1989ൽ അരങ്ങേറ്റ പരമ്പരയിലെ 4 ടെസ്റ്റുകൾക്കും നാല് ഏകദിനങ്ങൾക്കും കൂടി സച്ചിന് ലഭിച്ച പ്രതിഫലം എത്രയായിരുന്നു
എന്തുകൊണ്ട് സച്ചിൻ മാത്രം?
സച്ചിൻ ടെന്‍ഡുക്കർക്ക് ശേഷവും ഇന്ത്യൻ ക്രിക്കറ്റ് ഒരുപാട് ദൂരം സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. അദ്ദേഹത്തിൻ്റെ സകല റെക്കോർഡുകളും തകർക്കപ്പെട്ടേക്കാം. എന്നാൽ മഹാത്മ ഗാന്ധിജിക്ക് ശേഷം ഇന്ത്യൻ ജനതയെ അത്രയേറെ സ്വാധീനിച്ച മനുഷ്യൻ പക്ഷേ അപ്പോഴും വ്യത്യസ്തനായി തന്നെ നിലനിൽക്കും. ടെസ്റ്റ് ക്രിക്കറ്റിലെ സാങ്കേതിക തികവിൻ്റെ പര്യായമായി ഹെൽമറ്റ് പോലും ധരിക്കാതെ പേസ് പടക്കെതിരെ സുനിൽ ഗാവസ്കർ നിലകൊണ്ടപ്പോൾ അത്രയും മികച്ച ഒരു ബാറ്റ്സ്മാനെ ഇനി കിട്ടാനില്ല എന്ന് കരുതിയ സമയത്ത് അദ്ദേഹത്തിൻ്റെ നാട്ടിൽ നിന്നുതന്നെ ഉദിച്ചുയർന്ന സച്ചിൻ തൊണ്ണൂറുകളിൽ ടെസ്റ്റ് ക്രിക്കറ്റിനൊപ്പം ഏകദിന ക്രിക്കറ്റിനെ പുതിയ തലത്തിലേക്ക് ഉയർത്തുകയായിരുന്നു.
undefined
1989ൽ അരങ്ങേറ്റ പരമ്പരയിലെ 4 ടെസ്റ്റുകൾക്കും നാല് ഏകദിനങ്ങൾക്കും കൂടി സച്ചിന് ലഭിച്ച പ്രതിഫലം 50000 രൂപ മാത്രമായിരുന്നു. എന്നാൽ 24 വർഷം കഴിഞ്ഞു കളിനിർത്തുമ്പോൾ ക്രിക്കറ്റിൻ്റെ വാണിജ്യ സാധ്യതയെ വളർത്തിയ സച്ചിൻ്റെ പ്രതിഫലം മാത്രമായിരുന്നില്ല ഭീമമായി വളർന്നത്. ഓരോ ക്രിക്കറ്ററുടെയും കൂടിയായിരുന്നു. മുംബൈയിലെ ചേരികളിൽ കുട്ടികളുടെ വിദ്യാഭ്യാസത്തിന് വലിയ സാമ്പത്തിക സഹായം ചെയ്യുന്ന സച്ചിൻ പക്ഷേ അതൊന്നും മാധ്യമങ്ങളിൽ ചർച്ച ചെയ്യാൻ പോലും ഇഷ്ടപ്പെടാറില്ലാത്ത വ്യത്യസ്തനാണ്. ക്രിക്കറ്റ് ഒരു പകർച്ചപ്പനി ആയി വളർന്ന ഇന്ത്യയിൽ അതിൻ്റെ വേഗത്തിന് ആക്കം കൂടിയ പ്രതിഭാസമായിരുന്നു. സച്ചിൻ കളി തുടങ്ങുമ്പോൾ ഇന്ത്യ ഒരു പിന്നോക്ക രാജ്യമായിരുന്നു. ഉദാരവല്ക്കരണം ഇന്ത്യയെ ലോകശക്തിയാക്കി വളർത്തിയപ്പോൾ സച്ചിൻ ക്രിക്കറ്റിനേക്കാളും വേഗത്തിൽ വളർന്ന കളിക്കാരനായി. ഫാസ്റ്റ് ബൗളർമാർക്കെതിരെ അപാര ടൈമിംഗ് കാഴ്ചവെച്ച സച്ചിൻ വോണും മുരളിയും അടക്കമുള്ള സ്പിന്നർമാർക്കെതിരെ കാഴ്ചവച്ച ബാറ്റിംഗ് വിരുന്ന് എങ്ങനെ മറക്കും?
