ഹിറ്റ്‌ലര്‍ക്ക് സല്യൂട്ട് അടിക്കാതിരുന്ന ധ്യാൻ ചന്ദും സംഘവും; ഇങ്ങനെയും ഹീറോകളുണ്ടായിരുന്നു

By Web Team  |  First Published Feb 6, 2020, 5:11 PM IST

അന്ന് ലോകത്തിലെ ഏറ്റവും വലിയ സ്വേച്ഛാധിപതിയും ഫാസിസ്റ്റുമായിരുന്ന അഡോൾഫ് ഹിറ്റ്‌ലറെ വലിച്ച് സല്യൂട്ട് അടിക്കാതെ കടന്നുപോകാനുള്ള ധൈര്യവും ഇച്ഛാശക്തിയും കാണിച്ച രണ്ടേരണ്ടു രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയായിരുന്നു
 


ബെർലിൻ ഒളിമ്പിക്സിന്റെ ഉദ്‌ഘാടനചടങ്ങുകൾ നടന്നത് 1936 ഓഗസ്റ്റ് ഒന്നാം തീയതിയാണ്. അന്നവിടെ സന്നിഹിതനായിരുന്നു എം എൻ മസൂദ് എന്ന ഇന്ത്യൻ ഹോക്കി ടീം അംഗം ആ ചടങ്ങിന്റെ ദീപ്തസ്മരണകൾ പിന്നീട് തന്റെ ഓർമ്മക്കുറിപ്പുകളിലൂടെ പങ്കുവെക്കുകയുണ്ടായി. ഏറെ വിശദമായ ഒരു ഓർമ്മയായിരുന്നു അത്.

Latest Videos

undefined

ഹിറ്റ്‌ലര്‍ കൊടികുത്തി വാഴുന്ന കാലമാണത്. ബെർലിൻ ഒളിമ്പിക്സിന്റെ ഉദ്‌ഘാടനചടങ്ങെന്നത് ഹിറ്റ്‌ലർ മുന്നോട്ടുവെച്ച 'പുതുയുഗം' എന്ന സങ്കല്പത്തിന്റെ കെട്ടുകാഴ്ചയിൽ കുറഞ്ഞൊന്നുമല്ലായിരുന്നു. ഒളിമ്പിക്സിന്റെ നടത്തിപ്പിനായി ഹിറ്റ്‌ലർ നിയോഗിച്ചിരുന്നത് വെയർമാഹ്റ്റ് എന്നറിയപ്പെട്ടിരുന്ന ജർമൻ പ്രതിരോധ സൈന്യത്തെയായിരുന്നു. കളിക്കാരെ സ്റ്റേഡിയങ്ങളിലേക്ക് കൊണ്ടുവന്നിരുന്നതൊക്കെ അവരുടെ ആർമി ട്രക്കുകളിൽ കയറ്റിക്കൊണ്ടായിരുന്നു. ഉദ്‌ഘാടനച്ചടങ്ങിനോട് അനുബന്ധിച്ച് മാർച്ച് പാസ്റ്റ് എന്നൊരു ചടങ്ങു പതിവുള്ളതാണല്ലോ. അതിലേക്കായി കായികതാരങ്ങളിങ്ങനെ വന്നിറങ്ങിക്കൊണ്ടിരുന്നു. ഇന്ത്യൻ ഫ്ലാഗ്‌മേന്തി, ധ്യാൻ ചന്ദ് എന്ന അതുല്യപ്രതിഭയുടെ നേതൃത്വത്തിൽ അണിനിരന്ന ഇന്ത്യൻ ടീം അതിൽ ഏറ്റവും വർണ്ണപ്പകിട്ടുള്ള സംഘങ്ങളിൽ ഒന്നായിരുന്നു.

