൂന്നാം ഏകദിനവും ജയിച്ചാല്‍ കാത്തിരിക്കുന്നത് പരമ്പര നേട്ടത്തിനു പുറമെ മറ്റൊരു അപൂര്‍വ റെക്കോര്‍ഡും. റാഞ്ചിയില്‍ ജയിച്ചാല്‍ ഓസ്ട്രേലിയക്കെതിരെ 50 ജയങ്ങള്‍ പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ മാത്രം ടീമെന്ന റെക്കോര്‍ഡ് ഇന്ത്യക്ക് സ്വന്തമാവും. ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും മാത്രമാണ് ഇതിന് മുമ്പ് ഓസ്ട്രേലിയക്കെതിരെ 50 ജയങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ടീമുകള്‍.

ഓസ്ട്രേലിയക്കെതിരെ ഇതുവരെ കളിച്ച 133 മത്സരങ്ങളില്‍ ഇന്ത്യ 49 എണ്ണത്തില്‍ ജയിച്ചപ്പോള്‍ 74 കളികളില്‍ തോറ്റു. ഇംഗ്ലണ്ട് 147 കളികളില്‍ 61 എണ്ണം ജയിച്ചപ്പോള്‍ 81 എണ്ണം തോറ്റു. വെസ്റ്റ് ഇന്‍ഡീസിനാകട്ടെ 139 കളികളില്‍ 60 ജയവും 74 തോല്‍വിയുമാണുള്ളത്. 99 കളികളില്‍ 47 ജയവും 48 തോല്‍വിയുമുള്ള ദക്ഷിണാഫ്രിക്കയ്ക്കാണ് ഓസീസിനെതിരെ ഏറ്റവും മികച്ച വിജയശതമാനമുള്ളത്.

Latest Videos

2010നുശേഷം കളിച്ച മത്സരങ്ങളിലാണ് ഇന്ത്യക്ക് ഓസീസിനെതിരെ മികച്ച റെക്കോര്‍ഡുള്ളത്. 2010നുശേഷം ഓസീസിനെതിരെ കളിച്ച 30 കളികളില്‍ 15 എണ്ണം ഇന്ത്യ ജയിച്ചപ്പോള്‍ 13 എണ്ണത്തില്‍ തോറ്റു. ഓസീസിന്റെ പ്രതാപകാലമായിരുന്ന 2000നും 2010നും ഇടയില്‍ കളിച്ച 46 മത്സരങ്ങളില്‍ 12 എണ്ണത്തില്‍ മാത്രമാണ് ഇന്ത്യ ജയിച്ചത്. ഇക്കാലയളവില്‍ ഓസീസ് 29 എണ്ണത്തില്‍ ജയിച്ചു.

click me!