തീം ബാര്‍ മുതല്‍ സ്പോര്‍ട്സ് കഫേ വരെ; ഹോട്ടല്‍ ബിസിനസിലൂടെ ആരാധകരെ കൈയിലെടുത്ത ഇന്ത്യൻ ക്രിക്കറ്റ് താരങ്ങള്‍

By Web Team  |  First Published May 27, 2024, 8:29 PM IST

ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരമായ വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള റസ്റ്റോറന്‍റുകളാണ് വൺ 8 കമ്യൂൺ, ന്യൂവ ബാര്‍ ആന്‍ഡ് ഡൈനിംഗ് എന്നിവ.


ഗ്രൗണ്ടില്‍ മിന്നുന്ന പ്രകടനങ്ങള്‍ കൊണ്ട് ആരാധകരെ വിസ്മയിപ്പിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് താരങ്ങള്‍ ബിസിനസിലും ഇപ്പോള്‍ തിളങ്ങുന്ന മുഖങ്ങളാണ്. ഹോട്ടല്‍ ബിസിനസിലാണ് ഇന്ത്യൻ താരങ്ങളെല്ലാം കൈവെച്ചിട്ടുള്ളത്. ധോണി, സച്ചിൻ, കോലി തുടങ്ങി നിരവധി താരങ്ങൾ സ്വന്തമായി റെസ്റ്റോറന്‍റ് ശൃംഖലയുടെ ഉടമകളാണ്.

വിരാട് കോലി

Latest Videos

undefined

ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരമായ വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള റസ്റ്റോറന്‍റുകളാണ് വൺ 8 കമ്യൂൺ, ന്യൂവ ബാര്‍ ആന്‍ഡ് ഡൈനിംഗ് എന്നിവ.  2017-ലാണ് കോലി വൺ 8 കമ്യൂൺ റസ്റ്റോറന്‍റ് ബെംഗലൂരുവില്‍ തുടങ്ങിയത്. ഇപ്പോള്‍ ഡൽഹിയിലും മുംബൈയിലും വൺ 8 കമ്യൂണിന്‍റെ ഒന്നിലധികം ഔട്ട്‌ലെറ്റുകൾ ഉണ്ട്. കോണ്ടിനെന്‍റൽ, മെഡിറ്ററേനിയൻ, ഏഷ്യൻ വിഭവങ്ങളാണ് ഇവിടെ അധികവും ലഭ്യമാകുക. തെക്കേ അമേരിക്കൻ വിഭവങ്ങളിലും ക്യൂറേറ്റഡ് വീഗാൻ മെനുവിലും സ്പെഷ്യലൈസ് ചെയ്ത ന്യൂ ഡൽഹി ആര്‍ കെപുരത്തുള്ള ന്യൂവാ ബാര്‍ ആന്‍ഡ് ഡൈനിംഗ് ആണ് മറ്റൊന്ന്. സ്പാനിഷ്, ഇറ്റാലിയന്‍, ഫ്രഞ്ച്, ജാപ്പനീസ്, പോര്‍ച്ചുഗീസ്, ഏഷ്യന്‍ വിഭവങ്ങളാണ് പ്രധാനമായും ഇവിടെ ലഭിക്കുക.

സഹീര്‍ ഖാന്‍

സഹീർ ഖാന് രണ്ട് ആഡംബര ഭക്ഷണശാലകളുണ്ട്. ഡൈൻ ഫൈൻ, ദി സ്പോർട്സ് ലോഞ്ച് എന്നിവയാണ് അവ. പൂനെയിലെ ZK ഡൈൻ ഫൈൻ 2005ലാണ് ആരംഭിച്ചത്. കുറച്ച് വർഷങ്ങൾക്ക് ശേഷം സഹീർ 2013ല്‍ ടോസ് ഇന്‍ പൂനെ എന്ന പേരില്‍ സ്‌പോർട്‌സ് ബാർ സെറ്റപ്പും മികച്ച ഡൈനിംഗ് അന്തരീക്ഷമുള്ള തീം ബാറും തുറന്നു. ബാങ്ക്വറ്റ് ഫോയര്‍ എന്ന പേരില്‍ കോര്‍പറേറ്റ് പരിപാടികള്‍ക്കായി മറ്റൊരു ഹോട്ടലും സഹീര്‍ തുറന്നിരുന്നു.

കപില്‍ ദേവ്

ഇതിഹാസ താരം കപിൽ ദേവിന് പട്‌നയിൽ ഇലവൻസ് എന്ന പേരിൽ സ്വന്തമായി റെസ്റ്റോറന്‍റുണ്ട്. പൂർണ്ണമായും ക്രിക്കറ്റിനെ അടിസ്ഥാനമാക്കിയാണ് റസ്റ്റോറന്‍റിന്‍റെ രൂപകല്‍പന പോലും. ഇന്ത്യൻ, പാൻ ഏഷ്യൻ, കോണ്ടിനെന്‍റൽ വിഭവങ്ങളാണ് ഇവിടെ കൂടുതലും ലഭിക്കുക.

