ബാലൻ ഡി ഓർ കൈയിൽ വാങ്ങിയുള്ള കരീം ബെൻസമയുടെ നിൽപ് ഫുട്ബോളിനോടുള്ള അഭിനിവേശവും അധ്വാനവും മാത്രമല്ല പ്രകടമാക്കുന്നത്. ആ വേദി കണ്ടത് ഒരു തിരിച്ചുവരവിന്‍റെ, ഉയർത്തെഴുന്നേൽപിന്‍റെ കലാശക്കൊട്ട് കൂടിയാണ്.
അങ്ങനെ ഒടുവിൽ ബാലൻ ഡി ഓർ കരീം ബെൻസമയെ തേടിയെത്തി. 24 വർഷത്തിന് ശേഷം ലോകഫുട്ബോളിലെ വിഖ്യാത പുരസ്കാരം ഫ്രാൻസിന്റെ ഒരു കളിക്കാരന്. പുരസ്കാരം പ്രഖ്യാപിച്ചതും സമ്മാനിച്ചതും 1998ൽ അവസാനമായി ബാലൻ ഡി ഓർ വാങ്ങിയ ഫ്രഞ്ച് താരം സിനദിൻ സിദാൻ. ആരാധകരനായും പ്രോത്സാഹനമായും റെയൽ മാഡ്രിഡ് കോച്ചായും തന്നെ കണ്ട് കളി പഠിച്ച ബെൻസമക്ക് പുരസ്കാരം സമ്മാനിക്കുന്ന വേള സിദാനും അമൂല്യം. റെയൽ മാഡ്രിഡിന്റെ ഒരു കളിക്കാരൻ ബാലൻ ഡി ഓർ പുരസ്കാര ജേതാവ് ആകുന്നത് ഇത് ആറാം തവണയാണ്.
അൾജീരിയക്കാരായ ഹഫീദ് ബെൻസമയുടേയും വഹീദ ജെപ്പാറിന്റേയും എട്ട് മക്കളിൽ ഒരാളായി ലിയോണിൽ ജനിച്ച കരീം ബെൻസമ ഫുട്ബോൾ തട്ടിക്കളിക്കുന്നത് എട്ടാം വയസ്സിൽ. പത്ത് വയസ്സിൽ താഴെയുള്ളവരുടെ മത്സരങ്ങളിൽ ഒന്നിൽ കുഞ്ഞു കരീം കളിക്കുന്നതു കണ്ട് ലിയോൺ യൂത്ത് അക്കാദമിയിൽ തെരഞ്ഞെടുക്കപ്പെട്ടു. സീനിയർ അംഗങ്ങളുടെ മത്സരങ്ങളിൽ ബോൾ ബോയ്മാരിൽ ഒരാളായിരുന്നു സ്ഥിരമായി കരീം അക്കാലത്ത്. അവിടെ നിന്ന് പന്ത് എടുത്തു കൊടുത്തും പതുക്കെ പന്ത് തട്ടിക്കളിച്ചും പിന്നെ മുന്നേറിക്കളിച്ചും മുപ്പത്തിനാലാം വയസ്സിൽ ലോകഫുട്ബോളിലെ ഏറ്റവും താരപ്പകിട്ടുള്ള പുരസ്കാരനേട്ടത്തിലേക്ക്. 66 വർഷത്തിനിടെ ബാലൻ ഡി ഓർ നേടിയവരിൽ ഏറ്റവും പ്രായം കൂടിയ താരമാണ് കരീം ബെൻസമ.
