ക്രിക്കറ്റിൽ വമ്പൻമാർ, പഠിത്തം 10-ാം ക്ലാസും ഗുസ്‍തിയും, കോലിയുടെ വിദ്യാഭ്യാസ യോഗ്യതയോ?; ആ താരം എഞ്ചിനീയർ

By Web Team  |  First Published Mar 13, 2024, 11:13 AM IST

ഈ പരീക്ഷാക്കാലത്ത്  ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ കോലിയും രോഹിത്തും സ‌ഞ്ജുവുമെല്ലാം എത്രവരെ പഠിച്ചുവെന്ന് നോക്കാം.


മുംബൈ: ക്രിക്കറ്റിൽ സൂപ്പര്‍ താരങ്ങളാണെങ്കിലും ഇന്ത്യൻ ടീമിലെ പലരും വിദ്യാഭ്യാസ യോഗ്യതയുടെ കാര്യത്തില്‍ അത്ര സൂപ്പറല്ല. ചെറുപ്പത്തിലെ ക്രിക്കറ്റിനെ കരിയറായി കണ്ടതിനാല്‍ പലര്‍ക്കും വിദ്യാഭ്യാസത്തില്‍ ശ്രദ്ധിക്കാനുമായിട്ടില്ല. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങള്‍ എത്രവരെ പഠിച്ചു എന്ന് നോക്കുന്നത് രസകരമായിരിക്കും.

വിരാട് കോലി ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരമാണെങ്കിലും പഠിപ്പിന്‍റെ കാര്യത്തില്‍ അത്ര സൂപ്പറല്ല. ഡല്‍ഹിയിലെ വിശാല്‍ ഭാരതി പബ്ലിക് സ്കൂളില്‍ നിന്നും സേവിയര്‍ കോണ്‍വെന്‍റ് സ്കൂളിലുമാി പ്ലസ് ടുവരെ പഠിച്ച കോലി പിന്നീട് അണ്ടര്‍ 19 ഇന്ത്യന്‍ ടീമിലെത്തിയതിനാല്‍ പഠിത്തം തുടര്‍ന്നില്ല.

Latest Videos

undefined

'ഞാനവനെ ഒന്ന് ചൊറിഞ്ഞു'; ധരംശാല ടെസ്റ്റില്‍ ഗില്ലുമായി ഉടക്കാനുള്ള കാരണം വെളിപ്പെടുത്തി ആന്‍ഡേഴ്സണ്‍

ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ പ്രിന്‍സ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ശുഭ്മാന്‍ ഗില്‍. സമീപകാലത്ത് ബാറ്റിംഗ് ഫോം മങ്ങിയെങ്കിലും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ രണ്ട് സെഞ്ചുറിയുമായി ഫോമിലേക്ക് മടങ്ങിയെത്തി. പത്താം ക്ലാസ് പൂര്‍ത്തിയായതിന് പിന്നാലെ ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലെത്തിയ ഗില്‍ പിന്നീട് പഠിത്തം തുടര്‍ന്നില്ല.

ടി20 ക്രിക്കറ്റിലെ ഇന്ത്യയിലെയു ലോകത്തിലെയും നമ്പര്‍ വണ്‍ ബാറ്ററാണ് സൂര്യകുമാര്‍ യാദവ്. പരിക്കുമൂലം പുറത്തിരിക്കുന്ന സൂര്യ ഇന്ത്യന്‍ ടീമിലെത്തിയത് തന്നെ തന്‍റെ 30കളിലാണ്. വൈകി ടീമിലെത്തിയതിനാലാകാം സൂര്യക്ക് തന്‍റെ ഡിഗ്രി പഠനം പൂര്‍ത്തിയാക്കാനായത്. പിള്ളൈ കോളജ് ഓഫ്‍ ആര്‍ട്സില്‍ നിന്ന് സൂര്യകുമാര്‍ കൊമേഴ്സിലാണ് ബിരുദമെടുത്തത്.

