ടീമിനകത്തോ പുറത്തോ; 2020 ഈ അഞ്ച് താരങ്ങള്‍ക്ക് നിര്‍ണായകം

By Web Team  |  First Published Jan 2, 2020, 6:22 PM IST

ധോണിയുടെ പകരക്കാരനായി ടീമിലെത്തിയ പന്ത് ഇപ്പോഴും ടീമില്‍ സ്ഥാനം ഉറപ്പിച്ചിട്ടില്ല. സെലക്ടര്‍മാരും ടീം മാനേജ്മെന്റും അര്‍പ്പിച്ച വിശ്വാസം ശരിയാണെന്ന് തെളിയിക്കാന്‍ ഈ വര്‍ഷവും പന്തിനായില്ലെങ്കില്‍ സഞ്ജു സാംസണ്‍ അടക്കമുള്ള താരങ്ങള്‍ പന്തിന്റെ സ്ഥാനം കൈയടക്കും.


മുംബൈ: പുതുവര്‍ഷത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ കാത്തിരിക്കുന്നത് നിരവധി വെല്ലുവിളികളാണ്. ശ്രീലങ്കക്കെതിരായ ടി20 പരമ്പരയോടെ തുടങ്ങുന്ന ഇന്ത്യന്‍ പോരാട്ടങ്ങള്‍ വര്‍ഷാവസാനം ഓസ്ട്രേലിയക്കെതിരായ പരമ്പരയോടെയാകും അവസാനിക്കുക. ഈ പരമ്പരകളെല്ലാം  ടീമിനകത്തോ പുറത്തോ എന്നറിയാതെ നില്‍ക്കുന്ന ചില താരങ്ങള്‍ക്ക് ഏറെ നിര്‍ണായകമാണ്. അവരില്‍ ചിലര്‍ ഇതാ.

ഋഷഭ് പന്ത്: ധോണിയുടെ പകരക്കാരനായി ടീമിലെത്തിയ പന്ത് ഇപ്പോഴും ടീമില്‍ സ്ഥാനം ഉറപ്പിച്ചിട്ടില്ല. സെലക്ടര്‍മാരും ടീം മാനേജ്മെന്റും അര്‍പ്പിച്ച വിശ്വാസം ശരിയാണെന്ന് തെളിയിക്കാന്‍ ഈ വര്‍ഷവും പന്തിനായില്ലെങ്കില്‍ സഞ്ജു സാംസണ്‍ അടക്കമുള്ള താരങ്ങള്‍ പന്തിന്റെ സ്ഥാനം കൈയടക്കും. ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പാവും ഇന്ത്യന്‍ ക്രിക്കറ്റില്‍ ഋഷഭ് പന്തിന്റെ ഭാവി തീരുമാനിക്കുക.

Latest Videos

undefined

കെ എല്‍ രാഹുല്‍: പ്രതിഭയിലും സാങ്കേതികത്തികവിലും കോലിയ്ക്കൊപ്പം നില്‍ക്കുമ്പോഴും കെ എല്‍ രാഹുല്‍ ഇപ്പോഴും അന്തിമ  ഇലവനിലെ സ്ഥിരം സാന്നിധ്യമല്ല. ടെസ്റ്റില്‍ രോഹിത് ഓപ്പണറായി തിളങ്ങുകയും മായങ്ക് അഗര്‍വാള്‍ കരുത്തോടെ മുന്നോട്ടുപോകുകയും ചെയ്യുന്നതിനാല്‍ പരിമിത ഓവര്‍ ക്രിക്കറ്റിലായിരിക്കും തല്‍ക്കാലം രാഹുലിന് സാധ്യത. ഏകദിന, ടി20 മത്സരങ്ങളില്‍ മികവ് കാട്ടിയില്ലെങ്കില്‍ രാഹുലിന്റെ സ്ഥാനം തെറിച്ചേക്കും.

ഭുവനേശ്വര്‍ കുമാര്‍: പ്രതിസന്ധി ഘട്ടങ്ങളിലെ ഇന്ത്യയുടെ വിശ്വസ്തനെന്ന സല്‍പ്പേര് കുറച്ചുകാലമായി ഭുവിക്ക് കൈമോശം വന്നിരിക്കുന്നു. തുടര്‍ച്ചയായ പരിക്കും ജസ്പ്രീത് ബുമ്രയുടെയും മുഹമ്മദ് ഷമിയുടെയും മികവും ഭുവിയെ ഇന്ത്യക്ക് അനിവാര്യനല്ലാതാക്കി. പരിക്ക് മാറി ഫോം വീണ്ടെടുത്തില്ലെങ്കില്‍ പേസ് ബൗളര്‍മാര്‍ക്ക് പഞ്ഞമില്ലാത്ത ടീമില്‍ ഭുവിയ്ക്ക് സ്ഥാനം ഉറപ്പിക്കാനാവില്ല.

ആര്‍ അശ്വിന്‍: കപിലിനും കുംബ്ലെക്കും ശേഷം ടെസ്റ്റില്‍ ഇന്ത്യയുടെ വലിയ മാച്ച് വിന്നറാണെങ്കിലും ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റുകളില്‍ മാത്രമാണ് ഇപ്പോള്‍ 33 കാരനായ അശ്വിന്റെ സ്ഥാനം. വിദേശ പരമ്പരകളില്‍ ജഡേജയെ കുല്‍ദീപ് യാദവോ ആണ് ഇന്ത്യയുടെ ഒന്നാം നമ്പര്‍ സ്പിന്നര്‍. പേസര്‍മാരുടെ മികവ് വിദേശ പരമ്പരകളില്‍ അശ്വിന്റെ സാധ്യതകള്‍ കുറക്കുന്നു. നാട്ടില്‍ ഈ വര്‍ഷം അധികം ടെസ്റ്റുകളില്‍ ഒന്നും ഇന്ത്യ കളിക്കാത്തതിനാല്‍ അശ്വിനെ സംബന്ധിച്ചിടത്തോളം 2020 നിര്‍ണായക വര്‍ഷമാകും.

കുല്‍ദീപ് യാദവ്: കഴിഞ്ഞ ഐപിഎല്‍ സീസണിലേറ്റ പ്രഹരത്തില്‍ നിന്ന് കുല്‍ദീപ് ഇതുവരെ മുക്തനായിട്ടില്ല. ഇന്ത്യയുടെ തുറുപ്പ് ചീട്ടായിരുന്ന കുല്‍ദീപിന് ഇപ്പോള്‍ പലപ്പോഴും പകരക്കാരുടെ ബെഞ്ചിലാണ് സ്ഥാനം. ആത്മവിശ്വാസവും ഫോമും വിണ്ടെടുത്തില്ലെങ്കില്‍ കുല്‍ദീപിന് ടീമിലേക്കുള്ള തിരിച്ചുവരവ് എളുപ്പമാകില്ല.

click me!