"ആൾക്കൂട്ടം റോജർ റോജർ.. എന്ന് ആർത്തുവിളിക്കുമ്പോൾ എന്റെ കാതിലേക്ക് വന്നുവീണുകൊണ്ടിരുന്നത് നൊവാക്.. നൊവാക്..എന്നായിരുന്നു..."
"ആൾക്കൂട്ടം റോജർ റോജർ.. എന്ന് ആർത്തുവിളിക്കുമ്പോൾ എന്റെ കാതിലേക്ക് വന്നുവീണുകൊണ്ടിരുന്നത് നൊവാക്.. നൊവാക്..എന്നായിരുന്നു..."- വിംബിൾഡൺ കിരീടലബ്ധിയുടെ സന്തോഷം മറച്ചുവെക്കാതെ നൊവാക് ജോക്കോവിച്ച് ഞായറാഴ്ച മാധ്യമങ്ങളോട് ആ രഹസ്യം വെളിപ്പെടുത്തി.
അവിശ്വസനീയമായ ഒരു അവകാശവാദം എന്ന് ഒറ്റനോട്ടത്തിൽ തോന്നാം എങ്കിലും, അദ്ദേഹത്തിന്റെ ആ പ്രസ്താവന വെളിപ്പെടുത്തുന്നത് സംഘർഷത്തിന്റെയും പ്രതിസന്ധിയുടെയും ഘട്ടങ്ങളിൽ വഴുതിപ്പോവാതെ മനസ്സിനെ വരുതിക്ക് നിർത്തുന്നതിന്റെയും ഒക്കെ പ്രയോഗിച്ചു വിജയിച്ച മൈൻഡ് ട്രിക്കുകൾ തന്നെയാണ്. സെന്റർ കോർട്ട് പോരാട്ടങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ മെൻസ് സിംഗിൾസ് പോരാട്ടമായിരുന്നു ഞായറാഴ്ചത്തേത്. അതിലുടനീളം സെർബിയൻ ടെന്നീസ് ഇതിഹാസതാരം പ്രകടിപ്പിച്ച മനസ്സാന്നിധ്യം അപാരമായിരുന്നു.
ജോക്കോവിച്ചിന്റെ ഈ അവകാശവാദം അസംബന്ധമെന്നു തള്ളിക്കളഞ്ഞാലും, ഗ്രൗണ്ട് സപ്പോർട്ട് ഒട്ടും ഇല്ലാതിരുന്നിട്ടും, റോജർ ഫെഡറർ എന്ന തന്റെ എതിരാളിയെ നിലംപരിശാക്കാൻ അദ്ദേഹം നടത്തിയ പോരാട്ടം ഐതിഹാസികമായിരുന്നു എന്ന് സമ്മതിക്കേണ്ടി വരും. പതിനയ്യായിരത്തോളം വരുന്ന സെന്റർ കോർട്ട് കാണികളെ നാലുമണിക്കൂർ അമ്പത്തഞ്ചുമിനിട്ടു നേരം സംഘർഷത്തിന്റെ മുൾമുനയിൽ നിർത്തിക്കൊണ്ടാണ് 7-6(5) 1-6 7-6(4) 4-6 13-12(3) എന്ന സ്‌കോറിൽ ഫെഡററെ തോൽപ്പിച്ചുകൊണ്ട് തന്റെ അഞ്ചാമത്തെ വിംബിൾഡൺ കിരീടം സ്വന്തമാക്കിയത്.
താൻ ഇന്നോളം കളിച്ച മത്സരങ്ങളിൽ വെച്ച് ഏറ്റവും പ്രയാസകരമായ ഒന്നായിരിക്കും എന്നും ഒരുകാരണവശാലും മനസ്സുകൈവിടാൻ പാടില്ലെന്നുമുറപ്പിച്ചു കൊണ്ടുതന്നെയാണ് കളത്തിലിറങ്ങിയത് എന്നും മത്സരാനന്തരം ജോക്കോവിച്ച് തുറന്നുപറഞ്ഞു.
മത്സരം പലപ്പോഴും ഫെഡററുടെ നിയന്ത്രണത്തിലായിരുന്നു. കാണികൾ ഫെഡററുടെ പല മായിക ഷോട്ടുകൾക്കും മുന്നിൽ അത്ഭുതപരതന്ത്രരായി നിന്നു. പക്ഷേ, ജോക്കോവിച്ച് തോറ്റുകൊടുക്കാൻ തയ്യാറല്ലായിരുന്നു. ഒരു മതിൽ പോലെ ഉറച്ചുനിന്ന്, കൃത്യവും ശക്തവുമായ തന്റെ ട്രേഡ്മാർക്ക് റിട്ടേണുകളിലൂടെ അദ്ദേഹം പൊരുതി. ടൈബ്രേക്കറിലേക്ക് നീങ്ങിയ മൂന്നു സെറ്റുകളിലും മനസ്സാന്നിധ്യം ഒന്നുകൊണ്ടുമാത്രമാണ് ജോക്കോവിച്ചിന് ബ്രേക്ക് പോയന്റുകൾ നേടാനായത്.
undefined
ബ്യോണ്‍ ബോര്‍ഗിനും ലോറൻസ് ദോഹർത്തിക്കും ഒപ്പം അഞ്ചു വിംബിൾഡൺ കിരീടം നേടിയവരുടെ 'എലീറ്റ് ക്ലബ്ബി'ലേക്ക് എത്തിയിരിക്കുകയാണ് ജോക്കോവിച്ച് ഈ നേട്ടത്തോടെ. ഇപ്പോൾ ജോക്കോവിച്ചിന്റെ മേജർ കിരീടങ്ങളുടെ എണ്ണം 16 ആയി. 20 കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള ഫെഡററോടും, 18 കിരീടങ്ങൾ നേടിയിട്ടുള്ള നദാലിനോടുമുള്ള അന്തരം ഒന്നുകൂടി കുറച്ചിരിക്കുകയാണ് ഇന്നലെ ജോക്കോവിച്ച്.