പരമ്പരാഗത പഞ്ചാബി വസ്ത്രങ്ങളണിഞ്ഞ്, നീല തലപ്പാവും ധരിച്ചുകൊണ്ടായിരുന്നു ഇന്ത്യൻ സംഘത്തിന്റെ മാർച്ച്. ഒറ്റയടിക്ക് കണ്ടാൽ ഒരു ഒളിമ്പിക് മാർച്ച് പാസ്റ്റ് ആണെന്നുപോലും തോന്നില്ല, ഏതോ ഉത്തരേന്ത്യൻ വിവാഹത്തിന്റെ ബാരാത്ത്(വിവാഹഘോഷയാത്ര) ആണെന്നേ പറയൂ. എന്നാൽ, അന്നവിടെ നടന്നത് ഒരു വിവാഹത്തിന്റെയും ഘോഷയാത്ര ആയിരുന്നില്ല. വന്നിറങ്ങിയത് ആകെ കളറായിട്ടായിരുന്നു എങ്കിലും ഇന്ത്യൻ സംഘം അന്നവിടെ സ്വീകരിച്ചത് ആ നൂറ്റാണ്ടിലെ തന്നെ ഏറ്റവും ശക്തമായ രാഷ്ട്രീയനിലപാടുകളിൽ ഒന്നാണ്. അതെ, അന്ന് ലോകത്തിലെ ഏറ്റവും വലിയ സ്വേച്ഛാധിപതിയും ഫാസിസ്റ്റുമായിരുന്ന അഡോൾഫ് ഹിറ്റ്‌ലറെ വലിച്ച് സല്യൂട്ട് അടിക്കാതെ കടന്നുപോകാനുള്ള ധൈര്യവും ഇച്ഛാശക്തിയും കാണിച്ച രണ്ടേരണ്ടു രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയായിരുന്നു.

അഡോൾഫ് ഹിറ്റ്‌ലർ പരിവാരസമേതം ആ സ്റ്റേഡിയത്തിൽ സന്നിഹിതനായപ്പോൾ, അദ്ദേഹത്തിന്റെ പ്രതാപം ഇരട്ടിപ്പിക്കാനെന്നോണം  ഹിൻഡൻബെർഗ് എന്നറിയപ്പെട്ടിരുന്ന അന്നത്തെ പ്രസിദ്ധമായ ജർമൻ യുദ്ധവിമാനങ്ങളിൽ ഒന്ന് (എയർ ഷിപ്പ്) സ്റ്റേഡിയത്തെ വലംവെച്ചു പറന്നുകൊണ്ടിരുന്നു. അംഗം ആ ഒളിമ്പിക്സ് ഉദ്‌ഘാടനച്ചടങ്ങിന്റെ മാർച്ച് പാസ്റ്റിനെ തനിക്കുള്ള മിലിട്ടറി ഗാർഡ് ഓഫ് ഓണർ ചടങ്ങാക്കി മാറ്റാൻ ഹിറ്റ്ലർക്ക് ഒരു മടിയും ഉണ്ടായില്ല. തന്റെ പട്ടാളജനറൽമാർക്കൊപ്പം കായികതാരങ്ങളുടെ സല്യൂട്ട് സ്വീകരിച്ചുകൊണ്ട് ഹിറ്റ്‌ലർ നിർന്നിമേഷനായി അങ്ങനെ നിന്നു.