വിദേശമണ്ണിൽ 20 വിക്കറ്റുകൾ വീഴ്ത്താൻ പോന്ന ബൗളിംഗ് കൂടി ആ കാലഘട്ടത്തിൽ ഉണ്ടായിരുന്നെങ്കിൽ സച്ചിൻ എന്ന പ്രതിഭ എത്രയോ ഉയരത്തിൽ നിന്നേനെ. തൻ്റെ കരിയറിലെ മുഴുവൻ സമയവും ഒരു ജനതയുടെ എല്ലാ സമ്മർദ്ദവും തലയിലേറ്റിയ മറ്റൊരു കായിക താരം ലോകത്തുണ്ടാകില്ല. ഇന്ത്യയിൽ ഏതു മേഖലയിലായാലും എല്ലാവരും ഒരുപോലെ ആരാധിക്കുന്ന വിഗ്രഹമാകുക എന്നതിനേക്കാളും വലിയ ഒരു കാര്യമില്ല. അത് സാധിച്ചു എന്നത് തന്നെയാണ് സച്ചിനെന്ന ഇതിഹാസത്തെ വ്യത്യസ്തനാക്കുന്നത്. എഴുപതുകളിലും എൺപതുകളിലും ക്രിക്കറ്റ് ചരിത്രത്തിൽ ഇടം നേടിയ കളിക്കാർക്ക് സങ്കൽപ്പിക്കാൻ പോലും പറ്റാത്ത കണക്കുകളെ എത്തിപ്പിടിക്കാം എന്ന് മറ്റുള്ളവരെ കൂടി വിശ്വസിപ്പിക്കുവാൻ സാധിച്ച അപാര പ്രതിഭ. കളിക്കമ്പക്കാർക്കും സ്കൂൾ കുട്ടികൾക്കും വൃദ്ധന്മാർക്കും എന്തിനധികം, ക്രിക്കറ്റ് സ്റ്റാറ്റിറ്റിക്സോ കളിയെപ്പറ്റിയോ ഒരു ധാരണയോ ഇല്ലാത്ത വീട്ടമ്മമാർക്ക് പോലും ചിരപരിചിതനായ ഒരേയൊരു താരമായിരുന്നു സച്ചിൻ. സച്ചിൻ ദേവ് ബർമൻ്റെ പാട്ടുകളോടുള്ള ആരാധന കാരണം മകന് സച്ചിൻ എന്ന പേരിട്ടപ്പോൾ ബാറ്റ് കൊണ്ട് സംഗീതം തീർത്താണ് സച്ചിൻ അച്ഛന് പ്രതിഫലം നൽകിയത്.
" Keep the wickets, Runs will come "- എന്ന ആപ്തവാക്യത്തെ മുറുകെപ്പിടിച്ച് സഞ്ചരിച്ചിരുന്ന ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റിലെ ബാറ്റിംഗ് രീതി മാറ്റിമറിച്ച സച്ചിനൊപ്പം സേവാഗ് കൂടി വന്നതോടെ ഇന്ത്യൻ ബാറ്റിംഗ് അടുത്ത തലത്തിലേക്ക് ഉയരുകയായിരുന്നു. ഏകദിന ക്രിക്കറ്റിലെ മഹാരഥനോട് ചരിത്രം പോലും നീതി കാണിച്ചത് കാണാം. ഏകദിനത്തിൽ ആദ്യ ഇരട്ട സെഞ്ചുറി നേട്ടം സച്ചിനുവേണ്ടി ചരിത്രം കാത്തുവെച്ചപ്പോൾ തൻ്റെ അവസാന ലോകകപ്പ് നൽകിയിട്ട് കൂടിയാണ് ചരിത്രം അദ്ദേഹത്തോട് നീതി കാണിച്ചത്. സച്ചിനെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിൻ്റെ ബാറ്റിംഗ് റെക്കോർഡുകൾ അല്ലേ അല്ല. അത് കളിയോടുള്ള ആത്മസമർപ്പണമാണ്. കുറച്ചു നാളുകൾക്ക് മുൻപ് റോഡ് സേഫ്റ്റി ടൂർണമെൻ്റിൽ കണ്ട സച്ചിൻറെ മുഖഭാവങ്ങൾ ഇന്നും അയാൾ ക്രിക്കറ്റിനെ എത്ര മാത്രം നെഞ്ചിലേറ്റുന്ന നടക്കുന്നുവെന്നതിൻ്റെ ഒരു ഉദാഹരണം മാത്രമാണ്. പലരും പറയും ഇരുന്നൂറ് ടെസ്റ്റുകളും നാനൂറിലധികം ഏകദിനങ്ങളും കളിച്ചത് കൊണ്ടും 24 വർഷത്തെ കരിയർ ഉള്ളത് കൊണ്ടുമാണ് സച്ചിന് ഇത്രയും വലിയ നേട്ടമുണ്ടാക്കാൻ പറ്റിയതെന്ന്. എന്നാൽ തീരെ കായികാധ്വാനം വേണ്ടാത്ത ചെസ്സ് പോലുള്ള കളിയിൽ പോലും 20 വർഷം പോലും പിടിച്ചുനിൽക്കാൻ കളിക്കാർ പാടുപെടുമ്പോൾ ഏതാണ്ട് 24 വർഷവും പൊരിവെയിലത്ത് ഗ്രൗണ്ടിൽ തൻ്റെ 100% ആത്മാർത്ഥത കാണിച്ച സച്ചിനെപ്പോലൊരാൾ ഇനി വരാനില്ല.
