മുംബൈ: ആഭ്യന്തര ക്രിക്കറ്റിലെ കടുത്ത മത്സരത്തെ അതിജീവിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം ലഭിക്കണമെങ്കില്‍ ഏതൊരു കളിക്കാരനും അസാമാന്യ മികവ് പുറത്തെടുക്കേണ്ടിവരും. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ എത്തി സ്ഥാനം നിലനിര്‍ത്തണമെങ്കിലോ ക്യാപ്റ്റന്റെ പിന്തുണ ഏറെ നിര്‍ണായകവുമാണ്. ഒന്നോ രണ്ടോ മോശം പ്രകടനങ്ങള്‍ ഒരുപക്ഷെ ഒരു കളിക്കാരന്റെ രാജ്യാന്തര കരിയര്‍ തന്നെ അവസാനിപ്പിച്ചേക്കാം. അത്തരത്തില്‍ കരിയര്‍ പ്രതിസന്ധിയിലായ അഞ്ച് കളിക്കാരെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
അമിത് മിശ്ര: കോലിക്കും മുമ്പെ ഇന്ത്യന്‍ ടീമിലെത്തിയതാണ് കോലിയുടെ അതേ നാട്ടുകാരനായ അമിത് മിശ്ര. 2003ലായിരുന്നു ഇന്ത്യന്‍ സീനിയര്‍ ടീമിലെ അരങ്ങേറ്റം. അന്ന് ഏതാനും ഏകദിനങ്ങളില്‍ കളിച്ച മിശ്രക്ക് പിന്നീട് ടീമില്‍ തിരിച്ചെത്താന്‍ അഞ്ച് വര്‍ഷം കാത്തിരിക്കേണ്ടിവന്നു. 2008ല്‍ അനില്‍ കുംബ്ലെയുടെ അവസാന ടെസ്റ്റിലായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. അരങ്ങേറ്റ ടെസ്റ്റില്‍ അഞ്ചു വിക്കറ്റുമായി തിളങ്ങിയെങ്കിലും ഇതുവരെ കരിയറില്‍ കളിച്ചത് ആകെ 13 ടെസ്റ്റ് മാത്രം. 2008-2011 കാലയളവില്‍ ഏകദിനങ്ങളില്‍ കളിച്ചെങ്കിലും പിന്നീട് തഴയപ്പെട്ടു.
undefined
ഏകദിന ടീമില്‍ വന്നും പോയുമിരുന്നപ്പോഴും ധോണി ക്യാപ്റ്റനായിരുന്ന കാലത്ത് നാലു വര്‍ഷത്തോളം മിശ്രയെ ഒരിക്കല്‍പോലും ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചതേയില്ല. പിന്നീട് കോലി ക്യാപ്റ്റനായപ്പോല്‍ മിശ്ര വീണ്ടും ടെസ്റ്റ് ടീമിലെത്തി. ഒരു വര്‍ഷം തുടര്‍ച്ചയായി ടെസ്റ്റ് ടീമില്‍ കളിച്ചെങ്കിലും അശ്വിന്റെയും ജഡേജയുടെയും പ്രതാപകാലത്തില്‍ പിന്നീട് പുറത്തായി. ധോണിക്കും കോലിക്കും കീഴില്‍ കളിച്ച മിശ്രക്ക് പക്ഷെ ഇരുവരുടെയും വിശ്വാസം ആര്‍ജ്ജിക്കാനായില്ല. ഐപിഎല്ലില്‍ ഇപ്പോഴും മികവ് കാട്ടുന്ന മിശ്ര പക്ഷെ ദീര്‍ഘകാലമായി ഇന്ത്യന്‍ ടീമിന്റെ പടിക്ക് പുറത്താണ്.
അക്സര്‍ പട്ടേല്‍: ഇന്ത്യന്‍ എ ടീമിലെ സ്ഥിരം സാന്നിധ്യമാണ് അക്സര്‍ പട്ടേല്‍. 2014 ഐപിഎല്ലിലെ മിന്നും പ്രകടനത്തിന്റെ ബലത്തില്‍ ആ വര്‍ഷം ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ പ്രമുഖര്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ ഇന്ത്യന്‍ ടീമിലെത്തി. 2015ലെ ലോകകപ്പ് ടീമിലും ഇടം നേടി. 2017വരെ ടീമില്‍ വന്നും പോയുമിരുന്നു. അശ്വിനോ ജഡേജക്കോ വിശ്രമം അനുവദിക്കുമ്പോള്‍ പകരക്കാരനായി പലപ്പോഴും ടീമില്‍ എത്തിയ അക്സറിന് പക്ഷെ കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലും വന്നതോടെ ടീമിലെ പകരക്കാരന്റെ സ്ഥാനവും നഷ്ടമായി. ഇന്ത്യ എക്കായി മികച്ച പ്രകടനം പുറത്തെടുത്തിട്ടും അക്സര്‍ അവസാനമായി ഇന്ത്യക്ക് കളിച്ചത് 2017 ഒക്ടോബറിലാണ്. ഇന്ത്യയുടെ ഒന്നാം നമ്പര്‍ സ്പിന്നറായി ധോണിയോ കോലിയോ അക്സറിനെ ഒരിക്കലും പരിഗണിച്ചിട്ടുമില്ല.
