കമ്മിന്‍സിന്‍റെ തീപാറും വിക്കറ്റുകള്‍ കണ്ട് ത്രസിക്കുമ്പോഴും ആ വിരലുകളില്‍ ഒളിഞ്ഞിരുന്ന രഹസ്യം മിക്ക ആരാധകരും അറിഞ്ഞിരുന്നില്ല
ഓവല്‍: ടെസ്റ്റ് റാങ്കിംഗില്‍ ബൗളര്‍മാരില്‍ ഒന്നാം സ്ഥാനത്താണ് ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സ്. ഒന്നാം നമ്പര്‍ ബൗളര്‍ക്ക് ഉതകുന്ന പ്രകടനമാണ് ആഷസില്‍ കമ്മിന്‍സ് കാഴ്‌ചവെക്കുന്നത്. നാലാം ടെസ്റ്റ് വിജയിച്ച് ഓസ്‌ട്രേലിയ ആഷസ് നിലനിര്‍ത്തിയപ്പോള്‍ ഇംഗ്ലണ്ട് മുന്‍നിരയെ അതിവേഗം പറഞ്ഞയച്ച കമ്മിന്‍സിന്‍റെ പ്രകടനമാണ് നിര്‍ണായകമായത്.
കമ്മിന്‍സിന്‍റെ തീപാറും വിക്കറ്റുകള്‍ കണ്ട് ത്രസിക്കുമ്പോഴും ആ വിരലുകളില്‍ ഒളിഞ്ഞിരുന്ന രഹസ്യം മിക്ക ആരാധകരും അറിഞ്ഞിരുന്നില്ല. വലംകൈയന്‍ പേസറായ കമ്മിന്‍സിന്‍റെ നടുവിരലിന് അല്‍പം നീളക്കുറവുണ്ട്. കമ്മിന്‍സിന് മൂന്ന് വയസ് മാത്രം പ്രായമുള്ളപ്പോള്‍ സഹോദരി അബദ്ധത്തില്‍ വീടിന്‍റെ വാതിലടയച്ചപ്പോള്‍ വിരലിന്‍റെ അഗ്രഭാഗം അതിനിടയില്‍പ്പെട്ട് അറ്റുപോവുകയായിരുന്നു. ഔട്ട് സ്വിങറുകള്‍ എറിയാന്‍ നിര്‍ണായകമായ മധ്യവിരലിനാണ് അങ്ങനെ ക്ഷതമേറ്റത്.
എന്നാല്‍ വിരലിന്‍റെ കുറച്ചുഭാഗം മുറിഞ്ഞുപോയത് തന്നെ കാര്യമായി ബാധിച്ചിട്ടില്ല എന്ന് കമ്മിന്‍സ് 2011ല്‍ തുറന്നുപറഞ്ഞു. കമ്മിന്‍സിന്‍റെ പ്രകടനം അത് തെളിയിക്കുന്നുമുണ്ട്. മികച്ച സീം പൊസിഷന്‍ ലഭിക്കാന്‍ കമ്മിന്‍സിന് ഈ വിരല്‍ സഹായകമാകുന്നു എന്ന് ഓസീസ് പേസ് ഇതിഹാസം ബ്രെറ്റ് ലീ മുന്‍പ് നിരീക്ഷിച്ചിരുന്നു. ഈ ആഷസില്‍ നാല് ടെസ്റ്റുകളില്‍ നിന്ന് 24 വിക്കറ്റുകള്‍ കമ്മിന്‍സ് വീഴ്‌ത്തി. ഓവലില്‍ ഇന്നാംരംഭിക്കുന്ന അവസാന ടെസ്റ്റിലും കമ്മിന്‍സ് കളിക്കുന്നുണ്ട്.