ആദ്യത്തെ ഇന്നിംഗ്സിൽ വോണിൽ നിന്നുമേറ്റ അപ്രതീക്ഷിത പ്രഹരത്തിന് പകരം വീട്ടാൻ ഉറപ്പിച്ചുതന്നെയാണ് സച്ചിൻ രണ്ടാമിന്നിംഗ്സിൽ ക്രീസിലിറങ്ങിയത് എന്ന് വ്യക്തമായിരുന്നു.
ക്രിക്കറ്റില്‍ ഇന്ത്യയുമായി കട്ടയ്ക്കുപിടിച്ചിട്ടുള്ള രാജ്യങ്ങളെക്കുറിച്ച് പറഞ്ഞാൽ ആദ്യം വരുന്ന പേര് പാക്കിസ്ഥാന്റേതായിരിക്കും. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ എന്ന് എവിടെ വെച്ച് മത്സരിച്ചാലും ആരാധകര്‍ക്കും കളിക്കാര്‍ക്കും അത് ജീവന്മരണ പോരാട്ടവുമാവുകയും ചെയ്യും. അത് ഇരു രാജ്യങ്ങളും തമ്മിലുള്ള പരമ്പരാഗത ശത്രുതയിലും കൂടി അധിഷ്ഠിതമാണ്. പാകിസ്ഥാൻ കഴിഞ്ഞാൽ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യയുമായി ഇഞ്ചോടിഞ്ച് പോരാടിയിട്ടുള്ള ഒരു രാജ്യമുണ്ടെങ്കിൽ, അത് ഓസ്ട്രേലിയയാണ്. രാഷ്ട്രീയ കാരണങ്ങളാല്‍ പിന്നീട് ഇന്ത്യാ-പാക്കിസ്ഥാന്‍ മത്സരങ്ങള്‍ കുറയുകയും ഇന്ത്യാ-ഓസ്ട്രേലിയ മത്സരങ്ങള്‍ക്ക് ഇന്ത്യ-പാക് മത്സരങ്ങളോളമോ അതിനേക്കാള്‍ ഉപരിയോ ആവേശം ഉയരുകയും ചെയ്തു.
ഇന്ത്യാ ഓസ്‌ട്രേലിയ പോരാട്ടങ്ങളില്‍ പലപ്പോഴും ടെസ്റ്റുമത്സരങ്ങള്‍പോലും ഏകദിനത്തിന്റെയോ ടി20യുടെയോ ആവേശവും ഉദ്വേഗവും ഉയര്‍ത്താറുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന കുറിയ മനുഷ്യന് ചുറ്റും കറങ്ങിയ കാലത്ത് ആ പോരാട്ടങ്ങള്‍ പലതും സച്ചിനും ഓസീസ് ബൗളര്‍മാരും തമ്മിലുള്ള പേരാട്ടമാവും. അത്തരത്തിലുള്ള ഒരു മത്സരത്തിന് ഇന്നത്തെ ദിവസം - അതായത് മാർച്ച് 9-മായി വളരെ അടുത്ത ഒരു ബന്ധമുണ്ട്. ആ ദിവസമെത്തണമെങ്കിൽ കൊല്ലം കുറച്ചൊന്നുമല്ല ഫ്ലാഷ്ബാക്കിൽ പോവേണ്ടുന്നത്. വർഷം 1998. സ്ഥലം ചെന്നൈ, ചിദംബരം സ്റ്റേഡിയം.ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോർഡർ-ഗാവസ്‌കർ ടെസ്റ്റ് മത്സരം നടക്കുന്നു.
undefined
നമ്മുടെ സച്ചിനും അവരുടെ ഷെയ്ൻ വോണും തമ്മിൽ ഗംഭീര ഉരസൽ നടന്നുകൊണ്ടിരിക്കുന്ന കാലമാണത്. ബാറ്റിങ്ങിന്റെ ദൈവമായി സച്ചിൻ അറിയപ്പെട്ടിരുന്നെങ്കിൽ സ്പിൻ മാന്ത്രികൻ എന്ന പട്ടം ഷെയ്ൻ വോണിന് സ്വന്തമായിരുന്നു. ഇന്നാണ് ഓസീസിനെതിരെ രണ്ടാം ഇന്നിംഗ്സില്‍ 155 റൺസ് അടിച്ചുകൂട്ടിയ ആ അവിസ്മരണീയമായ ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനായി സച്ചിൻ പാഡണിയുന്നത്. മാര്‍ച്ച് ആറിനാണ് ടെസ്റ്റ് തുടങ്ങിയത്. മത്സരത്തിന്റെ തുടക്കം മുതൽ ആരാധകരുടെ ശ്രദ്ധ കളിയേക്കാൾ സച്ചിനും വോണും തമ്മിലുള്ള ബലപരീക്ഷണത്തിലാണ്.