ക്രിക്കറ്റില്‍ ഓള്‍ റൗണ്ടറാണെങ്കിലും പഠിത്തത്തില്‍ രവീന്ദ്ര ജഡേജ ഓള്‍ റൗണ്ടറല്ല. ശാരദാഗ്രം സ്കൂളില്‍ നിന്ന് പ്ലസ് ടു പാസായശേഷം കോളജില്‍ ചേര്‍ന്നെങ്കിലും പഠിത്തം തുടരാനായില്ല.

പഠിത്തത്തിലും ബൗളിംഗിലും നമ്പര്‍ വണ്‍ ആണ് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. എസ് എസ് എന്‍ കോളജ് ഓഫ് എ‍ഞ്ചിനീയറിംഗില്‍ നിന്ന് ഇന്‍ഫോര്‍മേഷന്‍ ടെക്നോളജിയില്‍ അശ്വിന് ബി ടെക് ബിരുദമുണ്ട്.

ലോകകപ്പ് ഹീറോ ആയ മുഹമ്മദ് ഷമി പഠിത്തത്തിലും മോശമല്ല. യുപിയിലെ അമീര്‍ ഹസന്‍ ഖാന്‍ കോളജില്‍ നിന്ന് ബിരുദമെടുത്തശേഷമാണ് ഷമി ക്രിക്കറ്റില്‍ സജീവമായത്.

രഞ്ജി ഫൈനൽ കാണാൻ വന്ന സച്ചിനും രോഹിത്തിനും മുന്നിൽ സച്ചിന്‍റെ റെക്കോർഡ് തകർത്ത് സർഫറാസിന്‍റെ അനുജൻ മുഷീർ ഖാൻ

പേസില്‍ മുമ്പനാണെങ്കിലും ജസ്പ്രീത് ബുമ്ര പക്ഷെ പഠിത്തത്തില്‍ അത്ര വമ്പനല്ല. അഹമ്മദാബാദിലെ നിര്‍മാണ്‍ ഹൈസ്കൂളില്‍ നിന്ന് സ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ബുമ്രക്ക് പിന്നീട് പഠിത്തം തുടരാനായില്ല.

ഇന്ത്യന്‍ ടീമിലെ പ്ലസ് ടു കാരുടെ മറ്റൊരു പ്രതിനിധിയാണ് പേസര്‍ മുഹമ്മദ് സിറാജ്. ഹൈദരാബാദിനെ നാംപള്ളിയിലുള്ള സഫ ജൂനിയര്‍ കോളജില്‍ പ്ലസ് ടുവരെയാണ് സിറാജ് പഠിച്ചത്.

കണ്ടാലും ക്ലാസിലെ പഠിപ്പിസ്റ്റിന്‍റെ ലുക്കും പ്രകൃതവുമുള്ള കെ എല്‍ രാഹുലാകട്ടെ ബി കോം ബിരുദമെടുത്തശേഷമാണ് ക്രിക്കറ്റില്‍ സജീവമായത്.

ഇന്ത്യന്‍ ടീമിലെ മറ്റൊരു കൊമേഴ്സ് ബിരുദധാരിയാണ് മലയാളത്തില്‍ വേരുകളുള്ള ശ്രേയസ് അയ്യര്‍. രഞ്ജി ട്രോഫിയില്‍ കളിക്കാത്തതിന് ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ നിന്ന് ശ്രേയസിനെ അടുത്തിടെ പുറത്താക്കിയിരുന്നു.

ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പഠിത്തത്തിന്‍റെ കാര്യത്തില്‍ കോലിക്ക് ഒപ്പമാണ്. സ്വാമി വിവേകാനന്ദ സ്കൂളില്‍ നിന്ന് പ്ലസ് ടു പാസായ രോഹിത് ബിരുദ പഠനത്തിനായി റിസ്‌വി കോളജില്‍ ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കാനായില്ല.

മലയാളി താരം സഞ്ജു സാംസണ്‍ പ്രാഥമിക സ്കൂള്‍ പഠനം ഡല്‍ഹിയിലായിരുന്നു. പിന്നീട് കേരളത്തിലെത്തിയ സഞ്ജു തിരുവനന്തപുരത്തെ സെന്‍റ് ജോസഫ് സ്കൂളില്‍ നിന്നാണ് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. അതിനുശേഷം തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ നിന്ന് ബി എ ഡിഗ്രിയെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!