സച്ചിനോട് ഖാദിർ പറഞ്ഞു, " നീ പിള്ളേരെ എന്തിനാണിങ്ങനെ അടിക്കുന്നത്..? ധൈര്യമുണ്ടെങ്കിൽ എന്നെ ഒന്ന് അടിച്ചു നോക്ക്.. അപ്പോൾ കാണാം..! "
പാകിസ്ഥാൻ കണ്ട ഏറ്റവും മികച്ച ലെഗ് സ്പിന്നർമാരിൽ ഒരാളായ അബ്ദുൽ ഖാദിർ അന്തരിച്ചു. ഇന്നലെ ഒരു ഹൃദയസ്തംഭനത്തിന്റെ രൂപത്തിലാണ് മരണം അദ്ദേഹത്തെ തേടിയെത്തിയത്. 63 വയസ്സായിരുന്നു.
1977 മുതൽ 1990 വരെ പാകിസ്ഥാനുവേണ്ടി കളിച്ച അബ്ദുൽ ഖാദിറിന്റെ റെക്കോർഡുകൾ ഏറെ അസൂയാവഹമായിരുന്നു. ഫാസ്റ്റ് ബൗളർമാർക്ക് ആധിപത്യമുണ്ടായിരുന്ന എൺപതുകളിൽ തന്റെ അസാമാന്യമായ പ്രതിഭ ഒന്നുകൊണ്ടുമാത്രമാണ് അബ്ദുൽ ഖാദിർ നേട്ടങ്ങൾ കൊയ്തത്. 67 ടെസ്റ്റുകളിൽ നിന്നായി 236 വിക്കറ്റുകൾ അദ്ദേഹം നേടിയിട്ടുണ്ട്. ഒപ്പം, 104 ഏകദിനമത്സരങ്ങളിൽ നിന്നായി 132 വിക്കറ്റുകളും. ടെസ്റ്റ് ക്രിക്കറ്റിൽ 32.8ന്റെ ശരാശരി ഉണ്ടായിരുന്ന ഖാദിർ ഏകദിനത്തിൽ 26.16 ന്റെ ആവറേജ് നിലനിർത്തി. 1987-88 ടൂറിൽ ഇംഗ്ലണ്ടിനെതിരെ നേടിയ 13/121 ആണ് അദ്ദേഹത്തിന്റെ കരിയർ ബെസ്റ്റ്.
undefined
അബ്ദുൾ ഖാദിർ എന്ന സ്പിൻ പ്രതിഭയും പതിനാറുകാരനായ സച്ചിനുമായി നടന്ന തീപാറുന്ന പോരാട്ടത്തിന്റെ കഥ പറയാതെ അദ്ദേഹത്തിന്റെ ലെഗസി പൂർണ്ണമാവില്ല. വർഷം 1989. മഴ പെയ്ത് ഏകദിനം റദ്ദാക്കി. ജനങ്ങളെ നിരാശപ്പെടുത്താതിരിക്കാനായി ഒരു 20 ഓവർ മത്സരം നടത്താൻ തീരുമാനിച്ചു. ടി20 എന്നൊരു സങ്കല്‍പമേ വരും മുമ്പാണ് കഥ നടക്കുന്നത്. ആദ്യം ബാറ്റുചെയ്ത പാകിസ്ഥാൻ 157 റൺസ് അടിച്ചു കൂട്ടിക്കളഞ്ഞു. ഇന്ത്യയുടെ പരാജയം ഏതാണ്ടുറപ്പായി. എന്നാലും സച്ചിൻ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. ആ മത്സരത്തിൽ വെറും 18 പന്തുകളിൽ നിന്നായി സച്ചിൻ അടിച്ചു കൂട്ടിയ 53 റൺസിന്റെ ബലത്തിൽ ഇന്ത്യ വിജയത്തിന് ഏറെക്കുറെ അടുത്തെത്തി. സച്ചിനെതിരെ ഖാദിർ എറിഞ്ഞ ഒരു ഓവറിന്റെ സ്റ്റാറ്റിസ്റ്റിക്സ് ഇങ്ങനെയായിരുന്നു - 6, 0, 4, 6 6 6. വെറും നാല് റൺസിനാണ് അന്ന് ആ മത്സരം ഇന്ത്യ തോറ്റത്.
