കേരളത്തിന്റെ വിജയ ഗോകുലം; ഇനി ലക്ഷ്യം ഐ ലീഗ്

By Sajish A  |  First Published Aug 24, 2019, 8:28 PM IST

 ഇത്തവണ രണ്ടും കല്‍പ്പിച്ച് ഗോകുലം കേരള മുന്നിട്ടിറങ്ങി. പുത്തന്‍ താരങ്ങളെത്തി. പരിശീലകന്‍ മാറി. ഫലമോ, സീസണില്‍ ആദ്യ കിരീടം. അതും ഫുട്‌ബോള്‍ ചരിത്രത്തില്‍ എന്നെന്നും ഓര്‍ത്തുവെയ്ക്കാവുന്ന ഒന്ന്.


കൊല്‍ക്കത്ത: എത്ര വര്‍ഷമായി കേരളത്തിലേക്ക് ഒരു ദേശീയ ഫുട്‌ബോള്‍ ലീഗ് കിരീടമെത്തിയിട്ട്..? നിലവില്‍ രണ്ട് ലീഗുകള്‍ ഇന്ത്യയിലുണ്ട്. ഇന്ത്യന്‍ സൂപ്പര്‍ ലീഗും ഐ ലീഗും. ഫെഡറേഷന്‍ കപ്പ്, ഡ്യൂറന്റ് കപ്പ് എന്നിങ്ങനെ ടൂര്‍ണമെന്റുകള്‍ വേറെ. അഞ്ച് വയസ് മാത്രമാണ് ഐസ്എല്ലിന് പ്രായം. അഞ്ച് വര്‍ഷത്തിനിടെ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ട് തവണ ഫൈനലിലെത്തി.എന്നാല്‍ കിരീടം നേടാന്‍ സാധിച്ചില്ല. കേരളത്തില്‍ നിന്നുള്ള ഒരു ഫുട്‌ബോള്‍ ടീം സ്വന്തമാക്കുന്ന മികച്ച നേട്ടവും അതുതന്നെ.

2007ലാണ് ഐ ലീഗ് തുടങ്ങുന്നത്. അതുവരെയുണ്ടായിരുന്ന ദേശീയ ഫുട്‌ബോള്‍ ലീഗ് ഉടച്ചുവാര്‍ത്താണ് ഐ ലീഗ് ആരംഭിച്ചത്. എന്നാല്‍ ഒരിക്കല്‍ പോലും കേരളത്തില്‍ നിന്നുള്ള ഒരു ക്ലബ് കിരീടം നേടിയിരുന്നില്ല.ഗോവ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ക്ലബുകള്‍ ആധിപത്യം പുലര്‍ത്തി പോന്നു. ഇതിനിടെ നോര്‍ത്ത് ഈസ്റ്റില്‍ നിന്നുള്ള ഐസ്‌വാള്‍ എഫ്‌സിയും പഞ്ചാബില്‍ നിന്നുള്ള മിനര്‍വ എഫ്‌സിയും വരെ ഐ ലീഗ് കിരീടം സ്വന്തമാക്കി. അപ്പോഴും കേരള ടീമുകള്‍ മാനം നോക്കി നിന്നു.

FULL-TIME! The 1⃣2⃣9⃣th edition of the 🏆 comes to an end, and we have a new champion! 💪

Congratulations, 👏🎆🥳🎉

GKFC 2-1 MB ⚔ 🏆 ⚽ pic.twitter.com/f1N3q9geMp

— Hero I-League (@ILeagueOfficial)

Latest Videos

undefined

എന്നാല്‍ ഇത്തവണ രണ്ടും കല്‍പ്പിച്ച് ഗോകുലം കേരള മുന്നിട്ടിറങ്ങി. കഴിഞ്ഞ രണ്ട് ഐ ലീഗ് സീസണില്‍ നിന്നുണ്ടായ നിരാശയാണ് ടീം മാനേജ്‌മെന്റിനെ മാറ്റിചിന്തിപ്പിച്ചത്. ഇത്തവണ പുത്തന്‍ താരങ്ങളെത്തി. പരിശീലകന്‍ മാറി. ഫലമോ, സീസണില്‍ ആദ്യ കിരീടം. അതും ഫുട്‌ബോള്‍ ചരിത്രത്തില്‍ എന്നെന്നും ഓര്‍ത്തുവെയ്ക്കാവുന്ന ഒന്ന്.

