ബാഡ്‌മിന്‍റണില്‍ ഇന്ത്യ തിളങ്ങിയ 2022; അഭിമാനമായി സിന്ധു, പ്രണോയി, അർജുന്‍, ലക്ഷ്യസെൻ, ട്രീസ ജോളി

By Web Team  |  First Published Dec 28, 2022, 9:48 AM IST

എച്ച്.എസ്.പ്രണോയിയുടെ ശക്തമായ തിരിച്ചുവരവ് കണ്ട വർഷം കൂടിയാണ് കടന്നുപോകുന്നത്


തിരുവനന്തപുരം: ബാഡ്‌മിന്‍റണിൽ ഇന്ത്യക്ക് ചരിത്രനേട്ടം സമ്മാനിച്ച വർഷമാണ് 2022. ഭാവി ശോഭനമെന്ന് തെളിയിക്കുന്നതാണ് ഇന്ത്യൻ താരങ്ങളുടെ പ്രകടനം. ലോകത്തിന് മുന്നിൽ ഇന്ത്യ തലയുയർത്തി നിന്ന വർഷം. തോമസ് കപ്പ് ബാഡ്‌മിന്‍റണിൽ ചരിത്രത്തിലാദ്യമായി ത്രിവർണപതാക പാറി. 14 വട്ടം ചാമ്പ്യന്മാരായ ഇന്തോനേഷ്യയെ 3-0ന് തകർത്താണ് ഇന്ത്യ 72 വ‌ർഷത്തെ ചരിത്രം തിരുത്തിയത്. മലയാളികളുടെ അഭിമാനമായി എച്ച്.എസ്.പ്രണോയിയും എം.ആർ.അർജുനും ടീമിലുണ്ടായിരുന്നു. പ്രണോയിയുടെ ഉജ്വലപ്രകടനമാണ് ടീമിന് ഫൈനലിലേക്ക് വഴിയൊരുക്കിയത്.

Latest Videos

undefined

ചിത്രം- എച്ച് എസ് പ്രണോയി

ആറ് തവണ ചാമ്പ്യന്മാരായ മലേഷ്യയും 2016ൽ കിരീടം നേടിയ കരുത്തരായ ഡെൻമാർക്കുമെല്ലാം ഇന്ത്യൻ താരങ്ങൾക്ക് മുന്നിൽ കീഴടങ്ങി. രണ്ട് ഒളിംപിക് മെഡലിന്‍റെ അവകാശിയായ പി.വി.സിന്ധു കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടി രാജ്യത്തിന്‍റെ അഭിമാനമുയർത്തി. നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതാ താരവുമായി സിന്ധു. വരുംകാലം തന്‍റേതെന്ന് അടിവരയിട്ട് ലക്ഷ്യസെൻ ആദ്യ സൂപ്പർസീരീസ് കിരീടം ഇന്ത്യ ഓപ്പണിലൂടെ സ്വന്തമാക്കി. ജർമൻ ഓപ്പണിലും ഓൾ ഇംഗ്ലണ്ട് ഓപ്പണിലും ഫൈനലിലെത്താനും ലക്ഷ്യക്കായി. തോമസ് കപ്പിൽ ഫൈനലിലെ മികച്ച പ്രകടനത്തിന് പിന്നാലെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണവുമായാണ് ലക്ഷ്യ സെൻ സീസൺ അവസാനിപ്പിച്ചത്.

ചിത്രം- പി വി സിന്ധു

ബാഡ്മിന്‍റണിൽ ഡാനിഷ് താരം വിക്ടർ അക്സെൽസന്‍റെ വർഷമായിരുന്നു ഇത്. ഓൾ ഇംഗ്ലണ്ട് ഓപ്പൺ കിരീടം നേടി സീസൺ തുടങ്ങിയ അക്സെൽസൻ 5 സൂപ്പർ സീരീസ് കിരീടങ്ങളും ലോക ചാമ്പ്യൻഷിപ്പിലെ സ്വർണ നേട്ടത്തിനും പിന്നാലെ ലോക ടൂർഫൈനൽസിൽ കിരീടവും നേടിയാണ് സീസൺ അവസാനിപ്പിച്ചത്. 39 മത്സരങ്ങളുടെ വിജയക്കുതിപ്പിന്‍റെ റെക്കോർഡും ഡാനിഷ് താരം പേരിലെഴുതി.

ചിത്രം- ലക്ഷ്യ സെന്‍

എച്ച്.എസ്.പ്രണോയിയുടെ ശക്തമായ തിരിച്ചുവരവ് കണ്ട വർഷം കൂടിയാണ് കടന്നുപോകുന്നത്. അട്ടിമറികളിലൂടെയായിരുന്നു പ്രണോയ് ശ്രദ്ധ നേടിയത്. ലോക ഒന്നാംനമ്പർ അക്സെൽസൻ, കെന്‍റോ മൊമോട്ട, ആന്‍റണി ജിന്‍റിംഗ്, ജുൻപെങ്, ലോകീൻയു തുടങ്ങിയ വമ്പന്മാരെല്ലാം പ്രണോയ്ക്ക് മുന്നിൽ വീണു. തോമസ് കപ്പിലും താരം മിന്നും പ്രകടനം പുറത്തെടുത്തു. എങ്കിലും ഈ വർഷം സിംഗിൾസ് കിരീടം സ്വന്തമാക്കാൻ പ്രണോയ്ക്കായില്ല. ഒരു റണ്ണറപ്പ്, ഒരു മൂന്നാംസ്ഥാനം, ഏഴ് ടൂർണമെന്‍റുകളിൽ ക്വാർട്ടർ ഫൈനലിലെത്തിയതുമാണ് നേട്ടം.

ചിത്രം- ട്രീസാ ജോളി

ഗായത്രി ഗോപീചന്ദിനൊപ്പം ഡബിൾസ് പങ്കാളിയായി കോമൺവെൽത്ത് ഗെയിംസിൽ ഇരട്ട മെഡൽ സ്വന്തമാക്കി മലയാളി താരം ട്രീസ ജോളിയും പ്രതീക്ഷയായി. 18കാരൻ ശങ്കർ മുത്തുസ്വാമി ജൂനിയർ തലത്തിൽ ലോക റാങ്കിംഗിൽ ഒന്നാംസ്ഥാനത്തെത്തിയത് വരും വർഷങ്ങളിലും ഇന്ത്യയുടെ ഭാവി ശോഭനമെന്ന് തെളിയിക്കുന്നതായി. ലോക ചാമ്പ്യൻഷിപ്പിൽ ഫൈനലിലെത്താനും യുവതാരത്തിനായി. ജൂനിയർ വനിതാ റാങ്കിംഗിൽ ഒന്നാമതെത്തിയ തസ്നിം മിറും വേൾഡ് ടൂർ കിരീടം സ്വന്തമാക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ ഇന്ത്യൻ വനിതാ താരമായ ഉന്നതി ഹൂഡയും ഭാവിപ്രതീക്ഷയാണ്. പുതുവർഷത്തിൽ പാരീസ് ഒളിംപിക്‌സ് ലക്ഷ്യമിട്ടുള്ള പോരാട്ടങ്ങൾക്ക് തുടക്കമാകും.

റോഡ് മാര്‍ഷ് മുതല്‍ ഷെയ്‌ന്‍ വോണ്‍ വരെ; കായികലോകത്ത് 2022ലെ നഷ്‌ടങ്ങള്‍

 


 

click me!