തൻറെ കാലഘട്ടത്തിനനുസരിച്ച് കളിയെ സ്വയം പരിഷ്കരിച്ച ഹൃദയങ്ങൾ കീഴടക്കിയ മനുഷ്യൻ്റെ ട്രേഡ് മാർക്ക് ആയ സ്ട്രൈറ്റ് ഡ്രൈവ് പോലെ സ്ട്രെയിറ്റ് ആയിരുന്നു സച്ചിൻ്റെ ഗ്രൗണ്ടിന് പുറത്തുള്ള ജീവിതവും. ഷോട്ടുകളിൽ നിരന്തരം പരീക്ഷണങ്ങൾ നടത്തി പരമ്പരാഗത ശൈലിയും പുതുതലമുറ ഷോട്ടുകളെയും ഒരുപോലെ സന്നിവേശിപ്പിച്ച സച്ചിൻ കളിക്കളത്തിൽ അതിജീവിച്ചത് തൻ്റെ ക്രിക്കറ്റ് ബുദ്ധി കൊണ്ടു കൂടിയാണ്. ഫിറ്റ്നസിലും ടെക്നിക്കിലും നിരന്തരമായ മാറ്റം വരുത്തി പ്രതിരോധത്തിനൊപ്പം ആക്രമണ ബാറ്റിംഗ് ചാലിച്ച് ലോകം കീഴടക്കുകയായിരുന്നു. ക്രിക്കറ്റ് അതിൻ്റെ വിപണി സാധ്യതകൾ ഉപയോഗിച്ചത് സച്ചിനെ ഉപയോഗപ്പെടുത്തിയായിരുന്നു. 1995ൽ വേൾഡ് ടെല്ലുമായി 30 കോടിയുടെ കരാർ സച്ചിൻ ഒപ്പിടുമ്പോൾ ഏകദിനത്തിൽ ഒരു സെഞ്ചുറി മാത്രമാണുണ്ടായിരുന്നത്. എന്നാൽ സച്ചിൻറെ മൂല്യം ആഗോള വിപണി അന്നുതന്നെ തിരിച്ചറിഞ്ഞു. ഇന്നുകാണുന്ന ഐപിഎൽ അടക്കം ഇന്ത്യൻ ക്രിക്കറ്റിൻ്റെ വളർച്ചയുടെ യഥാർത്ഥ പശ്ചാത്തലം സച്ചിൻ തന്നെയാണ്. സച്ചിന് മുമ്പും സച്ചിന് ശേഷവും എന്ന രീതിയിൽ ക്രിക്കറ്റ് നാളെ അടയാളപ്പെടുത്തപ്പെട്ടാലും അതിശയിക്കാനില്ല.
എല്ലാവരും അനുകരിക്കാൻ ഇഷ്ടപ്പെടുന്ന രാഹുൽ ദ്രാവിഡ് പറഞ്ഞതാണ് ശരി. "മറ്റാരെയും നമുക്ക് അനുകരിക്കേണ്ട കാര്യമില്ല. എന്നാൽ സച്ചിനെക്കുറിച്ചാണ് പറയുന്നതെങ്കിൽ കാര്യം വ്യത്യസ്തമാകും. അദ്ദേഹത്തിൻറെ എളിമ, സമീപനം എന്നിവ അത് ക്രിക്കറ്റിലായാലും വ്യക്തിജീവിതത്തിലായാലും അനുകരിക്കേണ്ടത് തന്നെ ". അദ്ദേഹം ക്രിക്കറ്റ് കളിച്ച കാലത്ത് നിങ്ങൾ ക്രിക്കറ്റ് കണ്ടുവെങ്കിൽ, ആ ഗെയിമിനെ സ്നേഹിച്ചുവെങ്കിൽ നിങ്ങളോളം ഭാഗ്യവാൻ മറ്റൊരാളില്ല എത്രയെത്ര ഇന്നിംഗ്സുകള്‍, എത്രയെത്ര മനോഹര നിമിഷങ്ങൾ, നന്ദി...സച്ചിൻ പാജി.
തുടരും...
Read more...'എന്‍റെ സച്ചിനൊരു പേര് വേണം', സച്ചിനെ കുറിച്ചുള്ള പുസ്‍തകത്തിന് പേരുകള്‍ ക്ഷണിച്ച് എഴുത്തുകാരന്‍