അതേപ്പറ്റി എം എൻ മസൂദിന്റെ മനസ്സിൽ ഇന്നും ആവേശോജ്വലമായ സ്മരണകളുണ്ട്. " ഹിറ്റ്‌ലർ തന്റെ അനുയായികൾക്കൊപ്പം സ്റ്റേജിലേക്ക് കയറിവന്നപ്പോൾ, അവിടെ തടിച്ചുകൂടിയിരുന്ന ജനം ഇളകിമറിഞ്ഞു. അവരുടെ ആരാധനാ പുരുഷന്റെ സാന്നിധ്യം ആ സ്റ്റേഡിയത്തെ ഇളക്കിമറിച്ചു. അത്ര നേരം ആ ജനക്കൂട്ടത്തെ ചൂഴ്ന്നുനിന്നിരുന്ന നിശ്ശബ്ദതയെ ഒരു നിമിഷം കൊണ്ട് ഭഞ്ജിച്ച്, "ഹെയ്ൽ ഹിറ്റ്‌ലർ" എന്ന മുദ്രാവാക്യം മുഴങ്ങി. നാലു വർഷങ്ങൾക്കുള്ളിൽ ലോകത്തെ ഞെട്ടിക്കാനിരുന്ന ഒരു പടവിളിയാണത് എന്ന് അന്നാർക്കും നിശ്ചയമുണ്ടായിരുന്നില്ല. ഹിറ്റ്ലറുടെ ഭീകരത അന്ന് അത്രയ്ക്ക് ദൃശ്യമായിരുന്നില്ല. ഹോളോകോസ്റ്റ് തുടങ്ങിയിട്ടുണ്ടായിരുന്നില്ല. അന്ന് സംഘത്തിലുണ്ടായിരുന്ന പല ഇന്ത്യൻ കായികതാരങ്ങളും ഹിറ്റ്‌ലറുടെ ജർമനിയിൽ അവർക്ക് കാണാതായ അച്ചടക്കത്തെപ്പറ്റി ഒട്ട് ആരാധനയോടുതന്നെയാണ് പറഞ്ഞുകൊണ്ടിരുന്നത്.

സ്റ്റേഡിയത്തിൽ തടിച്ചുകൂടിയിരുന്ന പുരുഷാരം ഒരേ സ്വരത്തിൽ ജർമ്മൻ ദേശീയഗീതങ്ങൾ ആലപിച്ചുകൊണ്ടിരുന്നു. ദേശീയഗാനങ്ങൾക്ക്  ചുണ്ടനക്കുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ട ഇന്ത്യൻ സംഘത്തിൽ പലർക്കും ആശ്ചര്യം തോന്നി. അത് ഇന്ത്യക്കാരുടെ ഉള്ളിലും സ്വന്തം നാടിനെക്കുറിച്ചുള്ള ഓർമ്മകളുണർത്തി. എന്നാൽ, സമ്പത്തിന്റെയും അച്ചടക്കത്തിന്റെയും ഒരുമയുടെയും ആ കെട്ടുകാഴ്ച ഇന്ത്യൻ സംഘത്തിൽ ഉണർത്തിയത് സ്വന്തം നാടിന്റെ പരിതാപാവസ്ഥയോർത്തുള്ള സങ്കടം കൂടിയായിരുന്നു. "
എന്നാൽ മസൂദിന്റെ ഓർമകളിൽ വിവരിച്ചുകാണാതെ പോയ ഒന്ന് ഇന്ത്യൻ സംഘം അവിടെ പ്രവർത്തിച്ച ഒരു ധീരതയാണ്. അന്ന് മറ്റെല്ലാ രാജ്യങ്ങളും ഹിറ്റ്‌ലർ എന്ന ജർമൻ ചാൻസലറോടുള്ള ബഹുമാനാർത്ഥം, പരമ്പരാഗത നാസി സല്യൂട്ട് കൈനീട്ടി അടിച്ചപ്പോൾ, അതിനു മുതിരാതെ, അങ്ങനെ ചെയ്യാൻ വിസമ്മതിച്ച്‌ പ്രതിഷേധിച്ചത് ഇന്ത്യയും, അമേരിക്കയും മാത്രമാണ്. അന്ന് ഇന്ത്യ സ്വതന്ത്രമല്ല. അവിടെ റിപ്പോർട്ട് ചെയ്യാനെത്തിയിരുന്ന ബ്രിട്ടീഷ് മാധ്യമമായ ദ സ്റ്റേറ്റ്സ്മാൻ അന്ന് അമേരിക്കൻ സംഘത്തിന്റെ ധീരതയ്ക്ക് വാഴ്ത്തുപാട്ടുകൾ ചമച്ചു. എന്നാൽ, അവരുടെ രാജ്യത്തിന്റെ വെറുമൊരു കോളനി മാത്രമായിരുന്ന ഇന്ത്യ പ്രവർത്തിച്ച ധീരതയെ കേവലമൊരു പരാമർശത്തിൽ ഒതുക്കി.