സുരേഷ് റെയ്ന

റസ്‌റ്റോറന്‍റ് ബിസിനസിൽ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളിലെ പുതുമുഖമാണ് സുരേഷ് റെയ്‌ന. എന്നാല്‍ റെയ്നയുടെ റെസ്റ്റോറന്‍റ് ഇന്ത്യയിലല്ല അങ്ങ് ആംസ്റ്റര്‍ഡാമിലാണെന്ന് മാത്രം. 2023-ലാണ് ആംസ്റ്റർഡാം നഗരത്തിന്‍റെ ഹൃദയഭാഗത്ത് റെയ്ന ഇന്ത്യൻ റെസ്റ്റോറന്‍റ് എന്ന് സ്വന്തം പേരിൽ ഒരു ഇന്ത്യൻ ഭക്ഷണം വിളമ്പന്ന ഹോട്ടല്‍ റെയ്ന തുറന്നത്. ഇന്ത്യൻ രുചി തേടി വിദേശികള്‍ പോലും ഇവിടെ പതിവുകാരായി എത്തുന്നു.

രവീന്ദ്ര ജഡേജ

ഇന്ത്യന്‍ താരമായ രവീന്ദ്ര ജഡേജയാണ് റസ്റ്റോറന്‍റ് ബിസിനസില്‍ ഇറങ്ങിയ മറ്റൊരു താരം. ഗുജറാത്തിലെ രാജ്‌കോട്ടിലുള്ള ജഡ്ഡൂസ് ഫുഡ് ഫീൽഡ് നഗരത്തിലെ ഏറ്റവും തിരക്കുള്ള ഹാംഗ്ഔട്ടുകളിൽ ഒന്നാണ്. ഇന്ത്യൻ, തായ്, ചൈനീസ്, മെക്‌സിക്കൻ, ഇറ്റാലിയൻ വിഭവങ്ങളാണ് മെനുവില്‍ പ്രധാനമായുമുള്ളത്.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

മുംബൈ കൊളാബയിലാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ സച്ചിന്‍സ് എന്ന പേരിൽ 2004ൽ ആദ്യ റെസ്റ്റോറന്‍റ് തുടങ്ങിയത്. പിന്നീട് മുംബൈയിലെ മുളുന്ദിലും ഇതിന്‍റെ ഔട്ട്ലെറ്റ് തുടങ്ങി. ബെംഗലൂരുവിലെ കോറമംഗലയിലും ഇതിന്‍റെ ശാഖ തുടങ്ങിയിട്ടുണ്ട്. വൈവിധ്യമാർന്ന മൾട്ടി-ക്യുസിൻ വിഭവങ്ങൾ നൽകുന്ന റസ്റ്റോറന്‍റിലെ ഭക്ഷണം വിളമ്പുന്ന പാത്രങ്ങളില്‍ സച്ചിന്‍റെ കൈയൊപ്പ് കാണാം. സച്ചിന്‍റെ ഇഷ്ട വിഭവങ്ങളായ ബോംബില്‍ ഫ്രൈ എന്നിവയടക്കം ഇവിടെ ആരാധകര്‍ക്ക് ലഭ്യമാണ്.

സൗരവ് ഗാംഗുലി

മുന്‍ നായകന്‍ സൗരവ് ഗാംഗുലി സ്വന്തം നാടായ കൊ‌ൽക്കത്തയിലാണ് 2004ൽ സൗരവ്, ദ് ഫുഡ് പവലിയന്‍ എന്ന പേരിൽ ഒരു റസ്റ്റോറന്‍റ് തുടങ്ങിയത്. ഇന്ന് നഗരത്തിന്‍റെ ഹൃദയഭാഗത്തുള്ള ഏറ്റവും പ്രശസ്തമായ ഫുഡ് ജോയിന്‍റുകളിൽ ഒന്നാണ് സൗരവ്. സ്വാദിഷ്ടമായ ഭക്ഷണത്തോടൊപ്പം ഇന്ത്യൻ, ചൈനീസ് വിഭവങ്ങളും ഇവിടെ ലഭിക്കും.

ശിഖര്‍ ധവാന്‍

ഇന്ത്യൻ ഓപ്പണറായിരുന്ന ശിഖർ ധവാൽ 2023ലാണ് ദുബായിൽ ദി ഫ്ലെയിംഗ് ക്യാച്ച് സ്പോര്‍ട്സ് കഫേ എന്ന പേരിൽ ഒരു റസ്റ്റോറന്‍റ് തുടങ്ങിയത്.  2018ല്‍ ഇംഗ്ലണ്ടിനെതിരെ ധവാനെടുത്ത പറക്കും ക്യാച്ചിന്‍റെ പേരാണ് റസ്റ്റോറന്‍റിനിട്ടിരിക്കുന്നത്. ഇവിടുന്നുള്ള വിരുമാനത്തിന്‍റെ ഒരു ഭാഗം പ്രാദേശിക കായിക വികസനത്തിനായും ധവാന്‍ മാറ്റിവെക്കുന്നുണ്ട്.

എം എസ് ധോണി

2022 ഡിസംബറിലാണ് ക്യാപ്റ്റന്‍ കൂള്‍ എം എസ് ധോണി സ്വന്തം ബ്രാൻഡായ ഷാക്ക ഹാരി എന്ന പേരില്‍ റസ്റ്റോറന്‍റ് ബിസിനസിലേക്ക് ചുവടുവെച്ചത്. അതേ വർഷം തന്നെ ബെംഗലൂരു വിമാനത്താവളത്തിൽ ഷാക്ക ഹാരിയുടെ ആദ്യ ഔട്ട്‌ലെറ്റ് ആരംഭിച്ചു. ബദൽ, സസ്യാഹാര ജീവിതശൈലി പരീക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കളാണ് ഇവിടെ കൂടുതലായി എത്തുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!