അതേപ്പറ്റി ഖാദിർ പിന്നീട് ഇങ്ങനെ ഓർത്തെടുത്തു, " ഔപചാരികമത്സരമല്ലാത്തതുകൊണ്ട് ഞങ്ങളൊക്കെ ആകെ ഒരു ഉത്സവമൂഡിലായിരുന്നു. ശ്രീകാന്തിനെതിരെ ഒരു മെയ്‌ഡണ്‍ ഓവർ എറിഞ്ഞതിന്റെ ആത്മവിശ്വാസത്തിൽ ഞാൻ നോൺ സ്‌ട്രൈക്കർ എൻഡിൽ നിന്ന സച്ചിന്റെ അടുത്തേക്ക് ചെന്നു. എന്നിട്ട് ചുമ്മാ സച്ചിനെ ചൊറിഞ്ഞു, " അടുത്ത ഓവർ ഞാൻ എറിയുമ്പോൾ എങ്ങാനും നീയാണ് സ്‌ട്രൈക്കിൽ എങ്കിൽ ഞാൻ അബ്ദുൾ ഖാദിർ ആണെന്നോർത്ത് പേടിച്ചു നിൽക്കുകയൊന്നും വേണ്ട കേട്ടോ..! നിന്റെ നാട്ടിലെ ഗലി ക്രിക്കറ്റ് കളിക്കുന്ന വല്ല പയ്യനും ആണ് എറിയുന്നത് എന്ന് മനസ്സിൽ സങ്കൽപ്പിച്ച് എന്നെ ഫെയ്‌സ് ചെയ്തോണം..! കേട്ടോ...എന്നാലേ ഇനിയങ്ങോട്ട് പുരോഗതിയുണ്ടാകൂ.. ധൈര്യം വേണം.. ധൈര്യം.. "
ആ ഉപദേശം സച്ചിനെ ചെറുതായി ഒന്ന് ചൊടിപ്പിച്ചു എന്ന് തോന്നുന്നു. ഖാദിർ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല എങ്കിലും മറുത്തൊന്നും പറയാൻ നിന്നില്ല സച്ചിൻ. അടുത്ത ഓവർ എറിയാൻ ഖാദിർ വന്നപ്പോൾ സച്ചിനാണ് ക്രീസിൽ. ആദ്യ പന്തുതന്നെ സ്റ്റെപ്പ് ഔട്ട് ചെയ്ത് ലോങ്ങ് ഓഫിന് മുകളിലൂടെ സച്ചിൻ ഗാലറികടത്തി. അടുത്ത പന്തിൽ വീണ്ടും ആഞ്ഞടിച്ച് സച്ചിന് ടൈമിംഗ് പിഴച്ചു. പക്ഷേ, മിഡ് വിക്കറ്റിൽ നിന്ന ഫീൽഡർ ക്യാച്ച് ഡ്രോപ്പ് ചെയ്തു. തന്റെ കഴിവിന്റെ പരമാവധി ഖാദിർ സച്ചിന്റെ വിക്കറ്റെടുക്കാൻ ശ്രമിച്ചെങ്കിലും പിന്നെയും മൂന്നു സിക്സുകൂടി സച്ചിൻ ആ ഓവറിൽ പറത്തി, ഒരു ഫോറും.
സത്യത്തിൽ സച്ചിനെ പ്രകോപിപ്പിച്ചത് ആ ഉപദേശത്തിനായി ഖാദിർ തെരഞ്ഞെടുത്ത പ്രകോപനപരമായ വാക്കുകളായിരുന്നു. തൊട്ടുമുന്നത്തെ ഓവറിൽ മുഷ്താഖ് അഹമ്മദിനെ അടിച്ച് അട്ടംകയറ്റിയ സച്ചിനോട് ഖാദിർ പറഞ്ഞു, " നീ പിള്ളേരെ എന്തിനാണിങ്ങനെ അടിക്കുന്നത്..? ധൈര്യമുണ്ടെങ്കിൽ എന്നെ ഒന്ന് അടിച്ചു നോക്ക്.. അപ്പോൾ കാണാം..! " എന്നാൽ പിന്നെ അടിച്ചിട്ടുതന്നെ കാര്യമെന്ന് സച്ചിനും കരുതിക്കാണും. സച്ചിന്റെ ആദ്യ സീരീസായിരുന്നു എങ്കിലും അതിന്റെ പരുങ്ങലൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല.
