രണ്ട് മാസം മുന്‍പ് ഇന്‍സ്റ്റയില്‍ നിന്ന് തുടങ്ങിയ ട്രെന്‍ഡ് പിന്നീട് ഷോര്‍ട്ട്സിലേക്കും എക്സിലേക്കുമൊക്കെ എത്തി
സോഷ്യല്‍ മീഡിയയുടെ കാലത്തെ ട്രെന്‍ഡുകള്‍ക്ക് ഭാഷയുടേതായ അതിര്‍വരമ്പുകളൊന്നുമില്ല. പ്രത്യേകിച്ചും റീല്‍സും ഷോര്‍ട്ട്സും അടക്കമുള്ള ഷോര്‍ട്ട് വീഡിയോ ഫോര്‍മാറ്റുകള്‍ ജനപ്രിയമായതോടെ. ഏതെങ്കിലും ഒരു അക്കൌണ്ടില്‍ നിന്ന് പോസ്റ്റ് ചെയ്യപ്പെടുന്ന ഒരു വീഡിയോ അതിലെ ദൃശ്യത്തിന്‍റെ പ്രത്യേകത കൊണ്ടോ ഗാനമോ നൃത്തമോ കൊണ്ടോ ഒക്കെ ലോകത്തിന്‍റെ മറ്റൊരറ്റത്തേക്ക് തന്നെ ട്രെന്‍ഡ് ആയി പോവാം. കേരളത്തില്‍ നിന്ന് ഏറ്റവുമൊടുവില്‍ സംഭവിച്ചിരിക്കുന്ന അത്തരമൊരു ട്രെന്‍ഡ് മോഹന്‍ലാലിന്‍റെ ഒരു നൃത്തമാണ്.
ഒന്നാമന്‍ എന്ന ചിത്രത്തിലെ പിറന്ന മണ്ണില്‍ എന്നാരംഭിക്കുന്ന ഗാനത്തിലെ നൃത്തരംഗമാണ് മിക്ക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും വൈറല്‍ ആയിരിക്കുന്നത്. രണ്ട് മാസം മുന്‍പ് ഇന്‍സ്റ്റയില്‍ നിന്ന് തുടങ്ങിയ ട്രെന്‍ഡ് പിന്നീട് ഷോര്‍ട്ട്സിലേക്കും എക്സിലേക്കുമൊക്കെ എത്തി. ഇപ്പോഴിതാ യുട്യൂബ് ഇന്ത്യയും ഈ ട്രെന്‍ഡ് ആസ്വാദകരുമായി ആഘോഷിക്കുകയാണ്. 1.7 മില്യണ്‍ ഫോളോവേഴ്സ് ഉള്ള തങ്ങളുടെ ട്വിറ്റര്‍ അക്കൌണ്ടിലാണ് സൌണ്ട് മ്യൂട്ട് ചെയ്ത് വൈറല്‍ വീഡിയോയുടെ ഒരു ചെറിയ ക്ലിപ്പ് അവര്‍ പോസ്റ്റ് ചെയ്തത്. മോഹന്‍ലാല്‍ നൃത്തം ചെയ്യുന്ന ഈ ഗാനം ഏത് സിനിമയിലേതാണെന്ന് ഊഹിക്കാമോ എന്ന് ചോദിച്ചുകൊണ്ടാണ് പോസ്റ്റ്. നിരവധി പേരാണ് ഇതിന് താഴെ കമന്‍റുകളുമായി എത്തിയിരിക്കുന്നത്.
can you guess the song is dancing to? pic.twitter.com/rxYonpgVVn
— YouTube India (@YouTubeIndia)
മോഹന്‍ലാല്‍ ചിത്രങ്ങളിലെ നൃത്തരംഗങ്ങളുടെ റീലുകളിലൂടെ ശ്രദ്ധ നേടിയ എ10 ഡാന്‍സിംഗ് ഡെയ്‍ലി എന്ന ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലൂടെ ആരംഭിച്ച ട്രെന്‍ഡ് ആണിത്. ഒന്നാമനിലെ പാട്ടിലെ മോഹന്‍ലാലിന്‍റെ ചുവടുകള്‍ ഉള്‍പ്പെടുത്തിയ റീല്‍ ഓഗസ്റ്റ് 10 നാണ് ആദ്യം എത്തിയത്. ഇന്‍റര്‍നാഷണല്‍ ഹിറ്റ് ആയ റാപ് സോംഗ് ല മാമ ഡെ ല മാമ എന്ന ഗാനത്തിന് സിങ്ക് ആവുന്ന തരത്തില്‍ മോഹന്‍ലാലിന്‍റെ ഡാന്‍സ് എഡിറ്റ് ചെയ്തതായിരുന്നു ഈ വീഡിയോ. ഇതുവരെ 1.4 മില്യണ്‍ കാഴ്ചകളാണ് ഈ റീലിന് ലഭിച്ചിരിക്കുന്നത്. ഇത് വൈറല്‍ ആയതോടെ ഈ ട്രെന്‍ഡ് ഭാഷാതീതമായി തെലുങ്ക്, തമിഴ്, കന്നഡ പ്രേക്ഷകരിലേക്കും എത്തി. വിവിധ ഭാഷകളിലെ ഗാനങ്ങള്‍ക്കൊപ്പമാണ് ഈ ഡാന്‍സ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ആര്‍ഡിഎക്സിലെ നീലനിലവേ, ബീസ്റ്റിലെ അറബിക് കുത്ത്, ലിയോയിലെ നാ റെഡി തുടങ്ങി മോഹന്‍ലാലിന്‍റെ സ്റ്റെപ്പിനൊപ്പം ചേര്‍ക്കപ്പെടുന്ന ഗാനങ്ങള്‍ അനവധിയാണ്. ഏത് എഡിറ്റിനും ശ്രദ്ധ ലഭിക്കുന്നുമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക