വിഖ്യാതമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ പാകിസ്ഥാനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മലര്‍ത്തിയടിച്ചതും ആവേശക്കാഴ്‌ചയായി
തിരുവനന്തപുരം: രാജ്യാന്തര കായിക രംഗത്ത് സംഭവബഹുലമായ 2022 ആണ് കടന്നുപോകുന്നത്. ഖത്തര്‍ ഫിഫ ലോകകപ്പടക്കം ഒട്ടേറെ വലിയ കായിക മാമാങ്കങ്ങള്‍ക്കാണ് ഇത്തവണ കായിക ലോകം സാക്ഷ്യംവഹിച്ചത്. ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡററുടെ വിരമിക്കലും അര്‍ജന്‍റീന ലോകകപ്പ് ഉയര്‍ത്തിയതും നീരജ് ചോപ്ര ഡയമണ്ട് ലീഗില്‍ സ്വര്‍ണം നേടിയതുമെല്ലാം ഈ വര്‍ഷത്തെ പ്രധാന കായിക മുഹൂര്‍ത്തങ്ങളില്‍ പെട്ടതാണ്. വിഖ്യാതമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ പാകിസ്ഥാനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മലര്‍ത്തിയടിച്ചതും ആവേശക്കാഴ്‌ചയായി.
1. അര്‍ജന്‍റീനയ്ക്ക്, മെസിക്ക് പൊന്നിന്‍ കിരീടം
undefined
ഖത്തറിന്‍റെ മണലാരണ്യത്തില്‍ അരങ്ങും ആരവവുമായി മാറിയ ഫുട്ബോള്‍ ലോകകപ്പില്‍ ലിയോണല്‍ മെസിയുടെ അര്‍ജന്‍റീന കപ്പുയര്‍ത്തിയതാണ് ഫുട്ബോള്‍ ലോകത്തെ ഏറ്റവും വലിയ വാര്‍ത്ത. എക്കാലത്തെയും മികച്ച ലോകകപ്പ് ഫൈനലുകളിലൊന്നില്‍ കിലിയന്‍ എംബാപ്പെ എന്ന യുവ വിസ്‌മയത്തിന്‍റെ ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2ന് വീഴ്‌ത്തിയാണ് മെസിപ്പട കപ്പുയര്‍ത്തിയത്. ലോകകപ്പ് ചരിത്രത്തില്‍ അര്‍ജന്‍റീനയുടെ മൂന്നാം കിരീടമാണിത്. ലോകകപ്പ് കരിയറില്‍ രണ്ടാം തവണയും മെസി ഗോള്‍ഡന്‍ ബോള്‍ നേടിയപ്പോള്‍ എംബാപ്പെ ഗോള്‍ഡന്‍ ബൂട്ടും അര്‍ജന്‍റീനന്‍ ഗോളി എമി മാര്‍ട്ടിനസ് ഗോള്‍ഡന്‍ ഗ്ലൗവും കരസ്ഥമാക്കി.
2. അവസാനിച്ച 'ഫെഡററിസം'
റോജര്‍ ഫെഡറര്‍, ടെന്നീസ് ചരിത്രത്തിലെ ഏറ്റവും മഹാനായ പുരുഷ താരത്തിന്‍റെ പേര്. 20 ഗ്രാൻസ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള സ്വിസ് ഇതിഹാസം തന്‍റെ പ്രൊഫഷണല്‍ കരിയറില്‍ നിന്ന് 2022 സെപ്‌റ്റംബര്‍ 15ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. പരിക്ക് ദീര്‍ഘകാലമായി വലച്ചിരുന്നതായിരുന്നു നാല്‍പത്തിയൊന്നുകാരനായ ഫെഡററെ വിരമിക്കല്‍ തീരുമാനത്തിലേക്ക് പെട്ടെന്ന് നയിച്ചത്.
ഫെഡററുടെ 20 ഗ്രാൻസ്ലാം കിരീടങ്ങളില്‍ എട്ടും വിംബിള്‍ഡണില്‍ ആയിരുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ആറ് തവണ കിരീടം ചൂടിയപ്പോള്‍ അഞ്ച് തവണ യുഎസ് ഓപ്പണും ഒരു തവണ ഫ്രഞ്ച് ഓപ്പണും ഉയര്‍ത്തി. 2003 വിംബിള്‍ഡണിലായിരുന്നു ആദ്യ കിരീട നേട്ടം. പിന്നീട് തുടര്‍ച്ചയായി നാല് വര്‍ഷം കിരീടം ചൂടി. 2017ലാണ് അവസാനം ജേതാവായത്. 2018ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയതാണ് അവസാനത്തെ ഗ്രാന്‍സ്ലാം കിരീടം. ഫെഡററുടെ 24 വർഷം നീണ്ട കരിയറിനാണ് ഇതോടെ അവസാനമായത്.