22 വര്‍ഷങ്ങള്‍ക്ക് ശേഷം ഡ്യൂറന്റ് കപ്പ് കേരളത്തിലെത്തുമ്പോള്‍ പിന്നിലേക്ക് തിരിഞ്ഞുനോക്കേണ്ടതുണ്ട്. 1997ല്‍ ദില്ലിയില്‍ നടന്ന ടൂര്‍ണമെന്റില്‍ മോഹന്‍ ബഗാനെ തോല്‍പ്പിച്ച് എഫ് സി കൊച്ചിനാണ് കേരളത്തിന് ആദ്യ ഡ്യൂറന്റ് കപ്പ് സമ്മാനിച്ചത്. അവസാനത്തേതും. അന്ന് 3-1നായിരുന്നു എഫ് സി കൊച്ചിന്റെ വിജയം. എട്ടു ഗോളുകളുമായി ഐ എം വിജയന്‍ ടീമിന്റെ കിരീട നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. പിന്നീട് താരങ്ങള്‍ വിവിധ ക്ലബുകളിലേക്ക് മാറിയപ്പോള്‍ ദേശീയ ലീഗും ഡ്യൂറന്റ് കപ്പും ഫെഡറേഷന്‍ കപ്പും കേരളത്തിന് അന്യമായി.

പിന്നീട് 22 വര്‍ഷങ്ങള്‍ വേണ്ടിവന്നു കേരളത്തില്‍ നിന്നുള്ള ടീമിന് ഒരു പ്രധാന ഫുട്‌ബോള്‍ കിരീടം സ്വന്തമാക്കാന്‍. ഡ്യൂറന്റ് കപ്പില്‍ മോഹന്‍ ബഗാനെ 2-1ന് തോല്‍പ്പിച്ച് കിരീടം നേടിയതിലൂടെ പ്രൊഫഷണല്‍ ഫുട്‌ബോളിലേക്കുള്ള വരവറിയിച്ചിരിക്കുകയാണ് ഗോകുലം. സ്‌പെയ്‌നില്‍ നിന്ന് പുതിയ പരിശീലകന്‍. എണ്ണം പറഞ്ഞ വിദേശ താരങ്ങള്‍. ചാംപ്യന്‍ഷിപ്പ് നേടാന്‍ മറ്റെന്ത് വേണം..? തുടക്കം കെങ്കേമമാക്കി ഗോകുലം. അന്ന് വിജയനായിരുന്നെങ്കില്‍ ഇന്ന് മാര്‍കസ് ജോസഫെന്ന ട്രിനിഡാഡുകാരന്‍ ടോപ് സ്‌കോററായി. അഞ്ച് മത്സരങ്ങളില്‍ നിന്ന് നേടിയത് പതിനൊന്ന് ഗോളുകള്‍. അതില്‍ രണ്ട് ഹാട്രിക്.

ബ്രസീലുകാരന്‍ ബ്രൂണോ പെലിസാരി, ഉഗാണ്ടയുടെ ഹെന്റി കിസേക്ക, ട്രിനിഡാഡിന്റെ തന്നെ ആന്ദ്രേ എറ്റീനെ, സ്പാനിഷ് താരം ഡാനിയേല്‍ പ്രൊവെന്‍സിയോ എന്നിവരാണ് ടീമിലെ വിദേശ താരങ്ങള്‍. ഗോള്‍ പോസ്റ്റില്‍ സി കെ ഉബൈദെന്ന പരിചയസമ്പന്നനുണ്ട്. ഈ സംഘത്തില്‍ പ്രതീക്ഷകള്‍ അവസാനിക്കുന്നില്ല. ഐ ലീഗില്‍ സീസണ്‍ ആരംഭിക്കാനൊരുങ്ങുന്നു. ഈ ടീമില്‍ നിന്ന് കിരീടത്തില്‍ കുറഞ്ഞതൊന്നും കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ടാവില്ല. അവര്‍ക്കതിന് കഴിയും.

click me!