undefined
2021-22 സീസണിൽ റെയൽ മാഡ്രിഡിന് വേണ്ടി കാഴ്ച വെച്ച പന്തുകളി വൈദഗ്ധ്യത്തിനാണ് കരീമിന്റെ പുരസ്കാരനേട്ടം. 46 മത്സരങ്ങളിൽ 44 ഗോളുകൾ. മറ്റുള്ളവർക്ക് ഗോളടിക്കാൻ സുപ്രധാനമായ പാസുകളും അസിസ്റ്റുകളും നൽകിയത് 15 തവണ. ലാ ലീഗയിലും ചാമ്പ്യൻസ് ലീഗിലും ടീമിനെ കിരീട നേട്ടത്തിലെത്തിച്ചതിൽ ടോപ് സ്കോറർ ആയ കരീം ബെൻസമയുടേത് നിർണായകപങ്ക്. പ്രധാന മത്സരങ്ങളിൽ എല്ലാം പിന്നിൽ നിന്ന ക്ലബിനെ ഒപ്പവും പിന്നെ മുന്നിലും എത്തിച്ച് ഫൈനലിലേക്കും ഒടുവിൽ കിരീടധാരണത്തിലേക്കും എത്തിച്ചതിൽ കരീമിന്‍റെ പാദങ്ങളോളം പങ്ക് വേറെ ഒന്നിനുമില്ല. കരീമിനെ പോലെ ഒരു താരത്തെ ആശ്രയിക്കുന്നു എന്ന് പറയുന്നത് അഭിമാനകരമെന്ന് കോച്ച് കാർലോ ആൻസെലോട്ടി പറഞ്ഞത് വെറുതെയല്ല. കരീമിനൊപ്പം ക്ലബ് നേടിയത് സ്പാനിഷ് സൂപ്പർ കപ്പും ഉണ്ട്.
ബാലൻ ഡി ഓർ കൈയിൽ വാങ്ങിയുള്ള കരീം ബെൻസമയുടെ നിൽപ് ഫുട്ബോളിനോടുള്ള അഭിനിവേശവും അധ്വാനവും മാത്രമല്ല പ്രകടമാക്കുന്നത്. ആ വേദി കണ്ടത് ഒരു തിരിച്ചുവരവിന്‍റെ, ഉയർത്തെഴുന്നേൽപിന്‍റെ കലാശക്കൊട്ട് കൂടിയാണ്.
ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ശേഷം(2017) ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായി ഹാട്രിക് നേടിയ ഏകതാരം കരീം ബെൻസമയാണ്. റൊണാൾഡോക്ക് ശേഷം (2016-17) ചാമ്പ്യൻസ് ലീഗ് മത്സരങ്ങളുടെ നോക്കൗട്ട് റൗണ്ടിൽ പത്ത് ഗോളടിച്ച താരവും കരീം തന്നെ CR7 എന്ന ഇതിഹാസത്തിന്റെ നിഴലിൽ നിന്ന് വേറെ മാറി നടന്നിരിക്കുന്നു കരീം ബെൻസമ. അതുമാത്രമല്ല ഉയർത്തുപാട്ട്. ഒരു ലൈംഗികാപവാദ ആരോപണത്തെ തുടർച്ച് ഏതാണ്ട് അഞ്ചരക്കൊല്ലമാണ് കരീം ദേശീയ ടീമില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടത്.
ഇക്കാലയളവിൽ കരീമിന് നഷ്ടമായത് 2018ലെ ലോകകപ്പിൽ ദേശീയടീമിന് ഒപ്പം ചേർന്ന് രാജ്യത്തിന് വേണ്ടി കളിക്കാനുള്ള അവസരം. 2021ൽ വിചാരണയും ശിക്ഷയും നേരിട്ട ശേഷമാണ് കരീമിന് ദേശീയടീമിൽ എത്താനായത്. നിരാശയുടേയും നഷ്ടബോധത്തിന്റേയും ഇരുളിച്ചയിൽ സ്വയം തളച്ചിടാതെ കരീം ഉഷാറായി പന്തു കളിച്ചു. റയൽ മാഡ്രിഡിനെ വിജയദിനങ്ങളിലേക്ക് എത്തിച്ചു. ഇനി രാജ്യത്തോടുള്ള കടം വീട്ടാൻ ഖത്തർ കരീമിനെ കാത്തിരിക്കുന്നു.