3. ഡയമണ്ട് ബോയ് നീരജ്
ടോക്കിയോ ഒളിംപിക്‌സിലെ പുരുഷ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടി ചരിത്രമെഴുതിയ നീരജ് ചോപ്ര ഡയമണ്ട് ലീഗില്‍ ചരിത്ര സ്വർണം നേടിയതിന് 2022 സാക്ഷ്യം വഹിച്ചു. സൂറിച്ചില്‍ രണ്ടാം ശ്രമത്തില്‍ 88.40 മീറ്റർ ദൂരം താണ്ടിയാണ് ചോപ്ര ഡയമണ്ട് ലീഗില്‍ സ്വർണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടത്തിലെത്തിയത്. ചെക്ക് റിപ്പബ്ലിക്കിന്‍റെ ജാക്കൂബ് വാഡ്‌ലെച്ച് 86.94 മീറ്റര്‍ ദൂരവുമായി രണ്ടാമതും 83.73 മീറ്റര്‍ എറിഞ്ഞ് ജര്‍മനിയുടെ ജൂലിയന്‍ വെബർ മൂന്നാം സ്ഥാനത്തുമെത്തി. 2022ല്‍ ഇന്ത്യന്‍ കായികരംഗത്തെ ഏറ്റവും വലിയ നേട്ടമായി ഇതിനെ വിലയിരുത്താം.
4. പോരാടി തോറ്റ് ഇന്ത്യന്‍ വനിതകള്‍, അഭിമാനം
കോമണ്‍വെല്‍ത്ത് ഗെയിംസിലേക്ക് ക്രിക്കറ്റ് തിരിച്ചെത്തിയ വര്‍ഷമായിരുന്നു 2022. അതും വനിതകളുടെ ട്വന്‍റി 20 ക്രിക്കറ്റിന്‍റെ ഫോര്‍മാറ്റില്‍. രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് എട്ട് ടീമുകളാണ് ഗെയിംസില്‍ മത്സരിച്ചത്. ഫൈനലില്‍ ഇന്ത്യന്‍ വനിതകള്‍ പൊരുതി തോറ്റു. അവസാന ഓവർ വരെ ആവേശം നിറഞ്ഞുനിന്ന ഫൈനലില്‍ ഇന്ത്യക്കെതിരെ ഒമ്പത് റൺസിന്‍റെ വിജയം ഓസീസ് വനിതകള്‍ സ്വന്തമാക്കി. മറുപടി ബാറ്റിംഗില്‍ ഒരുവേള 118-2 എന്ന നിലയിലായിരുന്ന ഇന്ത്യ പെട്ടെന്ന് വിക്കറ്റുകള്‍ കളഞ്ഞുകുളിച്ചതോടെ ഓസ്‌ട്രേലിയ കിരീടമുയര്‍ത്തുകയായിരുന്നു. സ്കോർ: ഓസ്ട്രേലിയ- 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 161. ഇന്ത്യ-19.3 ഓവറിൽ 152 റൺസിന് എല്ലാവരും പുറത്ത്.
5. കോലി കൊടുങ്കാറ്റായ എംസിജി, മുങ്ങിപ്പോയ പാകിസ്ഥാന്‍
ട്വന്‍റി 20 ലോകകപ്പ് ടീം ഇന്ത്യക്ക് നിരാശയായെങ്കിലും അയല്‍ക്കാരായ പാകിസ്ഥാനെതിരെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ സൂപ്പര്‍ 12 റൗണ്ടില്‍ അവസാന പന്തില്‍ നാല് വിക്കറ്റിന്‍റെ ജയം നേടാന്‍ കഴിഞ്ഞത് ആരാധകര്‍ക്ക് ആവേശമായി. പാകിസ്ഥാന്‍ മുന്നോട്ടുവെച്ച 160 റണ്‍സ് വിജയലക്ഷ്യം 20-ാം ഓവറിലെ അവസാന പന്തില്‍ ആറ് വിക്കറ്റ് നഷ്‌ടപ്പെടുത്തി ടീം ഇന്ത്യ നേടി. മൂന്നാമനായി ക്രീസിലെത്തിയ കോലി 53 പന്തില്‍ 82 റണ്‍സെടുത്ത് പുറത്താകാതെനിന്നു. ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം കോലിയുണ്ടാക്കിയ 113 റണ്‍സ് കൂട്ടുകെട്ട് നിര്‍ണായകമായി. മൂന്ന് വീതം വിക്കറ്റുമായി അര്‍ഷ്‌ദീപ് സിംഗും ഹാര്‍ദിക് പാണ്ഡ്യയും ബൗളിംഗില്‍ തിളങ്ങി. കോലിയുടെ കരിയറിലെ ഏറ്റവും മികച്ച ടി20 ഇന്നിംഗ്‌സ് എന്നാണ് എംസിജിയിലെ പ്രകടനം വിശേഷിപ്പിക്കപ്പെടുന്നത്. കോലിയായിരുന്നു മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.
അത്യുന്നതങ്ങളില്‍ മെസി; ഖത്തറില്‍ അര്‍ജന്‍റീനയ്ക്ക് കിരീടം, പാഴായി എംബാപ്പെയുടെ ഹാട്രിക്