ഒളിമ്പിക്സ് നടക്കുന്നത് നാസി ജർമനിയിൽ വെച്ചായതുകൊണ്ട്, അമേരിക്കൻ സംഘം പങ്കെടുക്കുമോ എന്നതുതന്നെ ഏറെ സംശയമുള്ള കാര്യമായിരുന്നു എന്നതിനാൽ സ്റ്റേറ്റ്സ്മാൻ അമേരിക്കയെ വാഴ്ത്താൻ തയ്യാറെടുത്തുതന്നെയാണ് റിപ്പോർട്ടിംഗിന് ഇറങ്ങിയിരുന്നത്. അമേരിക്കയിലെ ജൂത അത്‌ലറ്റുകളായ, മിൽട്ടൺ ഗ്രീൻ, നോർമൻ കാന്നേർസ് തുടങ്ങിയവർ മത്സരങ്ങൾ ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. ഏറെ അനുനയ ചർച്ചകൾക്ക് ശേഷമാണ് അമേരിക്കൻ സംഘം പങ്കെടുക്കും എന്ന ധാരണയായത്. എന്നാൽ, ഹിറ്റ്ലറോടുള്ള എതിർപ്പ് കാരണം, സ്റ്റേജിനടുത്തിയപ്പോൾ മറ്റുള്ള രാജ്യങ്ങൾ ചെയ്തപോലെ ബഹുമാനാർത്ഥം സ്വന്തം ഫ്ലാഗ് ചെരിക്കാനോ. തല കുനിക്കാനോ ഒന്നും അമേരിക്കൻ സംഘം തയ്യാറായില്ല. അത് ജർമ്മൻ കാണികൾ ആ സംഘത്തെ കൂക്കിവിളിക്കാൻ ഇടയായി. ജെസ്സി ഓവൻസ് അടക്കമുള്ള ആഫ്രിക്കൻ അമേരിക്കൻ താരങ്ങൾ ഹിറ്റ്‌ലർ കണ്ടു മനം കുളിർക്കാനിരുന്ന ആര്യൻ മേധാവിത്വത്തെ തച്ചു തകർത്ത് സ്വർണ്ണമെഡലുകൾ വാരിക്കൂട്ടിയ ഒരു ഒളിമ്പിക്സ് കൂടിയായിരുന്നു അത്. പത്രങ്ങളിൽ അച്ചടിച്ചുവന്ന കഥകൾ മിക്കതും അമേരിക്കൻ വീരഗാഥകളും.

