'നീയൊക്കെ എവിടുന്നു വരുന്നെടാ'; ദാദയുടെ നാക്കിന്റെ ചൂടറിഞ്ഞ കഥ തുറന്നു പറഞ്ഞ് കാര്‍ത്തിക്

By Web Team  |  First Published Sep 23, 2019, 8:02 PM IST

കാര്‍ത്തിക്കിന്റെ ഇടിയില്‍ നിലതെറ്റി വീഴാന്‍ പോയ ഗാംഗുലി ദേഷ്യത്തോടെ കാര്‍ത്തിക്കിനെ നോക്കി ചോദിച്ചു. ആരെടാ ഇവന്‍, ഇതുപൊലുള്ളവന്‍മാരൊക്കെ എവിടുന്നാടാ ഇങ്ങോട്ട് വരുന്നത്..


ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് ഒരുപാട് യുവതാരങ്ങളെ കൈപിടിച്ചുയര്‍ത്തിയ നായകനാണ് സൗരവ് ഗാംഗുലി. സഹതാരങ്ങള്‍ സ്നേഹപൂര്‍വം ദാദയെന്ന് വിളിക്കുന്ന ഗാംഗുലി ഒരിക്കല്‍ തന്നോട് ചൂടായതിന്റെ കഥ പറയുകയാണ് ദിനേശ് കാര്‍ത്തിക്. ഗൗരവ് കപൂറിന്റെ ബ്രേക്ക് ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍ എന്ന ടോക് ഷോയിലാണ് കാര്‍ത്തിക്ക് അക്കാര്യം തുറന്നു പറഞ്ഞത്.

2004ലെ ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യ-പാക്കിസ്ഥാന്‍ സൂപ്പര്‍ പോരാട്ടത്തിനിടെയായിരുന്നു സംഭവം. രണ്ട് ഏകദിനം മാത്രം കളിച്ച പരിചയമെ 19കാരനായ കാര്‍ത്തിക്കിന് അന്ന് ഉണ്ടായിരുന്നുള്ളു. മത്സരത്തില്‍ അന്തിമ ഇലവനില്‍ ഇല്ലാതിരുന്ന കാര്‍ത്തിക് പന്ത്രണ്ടാമനായിരുന്നതിനാല്‍ പാക്കിസ്ഥാന്റെ ഓരോ വിക്കറ്റ് വീഴുമ്പോഴും വെള്ളക്കുപ്പിയുമായി ഗ്രൗണ്ടിലേക്കോടും. കളിക്കാര്‍ക്ക് വെള്ളം കൊടുത്ത് മടങ്ങും. ഒരു തവണ പാക്കിസ്ഥാന്റെ വിക്കറ്റ് വീണശേഷം വെള്ളക്കുപ്പിയുമായി ആവേശത്തോടെ ഗ്രൗണ്ടിലേക്കോടിയെത്തിയ കാര്‍ത്തിക് ഓടിവന്ന വേഗത്തില്‍ തന്നെ ക്യാപ്റ്റനായ സൗരവ് ഗാഗുലിയുടെ ദേഹത്ത് ഇടിച്ചു.

Latest Videos

undefined

കാര്‍ത്തിക്കിന്റെ ഇടിയില്‍ നിലതെറ്റി വീഴാന്‍ പോയ ഗാംഗുലി ദേഷ്യത്തോടെ കാര്‍ത്തിക്കിനെ നോക്കി ചോദിച്ചു. ആരെടാ ഇവന്‍, ഇതുപൊലുള്ളവന്‍മാരൊക്കെ എവിടുന്നാടാ ഇങ്ങോട്ട് വരുന്നത്..അത് കേട്ട് താന്‍ ശരിക്കും ചമ്മിപ്പോയെന്നും കാര്‍ത്തിക് പറഞ്ഞു. എന്നാല്‍ അന്ന് ഗാംഗുലി പറഞ്ഞ വാക്കുകള്‍ കൃത്യമായി ഓര്‍മിപ്പിച്ച് ടീമിലുണ്ടായിരുന്ന യുവരാജ് സിംഗ് ട്വിറ്ററിലൂടെ രംഗത്തെത്തി.

യുവരാജ് പറയുന്നത് ഗാംഗുലി ശരിക്കും പറഞ്ഞത് ഇങ്ങനെയായിരുന്നു, ആരാടാ ഈ പ്രാന്തന്‍, എവിടുന്നു പിടിച്ചുവരുന്നു ഇവനെയൊക്കെ എന്നായിരുന്നുവെന്ന് യുവി ഓര്‍മിപ്പിച്ചു. ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന കാര്‍ത്തിക് ഇപ്പോള്‍ ഇന്ത്യന്‍ ടീമിന് പുറത്താണ്.

click me!