ഒന്നാം ഇന്നിംഗ്സിൽ വോണിന്റെ ആദ്യത്തെ പന്തിൽ ഒരു സ്ട്രെയ്റ്റ് ഡ്രൈവിലൂടെ ബൗണ്ടറി നേടി നല്ല ആത്മവിശ്വാസത്തോടെ സച്ചിൻ തുടങ്ങിയത്. അൽപനേരം കഴിഞ്ഞ്, ആവേശം മൂത്ത് അതേ സ്ട്രെയ്റ്റ് ഡ്രൈവിന് ശ്രമിച്ചതായിരുന്നു സച്ചിൻ. ഷെയ്ൻ വോൺ എന്ന ലെഗ് സ്പിന്നറുടെ കൂർമ്മബുദ്ധി അവിടെ സച്ചിനെ കടത്തിവെട്ടി. ഫസ്റ്റ് സ്ലിപ്പിൽ കാത്തുനിന്നിരുന്ന ക്യാപ്റ്റൻ മാർക്ക് ടെയ്‌ലറുടെ സുരക്ഷിത കരങ്ങളിലേക്കാണ് എഡ്‌ജ് ചെയ്ത ആ പന്ത് ചെന്ന് വീണത്. ഏഴുമിനിറ്റ് ക്രീസിൽ നിന്ന് അഞ്ചുപന്തുകൾ നേരിട്ട സച്ചിന്റെ അക്കൗണ്ടിൽ അപ്പോൾ നാലേ നാലു റൺസ് മാത്രം.മുഹമ്മദ് അസ്ഹറുദ്ദീനെയും, രാഹുൽ ദ്രാവിഡിനെയും ജവഗല്‍ ശ്രീനാഥിനെയും കൂടി പവലിയനിലേക്ക് വോൺ തിരിച്ചയച്ചു. വോണിന്റെ സ്പിൻ പങ്കാളി റോബർട്സൺ നാലുവിക്കറ്റെടുത്തതോടെ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് 257 റൺസിന് കെട്ടിപ്പൂട്ടി.
രണ്ടാമിന്നിംഗ്സിൽ സച്ചിൻ ഇറങ്ങിയത് വളരെ വ്യത്യസ്തമായ ഒരു റോളിലായിരുന്നു. 286 മിനിട്ടുനേരത്തെ സംഹാര താണ്ഡവമായിരുന്നു അവിടെ അരങ്ങേറിയത്. 191 പന്തിൽ 14 ബൗണ്ടറിയും നാല് സിക്സറുമടക്കം 81.15 ന്റെ സ്ട്രൈക്ക് റേറ്റോടെ 155 റൺസ് സച്ചിൻ അടിച്ചുകൂട്ടി. ഷെയ്ൻ വോണും റോബർട്സണും വയറുനിറച്ച് അടി വാങ്ങിക്കൂട്ടി. ആദ്യത്തെ ഇന്നിംഗ്സിൽ വോണിൽ നിന്നുമേറ്റ അപ്രതീക്ഷിത പ്രഹരത്തിന് പകരം വീട്ടാൻ ഉറപ്പിച്ചുതന്നെയാണ് സച്ചിൻ രണ്ടാമിന്നിംഗ്സിൽ ക്രീസിലിറങ്ങിയത് എന്ന് വ്യക്തമായിരുന്നു. വലതു കയ്യൻ ബാറ്റ്‌സ്മാൻ മാരെ 'എറൗണ്ട് ദി വിക്കറ്റ്' വന്ന് ലെഗ് സൈഡിൽ പന്ത് പിച്ചു ചെയ്യിച്ച് വളരെ നെഗറ്റീവ് ആയ ശൈലിയിൽ അവരെ പ്രകോപിപ്പിക്കുന്ന ഷെയ്ൻ വോണിന്റെ അക്രമാസക്തമായ രീതിക്കുള്ള മറുപടിയും കരുതിക്കൊണ്ടാണ് സച്ചിൻ വന്നിറങ്ങിയത് എന്ന് സാരം.