എന്നാൽ, അന്ന് ഇന്ത്യയിലും ദേശീയ പ്രസ്ഥാനം അലയടിക്കുന്ന കാലമായതുകൊണ്ട്, ഇന്ത്യൻ പത്രങ്ങൾ, വിശിഷ്യാ കൽക്കട്ടയിൽ നിന്നു പുറത്തിറങ്ങിയിരുന്ന സ്റ്റേറ്റ്സ്മാൻ പത്രം, ഇന്ത്യൻ ടീമിന്റെ ആ 'ധിക്കാരം' തങ്ങളുടെ ഒന്നാം പേജിൽ തന്നെ വെണ്ടക്കാ തലക്കെട്ടിൽ, സചിത്ര ലേഖനങ്ങളുടെ രൂപത്തിൽ വിശദമായിത്തന്നെ അച്ചടിച്ചുകൊണ്ട് ആഘോഷിച്ചു. അന്ന് ഇന്ത്യൻ സംഘത്തിന്റെ നേതൃസ്ഥാനത്തുണ്ടായിരുന്ന ജിഡി സോന്ധി, നെഹ്‌റുവിയൻ ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ട ഒരാളായിരുന്നു. നാട്ടിൽ ഗാന്ധിജി ഹരിജൻ മാസികയിൽ ഹിറ്റ്ലറുടെ നിലപാടുകളെ വിമർശിച്ച് എഴുതിയ ലേഖനങ്ങൾ പരിചയിച്ച വന്ന അദ്ദേഹത്തിൽ നിന്നും മറിച്ചൊരു നടപടി പ്രതീക്ഷിക്കവയ്യായിരുന്നു. അങ്ങനെ, കാഴ്ചക്ക് വിവാഹാഘോഷയാത്രയുടെ പരിവേഷത്തോടെ വന്നിറങ്ങിയ ആ ഇന്ത്യൻ സംഘം അന്നെടുത്ത ശക്തമായ നിലപാട്, ഹിറ്റ്‌ലർ എന്ന ലോകം കണ്ട ഏറ്റവും വലിയ സ്വേച്ഛാധിപതിക്കെതിരെ ഒരു രാഷ്ട്രീയ പ്രസ്താവന തന്നെ നടത്താൻ ആയ ഒളിമ്പിക്സ് വേദിയിൽ കാണിച്ച ആർജ്ജവം അത് ലോകത്തിനുമുന്നിൽ ഇന്ത്യയുടെ ശിരസ്സുയർത്തിപ്പിടിക്കുന്ന ഒന്നായി പിന്നീട് കണക്കാക്കപ്പെട്ടു.

ഹിറ്റ്‌ലർ പ്രതീക്ഷിച്ചതിനു വിപരീതമായി, അയാളുടെ സ്വപ്നങ്ങളെയെല്ലാം തച്ചുടച്ചുകൊണ്ട് ധ്യാൻ ചന്ദിന്റെ ഇന്ത്യൻ ഹോക്കി ടീം ആ ഒളിമ്പിക്സിൽ ജർമനിയെ തകർത്തു കളഞ്ഞത് 8-1 എന്ന സ്കോറിനാണ്. അത് ഇന്ത്യയുടെ തുടർച്ചയായ മൂന്നാമത്തെ ഒളിമ്പിക്സ് സ്വർണ്ണലബ്ധി കൂടിയായിരുന്നു. അത് ഇന്ത്യൻ ഹോക്കിയുടെ ചരിത്രത്തിൽ തങ്കലിപികളിൽ ആലേഖനം ചെയ്യപ്പെട്ട ഒരു ടൂർണമെന്റായിരുന്നു. പരമ്പരാഗത ശൈലിയായ സ്പൈക്ക് ഷൂസും സ്റ്റോക്കിങ്ങ്സും വെടിഞ്ഞ് വെറുമൊരു കാൻവാസ്‌ ഷൂസ് ധരിച്ചുകൊണ്ട് കളത്തിലിറങ്ങിയ ധ്യാൻ ചന്ദാകട്ടെ ജർമനിയുമായി നടന്ന ഫൈനലിൽ സംഹാര താണ്ഡവമാടുകയായിരുന്നു. എട്ടിൽ ആറുഗോളും കുറിക്കപ്പെട്ടത് അദ്ദേഹത്തിന്റെ അക്കൗണ്ടിൽ ആയിരുന്നു. ജർമനിക്ക് സ്വർണ്ണമെഡൽ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന അന്നാട്ടിലെ പത്രങ്ങൾക്ക് ഒടുവിൽ ധ്യാൻ ചന്ദ് മാഹാത്മ്യം വർണിച്ചുകൊണ്ട് അച്ചുനിരത്തേണ്ടി വന്നു.

