ധോണിയും ക്യാച്ചുകളും സ്റ്റംപിംഗുകളും നഷ്ടമാക്കിയിട്ടുണ്ട്; തുറന്നടിച്ച് ഋഷഭ് പന്തിന്റെ പരിശീലകന്‍

By Web Team  |  First Published Mar 12, 2019, 4:44 PM IST

ഋഷഭ് പന്തിനെപ്പോലെ പ്രതീക്ഷകളുടെ ഭാരവുമായല്ല ധോണി ഇന്ത്യന്‍ ടീമിലെത്തിയത്. ഏതെങ്കിലും ഇതിഹാസ താരത്തിന് പകരക്കാരനായല്ല ധോണി ഇന്ത്യയുടെ വിക്കറ്റ് കീപ്പറായത്.


മൊഹാലി: ഓസ്ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്‍ വിക്കറ്റിന് പിന്നിലെ മോശം പ്രകടനത്തിന്റെ പേരില്‍ ഋഷഭ് പന്തിനെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി പരിശീലകന്‍ താരക് സിന്‍ഹ. ധോണിയുമായി ഋഷഭ് പന്തിനെ താരതമ്യം ചെയ്യുന്നത് നീതീകേടാണെന്നും ഇത് യുവതാരത്തിനുമേല്‍ അനാവശ്യ സമ്മര്‍ദ്ദമുണ്ടാക്കുകയേ ഉള്ളൂവെന്നും സിന്‍ഹ പറഞ്ഞു. ധോണിയുടേതുപോലെ കളിക്കണമെന്ന് പറയുന്നത് ഋഷഭ് പന്തിനെ സമ്മര്‍ദ്ദത്തിലാക്കും. മനസ് സ്വസ്ഥമായിരിക്കുമ്പോഴാണ് അയാള്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നത്. അതിനുള്ള അവസരമൊരുക്കുകയാണ് വേണ്ടത്-സിന്‍ഹ പറഞ്ഞു.

കരിയറിന്റെ തുടക്കത്തില്‍ ധോണിയും ഋഷഭ് പന്തിനെപ്പോലെ ഒരുപാട് സ്റ്റംപിംഗുകളും ക്യാച്ചുകളും നഷ്ടമാക്കിയിട്ടുണ്ട്. ഇന്നുകാണുന്ന ധോണിയുമായി യുവതാരമായ പന്തിനെ എങ്ങനെയാണ് താരതമ്യം ചെയ്യാനാവുക. അയാള്‍ക്ക് കുറച്ചുകൂടി സമയം നല്‍കു. ഋഷഭ് പന്തിനെപ്പോലെ പ്രതീക്ഷകളുടെ ഭാരവുമായല്ല ധോണി ഇന്ത്യന്‍ ടീമിലെത്തിയത്. ഏതെങ്കിലും ഇതിഹാസ താരത്തിന് പകരക്കാരനായല്ല ധോണി ഇന്ത്യയുടെ വിക്കറ്റ് കീപ്പറായത്. ദിനേശ് കാര്‍ത്തിക്കിനെയും പാര്‍ത്ഥിവ് പട്ടേലിനെയും പോലെ തന്നെക്കാള്‍ പ്രായത്തില്‍ ചെറുപ്പമായ കളിക്കാരുടെ പകരക്കാരനായിട്ടായിരുന്നു. അതുകൊണ്ടുതന്നെ ധോണിയുടെ മേല്‍ സമ്മര്‍ദ്ദവും കുറവായിരുന്നു.

Latest Videos

എന്നാല്‍ ഋഷഭ് പന്തിന്റെ കാര്യത്തില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. ലോക ക്രിക്കറ്റില്‍ ഇന്ന് ഏത് കീപ്പറാണ് ക്യാച്ചുകളും സ്റ്റംപിംഗുകളും നഷ്ടമാക്കാത്തത്. കരിയറിന്റെ തുടക്കത്തില്‍ ധോണി പോലും ക്യാച്ചുകളും സ്റ്റംപിംഗുകളും നഷ്ടമാക്കിയിട്ടില്ലെ. എന്തായാലും ഒരു സീസണിലെ മോശം പ്രകടനത്തിന്റെ പേരില്‍ ഒഴിവാക്കാതെ അദ്ദേഹത്തെ ടീമില്‍ നിലനിര്‍ത്തിയ സെലക്ടര്‍മാരുടെ നടപടി നല്ല കാര്യമാണ്. സമയം അനുവദിച്ചാല്‍ ഋഷഭ് പന്ത് കൂടുതല്‍ മെച്ചപ്പെട്ട വിക്കറ്റ് കീപ്പറാകുമെന്നും താരക് സിന്‍ഹ പറഞ്ഞു.

click me!