അന്നും വോൺ ലക്ഷ്യമിട്ടത് സച്ചിന്റെ ലെഗ് സ്റ്റമ്പിന് പുറത്തുള്ള പിച്ചിലെ റഫ് പാച്ചുകളെയാണ്. സാമാന്യം നല്ല രീതിയിൽ പന്തിനെ ടേൺ ചെയ്യിക്കുന്ന, വളരെ പ്രഗത്ഭനായ ഒരു ലെഗ് സ്പിന്നറാണ് ഷെയ്ൻ വോൺ. അദ്ദേഹത്തിന്റെ പേരിനും പ്രശസ്തിക്കും പുല്ലുവില കൽപ്പിക്കാതെ സച്ചിൻ തന്റെ ലെഗ്‌സൈഡിൽ വന്നു പിച്ച് ചെയ്ത വോണിന്റെ ഗൂഗ്ലികളെ ഒന്നൊന്നായി ടേണിന് വിപരീതമായി അനായാസം പുൾ ചെയ്യുകയും സ്വീപ്പ് ചെയ്യുകയും ചെയ്തു. ഒന്നിന് പിറകെ ഒന്നായി ബൗണ്ടറികളും സിക്സറുകളും പാഞ്ഞുതുടങ്ങിയപ്പോൾ സ്പിൻ മാന്ത്രികൻ നിന്ന് വിയർക്കാൻ തുടങ്ങി. കയ്യും കെട്ടി വായും പൊത്തി, ബൗണ്ടറിയിലേക്കു പാഞ്ഞുപോവുന്ന പന്തിനേയും നോക്കി, നിസ്സഹായനായുള്ള വോണിന്റെ ആ നിൽപ്പ് ഒരു ഇന്ത്യൻ ക്രിക്കറ്റ് പ്രേമിക്കും ആയുഷ്കാലത്ത് മറക്കാനാവുന്ന ഒന്നല്ല.
സച്ചിന്റെ ലക്ഷ്യം ഷെയ്ൻ വോൺ മാത്രമായിരുന്നില്ല. കൂട്ടത്തിൽ റോബർട്സണും കിട്ടി നല്ല തല്ല് . പേസ് ബൗളർമാരായ പോൽ റീഫലിനും, കാസ്പറോവിച്ചിനും ഒക്കെ താരതമ്യേന മയത്തിലുള്ള അടികൾ മാത്രമേ സച്ചിനിൽ നിന്നും അന്ന് കിട്ടുകയുണ്ടായുള്ളൂ.പുറത്താവാതെ 155 റൺസാണ് അന്ന് സച്ചിൻ അടിച്ചെടുത്തത്. 64 റൺസെടുത്ത സച്ചിന് കൂട്ടായി നിന്ന ക്യാപ്റ്റൻ അസഹ്റുദ്ദീൻ നാലാം ദിവസം വൈകുന്നേരത്തോടെ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. ഓസ്‌ട്രേലിയയ്ക്ക് വിജയലക്ഷ്യം 348 റൺസ്.
വൈകുന്നേരം രണ്ടാമിന്നിംഗ്സ് തുടങ്ങിയ ഓസ്‌ട്രേലിയയ്ക്ക് മൈക്കല്‍ സ്ലേറ്ററുടെയും ബ്ലിവറ്റിന്റെയും ടെയ്‌ലറുടെയും വിക്കറ്റുകൾ തുരുതുരാ നഷ്ടപ്പെട്ടു.അടുത്ത ദിവസം കളി തീരും മുമ്പ് ഓസ്‌ട്രേലിയയുടെ ഇന്നിംഗ്സ് ഇന്ത്യ 168 റൺസിന് ചുരുട്ടിക്കൂട്ടി.നാലു വിക്കറ്റെടുത്ത കുംബ്ലെയും മൂന്നുവിക്കറ്റെടുത്ത രാജുവും രണ്ടുവിക്കറ്റെടുത്ത ചൗഹാനും ചേർന്ന് ഓസ്‌ട്രേലിയയെ പൂട്ടിയപ്പോൾ ഇന്ത്യ ആ ടെസ്റ്റ് മത്സരം 179 റൺസിന് ജയിച്ചു.
സച്ചിൻ ടെന്‍ഡുൽക്കർ എന്ന ഇതിഹാസതാരത്തിന്റെ ഈ സുവർണ്ണ ഇന്നിംഗ്സിന്റെ ബലത്തിൽ ചെന്നൈ ടെസ്റ്റ് ജയിച്ച ഇന്ത്യ കൽക്കത്തയിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഓസ്‌ട്രേലിയയെ ഇന്നിംഗ്സിന് തോൽപ്പിച്ച് ബോർഡർ-ഗാവസ്‌കർ സീരീസും സ്വന്തമാക്കി. സച്ചിന്റെ അവിസ്മരണീയമായ നിരവധി ഇന്നിംഗ്സുകളിൽ ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ എന്നും മായാതെ നിൽക്കുന്ന ഒന്നാണ് ചെന്നൈയിലെ ഈ 'വോൺ വധം'..!