അന്ന് മത്സരത്തിന് ശേഷം, ധ്യാൻ ചന്ദിനെ നേരിട്ടുചെന്നു കണ്ട ഹിറ്റ്‌ലർ, ജർമൻ ടീമിനുവേണ്ടി കളിച്ചാൽ വെയർമാഹ്റ്റിൽ നേരിട്ട് ഓഫീസർ റാങ്കിൽ നിയമനം നൽകാം എന്നൊരു ഓഫർ മുന്നോട്ടുവെച്ചു എന്നൊരു കഥയും പറഞ്ഞു കേൾക്കുന്നുണ്ട്, അതിൽ എത്രമാത്രം സത്യമുണ്ട് എന്ന് നിശ്ചയമില്ലെങ്കിൽ കൂടി.

ലോകത്തിനുമേൽ അന്നത്തെ ഇന്ത്യൻ ഹോക്കിയുടെ സർവാധിപത്യം തെളിഞ്ഞു നിന്ന ഒരു ടൂർണമെന്റ് കൂടിയായിരുന്നു ബെർലിൻ ഒളിമ്പിക്സ്. ടൂർണമെന്റിൽ ആകെ 38 ഗോൾ സ്‌കോർ ചെയ്‌ത ഇന്ത്യൻ ടീം ആകെ വഴങ്ങിയത് ഫൈനലിൽ ജർമനിയോട് ഏറ്റുവാങ്ങിയ ഒരേയൊരു ഗോളാണ്. പാശ്ചാത്യർക്കിടയിൽ തന്റെ ഇന്ത്യൻ അസ്തിത്വത്തിന്റെ പേരിൽ, നിരന്തരം അപഹസിക്കപ്പെട്ടിരുന്ന ധ്യാൻ ചന്ദ് എന്ന ഹോക്കിതാരം, ലോക സ്പോർട്സ് വേദിയിലേക്ക് തന്റെ കസേര വലിച്ചിട്ട്, അതിൽ കാലിന്മേൽ കാലും കയറ്റി ഇരുന്ന ഒരു അവസരം കൂടിയായിരുന്നു അതെന്നുപറയാം. ഈ ഒളിമ്പിക്സിന് ശേഷമാണ് വിയന്നയിൽ ധ്യാൻ ചന്ദിന്റെ പ്രതിമ സ്ഥാപിക്കപ്പെടുന്നത്. അന്ന് ജർമനിയുമായുള്ള ഫൈനൽ മത്സരത്തിൽ അദ്ദേഹം സ്‌കോർ ചെയ്‌ത ആ ആറു ഗോളുകൾ, ആ ഒളിമ്പിക്സിൽ ജെസ്സി ഓവൻസ് ഓടിപ്പിടിച്ച നാല് സ്വർണ്ണമെഡലുകളെക്കാൾ ഒട്ടും പിന്നിലായിരുന്നില്ല. " ട്രാക്കിൽ ജെസ്സി ഓവൻസ് നാസികൾ പ്രചരിപ്പിച്ചുകൊണ്ടിരുന്ന ആര്യൻ മേധാവിത്വത്തിന്റെ പൊയ്ക്കുതിരകളെ ചവിട്ടിമെതിച്ചുകൊണ്ട് തകർത്താടിയപ്പോൾ, ഹോക്കി മൈതാനത്ത് ധ്യാൻ ചന്ദും മറ്റൊരു വിസ്മയം തീർത്തു" എന്ന് അന്ന് ഗുലു എസ്സെകീൽ എഴുതി. അതിനു ശേഷമാണ് ധ്യാൻ ചന്ദിന്റെ ബഹുമാനാർത്ഥം തപാൽവകുപ്പ് സ്റ്റാമ്പിറക്കുന്നതും, 1956-ൽ അദ്ദേഹത്തെ രാഷ്ട്രം പദ്മഭൂഷൺ നൽകി ആദരിക്കുന്നതും. 

click me!