വരുണ്‍ ആരോണ്‍: അതിവേഗമായിരുന്നു ആരോണിന്റെ കൈമുതല്‍. സ്ഥിരമായി 145-150 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ ആരോണ്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാകുമെന്ന് കരുതിയെങ്കിലും പരിക്കും റണ്‍ വഴങ്ങുന്നതിലെ ധാരാളിത്തവും തിരിച്ചടിയായി. 2011ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറി. പിന്നീട് പലപ്പോഴും ടീമില്‍ വന്നും പോയുമിരുന്നു.ഇതുവരെ ഒമ്പത് ടെസ്റ്റിലും ഒമ്പത് ഏകദിനത്തിലും മാത്രമാണ് ആരോണ്‍ ഇന്ത്യക്കായി കളിച്ചത്. 2015 നവംബറിലായിരുന്നു അവസാനമായി ഇന്ത്യന്‍ ജേഴ്സി അണിഞ്ഞത്. ധോണിയുടെ സ്വന്തം നാട്ടുകാരനാമെങ്കിലും ധോണിയില്‍ നിന്നോ കോലിയില്‍ നിന്നോ ആരോണിന് കരിയറില്‍ കാര്യമായ പിന്തുണ ലഭിച്ചില്ല.
മനീഷ് പാണ്ഡെ: ഐപിഎല്ലില്‍ സെഞ്ചുറി അടിക്കുന്ന ആദ്യ ഇന്ത്യക്കാരനായി ശ്രദ്ധേയനായ മനീഷ് പാണ്ഡെ ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത പോസ്റ്റര്‍ ബോയ് ആവുമെന്ന് കരുതിയവര്‍ ഏറെ. എന്നാല്‍ 2015ല്‍ ദേശീയ ടീമില്‍ അരങ്ങേറിയിട്ടും ഇപ്പോഴും ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ പാണ്ഡെക്കായില്ല. 2016ല്‍ ഓസ്ട്രേലിയയില്‍ തകര്‍പ്പന്‍ ഏകദിന സെഞ്ചുറി നേടിയെങ്കിലും അതുകൊണ്ടൊന്നും ഇന്ത്യന്‍ ടീമില്‍ പാണ്ഡെക്ക് സ്ഥാനം ലഭിച്ചില്ല. പലപ്പോഴും ടീമില്‍ വന്നും പോയുമിരുന്ന പാണ്ഡെക്ക് ഇന്ത്യയുടെ നാലാം നമ്പര്‍ സ്ഥാനത്തും ഇരിപ്പുറപ്പിക്കാനുള്ള അവസരം ലഭിച്ചില്ല.
ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യ എക്കായും മികച്ച പ്രകടനം പുറത്തെടുത്തിട്ടും കോലിക്ക് കീഴീലായിരുന്നപ്പോഴും ധോണിക്ക് കീഴിലായിരുന്നപ്പോഴും തുടര്‍ച്ചയായ രണ്ട് പരമ്പരകളില്‍ എല്ലാ മത്സരങ്ങളിലും പാണ്ഡെക്ക് ഇതുവരെ അവസരം ലഭിച്ചില്ലെന്നതും ശ്രദ്ധേയമാണ്. ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാതിരുന്ന പാണ്ഡെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരയില്‍ ടീമിലുണ്ടായിരുന്നു.
സ്റ്റുവര്‍ട്ട് ബിന്നി: ഒരുകാലത്ത് പേസ് ബൗളിംഗ് ഓള്‍ റൗണ്ടര്‍ക്കായുള്ള ഇന്ത്യയുടെ അന്വേഷണം എത്തിനിന്നത് സ്റ്റുവര്‍ട്ട് ബിന്നിയിലായിരുന്നു. 2014ല്‍ ഏകദിന ക്രിക്കറ്റില്‍ ഇന്ത്യക്കായി അരങ്ങേറിയ ബിന്നിക്ക് ആറ് മാസത്തിനുശേഷം ടെസ്റ്റ് ക്യാപ് ലഭിച്ചു. 2015ലെ ഏകദിന ലോകകപ്പ് ടീമിലും ഇടം ലഭിച്ചെങ്കിലും ഒരിക്കലും തുടര്‍ച്ചയായി അവസരം ലഭിച്ചില്ല. എങ്കിലും ഏകദിന ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം(നാല് റണ്‍സിന് ആറ് വിക്കറ്റ്)ബിന്നിയുടെ പേരിലാണ്. ഹര്‍ദ്ദിക് പാണ്ഡ്യയുടെ വരവോടെ ബിന്നിയെ പിന്നീട് ഇന്ത്യന്‍ ടീമിലേക്ക് ഒരിക്കല്‍ പോലും പരിഗണിച്ചിട്ടുമില്ല.