ലാഹോറിലെ തെരുവുകളിൽ ക്രിക്കറ്റുകളിച്ചുകൊണ്ടായിരുന്നു ഖാദിറിന്റെ തുടക്കം. ആദ്യം മുതലേ ലെഗ് സ്പിന്നിനോടായിരുന്നു പ്രണയം. കിടക്കയിൽ പോലും പന്തും പിടിച്ചുകൊണ്ട് ഉറങ്ങിയിരുന്ന ബാല്യകൗമാരങ്ങളാണ് ഖാദിറിനുണ്ടായിരുന്നത്. തികച്ചും വ്യത്യസ്തമായ ഡെലിവറികളാൽ സമ്പന്നമായിരുന്നു ഖാദിറിന്റെ ആവനാഴി. പ്രധാനമായും മൂന്നു ഡെലിവറികൾ. ഗൂഗ്ലി, ലെഗ് ബ്രേക്ക്, ഫ്ലിപ്പർ. ക്രീസിനെ പൂർണ്ണമായും പ്രയോജനപ്പെടുത്തിയും, വ്യത്യസ്ത ദിശകളിൽ നിന്നും ക്രീസിനെ സമീപിച്ചും അദ്ദേഹം പരമാവധി ടേൺ ഉണ്ടാക്കിയെടുക്കുന്നതിൽ വിജയിച്ചു. രണ്ടു വ്യത്യസ്തയിനം ഗൂഗ്‌ളികളുണ്ടായിരുന്നു ഖാദിറിന്. ഒന്ന് കയ്യിന്റെ പിൻഭാഗം കൊണ്ട് ഒരു പ്രത്യേക രീതിയിൽ ടേൺ ചെയ്യിക്കുന്നതും, രണ്ട് വിരലുകൾ കൊണ്ട് വ്യവസ്ഥാപിത ലെഗ് ബ്രേക്ക് ആക്ഷനിൽ തന്നെ ഉണ്ടാക്കിയെടുക്കുന്നതും. ബൗളിംഗ് ആക്ഷനിലെ പരീക്ഷണങ്ങൾ കൊണ്ട് വ്യത്യസ്തമായ റിസൾട്ടുകൾ അദ്ദേഹം നേടിയെടുത്തു. വിക്കറ്റിനോട് അടുത്ത് വന്നും, അകന്നു മാറിയും, ക്രീസിനു പിന്നിൽ നിന്നു പന്തെറിഞ്ഞും, ഡെലിവറി സമയത്ത് തോൾ ഒന്ന് താഴ്ത്തിയും, ഗ്രിപ്പ് മാറ്റി മാറ്റി പരീക്ഷിച്ചും ഒക്കെ അദ്ദേഹം ഉണ്ടാക്കിയെടുത്ത ലെഗ് സ്പിൻ വകഭേദങ്ങൾ ബാറ്റ്‌സ്മാൻമാരെ കുഴക്കി.
അദ്ദേഹത്തിന്റെ ബൗളിംഗ് ആക്ഷൻ വളരെ വളരെ അപൂർവമായ ഒന്നായിരുന്നു. തുടക്കത്തിൽ ഏറെ കൃത്രിമം എന്ന് കോപ്പിബുക്ക് നിർബന്ധക്കാർ പറഞ്ഞെങ്കിലും, താമസിയാതെ അവരും അതിന്റെ ഫലസിദ്ധി നിമിത്തം ആ ആക്ഷനെ അംഗീകരിക്കാൻ നിർബന്ധിതരായി. തന്റെ കയ്യും, പന്തിന്റെ ഗ്രിപ്പും ഒക്കെ പരമാവധി ഒളിപ്പിച്ചു വെക്കാൻ ഖാദിർ ശ്രമിച്ചിരുന്നു. അതുകൊണ്ടുതന്നെ പന്ത് ഖാദിറിന്റെ കയ്യിൽ നിന്നും പുറപ്പെട്ടതിനു ശേഷം മാത്രമേ അത് എങ്ങനെ തിരിയും എന്നതിനെപ്പറ്റി ഊഹിക്കാൻ ബാറ്റ്‌സ്മാന്മാർക്ക് കഴിഞ്ഞിരുന്നുള്ളൂ. അക്കാലത്തെ സ്പിന്നർമാരിൽ നിന്നും വ്യത്യസ്തനായി ഏകദിനങ്ങളിലും ഖാദിർ വിജയം കണ്ടിരുന്നു. ചുറ്റും ഫീൽഡർമാരെ നിരത്തി ബാറ്റ്‌സ്മാൻമാരെ കടന്നാക്രമിച്ച് അവരെ സമ്മർദ്ദത്തിലാക്കി വിക്കറ്റ് നേടുക എന്ന തന്ത്രമായിരുന്നു അദ്ദേഹത്തിന്റേത്.
എൺപതുകളിൽ പാക് ക്രിക്കറ്റിലെ സ്പിന്നിന്റെ പര്യായമായിരുന്ന ഖാദിർ അടുത്ത തലമുറയിലെ മുഷ്താഖ് അഹ്മദ് പോലെ പലരെയും വളർത്തിയെടുക്കുന്നതിൽ ബദ്ധശ്രദ്ധനായിരുന്നു. ഏറെക്കാലം പാക് ക്രിക്കറ്റ് ബോർഡ് അംഗമായിരുന്ന ഖാദിർ, 2009-ൽ ചീഫ് സെലക്ടറുമായിരുന്നു. ഭാര്യയും അഞ്ചുമക്കളും അടങ്ങുന്നതായിരുന്നു ഖാദിറിന്റെ കുടുംബം. നാല് ആണ്‍മക്കളും ഒരു മകളുമായിരുന്നു. പാക് ക്രിക്കറ്റർ ഉമർ അക്മൽ മരുമകനാണ്.