മേരി കോമിന് പത്‌മവിഭൂഷന്‍, ചരിത്രനേട്ടം; പി വി സിന്ധുവിന് പത്‌മഭൂഷന്‍; സഹീറിന് പത്മശ്രീ

By Web Team  |  First Published Jan 25, 2020, 10:31 PM IST

ചരിത്രത്തിലാദ്യമായാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സിവിലിയന്‍ ബഹുമതി ഒരു വനിതാ താരത്തിന് ലഭിക്കുന്നത്


ദില്ലി: ആറ് തവണ ലോക ചാമ്പ്യനായ ബോക്‌സിംഗ് ഇതിഹാസം മേരി കോമിന് രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്‌മവിഭൂഷന്‍. അതേസമയം ബാഡ്‌മിന്‍റണ്‍ ലോക ചാമ്പ്യന്‍ പി വി സിന്ധു പത്‌മഭൂഷനും അര്‍ഹയായി. മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാന്‍ അടക്കം ആറ് പേര്‍ കായികരംഗത്തുനിന്ന് പത്മശ്രീക്ക് അര്‍ഹരായിട്ടുണ്ട്. 

Latest Videos

undefined

ചരിത്രത്തിലാദ്യമായാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സിവിലിയന്‍ ബഹുമതി ഒരു വനിതാ കായികതാരത്തിന് ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മേരി കോം വെങ്കലം നേടിയിരുന്നു. മേരി കോം 2006ല്‍ പത്മശ്രീയും 2013ല്‍ പത്മഭൂഷനും നേടി. 

പത്മവിഭൂഷന്‍ കരസ്ഥമാക്കുന്ന നാലാമത്തെ കായികതാരമാണ് മേരി കോം. ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദ്(2007), ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(2008), പര്‍വതാരോഹകന്‍ എഡ്‌മണ്ട് ഹിലാരി(2008) എന്നിവരാണ് നേരത്തെ പത്മവിഭൂഷന്‍ നേടിയത്. 

അതേസമയം ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാവാകുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടത്തിലെത്തിയതാണ് പി വി സിന്ധുവിനെ പത്മഭൂഷന്  അര്‍ഹയാക്കിയത്. 2015ല്‍ പത്മശ്രീ നേടിയ സിന്ധുവിന്‍റെ പേര് 2017ലും പത്മഭൂഷന് നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു.   

ഇന്ത്യന്‍ മുന്‍ ക്രിക്കറ്റര്‍ സഹീര്‍ ഖാനും വനിത ഫുട്ബോളര്‍ ഒയിനം ബെംബം ദേവിയും ഹോക്കി താരങ്ങളായ എം പി ഗണേശും റാണി രാംപാലും ഷൂട്ടിംഗ് താരം ജിത്തു റായിയും ആര്‍ച്ചര്‍ തരുണ്‍ദീപ് റായും പത്‌മശ്രീക്ക് അര്‍ഹരായി. 

പത്മ പുരസ്‌കാരങ്ങള്‍ നേടിയ 141 പേരുടെ പേരുകളാണ് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്. ഏഴ് പേര്‍ക്ക് പത്മവിഭൂഷനും 16 പേര്‍ക്ക് പത്മഭൂഷനും 118 പേര്‍ക്ക് പത്മശ്രീയും ലഭിക്കും. 34 വനിതകളും 18 വിദേശികളും ഇവരില്‍ ഉള്‍പ്പെടുന്നു. 

click me!